Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചതഞ്ഞരഞ്ഞ ശരീരഭാ​ഗങ്ങളും ജീവന് വേണ്ടിയുള്ള നിലവിളികളും; രക്ഷിക്കാനായി പിടിച്ചുയർത്തിയ കൈ അടർന്ന് പോന്നു; ആദ്യം ആളുകളെ ആശുപത്രികളിൽ എത്തിച്ചത് സ്വകാര്യ വാഹനങ്ങളിൽ; കരിപ്പൂരിലെ വിമാന അപകടത്തിൽ രക്ഷാപ്രവർത്തകർ നൽകുന്ന ചിത്രം ഇങ്ങനെ

ചതഞ്ഞരഞ്ഞ ശരീരഭാ​ഗങ്ങളും ജീവന് വേണ്ടിയുള്ള നിലവിളികളും; രക്ഷിക്കാനായി പിടിച്ചുയർത്തിയ കൈ അടർന്ന് പോന്നു; ആദ്യം ആളുകളെ ആശുപത്രികളിൽ എത്തിച്ചത് സ്വകാര്യ വാഹനങ്ങളിൽ; കരിപ്പൂരിലെ വിമാന അപകടത്തിൽ രക്ഷാപ്രവർത്തകർ നൽകുന്ന ചിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: എയർ ഇന്ത്യാ എക്സ്പ്രസ് റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവർക്ക് പങ്കുവെക്കാനുള്ളത് ചോരമരവിക്കുന്ന കാഴ്‌ച്ചകളെ കുറിച്ച്. ചതഞ്ഞരഞ്ഞ നിലയിലും വേർപെട്ട നിലയിലുമുള്ള ശരീരഭാ​ഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയവർക്ക് കാണാനായത്. അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞെന്നും എന്നാൽ, ബലം പ്രയോ​ഗിച്ച് അകത്ത് കടന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു. ആംബുലൻസുകൾ എത്തിച്ചേരാൻ താമസിച്ചതിനാൽ ആദ്യം പലരേയും ആശുപത്രികളിൽ എത്തിച്ചത് സ്വകാര്യ വാഹനങ്ങളിലാണ്.

കൊണ്ടോട്ടി എയർപോർട്ട് ക്രോസ് റോഡിൽ പാലയ്ക്കാപറമ്പ് മുതലേക്കോടം വീട്ടിൽ എം.അഭിലാഷ് കാതടിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിട്ടാണ് വീടിനു പുറത്തെത്തുന്നത്. അഭിലാഷിന്റെ വീടിനു മുകളിലെത്തിയാൽ വിമാനത്താവളം കാണാം. എന്തോ അപകടമാണെന്നു മനസ്സിലാക്കിയ അഭിലാഷ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടി. പിക് അപ് എടുത്തുകൊണ്ട് കൂട്ടുകാരെയും വിളിച്ചാണ് അഭിലാഷ് പോയത്. എയർപോർട്ട് ക്രോസ് റോഡിലെ ഗേറ്റിലെത്തിയപ്പോഴേക്കും കുറച്ചു നാട്ടുകാർ അവിടെ കൂടി നിൽക്കുന്നു. പൊലീസ് ഗേറ്റിനു മുന്നിൽ ആളുകളെ തടഞ്ഞു. അകത്തു നിന്നു നിലവിളികൾ കേൾക്കാമായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഒടുവിൽ ആളുകൾ ബഹളം വച്ച് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി.

അകത്തുകയറിയ അഭിലാഷ് കാണുന്നത് നടുവെ മുറിഞ്ഞു മൂന്ന് കഷ്ണങ്ങളായ വിമാനമാണ്. അതിനുള്ളിൽ ജീവനു വേണ്ടി പിടയുന്ന ആളുകളെയും. ആദ്യം മരവിച്ചു പോയ അഭിലാഷ് അകത്തേക്ക് ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു. വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച അയാൾ സീറ്റിനിടയിൽ കുടുങ്ങിയതാണ്. രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യിൽ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകൾ അടർന്ന് തന്റെ കയ്യിലെത്തി എന്ന് അഭിലാഷ് പറയുന്നു.

കോവിഡാണ് സൂക്ഷിക്കണമെന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ, ജീവനുവേണ്ടി പിടയുന്നവരുടെ മുന്നിൽ തങ്ങൾക്ക് അതൊന്നും തടസ്സമായില്ലെന്നു അഭിലാഷ് പറയുന്നു. നടുഭാഗത്തുണ്ടായിരുന്നവരെ വേഗം രക്ഷിച്ചെടുക്കാൻ സാധിച്ചു. കുറെ മൃതശരീരങ്ങൾ ചതഞ്ഞരഞ്ഞതായി അഭിലാഷ് പറഞ്ഞു. വിമാനത്തിന്റെ പിൻഭാഗം കുന്നിനു മുകളിൽ നിന്ന് താഴേക്ക് കുത്തിനിൽക്കുന്ന നിലയിലായിരുന്നു. മുൻഭാഗം വേർപെട്ട് മാറിയും.

ഈ രണ്ടു സ്ഥലങ്ങളിലുള്ളവരെ രക്ഷിച്ചെടുക്കാൻ കുറേ ബുദ്ധിമുട്ടി. മതിൽ പൊളിച്ചാണ് പൈലറ്റ് ഉൾപ്പെടെ മുൻഭാഗത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ആദ്യം രക്ഷപ്പെടുത്തിയ ഏഴു പേരെ അഭിലാഷും കൂട്ടുകാരും പുറത്തെത്തിച്ച് പിക്ക് അപ്പിൽ കയറ്റി. ആംബുലൻസുകളൊന്നും ആ സ്ഥലത്ത് എത്തിയിട്ടില്ലായിരുന്നെന്ന് അഭിലാഷ് പറയുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പറക്കുകയായിരുന്നെന്ന് അഭിലാഷ് പറഞ്ഞു. പിക് അപ് കൂടാതെ നാട്ടുകാരുടെ കുറേയേറെ കാറുകളിലും ആളുകളെ കൊണ്ടുപോയി. മറക്കാനാകാത്ത ദിവസമെന്നു മാത്രമാണ് അഭിലാഷ് പറയുന്നത്.

പൈലറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വിമാനത്തിനകത്തേക്ക് കടന്നുചെല്ലുമ്പോൾ എയർബാഗ് പൊട്ടിവരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി. കുട്ടികളെയെല്ലാം വേഗത്തിൽ പുറത്തെടുക്കാനായി. അവസാന സീറ്റുകളിലുണ്ടായിരുന്ന പ്രായമേറിയ സ്ത്രീയെയും പുരുഷനെയുമാണ് അവസാനം പുറത്തെടുത്തത്. ആ സ്ത്രീ മരിച്ചിരുന്നു എന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപടത്തിൽ നാല് കുട്ടികളുൾപ്പടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ വിമാനത്തിലെ ജീവനക്കാരാണ്. മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെടുന്നത്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളുടെയും ഫയർഫോഴ്‌സ്, പൊലീസ്, റവന്യു, സിഐ.എസ്.എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്‌സി-സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി.

അപകടത്തിൽപ്പെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേർ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP