Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിപ്പൂർ വിമാന ദുരന്തത്തിന്റെ ഇരകൾക്ക് കേന്ദ്രത്തിന്റെ ധനസഹായം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി; സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും; അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്; വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കിട്ടി; കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയെന്ന് ഹർദീപ് സിങ് പുരി; സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി

കരിപ്പൂർ വിമാന ദുരന്തത്തിന്റെ ഇരകൾക്ക് കേന്ദ്രത്തിന്റെ ധനസഹായം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി; സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും; അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്; വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കിട്ടി; കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയെന്ന് ഹർദീപ് സിങ് പുരി; സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി

ജംഷാദ് മലപ്പുറം

കോഴിക്കോട്: 18 പേരുടെ മരണത്തിന് ഇടയാക്കി വിമാനദുരന്തം നടന്ന കരിപ്പൂർ വിമാനത്താവളം കേന്ദ്ര വ്യോമയാന മന്ത്രി സന്ദർശിച്ചു. ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി ഹർദീപ് സിങ് പുരി നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചവെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കിട്ടി. കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും. ഇത് ഇടക്കാല ആശ്വാസമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 23 പേർ ആശുപത്രി വിട്ടു. രണ്ടാം ലാൻഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ റൺവേ കാണാനായില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടൻ സംസാരിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സംഭവത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൺവേ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഊഹാപോഹങ്ങൾക്കുള്ള സമയമല്ല ഇത്. വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം ഓടിച്ചത്. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തി. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവള അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി കേന്ദ്ര മന്ത്രി വി മുരളീധരനും അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിമാനത്തിന്റെ പിൻ ഭാഗം അപകടത്തിൽ തകർന്നതിനാൽ ആ ഭാഗത്ത് ഇരുന്നവർക്കാണ് കൂടുതലായും പരിക്കേറ്റത്. വിമാനത്തിന്റെ എഞ്ചിൻ ഓഫാകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ഇന്ധന ടാങ്ക് തകരാതിരുന്നത് കൂടുതൽ ആള അപായം ഒഴിവാക്കിയെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

കരിപ്പൂരിൽ വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല. അപകടത്തിനിടയാക്കിയ കാരണം കണ്ടെത്താൻ എയർ ഇന്ത്യ ചെയർമാൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വിശദ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയത്. അനുവാദമില്ലാത്ത റൺ വെയിൽ ഒരു വിമാനവും ഇറങ്ങില്ലെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ പാടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടും തന്റെ അറിവിൽ ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. റൺവേയുടെ നവീകരണ പ്രവൃത്തി നടത്തിയ സമയത്ത് മാത്രമാണ് വിമാന സർവ്വീസ് നിർത്തി വെച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപടത്തിൽ നാല് കുട്ടികളുൾപ്പടെ 18 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ വിമാനത്തിലെ ജീവനക്കാരാണ്. മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരും മരിച്ചു.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെടുന്നത്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളുടെയും ഫയർഫോഴ്‌സ്, പൊലീസ്, റവന്യു, സിഐ.എസ്.എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്‌സി-സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി.

അപകടത്തിൽപ്പെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേർ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP