Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി - ആപ്റ്റിൽ വ്യാജരേഖ ചമച്ച് 42 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പു നടത്തിയവരിൽ മൂന്ന് സിഐടിയു പ്രവർത്തകരുമെന്ന് റിപ്പോർട്ട്; സഖാക്കളെ രക്ഷപെടുത്താൻ വേണ്ടി റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ മുക്കി ധനവകുപ്പും; തട്ടിപ്പുകാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥനെ സ്വർണക്കടത്തിലെ പ്രതി സ്വപ്ന സുരേഷിനെ എം. ശിവശങ്കർ വഴിവിട്ടു നിയമിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി; തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സർക്കാർ നയത്തിന് ഒരു ഉദാഹരണം കൂടി

സി - ആപ്റ്റിൽ വ്യാജരേഖ ചമച്ച് 42 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പു നടത്തിയവരിൽ മൂന്ന് സിഐടിയു പ്രവർത്തകരുമെന്ന് റിപ്പോർട്ട്; സഖാക്കളെ രക്ഷപെടുത്താൻ വേണ്ടി റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ മുക്കി ധനവകുപ്പും; തട്ടിപ്പുകാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥനെ സ്വർണക്കടത്തിലെ പ്രതി സ്വപ്ന സുരേഷിനെ എം. ശിവശങ്കർ വഴിവിട്ടു നിയമിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി; തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സർക്കാർ നയത്തിന് ഒരു ഉദാഹരണം കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയിരിക്കയാണ് മന്ത്രി കെ ടി ജലീൽ. അദ്ദേഹത്തിന് കീഴിലെ സി ആപ്റ്റ് എന്ന സ്ഥാപനവും ഏറെ വിവാദത്തിൽ പെട്ടിരിക്കയാണ്. ലോട്ടറി വകുപ്പിന് ടിക്കറ്റ് അച്ചടിച്ചു നൽകുന്ന സർക്കാർ സ്ഥാപനത്തിൽ ഇടുതു സഹയാത്രികർ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂടിവെക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരമൊരു വാർത്ത ഇന്ന് മലയാള മനോരമ ദിനപത്രം റിപ്പോർട്ടു ചെയ്തു. സി-ആപ്റ്റിൽ വ്യാജരേഖ ചമച്ച് ജീവനക്കാർ 42 ലക്ഷം രൂപ തട്ടിയെന്ന അന്വേഷണ റിപ്പോർട്ട് ധനവകുപ്പ് മുക്കിയെന്നാണ് പുറത്തുവന്ന വാർത്ത.

തട്ടിപ്പു ചൂണ്ടിക്കാട്ടിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ നിന്ന് കുറ്റക്കാരായ 3 സിഐടിയു പ്രവർത്തകരെ ഒഴിവാക്കണമെന്ന നിർദ്ദേശം അന്വേഷണ സംഘം അനുസരിക്കാതെ വന്നതോടെയാണ് റിപ്പോർട്ടിൽമേൽ നടപടിയെടുക്കാൻ ധനവകുപ്പ് മടിക്കുന്നത്. തട്ടിപ്പുകാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ എം. ശിവശങ്കർ വഴിവിട്ടു നിയമിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതും രക്ഷപെടുത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.

സി-ആപ്റ്റിൽ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റ് എല്ലാ ജില്ലകളിലെയും ഓഫിസുകളിൽ എത്തിക്കാൻ ചുമതലപ്പെട്ട 24 ലോട്ടറി ജീവനക്കാർ ചേർന്നു വ്യാജരേഖ ചമച്ച് 41,92,026 രൂപ തട്ടിയെടുത്തെന്നാണു കണ്ടെത്തൽ. 2011 മുതൽ 2017 വരെയുള്ള ഇടപാടുകളാണു പരിശോധിച്ചത്. ഒരാൾക്കു തന്നെ പതിവായി ചരക്കു നീക്കത്തിന് കരാർ നൽകാൻ ടെൻഡറിൽ തിരിമറി നടന്നതായും കണ്ടെത്തി. ടിക്കറ്റ് വിതരണത്തിന് പുറപ്പെട്ട വാഹനങ്ങൾ കോഴിക്കോട്, കാസർകോട് ഭാഗങ്ങളിൽ ആയിരുന്നുവെന്നു രേഖകളിൽ പറയുന്ന സമയത്തു തന്നെ അവ തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉണ്ടായിരുന്നതായും കണ്ടെത്തി.

വാഹനത്തിൽ യാത്ര നടത്തിയെന്നു പറയുന്ന ദിവസങ്ങളിൽ ഈ ജീവനക്കാർ ജോലിക്ക് ഹാജരാകാതെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുകയും ഇല്ലാത്ത യാത്രകൾക്ക് യാത്രാപ്പടി വാങ്ങുകയും ചെയ്തു. ഇല്ലാത്ത യാത്രയ്ക്ക് യാത്രാപ്പടിയായി എഴുതിയെടുത്ത 12 ലക്ഷം രൂപയടക്കം ജീവനക്കാരിൽ തിരിച്ചുപിടിക്കണമെന്നും വകുപ്പുതല നടപടി കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

അതേസമയം യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകൾ സി-ആപ്റ്റിൽ എത്തിയതിനു പിന്നാലെ ഔദ്യോഗിക വാഹനങ്ങളിലൊന്ന് ബെംഗളൂരുവിലേക്കു പോയതും സംശയ നിഴലിലിലാണ്. പാഴ്സലുകൾ ഗോഡൗണിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സി-ആപ്റ്റിന്റെ വാഹനം ബെംഗളൂരുവിലേക്കു തിരിച്ചത്. പാഴ്സൽ കടത്ത് വിവാദമായപ്പോൾ സി-ആപ്റ്റിലെ ജീവനക്കാർതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

സി-ആപ്റ്റിലെ ഡ്രൈവർക്കുപകരം മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക രേഖകളിലൊന്നും ഈ യാത്ര രേഖപ്പെടുത്തിയിട്ടില്ല. യാത്ര കഴിഞ്ഞശേഷമാണ് വിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്കു പോകാൻ സ്ഥിരം ഡ്രൈവറെ നിയോഗിച്ചെങ്കിലും ശാരീരിക അവശതകൾ പറഞ്ഞ് അയാൾ ഒഴിയുകയായരുന്നു. സി-ആപ്റ്റിലെ ഉന്നതൻ ഇടപെട്ടാണ് പുറമേനിന്നു ഡ്രൈവറെ എത്തിച്ചത്. യാത്രയുടെ വിശദാംശങ്ങൾ അറിയാവുന്ന സി-ആപ്റ്റിലെ ഡ്രൈവർ കഴിഞ്ഞമാസം വിരമിച്ചു. സി-ആപ്റ്റിന്റെ വാഹനം മുമ്പും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഈ വിവരമറിഞ്ഞപ്പോൾ സർക്കാർ തുകയടച്ച് ഒത്തുതീർപ്പാക്കി. അനധികൃതമായി വാഹനം ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിത്തീർത്തത്.

ഇപ്പോഴത്തെ യാത്രയ്ക്ക് പാഴ്സൽ ഇടപാടുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേയ്ക്ക് പ്രത്യേകിച്ച് ഇടപാടുകളൊന്നും സി-ആപ്റ്റിനില്ല. പാഴ്സൽ ഇടപാടിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകൾ പരിശോധിക്കാതെ അയച്ചതിന് കൃത്യമായ ഉത്തരം നൽകാൻ സി-ആപ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയതിന്റെയും പാഴ്സൽ ഇറക്കുന്നതിന്റെയും ദൃശ്യങ്ങൾ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. രാത്രി സി-ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ശേഖരിച്ചു.

അച്ചടിസാമഗ്രികൾ കൊണ്ടുപോകാൻ സി-ആപ്റ്റ് ഉപയോഗിക്കുന്ന രണ്ട് ലോറികളിൽ ഒന്നിലാണ് കോൺസുലേറ്റിൽനിന്നു കൊണ്ടുവന്ന പാഴ്സലുകൾ കൊണ്ടുപോയത്. ഇവയ്ക്ക് ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ സർവറുമായി ബന്ധിപ്പിച്ചിട്ടില്ല. വാഹനങ്ങളുടെ നീക്കം പരിശോധിക്കാൻ സി-ആപ്റ്റ് അധികൃതർക്കു മാത്രമാണ് കഴിയുക. പാഴ്സലുമായി പോയ ലോറിയുടെ ജി.പി.എസ്. ഉപയോഗിച്ച് യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാനും കസ്റ്റംസ് നീക്കമാരംഭിച്ചു. എന്നാൽ, ബെംഗളൂരു യാത്രയെക്കുറിച്ച് പ്രതികരിക്കാൻ സി-ആപ്റ്റ് അധികൃതർ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP