Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൺവേക്കിടയിലൂടെ റെയിൽപ്പാതയും തിരക്കേറിയ റോഡുമുള്ള എയർപോർട്ടുകൾ! വിമാനം വരുമ്പോൾ മാത്രം ഗതാഗതം തടയും; വെറും 525 മീറ്റർ തൊട്ട് 1200 മീറ്റർവരെ റൺവേയുള്ളവ; പലയിടത്തും റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലും, സമുദ്രത്തിലും; ഓക്സിജൻ കുറവുള്ള മേഖലകളും ഒട്ടേറെ; ഐസ് മൂടിക്കിടക്കുന്ന വെളിച്ചം കാണാത്ത ആന്റാട്ടിക്കയും വെല്ലുവിളി; കരിപ്പൂരിലെ ടേബിൾ ടോപ്പ് ഇവർക്കുമുന്നിൽ ഒന്നുമല്ല; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ കഥ

റൺവേക്കിടയിലൂടെ റെയിൽപ്പാതയും തിരക്കേറിയ റോഡുമുള്ള എയർപോർട്ടുകൾ! വിമാനം വരുമ്പോൾ മാത്രം ഗതാഗതം തടയും; വെറും 525 മീറ്റർ തൊട്ട് 1200 മീറ്റർവരെ റൺവേയുള്ളവ; പലയിടത്തും റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള പാറക്കെട്ടുകൾക്കിടയിലും, സമുദ്രത്തിലും; ഓക്സിജൻ കുറവുള്ള മേഖലകളും ഒട്ടേറെ; ഐസ് മൂടിക്കിടക്കുന്ന വെളിച്ചം കാണാത്ത ആന്റാട്ടിക്കയും വെല്ലുവിളി; കരിപ്പൂരിലെ ടേബിൾ ടോപ്പ് ഇവർക്കുമുന്നിൽ ഒന്നുമല്ല; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളുടെ കഥ

എം മാധവദാസ്

കോഴിക്കോട്: റൺവേക്കിടയിലൂടെ റെയിൽപ്പാതയുള്ള അല്ലെങ്കിൽ തിരക്കേറിയ റോഡുമുള്ള എയർപോർട്ടിനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമോ. പക്ഷേ ലോകത്തിന്റെ പലഭാഗങ്ങളിലും അത്തരം കൊച്ചു എയർപോർട്ടുകളിൽപോലും വിമാനം ഇറങ്ങുന്നുണ്ട്. കരിപ്പൂരിൽ നിരവധിപേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന്റെ വാർത്തകളിൽ എവരും വില്ലനായി കാണുന്നത് മലയുടെ മുകളിൽ മേശ വെച്ചതുപോലെയുള്ള ടേബിൾ ടോപ്പ് റൺവേയെ ആണ്. ഇത്തരം റൺവേകളിൽ വിമാനം ഇറങ്ങുക ബുദ്ധിമുട്ട് തന്നെയാണെങ്കിലും, ലോകത്തിന്റെ വ്യോമയാന ചരിത്രവും വൈമാനികരുടെ സാഹസികതയും  വെച്ചു നോക്കുമ്പോൾ ഇത് ഒന്നും ഒന്നുമല്ല. കരിപ്പൂരിൽ 2800ലധികം മീറ്ററുള്ള റൺവേയെങ്കിലും ഉണ്ട്. എന്നാൽ ലോകത്ത് വെറും 525 മീറ്റർ റൺവേ മാത്രമുള്ള എയർപോർട്ടുകൾ പോലുമുണ്ട്. ഇവിടമൊക്കെ വെച്ചുനോക്കുമ്പോൾ കരിപ്പൂർ ഒന്നുമല്ല എന്നാണ് യാഥാർഥ്യം. ആളുകളുടെ തലക്ക് തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് ഇവിടെയൊക്കെ വിമാനം പോകുന്നത് .പക്ഷേ ഇവിടെയും പലപ്പോഴും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യന്റെ സാഹസികതക്കും
ആവശ്യങ്ങൾക്കും മുന്നിൽ വെല്ലുവിളികൾ ഒന്നും പ്രശ്നമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനർഥം കരിപ്പൂരിൽ റൺവേ വികസനം വേണ്ട എന്നുമല്ല. ഇവിടെ പറയുന്ന പലതും ചെറു വിമാനത്താവളങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും, കരിപ്പൂർപോലെ നിരന്തരമായി വിമാനങ്ങൾ ഇറങ്ങുന്നത് അല്ലെന്നും ഓർക്കണം.

ഈ അപകടത്തിനിടിയിലും, ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രമാർഗവും വിമാനയാത്ര തന്നെയാണെന്ന് കണക്കുകൾ വ്യക്താമാക്കുന്നത്. ഓരോവർഷവും റോഡ്, റെയിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ ചെറിയൊരു ശതമാനം പോലും വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നില്ല എന്നതാണ് സത്യം. എങ്കിലും ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള ചില വിമാനത്താവങ്ങൾ ഇവയാണ്.

1. സെന്റ് മാർട്ടീൻ, കരീബിയ

കരീബിയൻ ദ്വീപായ സെന്റ് മാർട്ടീനിലാണ് പ്രിൻസസ് ജൂലിയാന എന്ന ഈ വിമാനത്താവളം. സഞ്ചാരികളുടെ തലയ്ക്ക് തൊട്ടുമുകളിലൂടെ വന്ന് റൺവേയിലേക്ക് പറന്നിറങ്ങുന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രശസ്തമാണ് ഇവിടം. 2500 മീറ്ററാണ് ബോയിങ് വിമാനങ്ങൾ ലാൻഡു ചെയ്യാനുള്ള റൺവേയുടെ ഏറ്റവും കുറഞ്ഞ നീളം. എന്നാൽ വെറും 100 മീറ്ററാണ് ഇവിടുത്തെ റൺവേയുടെ നീളം. അതിനാൽ ബോയിങ് ഒഴികെയുള്ള വിമാനങ്ങൾ മാത്രമാണ് ഇവിടെ ലാൻഡ് ചെയ്യുക. ലാൻഡിങ് അൽപ്പമൊന്നു പിഴച്ചാൽ വിമാനം നേരം കടലിലാവും പതിക്കുക.


2. ജിബ്രാൾട്ടർ

കേൾക്കുമ്പോൾ ഞെട്ടരുത്. ജിബ്രാൾട്ടറിലെ ഈ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡിങ് ആരംഭിക്കുന്നത് സമുദ്രത്തിന് നടുവിൽ നിന്നാണ്. മാത്രമല്ല, ഇവിടെ ലാൻഡ് ചെയ്ത് എയർപോർട്ടിലേക്ക് എത്തുന്നതിനിടെ തിരക്കേറിയ ഒരു റോഡു കടന്നുപോകുന്നുണ്ട്. അതായത് വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങളെ തടയും. അൽപ്പം പേടി തോന്നുണ്ടാവും അല്ലേ? ഇതുമൂലം പലപ്പോഴും ഇവിിടെ പലപ്പോഴും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.

3. ടോൺകോൺടിൻ, ഹോണ്ടുറാസ്

എത്ര വിദഗ്ദ്ധനായ പൈലറ്റും ഇവിടെ എത്തുമ്പോൾ ജാഗരൂകരാകും. കാരണം ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടം വരുത്തി വച്ചേക്കാം. പൈലറ്റുമാർക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന വിമാനത്താവളമാണ് ഹോണ്ടുറാസിലെ ടോൺകോൺടിൻ. ഉയരം കൂടിയതും കുത്തനെയുള്ളതുമായ മലയുടെ അടിവാരത്താണ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യേണ്ടത്. സാധാരണ വിമാനത്താവളങ്ങളിലുള്ളതു പോലെ നേരെ വന്ന് റൺവേയിൽ ഇറങ്ങാൻ കഴിയില്ല. വളഞ്ഞെത്തിയാണ് റൺവേയിലേക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യിക്കുക.

4. കോർഷ് വെൽ, ഫ്രാൻസ്

ആൽപ്സ് പർവ്വതനിരയിലെ ഒരു കൊടുമുടിയിലാണ് കോർഷ് വെൽ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വൻ മലയിടുക്കുകളാണ് ഈ വിമാനത്താവളത്തിന് ചുറ്റും. ഇനി പറയുന്നത് കേട്ടാൽ സഞ്ചാരികളുടെ നെഞ്ചൊന്നിടിക്കും. ഒരു ഇറക്കത്തിലാണ് വിമാനത്താവളത്തിന്റെ റൺവേ. ഈ റൺവേയുടെ നീളമോ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതുമൊക്കെ കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റൺവേയിലൂടെയാണെന്നു ചുരുക്കം.

5. കുംബോ ബണ്ട, ടിബറ്റ്

സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ് ടിബറ്റിലെ ഈ വിമാനത്താവളം. ഓക്സിജന്റെ ലഭ്യത കുറവാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ലാൻഡിങ് സമയത്തിന് മുൻപ് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നത് പലപ്പോഴും എൻജിന്റെ പ്രവർത്തനത്തെ ബാധിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.

6. പാരോ, ഭൂട്ടാൻ

ഏകദേശം 5500 മീറ്റർ ഉയരമുള്ള പർവതങ്ങളും 1870 മീറ്റർ മാത്രം നീളമുള്ള റൺവേയുമാണ് ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിന്റെ പ്രത്യേകത. ഇനിയുള്ള വിശേഷം കേട്ടാലാണ് നെഞ്ചിടിപ്പേറുന്നത്. ലോകത്തെ എല്ലാ വിമാനത്താവളത്തിലും പരിശീലനം ലഭിച്ച ഏതൊരു പൈലറ്റിനും വിമാനം പറത്താനും വിമാനമിറക്കാനുമുള്ള അനുമതിയുണ്ട്. എന്നാൽ പാരോയിൽ വിമാനം ഇറക്കാനും പറത്താനും വെറും 8 പൈലറ്റുമാർക്ക് മാത്രമേ അനുമതിയുള്ളൂ. എത്രമാത്രം അപകടം പിടിച്ചതാണ് ഇവിടമെന്ന് ഇനി പറയേണ്ടല്ലോ?!

7. ഗിസ്ബോൺ, ന്യൂസിലന്റ്

റൺവേയ്ക്ക് കുറുകെയുള്ള റെയിൽ പാളമാണ് ഇവിടെ വില്ലൻ. ട്രെയിനുകളും വിമാനങ്ങളും പരസ്പരം പാതകൾ മുറിച്ചു കടന്നുപോകുന്ന കാഴ്ചകൾ ഇവിടെ പതിവാണ്. കൃത്യമായ ഇടവേളകളിൽ ട്രെയിനിന്റെയും വിമാനത്തിന്റെയും സമയം ക്രമീകരിച്ചാണ് ഇവിടെ അപകടം ഒഴിവാക്കുന്നത്.

8. മക്മർഡോ, അന്റാർട്ടിക്ക

ഐസുപാളികളും ഇരുട്ടു നിറഞ്ഞ അന്തരീക്ഷവും തണുത്തുറഞ്ഞ കാലാവസ്ഥയുമാണ് ഇവിടുത്തെ വില്ലന്മാർ. ലാൻഡിംഗിനിടെ വിമാനം തെന്നിപ്പോകാനുള്ള സാധ്യത കൂടുതലാണ് ഇവിടെ.

9. സാബാ വിമാനത്താവളം

ലോകത്തെ ഏറ്റവും ചെറിയ വാണിജ്യ വിമാനത്താവള റൺവേ ആണ് സെന്റ് മാർട്ടീനിലെ സാബാ വിമാനത്താവളത്തിലേത്. 1300 മീറ്റർ മാത്രമാണ് ഈ വിമാനത്താവളത്തിലെ റൺവേയുടെ നീളം. റൺവേ തുടങ്ങുന്നതും അവസാനിക്കുന്നതും കടലിടുക്കിലാണ്. കൂടാതെ റൺവേയുടെ ഇരുവശങ്ങളിലും കുത്തനെയുള്ള ഇറക്കവും ഇവ ചെന്നെത്തുന്നത് സമുദ്രത്തിലേക്കും.

10. അഗത്തി, ലക്ഷദ്വീപ്

നമ്മുടെ അഗത്തി വിമാനത്താവളവും അപകടം പിടിച്ച വിമാനത്താവളങ്ങളിൽ പെടും. നാലായിരം അടി നീളം മാത്രമുള്ള അഗത്തി എയർപോർട്ട് ലോകത്തിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ലക്ഷദ്വീപിലെ 36 ദ്വീപുകളിലേക്ക് എത്താനുള്ള ഏക വിമാനമാർഗവും അഗത്തിയാണ്. ഈ വിമാനത്താവളത്തിന്റെ മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP