Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളരിക്കുണ്ടിലെ വിദ്യാർത്ഥിനിയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്നെന്ന് റിപ്പോർട്ട്; കരളിനും വൃക്കകൾക്കും വിഷബാധയേറ്റ പിതാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു: അന്വേഷണത്തിന്റെ ഭാഗമായി അരിങ്കല്ലിലെ വീട് പൂട്ടി സീൽ ചെയ്ത് പൊലീസ്

വെള്ളരിക്കുണ്ടിലെ വിദ്യാർത്ഥിനിയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്നെന്ന് റിപ്പോർട്ട്; കരളിനും വൃക്കകൾക്കും വിഷബാധയേറ്റ പിതാവ് ഗുരുതരാവസ്ഥയിൽ തുടരുന്നു: അന്വേഷണത്തിന്റെ ഭാഗമായി അരിങ്കല്ലിലെ വീട് പൂട്ടി സീൽ ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വെള്ളരിക്കുണ്ട്: ബളാൽ അരീങ്കല്ലിലെ വിദ്യാർത്ഥിനി ആൻ മേരി (16) മരിച്ചത് എലിവിഷം ഉള്ളിൽച്ചെന്നെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ട്. എന്നാൽ എങ്ങനെയാണ് വീട്ടിലുള്ളവരുടെ ഉള്ളിൽ വിഷം ചെന്നതെന്ന് വ്യക്തമല്ല. കുട്ടിയുടെ പിതാവ് ബെന്നിയും അപകട നില തരണം ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിൽ തുടരുന്ന ബെന്നിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരളിനും വൃക്കകൾക്കും വിഷബാധയേറ്റ ബെന്നി അപകടനില തരണം ചെയ്തിട്ടില്ല.

വിഷബാധയുണ്ടായതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരാഴ്ച മുൻപ് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. ആൻ മേരിയും സഹോദരൻ ആൽബിനും ചേർന്നാണ് ഐസ്‌ക്രീം ഉണ്ടാക്കിയത്. ബെന്നിയും ആൻ മേരിയുമാണ് ഐസ്‌ക്രീം ഭൂരിഭാഗവും കഴിച്ചത്. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആൻ മേരിക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിൽ ഹോമിയോ ക്ലിനിക്കിലും പിന്നീട് സഹകരണ ആശുപത്രിയിലും ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ചെറുപുഴയിലെത്തി ഒറ്റമൂലിചികിത്സ നടത്തിയതായും പറയുന്നു.

ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് പെൺകുട്ടി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. അച്ഛൻ ബെന്നിയെയും അമ്മ ബെസിയെയും സമാന രോഗലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മരണത്തിൽ സംശയമുയർന്നത്. അരിങ്കല്ലിലെ വീട് കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഇതിന് മുൻപ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ എലിവിഷത്തിന്റെ കൂട് കണ്ടെത്തിയതായി വിവരമുണ്ട്.

ആൻ മേരിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബളാൽ സെയ്ന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമ്മ ബെസിയും സഹോദരൻ ആൽബിനും ശവസംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങിയ കേസ് അടുത്ത ദിവസം വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുമെന്ന് ചെറുപുഴ ഇൻസ്‌പെക്ടർ എംപി. ബിനീഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP