Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം ലാൻഡിങ് ശ്രമത്തിൽ വിമാനത്തിന്റെ ടയറുകൾ ലോക്ക് ആയെന്ന് ഡിജിസിഎ; കനത്ത മഴയിൽ പറന്നിറങ്ങാനുള്ള ശ്രമത്തിൽ റൺവേ കാണാൻ പൈലറ്റിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നും ഏജൻസിയുടെ വിലയിരുത്തൽ; സത്യം തിരിച്ചറിയാൻ ബ്ലാക് ബോക്‌സ് വീണ്ടെടുക്കേണ്ടി വരും; അപകട കാരണം അന്വേഷിക്കുന്ന സംഘത്തിന്റെ പ്രഥമ പരിഗണന ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കൽ; 35 അടി താഴേക്ക് പതിച്ചിട്ടും വിമാനം കത്തിയമരാത്തതിൽ രക്ഷപ്പെട്ടത് നൂറിലധികം ജീവനുകൾ; കരിപ്പൂർ ദുരന്തത്തിൽ മരണം 19

രണ്ടാം ലാൻഡിങ് ശ്രമത്തിൽ വിമാനത്തിന്റെ ടയറുകൾ ലോക്ക് ആയെന്ന് ഡിജിസിഎ; കനത്ത മഴയിൽ പറന്നിറങ്ങാനുള്ള ശ്രമത്തിൽ റൺവേ കാണാൻ പൈലറ്റിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നും ഏജൻസിയുടെ വിലയിരുത്തൽ; സത്യം തിരിച്ചറിയാൻ ബ്ലാക് ബോക്‌സ് വീണ്ടെടുക്കേണ്ടി വരും; അപകട കാരണം അന്വേഷിക്കുന്ന സംഘത്തിന്റെ പ്രഥമ പരിഗണന ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കൽ; 35 അടി താഴേക്ക് പതിച്ചിട്ടും വിമാനം കത്തിയമരാത്തതിൽ രക്ഷപ്പെട്ടത് നൂറിലധികം ജീവനുകൾ; കരിപ്പൂർ ദുരന്തത്തിൽ മരണം 19

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂരിൽ വിമാനാപകടത്തിന്റെ ഞെട്ടലിൽ രാജ്യം. രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത്. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. ഇത്രയും താഴേക്ക് പതിച്ചിട്ടും വിമാനം പൊട്ടിത്തെറിച്ചില്ല. അതുകൊണ്ട് മാത്രം വൻ ദുരന്തം ഒഴിവായി. നൂറോളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരതരമാണ്. വിമാനത്താവളത്തിനു പുറത്തുകൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.

പൈലറ്റുമാരും വിമാന ജീവനക്കാരും സഹിതം 190 പേരാണ് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ബാക്കിയുള്ളവരിൽ നാലു പേർ വിമാന ജീവനക്കാരും രണ്ടു പേർ പൈലറ്റുമാരും. ഇവരിൽ 18 പേരുെട മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകട കാരണം കണ്ടെത്താൻ ബ്ലാക് ബോക്‌സ് വീണ്ടെടുക്കൽ നിർണ്ണായകമാണ്. ഇതിനുള്ള ശ്രമങ്ങൾ ഇന്നു നടക്കും. ഇതോടെ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകും.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെ എഎക്‌സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽ നിന്ന് പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. കനത്ത മഴ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ലാൻഡിങ്ങിനിടെ റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ അപകട സമയത്ത് ഉണ്ടായിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് വിമാനത്തിലെ നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും ഇവർ പറയുന്നു.

ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമ്മാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയിൽ ആഴത്തിലേക്കു വീണാണു വിമാനം തകർന്ന് അപകടമുണ്ടായത്. അവിടെ വിമാനം കത്തിയമർന്നു. ഇത് ഇവിടെയുണ്ടായില്ല. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാൽ റൺവേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത് എന്ന് പറയുമ്പോഴും യഥാർത്ഥ കാരണം കണ്ടെത്താൻ ബ്ലാക് ബോക്‌സ് വീണ്ടെടുക്കേണ്ടി വരും.

ദുരന്തത്തിനിരയായ വിമാനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു പുറത്തെത്തിച്ചത്. രണ്ടാം ലാൻഡിങ് ശ്രമത്തിലായിരുന്നു അപകടം. ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാൻഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാൻഡിങ് ശ്രമത്തിൽ വിമാനത്തിന്റെ ടയറുകൾ ലോക്ക് ആയെന്ന് ഡിജിസിഎ പറയുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡിജിസിഎ വിശദീകരിച്ചു. ബ്ലാക് ബോക്‌സിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടാകും. വിമാനം കത്തിയമരാത്തിനാൽ ഇത് അതിവേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

പത്ത് വർഷം മുൻപ് മംഗലാപുരത്തും സമാന രീതിയിൽ ആഴത്തിലേക്കു വീണാണ് വിമാനം തകർന്ന് അപകടമുണ്ടായത്. 2010 മെയ്‌ 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്. അന്ന് ദുബായിൽനിന്ന് മംഗലാപുരത്തേക്കു വന്ന എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് 812 ആണ് തകർന്നത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേർ രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആംബുലൻസുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവർത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താൻ ഇതോടെ അധികൃതർ സമീപവാസികളോട് അഭ്യർത്ഥിച്ചു.

പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് 108 ആംബുലൻസുകൾ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി. സമീപ ജില്ലകളിൽനിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളും അപകട സ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെയെല്ലാം അതിവേഗം ആശുപത്രിയിലേക്ക് അയയ്ക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിലൂടെയും അപകടത്തിൽപ്പെട്ട വിമാനം പതിച്ച വിമാനത്താവളത്തിന്റെ പിൻഭാഗത്തുകൂടെയും ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് കൊണ്ടുപോയത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു ഉടൻതന്നെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. പിന്നാലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

കരിപ്പൂരിലെ വിമാനങ്ങൾ കണ്ണൂരിലേക്ക്

കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്‌ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കും.

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP