Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ചാനലിൽ ഡിവൈഎസ്‌പിയുടെ എക്‌സ്‌ക്ലൂസീവ് ബൈറ്റ്; മുഖം മറച്ച് രണ്ടു പേർ വീട്ടിൽ നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്ന് പറഞ്ഞ ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരി സിപിഎമ്മുകാരായ ആറു പ്രതികൾ; ഉപകാരസ്മരണയ്ക്ക് ഡിവൈഎസ്‌പി സോജന് ഡബിൾ പ്രമോഷൻ; ക്രൈംബ്രാഞ്ച് എസ്‌പിയായി സോജനെ വാഴിക്കുമ്പോൾ വാളയാർ കേസിൽ പുനരന്വേഷണത്തിന് മുറവിളി

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ സ്വമനസാലെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തെന്ന് ചാനലിൽ ഡിവൈഎസ്‌പിയുടെ എക്‌സ്‌ക്ലൂസീവ് ബൈറ്റ്; മുഖം മറച്ച്  രണ്ടു പേർ വീട്ടിൽ നിന്ന് ഓടിപ്പോകുന്നതായി കണ്ടെന്ന് പറഞ്ഞ ഇളയപെൺകുട്ടിയെ ബലികൊടുത്തിട്ടും ദുർബലമായ കുറ്റപത്രം; കേസിൽ നിന്ന് കൂളായി ഊരി സിപിഎമ്മുകാരായ ആറു പ്രതികൾ; ഉപകാരസ്മരണയ്ക്ക് ഡിവൈഎസ്‌പി സോജന് ഡബിൾ പ്രമോഷൻ; ക്രൈംബ്രാഞ്ച് എസ്‌പിയായി സോജനെ വാഴിക്കുമ്പോൾ വാളയാർ കേസിൽ പുനരന്വേഷണത്തിന് മുറവിളി

എം മനോജ് കുമാർ

തിരുവനന്തപുരം: വാളയാർ കേസിൽ പുനരന്വേഷണം നടക്കുമോ? കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കേസ് ദുർബലമാക്കിയ ഡിവൈഎസ്‌പി സോജന് ഡബിൾ പ്രമോഷൻ നൽകി എസ്‌പിയാക്കിയ പിണറായി സർക്കാർ നടപടിക്കെതിരെ ശക്തമായ രോഷം കേരളത്തിൽ നിന്നും ഉയരുമ്പോൾ തന്നെയാണ് വാളയാർ കേസിൽ പുനരന്വേഷണം വേണം എന്ന ആവശ്യവും ശക്തമാകുന്നത്. വാളയാർ കേസിൽ പ്രതിപ്പട്ടികയിൽ വന്നത് ശരിക്കുള്ള പ്രതികളല്ലാ എന്നാണ് നിലവിലെ ആരോപണം. കേസ് തേച്ച് മായ്ച്ച് കളയാൻ സിപിഎം ഇടപെട്ടു നടത്തിയ ശ്രമത്തിന്റെ ഭാഗമായി വന്ന പ്രതികൾ ആണ് കേസിലുള്ളത്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയും പാർട്ടിക്ക് വേണ്ടി ഓപ്പറേഷൻസ് നടത്തുന്ന താഴെത്തട്ടിലുള്ള ചിലരെ പിടിച്ച് പ്രതികളാക്കി മാറ്റുകയായിരുന്നു എന്നാണ് വാളയാർ കേസിനെക്കുറിച്ച് നിലനിൽക്കുന്ന ശക്തമായ ആക്ഷേപം.

വാളയാറിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന്നിരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടു. യഥാർത്ഥ പ്രതികൾ കാണാമറയത്ത്. പ്രതിപ്പട്ടികയിൽ ചിലർ പ്രതികളായി ചേർക്കപ്പെട്ടു. ദുർബലമായ ചാർജ് ഷീറ്റിന്റെ ബലത്തിൽ അവർ പാലക്കാട് സെഷൻസ് കോടതിയിൽ നിന്നും ഊരിപ്പോരുകയും ചെയ്തു. കേസ് അന്വേഷണത്തിനു നേതൃത്വം നൽകി പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാൻ നേതൃത്വം നൽകിയ ഡിവൈഎസ്‌പി സോജൻ എസ്‌പിയുമായി. വാളയാർ കേസിന്റെ എല്ലാ ഘട്ടത്തിലും ഒത്തുകളി ദൃശ്യമാണ്. അതിനാൽ കേസിൽ പുനരന്വേഷണം ആവശ്യമാണ്. ഇതാണ് ഉയരുന്ന ആവശ്യം.

വാളയാർ കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് മനസിലാക്കി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറമാണ് സോജന്റെ പ്രമോഷനോടെ ഈ ആവശ്യം ഉന്നയിച്ച ശക്തമായി രംഗത്തുള്ളത്. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനുമായ പി.കെ.ഹനീഫയെയാണു ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചിരുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്കാണ് കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തത്. കേസ് ഒതുക്കിയതിന് പഴികേട്ട ഡിവൈഎസ്‌പി സോജനെ ക്രൈംബ്രാഞ്ച് എസ്‌പിയാക്കുന്നതാണ് പിന്നീട് കണ്ടത്. പ്രായപൂർത്തിയാകാത്ത ഈ രണ്ടു പെൺകുട്ടികൾ സ്വമനസോടെ ലൈംഗിക ആവശ്യങ്ങൾക്ക് നിന്ന് കൊടുത്തതാണ് എന്നാണ് ഒരു ചാനലിൽ ഡിവൈഎസ്‌പി പറഞ്ഞത്. ഇതേ ഡിവൈഎസ്‌പിയാണ് എസ്‌പിയായി നിയമിതനായത്.

സോജനെ എസ്‌പിയാക്കിയ പ്രമോട്ട് ചെയ്ത സർക്കാർ നടപടിക്കെതിരെ വാളയാർ കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കൾ ഈ കേസിൽ ഉയർത്തുന്നത്. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാർ വാളയാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ആണിത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. മാർച്ച് 4 -ന് ഇളയകുട്ടിയും ഇതേ രീതിയിൽ മരിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിന് ഈ പിഞ്ചു കുട്ടികൾ ഇരകളായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത്.

പാലക്കാട് സെഷൻസ് കോടതി പുച്ഛത്തോടെ കണ്ട എഫ്‌ഐആർ ആയിരുന്നു വാളയാർ കേസിലേത്. അത്രയും ദുർബലമായ ചാർജ് ഷീറ്റ് ആണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രതികളായി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ആറു പ്രതികളും രക്ഷപ്പെട്ടു. സിപിഎമ്മുകാരായിരുന്നു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത്. പ്രതികളെ രക്ഷിക്കാൻ ഇത്രയും ദുർബലമായ ചാർജ്ഷീറ്റ് തയ്യാറാക്കിയ ഡിവൈഎസ്‌പി സോജനെയാണ് പിണറായി സർക്കാർ എസ്‌പിയായി പ്രമോട്ട് ചെയ്ത് എറണാകുളം ക്രൈംബ്രാഞ്ചിൽ നിയോഗിച്ചത്.

സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ ദുർബലമായ ചാർജ് ഷീറ്റ് സമർപ്പിച്ച് അവരെ കുറ്റവിമുക്തരാക്കിയതിനുള്ള പ്രതിഫലമായാണ് സോജന്റെ എസ്‌പി പോസ്റ്റ് എന്നാണ് ആരോപണം ഉയരുന്നത്. അതുകൊണ്ട് തന്നെയാണ് വാളയാർ കേസിൽ പുനരന്വേഷണം വേണം എന്ന ആവശ്യം ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഉയർത്തുന്നത്. ആദ്യ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ ഇളയ സഹോദരി വീട്ടിൽ നിന്ന് മുഖം മറച്ച രണ്ടു പേർ ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞിരുന്നു. തുടർന്നാണ് ഈ പെൺകുട്ടിയെയെയും അതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇളയ പെൺകുട്ടിയുടെ മൊഴി കേസിലില്ല. പൊലീസ് മരണങ്ങൾ ആത്മഹത്യയാക്കി മാറ്റി.

രണ്ടുമാസത്തിനിടെ ഉണ്ടായ ഈ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യമാണ് പിന്നീട് ഉയർന്നു വന്നത്. ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറമാണ് ശക്തമായി ഈ ആവശ്യവുമായി മുന്നിൽ നിന്നത്. '' പ്രായപൂർത്തിയാകാത്ത രണ്ടു ദളിത് പെൺകുട്ടികള് ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ടപ്പോൾ ഒരു ശിക്ഷയും കൂടാതെ അതിലെ പ്രതികൾ രക്ഷപ്പെടുന്നു എന്നു പറഞ്ഞാൽ കേരളത്തിൽ നിയമവാഴ്ചയെക്കുറിച്ച്, നവോത്ഥാനത്തെക്കുറിച്ച്, തുല്യതയെക്കുറിച്ച് എല്ലാം സംശയങ്ങൾ ഉയരുന്നു. നിരവധി കേസുകളിൽ പ്രതികൾ രക്ഷപ്പെട്ടിട്ടുണ്ട്. വാളയാർ കേസിൽ പൊലീസുകാർ ശിക്ഷിക്കപ്പെടണം. എങ്കിൽ ഇനിയുള്ള കേസിൽ പൊലീസ് ഇതുപോലെ പ്രവർത്തിക്കില്ല. വാളയാർ കേസിൽ കുട്ടികൾക്ക് നീതി കിട്ടണമെങ്കിൽ പൊലീസുകാർ ശിക്ഷിക്കപ്പെടണം-ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിനു പിന്നിലുള്ള സാമൂഹ്യപ്രവർത്തകൻ സി.ആർ.നീലകണ്ഠൻ മറുനാടനോട് പറഞ്ഞു.

ആസൂത്രിതമായ നീക്കങ്ങൾ വാളയാർ കേസ് തേച്ച് മായ്ച്ച് കളയാൻ സർക്കാരിന്റെയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വന്നു എന്നതിന്റെ തെളിവ് തന്നെയായാണ് സോജന്റെ ഇരട്ട പ്രമോഷനും ക്രൈംബ്രാഞ്ചിലുള്ള എസ്‌പി നിയമനവും സൂചിപ്പിക്കുന്നത്. വാളയാർ കേസിൽ സിപിഎം അക്ഷാർത്ഥത്തിൽ ലേലം വിളി തന്നെയാണ് നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സിപിഎം ഇടപെടൽ വന്നു. പാർട്ടിക്കൂറുള്ളവർ പ്രതികളായി. കേസിൽപ്പെടും എന്ന് മനസിലാക്കിയപ്പോൾ ഒരു ആത്മഹത്യകൂടി അവിടെ വന്നു. ഒരു സിപിഎം പ്രവർത്തകൻ കേസുമായി ബന്ധപ്പെട്ടു സമ്മർദം വന്നപ്പോൾ ആത്മാഹുതി നടത്തി എന്ന വിവരമാണ് പിന്നീട് പുറത്ത് വന്നത്. കുട്ടിയുടെ അച്ഛനോട് വരെ പ്രതിയാകാൻ ചിലർ ആവശ്യപ്പെട്ടു. പിന്നീട് രക്ഷപ്പെടുത്താം എന്നാണ് പറഞ്ഞത്. എങ്ങനെയും കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി തലത്തിൽ നടത്തിയത്. വാളയാർ പോക്‌സോ കേസ് പ്രതിയുടെ അഭിഭാഷകനെ ജില്ല ശിശുക്ഷേമ സമിതി ചെയർമാനാക്കി മാറ്റിയതും വിവാദമായിരുന്നു.

ചൈൽഡ് പോണോഗ്രാഫിയുമായി ബന്ധമുള്ളവർക്ക് വാളയാർ കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്നു ആരോപണമുയർന്നിരുന്നു. വാളയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാത്രം 27 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇതിന്റെ തെളിവായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനവും ബന്ധവും ഉള്ളവർ തന്നെയാണ് വാളയാർ കുട്ടികളുടെ മരണത്തിനു പിന്നിലും ഈ പോക്‌സോ കേസുകൾക്ക് പിന്നിലും എന്നാണ് സൂചനകൾ വന്നത്. ഇവർ ഇപ്പോഴും സുരക്ഷിതരാണ്. പ്രതിപ്പട്ടികയിൽ ഉള്ളവർ യഥാർത്ഥ പ്രതികൾ അല്ല എന്ന ആക്ഷേപവും ശക്തമാണ്. യഥാർത്ഥ പ്രതികളെയും യഥാർത്ഥ താത്പര്യങ്ങളെയും പൊലീസ് അടിതൊട്ടു മുടിവരെ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപമാണ് ആദ്യം മുതൽ പൊലീസിനു നേർക്ക് വന്നത്.

മൂത്ത പെൺകുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മധു എന്നയാളെ സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ ഉയർന്നതോടെ എസ്‌ഐ പി.സി ചാക്കോയെ സസ്‌പെൻഡ് ചെയ്തു. കുട്ടികൾ തുങ്ങിമരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോൾ കൊലപാതക സൂചനയാണ് പുറത്ത് വന്നത്. 22 കിലോ ഭാരവും 122 സെന്റിമീറ്റർ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തനിയെ തൂങ്ങുക പ്രയാസമാണ്. ബലമായി തൂക്കിയതാകാം ആരോപണം ശക്തി പ്രാപിക്കുകയും ചെയ്തു. കൊച്ചിയിൽ നിന്നും തിരുവനന്തപുരം വരെ നടന്നു സെക്രട്ടറിയെറ്റിനു മുന്നിൽ പ്രക്ഷോഭം ഇരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് ഒക്കെ നയിക്കുകയും വാളയാർ കിഡ്‌സ് ചെയ്തിരുന്നു. 63 ദിവസമാണ് സമരം നടത്തിയത്. മാർച്ച് 22 വരെ സമരം നടത്തിയിരുന്നു. കോവിഡ് കാരണം മാറണമെന്ന നോട്ടീസ് ലഭിച്ചപ്പോഴാണ് സമരം താത്കാലികമായി ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം അവസാനിപ്പിച്ചത്.

വാളയാർ പീഡന കഥ ഇങ്ങനെ:

52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുന്നോട്ടു പോയി. രണ്ടു പേർ മുഖം മറച്ച് ഓടിപ്പോകുന്നത് കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ മാതാപിതാക്കൾ പൊലീസിന് മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കി എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.. മൂത്ത് കുട്ടിയുടെ മരണം കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടു.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി. മൂത്തകുട്ടിയുടെ ഓട്ടോപ്സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), എസ് സി എസ്ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോസ്‌കോ , ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരിൽ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബർ 30 -ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.

ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. ഇത്തരത്തിൽ ഒരു ആത്മഹത്യ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് പൊലീസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലീസിൽ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്‌ഐആറും രജിസ്റ്റർ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.

മൃതദേഹത്തിന്റെ ഓട്ടോപ്സി ഫലത്തിൽ അസിസ്റ്റന്റ് സർജൻ ഗൗരവമുള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകിൽ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കിൽ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറൻസിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.

ആദ്യ മരണം കഴിഞ്ഞു 52 ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 4 -ന്, ഇളയ കുട്ടിയും മരിച്ചു. മൂത്ത പെൺകുട്ടി തൂങ്ങിയതായി കണ്ട അതേ മച്ചിൽ തൂങ്ങിയാണ് ഇളയകുട്ടിയുടെ മരണവും വന്നത്. . അതോടെ കേസ് മാധ്യമശ്രദ്ധയാകർഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലീസ് പോക്‌സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ പ്രതിചേർക്കപ്പെട്ടു.

പൊലീസ് സംശയിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്ത മൈനറായ വ്യക്തി കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്തു. മറ്റുള്ള പ്രതികളിൽ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവർ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു രണ്ടാം പ്രതിയായും, ചേർത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ വിചാരണയ്ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്‌സോ) പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. മൂന്നാം പ്രതിയായ പ്രദീപിനെ കഴിഞ്ഞ സെപ്റ്റംബർ 30 -ന് ഇതേ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. വാളയാർ കേസിൽ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പ്രതികളെ വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരും കുട്ടികളുടെ മാതാപിതാക്കളും നൽകിയ ഹർജിയിലാണ് വിധി വന്നത്. പക്ഷെ കേസിന് അനക്കമൊന്നും സംഭവിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP