Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജമല ദുരന്തത്തിൽ നഷ്ടമായ ജീവനുകളെ ഓർത്ത് അതീവദുഃഖം; ഈ സങ്കടകരമായ മണിക്കൂറുകളിൽ ദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കായി രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായം; മണ്ണിടിച്ചിലിൽ പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും ഇരകൾക്ക് സഹായം എത്തിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി

രാജമല ദുരന്തത്തിൽ നഷ്ടമായ ജീവനുകളെ ഓർത്ത് അതീവദുഃഖം; ഈ സങ്കടകരമായ മണിക്കൂറുകളിൽ ദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ;  മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കായി രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായം; മണ്ണിടിച്ചിലിൽ പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും ഇരകൾക്ക് സഹായം എത്തിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അതീവ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കായി രണ്ട് ലക്ഷം രൂപയുടെ അടിയന്തര സഹായം നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിൽ പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നും പ്രഖ്യാപിച്ചു.

ഇടുക്കിയിലെ രാജമലയിൽ നഷ്ടമായ ജീവനുകളെ ഓർത്ത് അതീവ ദുഃഖമുണ്ട്. ഈ സങ്കടകരമായ മണിക്കൂറുകളിൽ ദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദേശീയ ദുരന്തനിവാരണസേനയും ഭരണകൂടവും ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിലാണ്. ദുരന്ത ബാധിതർക്ക് അവർ സഹായം എത്തിക്കുന്നുണ്ട്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജമല പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ വൻദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ ഒരുകുട്ടിയും ഉൾപ്പെടുന്നു. ഇതിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12), രാമലക്ഷ്മി(40), മുരുകൻ(46), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

30 മുറികളുള്ള നാല് ലയങ്ങളിലായി 78 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 15 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതിൽ നാല് പേരുടെ നില ഗുരുതരം. രക്ഷപ്പെട്ടവരിൽ നാല് പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റർ പരിധിയിൽ കല്ലുചെളിയും നിറഞ്ഞു. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽ നിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്.

നാലുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തകർന്ന പെരിയവര പാലം ശരിയാക്കി. താൽക്കാലികമായുള്ള ഗതാഗതസാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവർത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

പഴനിയമ്മാളിനെയും മകൻ ദീപക്കിനെയുമാണ് ടാറ്റാ ആശുപത്രിയിൽ ആദ്യം എത്തിച്ചത്.രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നെന്നും 10.30 തോടെ മുകളിൽ നിന്നും പാറയും മണ്ണും വന്ന് കെട്ടിടത്തിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നെന്നും പൂർണ്ണഗർഭിണിയായ ഭാര്യ മുത്തുലക്ഷിയെയും പിതാവ് പ്രഭുവിനെയും കണ്ടെത്താനായില്ലെന്നും ദീപക് മറുനാടനോട് പറഞ്ഞു.

തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഏറെ വൈകിയാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കൽ ടീമും പുറപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുള്ള പെരിയവര പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടെ സ്ഥാപിച്ച താൽക്കാലികപാലവും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതായിരുന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുള്ള പ്രധാന പ്രതിബന്ധം. പെരിയവര പാലത്തിന് നടുവിൽ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയായിരുന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മൊബൈൽ നെറ്റ് വർക്ക് കവറേജില്ലാത്തതിനാൽ രക്ഷപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും സാധിക്കാത്ത അവസ്ഥയാണ്.പെരിയവരപാലം തകർന്നതിനാൽ സംഭവസ്ഥലത്തെത്താൻ രക്ഷാസംഘത്തിന് കാലതാമസം നേരിട്ടിരുന്നു.പുലർച്ചയോടെ പെട്ടിമുടിയുടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.ഇവരാണ് ദിപക് അടക്കമുള്ള ഏതാനും പേരെ ആശുപത്രിയിൽ എത്തിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP