Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക മരണം-രാഷ്ട്രീയ കിസാൻ മഹാസംഘ്: അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനക്കുളത്ത് കർഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് 10-ാം തീയതി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവർ അറിയിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ ജോയി കണ്ണഞ്ചിറയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാരസമരത്തിന് തുടക്കം കുറിക്കുന്നത്. ജൂലൈ 28ന് വനപാലകർ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത മത്തായി പിന്നീട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടിരിക്കുമ്പോൾ പ്രതികളാരെന്ന് കഴിഞ്ഞ 10 ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ലെങ്കിൽ പൊലീസ് ഭരണം വൻ പരാജയമാണ്. കേസ് ആട്ടിമറിക്കാനുള്ള ആസൂത്രിതവും സംഘടിതവുമായ അജണ്ടയാണ് വനം-പൊലീസ് വകുപ്പുകൾ നടപ്പിലാക്കുന്നത്. കർഷകസംരക്ഷണത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന കൃഷി വകുപ്പ് മന്ത്രിയുടെ നിശബ്ദതയും ദുരൂഹതയേറുന്നു. വനംവകുപ്പിലെ കൊലയാളികളെ സംരക്ഷിക്കുന്ന നയമാണോ ഇടതുപക്ഷ സർക്കാരിന്റേതെന്ന് വ്യക്തമാക്കണം. പൊലീസിന്റെ നീക്കങ്ങൾക്ക് തടയിടുന്നവരെ കർഷകർ വരുംദിവസങ്ങളിൽ വെളിച്ചത്തുകൊണ്ടുവരുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.

ഓഗസ്റ്റ് 10-ാം തീയതി തിങ്കളാഴ്ച രാവിലെ 10ന് ജോയി കണ്ണഞ്ചിറ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ മത്തായിയുടെ കുടുംബാംഗങ്ങളും ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കുചേരും. തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ 14 ജില്ലകളിലും കർഷകസംഘടനകൾ കർഷക പ്രതിഷേധം വ്യാപിപ്പിക്കും. അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ സമരങ്ങൾക്ക് 11-ാം തീയതി കാസർഗോഡ് തുടക്കമാകും. കർഷകർക്ക് കർഷകരല്ലാതെ മറ്റാരും സഹായത്തിനില്ലെന്നുള്ളത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും വന്യമൃഗങ്ങളുടെ അക്രമണത്തിൽ നിരന്തരം കൊല്ലപ്പെടുന്ന കർഷകനെ വനപാലകരും കൊലയ്ക്കു കൊടുക്കുന്നത് ഇനി ഈ മണ്ണിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ചെയർമാൻ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണയേകി ഓഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് കേരളത്തിലെ വിവിധ കർഷകസംഘടനാ നേതാക്കൾ മത്തായിയുടെ ഭവനത്തിലെത്തിച്ചേരും. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ, പി.റ്റി. ജോൺ, ഫാ.ജോസ് കാവനാടി, മുതലാംതോട് മണി, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ എന്നിവർ വിവിധ സമയങ്ങളിൽ അഭിസംബോധന ചെയ്യും. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകിയാൽ മദ്ധ്യപ്രദേശിലെ കർഷകസമരനേതാവും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനറുമായ ശിവകുമാർ കക്കാജി ഉൾപ്പെടെയുള്ളവർ പത്തനംതിട്ടയിലെത്തുമെന്നും കർഷകനീതിക്കുവേണ്ടിയുള്ള പോരാട്ടം ദേശീയതലത്തിലേയ്ക്കു മാറുമെന്നും 9-ാം തീയതി ഞായറാഴ്ച കൊച്ചിയിൽ ചേരുന്ന സംസ്ഥാന സമിതി തുടർപ്രക്ഷോഭ രൂപരേഖ തയ്യാറാക്കുമെന്നും ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP