Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; നഗ്‌ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി; പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം; സോഷ്യൽ മീഡിയയിലെ വിവാദ ആക്ടിവിസ്റ്റ് പോക്സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി

രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി; നഗ്‌ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി; പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം; സോഷ്യൽ മീഡിയയിലെ വിവാദ ആക്ടിവിസ്റ്റ് പോക്സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ രഹ്ന ഫാത്തിമ പോക്‌സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്ന് രഹ്നയ്ക്കു മുൻകൂർ ജാമ്യം നൽകുന്നതിനെ കേരളാപൊലീസും എതിർപ്പു രേഖപ്പെടുത്തുകയാണ് ഉണ്ടായത്.

പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിഡി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു. ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കേസ് സുപ്രീംകോടതിയിൽ വന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. പോക്‌സോ നിയമത്തിലെ 13,14,15 വകുപ്പുകൾ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75- ആം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. നഗ്‌നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചത് ലൈംഗിക സുഖത്തിന് വേണ്ടിയാണോ എന്നറിയാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ കലയുടെയോ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുതെന്ന നിലപാട് ആണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. രഹ്ന ഫാത്തിമയുടെ മുൻകാല ചെയ്തികൾകൂടി പരിഗണിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ രഹ്ന ഫാത്തിമ ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവതകളെ ശിൽപ്പങ്ങളിലും ചുമർചിത്രങ്ങളിലും നഗ്‌നമായ മാറിടങ്ങളും ആയാണ് ചിത്രീകരിക്കുന്നത്. എന്നാൽ ക്ഷേത്രങ്ങളിൽ എത്തി പ്രാർത്ഥിക്കുന്ന ആർക്കും കാമാസക്തി അല്ല മറിച്ച് ഭക്തി ആണ് തോന്നുക. ഭരണഘടന നിലവിൽ വരുന്നതിനും മുൻപുള്ള ബ്രാഹ്മണ മേധാവിത്വ കാലഘട്ടത്തിലെ യാഥാസ്ഥിക ചിന്തകളെ അടിസ്ഥാനമാക്കി വർത്തമാന കാലത്ത് അശ്ലീലത നിശ്ചയിക്കുന്നത് നിർഭാഗ്യകരം ആണെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേനെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ രഹ്ന ഫാത്തിമ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല പ്രവേശനത്തിന് ശ്രമിച്ച വ്യക്തി എന്ന നിലയിൽ രഹ്ന ഫാത്തിമയുടെ ഹർജിക്ക് വലിയ ശ്രദ്ധ ദേശിയ തലത്തിൽ ലഭിച്ചിരുന്നു. സ്വന്തം നഗ്‌ന ശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ രഹ്നാ ഫാത്തിമക്കെതിരെ പരാതി നൽകിയത് തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനും ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ്രകാശായിരുന്നു.

ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്‌ന മേനിയിൽ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ രഹ്ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നുണ്ട്. നഗ്‌നതയെക്കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും സാധിക്കാത്ത വിധം സ്തീകളുടെ നാവിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവർത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും രഹ്ന കുറിപ്പിൽ പറയുന്നു. അർദ്ധ നഗ്‌നയായി മത്തിക്കറി ഉണ്ടാക്കുന്നതായി രണ്ട് മാസം മുമ്പ് പ്രചരിച്ച രഹ്നയുടെ വീഡിയോ ഏറെ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.

കൊച്ചിയിൽ നടന്ന ചുംബന സമരത്തിലൂടെയും സ്ത്രീ സ്വാതന്ത്യമെന്നത് ഏതറ്റം വരെയും പോകാമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ഷോർട്ട് ഫിലിമുകളിലൂടെയും വാർത്തയിലിടം പിടിച്ച രഹ്ന ഫാത്തിമ ശബരിമല വിഷയത്തോടെയാണ് രാജ്യാന്തര പ്രശസ്തയായത്. ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് ശബരിമല ദർശനത്തിനായി വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പമ്പയിൽ നിന്നും വലിയ നടപ്പന്തൽ വരെ എത്തുകയും ഭക്തരുടെ അതി ശക്തമായ എതിർപ്പുകളെ തുടർന്ന് രഹ്നയ്ക്ക് തിരിച്ചിറങ്ങേണ്ടതായും വന്നിരുന്നു. ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം രൂക്ഷമായ വിമർശനങ്ങളായിരുന്നു രഹ്നയ്‌ക്കെതിരെ ഉയർന്നത്. ബി എസ് എൻ എൽ ജീവനക്കാരിയായിരിക്കെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രഹ്ന ഉയർത്തിയ വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽ പേരിനെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് ബി എസ് എൻ എൽ രഹ്നയെ സർവ്വിസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP