Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളി വർഗ്ഗത്തിന് പകരം സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും പ്രാധാന്യം നൽകിയത് തിരിച്ചടിയായി; സ്വാശ്രയ കോളേജുകൾക്ക് നേരെ സമരം നടത്തിയിട്ട് മക്കളെ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന ഇരട്ടത്താപ്പ്; എന്തിനും ഏതിനും സാമ്രാജ്യത്വത്തെ കുറ്റം പറഞ്ഞിട്ട് വിദേശങ്ങളിൽ ബിസിനസ്സുകളും; ഇന്ത്യയിലെ കമ്മ്യൂണിസം ഇന്നുള്ളത് കേരളത്തിൽ മാത്രം; ഇന്ത്യയിൽ കമ്മ്യുണിസത്തിന്റെ വിത്ത് വിതച്ചിട്ട് നൂറ് വർഷം; ഇന്ത്യയിലെ കമ്മ്യുണിസത്തിന്റെ തകർച്ചയുടെ കാരണങ്ങളിലേക്ക് ഒരു എത്തിനോട്ടം

തൊഴിലാളി വർഗ്ഗത്തിന് പകരം സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും പ്രാധാന്യം നൽകിയത് തിരിച്ചടിയായി; സ്വാശ്രയ കോളേജുകൾക്ക് നേരെ സമരം നടത്തിയിട്ട് മക്കളെ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്ന ഇരട്ടത്താപ്പ്; എന്തിനും ഏതിനും സാമ്രാജ്യത്വത്തെ കുറ്റം പറഞ്ഞിട്ട് വിദേശങ്ങളിൽ ബിസിനസ്സുകളും; ഇന്ത്യയിലെ കമ്മ്യൂണിസം ഇന്നുള്ളത് കേരളത്തിൽ മാത്രം; ഇന്ത്യയിൽ കമ്മ്യുണിസത്തിന്റെ വിത്ത് വിതച്ചിട്ട് നൂറ് വർഷം; ഇന്ത്യയിലെ കമ്മ്യുണിസത്തിന്റെ തകർച്ചയുടെ കാരണങ്ങളിലേക്ക് ഒരു എത്തിനോട്ടം

മറുനാടൻ മലയാളി ബ്യൂറോ

മ്മ്യുണിസ്റ്റ്കാരുടെ പുണ്യഗ്രന്ഥമായ മൂലധനം 1867-ൽ പ്രസിദ്ധീകരിച്ചിട്ട് പിന്നെയും അര നൂറ്റാണ്ട് കാത്തുനിൽക്കേണ്ടി വന്നു, കുറേയെങ്കിലും ആ തത്വത്തിൽ ഊന്നിയുള്ള ഒരു ഭരണകൂടം ഈ ഭൂമുഖത്ത് സ്ഥാപിതമാകുവാൻ. 1917-ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം ബൊൾഷെവിക്കുകൾ സോവിയറ്റ് യൂണിയൻ രൂപീകരിച്ചതോടെയാണ് ലോകത്ത് ആദ്യമായി ഒരു ഭരണ വ്യവസ്ഥ എന്ന രീതിയിൽ കമ്മ്യുണിസം നിലവിൽ വരുന്നത്. അവിടെ നിന്നുമാണ് കമ്മ്യുണിസത്തിന്റെ വിത്തുകൾ ലോകത്ത് പലഭാഗങ്ങളിലേക്കും പടർന്നത്. ഇന്ത്യയിലെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

ബിപിൻ ചന്ദ്രപാൽ, ബാല ഗംഗാധര തിലകൻ തുടങ്ങിയ പല സ്വാതന്ത്ര്യ സമര സേനാനികളും 1917-ലെ വിപ്ലവത്തിന് ശേഷം ലെനിന്റെ ആരാധകരായി മാറിയിരുന്നെങ്കിലും അബ്ദുൾ സത്താർ ഖൈരി, അബ്ദുൾ സബ്ബാർ ഖൈരി എന്നീ രണ്ടു സഹോദരങ്ങളാണ് വിപ്ലവത്തിന്റെ വിജയത്തെ കുറിച്ച് അറിഞ്ഞ ഉടനെ ഇന്ത്യയിൽ നിന്നും റഷ്യയിലെത്തിയതും ലെനിനെ നേരിട്ട് കണ്ടതും. അതേ സമയത്തു തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനം ഉയർന്ന് വരുന്നത്. ഇത് ഇന്ത്യയിൽ കമ്മ്യുണിസത്തിന്റെ വളർച്ചയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

കിലാഫത്ത് സംരക്ഷണത്തിനായി പാശ്ചാത്യ ശക്തികളുമായി പോരാടാൻ നിരവധി പേർ പോയിട്ടുണ്ടായിരുന്നു. അവരിൽ പലരും സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ലെനിന്റെ പ്രഭാവത്തിൽ ആകൃഷ്ടരായി കമ്മ്യുണിസ്റ്റുകൾ ആയി മാറുകയും ചെയ്തിരുന്നു. അതുപോലെ ചില ഹിന്ദുക്കളും ഇവരോടൊപ്പം ചേർന്നിരുന്നു.

കമ്മ്യുണിസവും പൊളിറ്റിക്കൽ ഇസ്ലാമിസവും തമ്മിലുള്ള അന്തർധാര

കമ്യുണിസവും പൊളിറ്റിക്കൽ ഇസ്ലാമിസവും തമ്മിലുള്ള അന്തർധാര, പലരും ചിന്തിക്കുന്നത് പോലെ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അതിനൊരു ചരിത്രമുണ്ട്. തുർക്കി ആസ്ഥാനമായ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ അവസാന പതിറ്റാണ്ടിൽ തന്നെ ആഗോളതലത്തിൽ മുസ്ലിംങ്ങളെ യോജിപ്പിച്ചുകൊണ്ടൊരു രാഷ്ട്രീയ ശക്തിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പുതിയ ചിന്താധാരയിൽ ഊന്നിയുള്ള പൊളിറ്റിക്കൽ ഇസ്ലാം ആ സമയത്താണ് ഉടലെടുക്കുന്നത്. അറബി നാടിന് പുറത്ത് ഈജിപ്ത് മുതൽ ഇറാഖ് വരേയും ഇന്ത്യ മുതൽ ഇന്തോനേഷ്യവരേയും യൂറോപ്യൻ സാമ്രാജ്യവത്ക്കരണത്തിനുള്ള ഒരു ചെറുത്തു നിൽപ് എന്ന പേരിൽ ആ ചിന്താസരണി അതിവേഗം വളർച്ച പ്രാപിച്ചു.

പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ സംഘടനാ പാടവവും, ആളുകളെ ആകർഷിക്കുവാനുള്ള കഴിവും 1910 കളിൽ ഗ്തന്നെ കമ്മ്യുണിസ്റ്റുകാർ (റഷ്യയിലെ ബൊൾഷെവിക്കുകൾ) മനസ്സിലാക്കിയിരുന്നു. പഴയ റഷ്യൻ സാമ്രാജ്യത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാര്യമായ സംഘടനാ ശക്തിയില്ലാതിരുന്ന ബൊൾഷെവിക്കുകൾ അവിടങ്ങളിൽ മുസ്ലിം മതത്തിൽ പരിവർത്തനത്തിനായി വാദിക്കുന്നവർ എന്നറിയപ്പെട്ടിരുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുമായി സഖ്യത്തിലായത് അവരുടെ സംഘടനാ മികവ് കണ്ടാണ്.

മുസ്ലിംങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു പ്രത്യേക മുസ്ലിം കമ്മീഷണറേറ്റ് രൂപീകരിക്കുക മാത്രമല്ല, കൊക്കാസസിനും മദ്ധ്യ ഏഷ്യയ്ക്കും ഇടയിലായി ഒരു മുസ്ലിം കമ്മ്യുണിസ്റ്റ് വ്യവസ്ഥയിലുള്ള ഭരണകൂടം സ്ഥാപിക്കുമെന്ന വാഗ്ദാനവും നൽകി. അങ്ങനെ പൊളിറ്റിക്കൽ ഇസ്ലാമിന് പൊതുസമൂഹത്തിൽ ഒരു സ്വീകാര്യത ഉറപ്പുവരുത്തന്നതിൽ കമ്മ്യുണിസ്റ്റുകാർ ഒരു കാരണമായി മാറി. അതേസമയം റഷ്യയിൽ പലയിടങ്ങളിലും അവർക്ക് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

1918 നും 1920 നും ഇടയിൽ അന്ന് ഇന്തോനേഷ്യ ഭരിച്ചിരുന്ന ഇന്തോനേഷ്യക്കാർക്കെതിരെ വലിയൊരു സമരമുഖം തുറന്നത് ഇടതുപക്ഷ തൊഴിലാളി സംഘടനകളും കടുത്ത ഇസ്ലാം മത വിശ്വാസികളായ വ്യാപാരി സമൂഹവും ചേർന്നായിരുന്നു. മുസ്ലിം വ്യാപാരികളുടെ സംഘടനയായി 1912-ൽ സാരേകാത്ത് ഇസ്ലാം എന്നൊരു സംഘടന രൂപീകരിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായവരായിരുന്നു അതിൽ അധികവും. ഈ സംഘടനയിൽ സോഷ്യലിസ്റ്റ് സ്വാധീനം ഏറെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു 1916-ൽ പ്രവാചകനായ നബിയെ സോഷ്യലിസത്തിന്റെ പിതാവായും ജനാധിപത്യത്തിന്റെ പ്രോക്താവായും വാഴിച്ച സംഭവം.

അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ചും റഷ്യയിൽ കമ്മ്യുണിസ്റ്റുകാരും മുസ്ലീങ്ങളും തമ്മിലുണ്ടായിരുന്ന ഈ ബന്ധമായിരുന്നു ഖിലാഫത്തുമായി ബന്ധപ്പെട്ട് പോയവരെയൊക്കെ സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ പ്രേരിപ്പിച്ചതും പിന്നീട് അവിടത്തെ രീതികൾ കണ്ട് കമ്മ്യുണിസ്റ്റ്കാരാകാൻ ഇടയാക്കിയതും. എങ്കിലും ഇന്ത്യയുടെ മണ്ണിൽ കമ്മ്യുണിസത്തിന് ഏറെ വളർന്ന് പന്തലിക്കാൻ ആയില്ല. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.

ഇന്ത്യൻ സംസ്‌കാരവും ആത്മീയതയും

എന്നും അത്മീയതയിലൂന്നിയുള്ള സംസ്‌കാരമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. കമ്മ്യുണിസം വളർന്ന റഷ്യയിലേയും ചൈനയിലേയും സ്ഥിതി അതായിരുന്നില്ല. മത വിശ്വാസങ്ങൾ ഉള്ളപ്പോൾ തന്നെ മതവിശ്വാസത്തെ എതിർക്കുന്നവരും അവിടങ്ങളിൽ നല്ലൊരു സംഖ്യയിൽ ഉണ്ടായിരുന്നു. മാത്രമല്ല ഇന്ത്യൻ മതങ്ങളെ പോലെ ജനജീവിതവുമായി അടുത്ത് ഇടപഴകുന്ന രീതിയിലുള്ള മതവിശ്വാസമായിരുന്നില്ല അവിടങ്ങളിൽ.

ഹിന്ദുമതം ആവിർഭവിച്ച കാലയളവിൽ തന്നെ ഉണ്ടായിരുന്ന നിരവധി പ്രാചീന മതങ്ങൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിരുന്നു. മദ്ധ്യ അമേരിക്കയിൽ മായ മതവും, ഗ്രീക്ക്, റോമൻ സംസ്‌കാരങ്ങളുമെല്ലാം അതിനുദഹാരണങ്ങളാണ്. ആ മതങ്ങളിൽ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്ന സോയൂസും, വീനസും, അഥീനിയയുമൊക്കെ ഇന്ന് മ്യുസിയങ്ങളിലെ മാർബിൾ പ്രതിമകളായി മാറിയിട്ടും കൃഷ്ണനും രാമനുമൊക്കെ ഇന്നും ഇന്ത്യയിൽ ദൈവങ്ങളായി ഇരിക്കുന്നത് അവർക്ക് ഇന്ത്യൻ മനസ്സിൽ ചെലുത്താൻ കഴിഞ്ഞ സ്വാധീനത്തിന്റെ തെളിവാണ്. ഇന്ത്യയുടെ ഏതൊരു മുക്കിലും കൂലയിലുമുള്ള ചെറു ഗ്രാമങ്ങളിൽ പോലും രാമായണമോ മഹാഭാരതമോ ഒക്കെയായി ബന്ധപ്പെട്ട ഏതെങ്കിലും ചില ഐതിഹ്യങ്ങൾ ആ സ്ഥലങ്ങളുമായി ബന്ധപ്പെട്ടുകാണാം.

കേരളത്തിലെ ജടായുമംഗലം എന്ന ചടയമംഗലത്താണ് രാവണന്റെ വെട്ടേറ്റ് ജഡായു ചിറകൊടിഞ്ഞ് വീണതെന്ന് പറയുമ്പോൾ തന്നെ, ആന്ധ്രാപ്രദേശിലെ കർണ്ണൂലിനടുത്തുള്ള ലേപാക്ഷിയും അതേ ഐതിഹ്യം പേറുന്നുണ്ട്. ചിറകൊടിഞ്ഞ പക്ഷിരാജനെ കണ്ട്, ശ്രീരാമൻ, ''ലേ പക്ഷി...'' (തെലുങ്കിൽ, എഴുന്നേൽക്കു പക്ഷി എന്നർത്ഥം) എന്ന് പറഞ്ഞതിനാലാണ് ആ സ്ഥലത്തിന് ലേപാക്ഷി എന്ന് പേരുവന്നത് എന്നാണ് ഐതിഹ്യം.അങ്ങനെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറുവാൻ ഇത്തരത്തിലുള്ള കൊച്ചുകൊച്ചു കഥകൾ ഹിന്ദു മതവിശ്വാസത്തിന് ഏറെ സഹായകരമായിട്ടുണ്ട്. വൈദേശിക അധിനിവേശങ്ങൾൻ എത്രയൊക്കെ ഉണ്ടായിട്ടും, ഇന്നും ആ മതം പ്രസക്തമായി നിൽക്കുന്നതിന് പ്രധാന കാരണവും അതു തന്നെയാണ്.

മതമാറ്റത്തിനും തകർക്കാനാകാത്ത സാംസ്‌കാരിക പൈതൃകം

പല കാരണങ്ങൾ കൊണ്ടും പല മതങ്ങളിലേക്ക് മാറിയവർക്കും അവരുടെ സ്വത്വത്തിന്റെ ഭാഗമായി ശക്തമായി നിന്ന ഒന്നായിരുന്നു ഇന്ത്യൻ സാംസ്‌കാരിക പൈതൃകം. കത്തോലിക്ക സഭയിലെ പോർച്ചുഗീസ് ആധിപത്യത്തിനെതിരെ പോരാടി റോമിൽ പോയി ഇന്ത്യൻ ബിഷപ്പിനെ അവരോധിച്ച് മടങ്ങിയ പാറമ്മേക്കൽ തോമാ കത്തനാരുടെ വർത്തമാന പുസ്തകം എന്ന യാത്രാവിവരണം ഇതിന് അടിവരയിടുന്നു.

കൃസ്തുമത വിശ്വാസിയായിരിക്കുമ്പോൾ തന്നെ, മതത്തിൽ വൈദേശികാധിപത്യത്തിന് അടിമപ്പെടാൻ അദ്ദേഹവും കൂട്ടുകാരും തയ്യാറായിരുന്നില്ല. യന്ത്രക്കപ്പലുകൾ ഇല്ലാതിരുന്ന കാലത്ത് പായ്ക്കപ്പലിൽ കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങി ആഫ്രിക്കയിലും തെക്കെ അമേരിക്കയിലുമൊക്കെ കറങ്ങി ആറുമാസം കൊണ്ടാണ് അവർ റോമിൽ എത്തിച്ചേർന്നത്. അതിന്റെ വിവരണമാണ് വർത്തമാന പുസ്തകം എന്ന മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥത്തിൽ ഉള്ളത്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ആധാരശിലയായ ആത്മീയതയിലൂന്നിയുള്ള ജീവിത രീതി, ഇവിടെയുള്ള എല്ലാ മതക്കാർക്കും പ്രധാനപ്പെട്ട ഒന്നായിരുന്നു. അവർക്ക് ആത്മീയതയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഭൗതികവാദം പൂർണ്ണമായും സ്ഥിരീകരിക്കാനായില്ല. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരുാളും ഇന്റർനാഷണൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ അംഗവുമായിരുന്ന എം എൻ റോയി തന്നെ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു സിദ്ധാന്തം എന്നതിലുപരി ഒരു നിരീശ്വരവാദ തത്വമായായിരുന്നു ഇന്ത്യയിൽ കമ്മ്യുണിസം പ്രചരിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ അതിന് വ്യാപകമായ സ്വീകാര്യത ഇല്ലാതെപോയി.

ഗാന്ധിജിയും അഹിംസയും

മതേതര ഇന്ത്യയിൽ മതങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ തളിർത്ത മതങ്ങളാണ് ഹിന്ദുമതവും, ബുദ്ധമതവും, ജൈനമതവും. ഇത് മൂന്നും ഉദ്ഘോഷിക്കുന്നത് അഹിംസയുടെ മഹത്വമാണ്. അഹിംസ എന്നത് ഇന്ത്യയുടെ മനസ്സിൽ ശക്തിയായി അടിയുറച്ചിരിക്കുന്ന ഒന്നാണ്. അതുമനസ്സിലാക്കി തന്നെയാണ് ഗാന്ധിജി അതിന്റെ ശക്തി പൂർണ്ണമായും ഉപയോഗിക്കുവാൻ അഹിംസയിലൂന്നിയ സമരപരിപാടികൾ ആസൂത്രണം ചെയ്തതും. എന്നാൽ, വിദേശത്തുനിന്നും പറിച്ചുനട്ട കമ്മ്യുണിസത്തിന്റെ ഇന്ത്യൻ വക്താക്കൾക്ക് അത് മനസ്സിലാക്കാൻ സാധിച്ചില്ല.

ഏതൊരു തത്വശാസ്ത്രവും വളരണമെങ്കിൽ, അതിന് ആ മണ്ണുമായി യോജിച്ചുപോകുവാൻ സാധിക്കണം. ഇന്ത്യൻ മനസ്സറിയാതെ പറിച്ചു നട്ട കമ്മ്യുണിസം ഉയർത്തിപ്പിടിക്കുന്ന സായുധ വിപ്ലവത്തിന് ഇന്ത്യൻ മണ്ണിൽ വേരോടാൻ കഴിഞ്ഞില്ല എന്നതിൽ അദ്ഭുതമൊന്നുമില്ല. സുഭാഷ് ചന്ദ്രബോസിനെ പോലെ പ്രതിഭാധനനായ ഒരു നേതാവിന് പോലും ഗാന്ധിജിയുടെ അഹിംസാവാദത്തെ മറികടന്ന് ജനപ്രീതിയാർജ്ജിക്കാൻ കഴിഞ്ഞില്ലെന്നത് ഓർക്കണം. ശത്രുക്കളെ അക്രമം കൊണ്ട് നേരിടുന്ന കമ്മ്യുണിസ്റ്റ് മാർഗ്ഗം അതുകൊണ്ടുതന്നെ ഭൂരിപക്ഷം ജനതയാലും തിരസ്‌കരിക്കപ്പെട്ടു.

നെഹ്റുവിന്റെ സാമ്പത്തിക നയങ്ങൾ

റഷ്യയിൽ വിപ്ലവം നടന്ന സമയത്ത്, അല്ലെങ്കിൽ ചൈനയിൽ വിപ്ലവം നടന്ന സമയത്ത്, സാധാരണക്കാരിൽ നിന്നും അകന്ന് നിന്നിരുന്ന ഒരു ആഢ്യസമൂഹമായിരുന്നു അവിടത്തെ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്നത്. വളരെ താഴ്ന്ന വരുമാനം മാത്രം ഉള്ള കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് അവർ ചെവികൊടുത്തിരുന്നില്ല. കടുത്ത ദാരിദ്ര്യത്തോടൊപ്പം അവർ അനുഭവിച്ചിരുന്ന വിവേചനവും അവരെ കമ്മ്യുണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചു. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി.

സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യുണിസത്തെ മാറ്റിനിർത്തിയ സോഷ്യലിസമായിരുന്നു നെഹ്റു പരീക്ഷിച്ചത്. സ്വകാര്യ മുതലാളിമാർക്ക് വളരാൻ സഹായിക്കുന്നതോടൊപ്പം പൊതുമേഖലയേയും വളർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. മാത്രമല്ല, കൃഷിമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനപരിപാടികളും ആരംഭിച്ചു. ഇതെല്ലാം, ഒരു സായുധ വിപ്ലവത്തിന്റെ സഹായമില്ലാതെ തന്നെ സാധാരണക്കാരന്റെ ദുരിതങ്ങൾ കുറച്ചൊക്കെ പരിഹരിക്കാനും ഉതകി. അതുകൊണ്ട് തന്നെ ഈ മേഖലയിലുള്ളവരെ വ്യാപകമായി സ്വാധീനിക്കാൻ കമ്മ്യുണിസ്റ്റ് ആശയങ്ങൾക്ക് ആയില്ല.

എതിരിടാൻ ഒരു മുതലാളിത്ത വ്യവസ്ഥയും അതിന്റെ സ്വഭാവമായി ഉയർത്തിക്കാട്ടുന്ന ക്രൂരതകളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇല്ലാത്ത സാഹചര്യത്തിൽ ദിശാബോധം നഷ്ടപ്പെടുകയായിരുന്നു അന്നത്തെ കമ്മ്യുണിസ്റ്റ് നേതാക്കൾക്ക്. സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് വരെ പറഞ്ഞു നടന്ന അവർക്ക് ഒടുവിൽ, ഉള്ള ജനപ്രീതി പോലും നഷ്ടപ്പെടുമെന്നായപ്പോൾ ജനാധിപത്യത്തിലേക്ക് തിരിച്ചുവരേണ്ടതായി വന്നു എന്നത് ചരിത്രമാണ്.

കഴിവുറ്റ നേതൃത്വത്തിന്റെ അഭാവം

മാർക്സിസം അതുപോലെ പിന്തുടരുകയായിരുന്നില്ല ലെനിൻ ചെയ്തത്. വൈരുദ്ധ്യാത്മക വൈരുദ്ധ്യവാദത്തിന്റെ പ്രായോഗിക മുഖമാക്കി ഇന്നറിയുന്ന കമ്മ്യുണിസത്തെ ലെനിൻ മാറ്റിയെടുത്തത് റഷ്യയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് വില കൽപിക്കാത്ത പാർട്ടി സംവിധാനവും, എതിർപ്പിന്റെ സ്വരം ഉയർന്ന് വരാതിരിക്കാനുള്ള ഏക കക്ഷി സമ്പ്രദായവുമൊക്കെയാക്കി പ്രായോഗിക കമ്മ്യുണിസത്തിന് ഒരു ഏകാധിപത്യ ശൈലിയായിരുന്നു ലെനിൻ നൽകിയത്.

അതുതന്നെയായിരുന്നു മാവോ ചൈനയിൽ ചെയ്തത്. ലെനിന്റെ പാത പിന്തുടർന്നപ്പോൾ പോലും, ചൈനയുടെ സ്വഭാവത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി മാവോ. ഇതായിരുന്നു ചൈനാക്കാരെ കൂടുതലായി ഈ സിദ്ധാന്തത്തോട് അടുപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, സർവ്വരാജ്യ തൊഴിലാളികളുടേ പേര് ഊന്നിപ്പറയുമ്പോഴും ദേശീയതക്ക് പ്രാധാന്യം നൽകിയാണ് ഇവർ കമ്മ്യുണിസത്തെ വളർത്തി എടുത്തത്.

എന്നാൽ ഇന്ത്യയിലെ സ്ഥിതി അതായിരുന്നില്ല. ലെനിനേയും, സ്റ്റാലിനേയും മാവോയേയുമൊക്കെ അന്ധമായി പിന്തുടരുകയല്ലാതെ, ഒരു ഭാരതീയ കമ്മ്യുണിസത്തിന് രൂപം നൽകുവാൻ ത്രാണിയുള്ള ഒരു നേതാവ് ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇല്ലാതെ പോയി. ഇന്നും പാർട്ടി ഓഫീസുകളിൽ പ്രാധാന്യത്തോടെ വച്ചാരാധിക്കുന്നത് ഈ വിദേശ നേതാക്കളുടെ ചിത്രങ്ങൾ തന്നെയാണ് എന്നതും ഓർക്കണം. മാത്രമല്ല, ഇത്തരത്തിലുള്ള വിദേശ നേതാക്കളുടെ ജന്മദിനം ആഘോഷിക്കുവാൻ സംസ്ഥാന സ്വത്ത് ധൂർത്തടിക്കുന്നതിനും സാക്ഷിയായി.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, ജനാധിപത്യത്തിന്റെ കുറച്ചെങ്കിലും നല്ല വശങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കൂട്ടം വിദ്യാസമ്പന്നർ ഇവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് പരമ പ്രാധാന്യം നൽകുന്ന പടിഞ്ഞാറൻ ജനാധിപത്യത്തെ അറിഞ്ഞവർക്ക് കമ്മ്യുണിസത്തിന്റെ ഏകാധിപത്യ ശൈലിയോട് പൊരുത്തപ്പെട്ടുപോകുവാൻ കഴിഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയുടെ ചിന്താഗതി രൂപീകരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഇവർ കമ്മ്യുണിസത്തിന് എതിരായ ചിന്താഗതി വളർത്തുന്നതിൽ വിജയിച്ചു എന്നു തന്നെ പറയാം.

ഇന്ത്യാ ചൈനാ യുദ്ധം

ഇത്രയൊക്കെ പ്രതികൂല കാലാവസ്ഥയിലും കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ ഏറെ വളരാനായി എന്നത് സത്യം തന്നെയാണ്. ആതുകൊണ്ടാണല്ലോ ആദ്യ ഇന്ത്യൻ പാർലമെന്റിൽ പ്രധാന പ്രതിപക്ഷ കക്ഷിയാകുവാൻ കഴിഞ്ഞത്. നെഹ്റുവിന് ശേഷം ഇ എം എസ് എന്നുവരെ പറഞ്ഞിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ ഇന്തോ ചൈന യുദ്ധത്തിൽ ഇന്ത്യൻ കമ്മ്യുണിസ്റ്റുകാർ എടുത്ത നിലപാടുകൾ അവരുടെ അടിത്തറ ഇളക്കി എന്നു തന്നെ പറയാം. ബീഹാർ പോലുള്ള ഉത്തരന്ത്യൻ സംസ്ഥാനങ്ങളിൽ സാമാന്യം നല്ല വേരോട്ടമുണ്ടായിരുന്ന പാർട്ടി ഇന്ന് ചില നേതാക്കളിൽ മാത്രം ഒതുങ്ങുവാൻ കാരണം അതായിരുന്നു.

രാഷ്ട്രീയത്തിനും രാഷ്ട്രീയാശയങ്ങൾക്കും അപ്പുറം ഇന്ത്യാക്കാരന്റെ മനസ്സിൽ നിൽക്കുന്ന ഒന്നാണ് ഇന്ത്യൻ ദേശീയത. അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് പരോക്ഷമായെങ്കിലും ചൈനയെ പിന്തുണക്കുന്നതായിരുന്നു ''ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന'' എന്ന വാദം. ഇത് പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയിൽ നിന്നും കാര്യമായ ഒലിച്ചുപോക്കിനിടയാക്കി എന്നത് ചരിത്രമാണ്.

വർത്തമാനകാല നേതൃത്വത്തിന്റെ പിടിപ്പ് കേട്

പല കാരണങ്ങളാൽ കമ്മ്യുണിസം തളർന്ന് വന്നപ്പോഴും അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്താൻ പലകാലങ്ങളായി നേതൃത്വത്തിൽ ഇരുന്നവർക്കായില്ല. സമൂഹത്തിൽ പൊതുവേ ഉണ്ടായ മൂലച്യുതികൾ കമ്മ്യുണിസ്റ്റ് പാർട്ടികളിലും പ്രതിഫലിച്ചു. തൊഴിലാളിവർഗ്ഗത്തിന് പ്രാധാന്യം നൽകുന്നതിന് പകരം സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും പ്രാധാന്യം നൽകുന്നതായി പല കമ്മ്യുണിസ്റ്റ് നേതാക്കളുടെയും ജീവിതം.

സ്വാശ്രയ കോളേജുകൾക്ക് നേരെ സമരം നടത്തിയിട്ട് മക്കളെ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നതും, എന്തിനും ഏതിനും സാമ്രാജ്യത്വത്തെ കുറ്റം പറഞ്ഞിട്ട് വിദേശങ്ങളിൽ ബിസിനസ്സുകൾ ആരംഭിക്കാൻ സഹായം നൽകുന്നതും ഒക്കെ ഇന്ന് വാർത്തകളേ അല്ലാതെയായിരിക്കുന്നു. ഇറാഖിലെ അമേരിക്കൻ ആക്രമണത്തിനെതിരെ വരെ പ്രതിഷേധപ്രകടനം നടത്തിയവർ ഇന്ന് തുർക്കിയിലെ ഹാഗിയ സോഫിയ തകർത്ത നടപടിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുവാൻ ധൃതികൂട്ടിയവർ ഫ്ളാറ്റിന്റെ കാര്യത്തിലും സഭാവിഷയത്തിലും സുപ്രീം കോടതിവിധി നടപ്പിലാക്കാതിരിക്കാൻ നിയമസഹായം തേടുന്നു.

ഇതൊക്കെ കാണിക്കുന്നത് പണ്ട് ബൊൾഷെവിക്കുകാർ സ്വീകരിച്ച, പ്രോ ഇസ്ലാമിസ്റ്റ് നയം സ്വീകരിക്കുകയാണ് ഇന്ത്യയിലെ പ്രധാന കമ്മ്യുണിസ്റ്റ് പാർട്ടികൾ എന്നാണ്. ഇന്നും ഇന്ത്യൻ സാഹചര്യവും യാഥാർത്ഥ്യവും മനസ്സിലാക്കാതെ കുറച്ച് വിദേശ ഏകാധിപതികൾ നടത്തിയ പരാജയപ്പെട്ട തന്ത്രങ്ങൾക്ക് പുറകെ പോവുകയാണവർ. അതുകൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാം, സമീപ ഭാവിയിലൊന്നും കമ്മ്യുണിസം ഇന്ത്യയിൽ വേരോടുകയില്ല എന്നു മാത്രമല്ല, ഇപ്പോൾ ശക്തമായ ഇടങ്ങളിലും അധികം താമസിയാതെ വലിയ ഒലിച്ചുപോക്ക് പാർട്ടിക്ക് നേരിടേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP