Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി നല്ലതണ്ണിയിൽ വെള്ളച്ചാട്ടത്തിലേക്ക് കാറൊഴുകി പോയി കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി; മലയോര പ്രദേശങ്ങളിൽ എല്ലാം ഉരുൾപൊട്ടൽ; മൂഴിയാറും മണിയാറും അടക്കമുള്ള അണക്കെട്ടുകൾ തുറന്നതോടെ പമ്പ കരകവിഞ്ഞൊഴുകുന്നത് 2018ലെ വെള്ളപ്പൊക്കത്തിന് തുല്യമായി; ഇടുക്കിയിൽ ജലനിരപ്പുയരുമ്പോൾ പെരിയാറിന്റെ കരകളും പ്രളയ ഭീതിയിൽ; തെക്കു മുതൽ വടക്ക് വരെ തുള്ളിക്കൊരു കുടം പേമാരി; ഭീതിയുണർത്തി ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദവും എത്തുന്നു; കേരളം അതീവ ജാഗ്രതയിൽ

ഇടുക്കി നല്ലതണ്ണിയിൽ വെള്ളച്ചാട്ടത്തിലേക്ക് കാറൊഴുകി പോയി കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി; മലയോര പ്രദേശങ്ങളിൽ എല്ലാം ഉരുൾപൊട്ടൽ; മൂഴിയാറും മണിയാറും അടക്കമുള്ള അണക്കെട്ടുകൾ തുറന്നതോടെ പമ്പ കരകവിഞ്ഞൊഴുകുന്നത് 2018ലെ വെള്ളപ്പൊക്കത്തിന് തുല്യമായി; ഇടുക്കിയിൽ ജലനിരപ്പുയരുമ്പോൾ പെരിയാറിന്റെ കരകളും പ്രളയ ഭീതിയിൽ; തെക്കു മുതൽ വടക്ക് വരെ തുള്ളിക്കൊരു കുടം പേമാരി; ഭീതിയുണർത്തി ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദവും എത്തുന്നു; കേരളം അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഉടനീളം അതിതീവ്ര മഴ തുടരുന്നു. ഇന്നലെ രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ പ്രളയ ഭീതിയിലാണ് കേരളം. കേരളത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദേശീയ ജല കമ്മിഷനും സജീവ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷൻ പുറത്തിറക്കിയ സ്പെഷ്യൽ ഫ്‌ളഡ് അഡൈ്വസറിയിൽ പറയുന്നു. അതായത് 2018ന് സമാനമായ പ്രളയത്തിനുള്ള സാധ്യതകളിലേക്കാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഏറെ നാശനഷ്ടമാണ് മഴയുണ്ടാക്കുന്നത്. എറണാകുളം അടക്കമുള്ള മധ്യ കേരളത്തിലും സ്ഥിതി ഗൗരവതരമാണ്. ആളുകളെ മാറ്റാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇതാണ് ആശങ്ക കൂട്ടുന്നത്. ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞാൽ പ്രതിസന്ധി അതീവ രൂക്ഷമാകും. കൊച്ചിയും ആലുവയും വീണ്ടും വെള്ളത്തിന് അടിയിലാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് ആളുകളെ നദിക്കരകളിൽ നിന്ന് ഒഴുപ്പിക്കുന്നത്. വെള്ളിയാഴ്ച മലപ്പുറം ജില്ലയിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റൻ തിരമാലയുണ്ടാകും. മീൻപിടിത്തം പാടില്ല.

കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്കാണു ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ പെരിയാർ തടത്തിൽ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരും. നിലവിൽ ഡാമുകൾക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷൻ അറിയിച്ചു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പാലക്കാട് ജില്ലയിലെ ഭവാനി നദിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകും. ഓഗസ്റ്റ് ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. പത്താം തീയതി വരെ കേരളത്തിൽ അതിശക്തമായ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മുൻകരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറ്റാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശം നൽകി. കേരളത്തിൽ ഉടനീളം മലയോര മേഖലകളിൽ ഉരുൾപൊട്ടൽ വ്യാപകമാണ്.

സംസ്ഥാനത്ത് മഴശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 'കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.'- മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു

കാർ ഒഴുകിപോയി, ഒരു മൃതദേഹം കിട്ടി

ഇടുക്കി ഏലപ്പാറ-വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോവുകയായിരുന്നു. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. തോട് കരകവിഞ്ഞ് ഏലപ്പാറ ജങ്ഷനിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളിലും വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരും. ഇടുക്കി പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തും.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. രാത്രി എട്ടരയോടെ പമ്പാനദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പന്മൂഴി, മുക്കം എന്നീ കോസ്വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു. ജലനിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. ശബരിമല പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്ന് പടിക്കെട്ടു മുങ്ങി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു.

ഇടുക്കിയിൽ രാത്രി യാത്രാ നിയന്ത്രണം

ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നതിനാൽ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണു നിയന്ത്രണം. ഇടുക്കിയിൽ പലയിടത്തും മണ്ണിടിഞ്ഞു. ഉരുൾപൊട്ടി, മരം വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം താറുമാറായി. വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങിയത്. ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം വിതച്ചു. കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്. വലിയ കല്ലുകൾ റോഡിലേക്കു വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും രാത്രി വൈകിയും രക്ഷാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇടുക്കി ജില്ലയിൽ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതൽ ശക്തമായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2347 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാൾ 31 അടി കൂടുതലാണ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു. ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിച്ചിൽ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാർ പെരിയവരൈയിൽ താൽക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.

കുമളി- കോട്ടയം റോഡിൽ (കെകെ റോഡിൽ) പന്ത്രണ്ടോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. റോഡ് അടച്ചു. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായി. വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുന്നു. പൂഞ്ഞാർ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചിൽ ഉണ്ടായി. നിലവിൽ സ്ഥിതി ഗുരുതരമല്ല.

പെരിയാർ അപകട രേഖയ്ക്ക് മുകളിൽ

കോട്ടയം, എറണാകുളം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിൽ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറിൽ ജലനിരപ്പുയർന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

എറണാകുളം ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. നോർത്ത് പറവൂരിൽ രാവിലെ എട്ടര മുതൽ വൈകിട്ട് നാലു വരെയുള്ള സമയത്ത് നാല് സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. റെഡ് അലേർട്ടുള്ള ഇടുക്കിയോട് ചേർന്നുകിടക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലും മഴക്കെടുതികൾ രൂക്ഷമാണ്.

മലങ്കര ഡാമിൽ നിന്നും വെള്ളമെത്തുന്ന തൊടുപുഴയാറിലും കോതമംഗലം പുഴയിലും മൂവാറ്റുപുഴയാറിലും ഇന്നലെ രാത്രിയോടെ പ്രളയ മുന്നറിയിപ്പ് ലെവൽ വരെ വെള്ളമുയർന്നെങ്കിലും പിന്നീടൽപം താഴ്ന്നിട്ടുണ്ട്. ഭൂതത്താൻകെട്ട് തടയണയുടെ 15 ഷട്ടറുകളും തുറന്നിട്ടുള്ളതിനാൽ പെരിയാറിലെ ജലനിരപ്പും ഉയരുന്നു. ഇങ്ങോട്ട് വെള്ളമൊഴുക്കുന്ന കല്ലാർക്കുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും ഉയർത്തുകയാണെന്ന് വൈകിട്ട് ഏഴോടെ കളക്ടർ പ്രഖ്യാപിച്ചു. ഇവയുടെ ചില ഷട്ടറുകൾ നേരത്തേ ഭാഗികമായി ഉയർത്തിയിരുന്നു. അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഉയർത്തുന്ന സാഹചര്യത്തിൽ പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതികളെ നേരിടാൻ ജില്ല ഒരുങ്ങിയിട്ടുണ്ടെന്നും ദുരിതാശ്വാസ നടപടികൾക്ക് തുടക്കം കുറിച്ചതായും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. കോതമംഗലത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒറ്റപ്പെട്ട ആദിവാസി കുടികളിൽ സഹായമെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ദുരിതബാധിത മേഖലകളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ ഇടങ്ങളിൽ ഏതു സമയത്തും ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

കോവിഡ് മാനദണ്ഡം പാലിച്ച് രക്ഷാപ്രവർത്തനം

ഇന്ന് രാത്രിയിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ രാത്രിയാകാൻ കാത്തു നിൽക്കാതെ ആളുകളെ പകൽ തന്നെ നിർബന്ധപൂർവം മാറ്റാനാണ് നിർദ്ദേശം. മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂർണമായി ഒഴിവാക്കണം. പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും മുൻകരുതൽ നിർദേശങ്ങളോട് സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നതു മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാംപുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പിൽ പറയുന്നു.

തൃശൂരിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്നതിനാൽ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. നിലവിൽ ഇവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. നാളെ പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്ന് പന്നിയാർ പുഴയിലേക്ക് വെള്ളമൊഴുക്കും. ജില്ലയുടെ തീരദേശമേഖലയിലും മഴക്കെടുതികൾക്ക് കുറവില്ല. ശക്തമായ കാറ്റിലും കടലാക്രമണത്തിലും കൊച്ചിയിലും ചെല്ലാനത്തും വീടുകൾ തകർന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് ഊർജിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

വടക്കൻ കേരളത്തിലും കെടുതി രൂക്ഷം

കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും അതിതീവ്ര മഴ തുടരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു ടീം കൂടി വ്യാഴാഴ്ചയെത്തി. ഇതടക്കം വയനാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളിൽ സേന നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.

താടുപുഴ, കിള്ളിയാർ, കോതമംഗലം, മൂവാറ്റുപുഴ ആറുകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട് തകർന്നു. മലപ്പുറത്ത് നിലമ്പൂർ ടൗണിലും വെള്ളം കയറി. എട്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കർണാടക കുടകിൽ തലക്കാവേരി ക്ഷേത്രത്തിനടുത്ത് ഉരുൾപൊട്ടി നാലുപേരെ കാണാതായി. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പിൽ വീണ്ടും മലയിടിഞ്ഞു. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും വേണാട് കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തകർന്നു.ഉരുൾപൊട്ടലിൽ ഏലപ്പാറതോട് കരകവിഞ്ഞ് ടൗൺ വെള്ളത്തിനടിയിലായി.കാട്ടാനയുടെ ജഡം പെരിയാർ പുഴയിലൂടെ ഒഴുകിപ്പോയി. മൂന്ന് ദിവസത്തിനുള്ളിൽ പത്തടിവെള്ളമാണ് ഇടുക്കി ജലസംഭരണിയിൽ കൂടിയത്.

വൈദ്യുതി ലൈനുകൾക്കും വ്യാപക തകരാറ്

മഴയും കാറ്റും ശക്തിയാർജിച്ചതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്ഇബി ലൈനുകൾക്കും മറ്റും ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോർഡിന്റെ സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ചു ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജ്ജീകരിക്കുവാൻ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP