Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ട്; അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടത്'; സ്വർണ്ണക്കടത്തു കേസിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ പ്രതികരണം ഇങ്ങനെ; ഇതുവരെ വിഷയത്തിൽ മൗനംപൂണ്ട ഗവർണർ പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദം എൻഐഎ കോടതിയിൽ ഉയർന്നതിന് പിന്നാലെ; സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന 'രാഷ്ട്രീയ പ്രതികരണ' മെന്ന് വ്യാഖ്യാനത്തിൽ ചർച്ച കൊഴുപ്പിച്ചു മാധ്യമങ്ങളും

'നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ട്; അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടത്'; സ്വർണ്ണക്കടത്തു കേസിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ പ്രതികരണം ഇങ്ങനെ; ഇതുവരെ വിഷയത്തിൽ മൗനംപൂണ്ട ഗവർണർ പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദം എൻഐഎ കോടതിയിൽ ഉയർന്നതിന് പിന്നാലെ; സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന 'രാഷ്ട്രീയ പ്രതികരണ' മെന്ന് വ്യാഖ്യാനത്തിൽ ചർച്ച കൊഴുപ്പിച്ചു മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യാന്തര സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ് സ്വർണ്ണക്കടത്തു കേസിന്റെ തുടർനടപടികൾ മുന്നോട്ടു പോകുന്നത്. ഒരേ സമയം മൂന്ന് ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റംസും എൻഐഎയും എന്റഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന കേസിന്റെ ഭാവി ഇനി എങ്ങോട്ടു പോകുമെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. അതേസമയം ഇന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് എൻഐഎ അഭിഭാഷകൻ കോടതിയിൽ പറഞ്ഞ കാര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌ന സുരേഷിന് വലിയ ബന്ധമാണ് ഉള്ളതെന്നാണ് എൻഐഎ അഭിഭാഷകൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണവും നടത്തി.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ടെന്നും അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അയോധ്യ ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചും ഗവർണർ പ്രതികരിച്ചു. വർഷങ്ങളായി തുടർന്നുപോന്നിരുന്ന പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധിച്ചതിൽ നാം സന്തോഷിക്കണം. ഇത് വാസ്തവത്തിൽ നമ്മെ പ്രചോദിപ്പിക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എൻഐഎ പറഞ്ഞ വാദങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ വലിയ വിധത്തിലുള്ള വ്യാഖാനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതികരണമാണെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ അടക്കം ഗവർണറുടെ പ്രതികരണം ചർച്ചയാകുന്നത്. ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്ന ഗവർണർ നടത്തിയത് സർക്കാറിനെ വെട്ടിലാക്കുന്ന പ്രതികരണമെന്ന വിധത്തിലാണ് മാധ്യമങ്ങളിലെ ചർച്ചകൾ നടക്കുന്നത്.

അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എൻഐഎ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. 'സ്വർണ്ണക്കടത്തു കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന സഹകരണം വിദേശകാര്യമന്ത്രാലയം നൽകുന്നുണ്ട്,' എന്നുമായിരുന്നു അനുരാഗ് ശ്രീവാസ്തവയുടെ മറുപടി.

അതേസമയം കേസിൽ കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഒൻപതാം പ്രതി മുഹമ്മദ് അൻവർ, 13ാം പ്രതി അബ്ദുൾ ഷമീം, 14ാം പ്രതി ജിഫ്‌സൽ സി ബി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ നാളെ പരിഗണിച്ചേക്കും. ഇവർ നേരത്തെ നൽകിയ ജാമ്യഹർജി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി തള്ളിയിരുന്നു. സ്വർണ്ണ കടത്തിന് ആഫ്രിക്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ എൻഐഎ അറിയിച്ചിരുന്നു. യു.എ.ഇയിലേക്ക് സ്വർണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും ഇത് അതീവഗൗരവകരമായ വിഷയമാണെന്നുമാണ് എൻ.ഐ.എ. കോടതിയിൽ പറഞ്ഞത്. സ്വപ്നാ സുരേഷിന്റെ ജാമ്യ ഹർജിയിലാണ് എൻഐഎ സംശയങ്ങൾ വിശദീകരിച്ചത്. സ്വപ്നാ സുരേഷ് മുഖ്യ ആസൂത്രകയെന്ന നിലയിലാണ് എൻഐഎ കാര്യങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്. സ്വപ്നയുടെ മൊഴി ഉദ്ധരിച്ചാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച പറയും.

കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാൾ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കൻ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എൻ.ഐ.എ. സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലും യു.എ.ഇ. കോൺസുലേറ്റിലും വലിയ സ്വാധീനമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന ശിവശങ്കറെ ബന്ധപ്പെട്ടതായും എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

എൻ.ഐ.എ. സംഘം കോടതിയിൽ ഹാജരാക്കിയ കേസ് ഡയറി പൂർണമല്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹച്ചടങ്ങുകളിൽ സ്വപ്ന അഞ്ച് കിലോ സ്വർണാഭാരണങ്ങൾ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കിലോ സ്വർണം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായി സ്വപ്നയ്ക്ക് സ്വർണം കിട്ടിയെന്ന് വരുത്താനുള്ള നീക്കം. അഞ്ചു കിലോ സ്വർണം എങ്ങനെയാണ് ആളുകൾ ധരിച്ച് പുറത്തിറങ്ങുകയെന്നതും ഇനി ഉയരാൻ പോകുന്ന ചോദ്യമാണ്.

സ്വപ്ന അഞ്ചു കിലോ സ്വർണം ധരിച്ചിട്ടുണ്ടെന്നതിന് തെളിവായി ഫോട്ടോയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം തള്ളികളയുന്ന വാദമാണ് എൻഐഎ പുറത്തെടുത്തത്. സ്വർണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എൻ.ഐ.എ. അറിയിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറുമായി അടുപ്പവും ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി സാധാരണ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.

സ്വർണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി കണ്ടിരുന്നു. എന്നാൽ അത്തരത്തിൽ ബാഗ് വിട്ടുകിട്ടുന്നതിൽ ഇടപെടാൻ ശിവശങ്കർ തയ്യാറായില്ലെന്നും എൻ.ഐ.എ. കോടതിയിൽ അറിയിച്ചു. ഇതുമാത്രമല്ല, യു.എ.ഇ. കോൺസുലേറ്റിൽ സാധാരണ ഉദ്യോഗസ്ഥ എന്നതിലുപരിയുള്ള സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. യു.എ.ഇ. എല്ലാ കാര്യങ്ങൾക്കും സ്വപ്ന വേണം എന്ന ഒരു നില ആ ഓഫീസിൽ ഉണ്ടായിരുന്നു. സ്വപ്ന രാജിവെച്ചു പോയ ശേഷം 1000 ഡോളർ പ്രതിഫലത്തിൽ അവർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നുവെന്നും എൻ.ഐ.എ. വ്യക്തമാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ഓരോ ഇടപാടിലും 5000 രൂപ വീതം നൽകിയിരുന്നതായും എൻ.ഐ.എ. കോടതിയെ അറിയിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP