Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരംവർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിൽ ഹാരിപോട്ടർക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കൽപ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാൽ ഇന്ത്യൻ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളർച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബ്രഡ് ആൻഡ് ബട്ടർ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ക്ഷേത്രകലകൾ

(1) ആയിരംവർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിൽ ഹാരിപോട്ടർക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയും അവിടെ സ്ഥാപിച്ച ജെ കെ റൗളിംഗിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കൽപ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി കാടുകയറി കുഴഞ്ഞുവീഴുന്നു...ബ്രിട്ടീഷുകാരിൽ ഭൂരിഭാഗവും പ്രധാനമന്ത്രി എന്തോ കിടിലൻ നേട്ടം സ്വന്തമാക്കിയെന്നും രാജ്യാഭിമാനം സംരക്ഷിച്ചുവെന്നും പ്രഖ്യാപിക്കുന്നു....മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം പോട്ടർ ക്ഷേത്രത്തെ രാജ്യത്തിന്റെ ഭാഗ്യമായും പുണ്യമായും വിലയിരുത്തുന്നു, ചെറിയൊരു ന്യൂനപക്ഷം വേണ്ടത് ആരാധനാലയങ്ങളല്ല ആശുപത്രികളും വിദ്യാലയങ്ങളും ഉദ്പാദനസ്ഥാപനങ്ങളാണെന്നും പറഞ്ഞ് ഒറ്റപെടുന്നു... ഇങ്ങനെയൊരു സാഹചര്യം വിഭാവനംചെയ്യാനായാൽ ഇന്ത്യൻ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളർച്ചയും വികാസവും നിങ്ങൾക്ക് കൃത്യമായി തിരിച്ചറിയാനാവും. ഹാരിപോട്ടർ രാഷ്ട്രീയം.

(2) മതസേവ നടത്തി കൂലി ചോദിക്കുന്ന രാഷ്ട്രീയമാണ് നമ്മുടേത്. തങ്ങൾ സദാ മതങ്ങൾക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയാണ് എന്നാണ് രാഷ്ട്രീയക്കാരുടെ ധാരണം. ഈ അവസ്ഥയുടെ പേരാകട്ടെ പാർലമെന്ററി ജനാധിപത്യമെന്നും. മതേതരത്വം ഭരണഘടനയിൽ ഒട്ടിച്ചുവെച്ച രാജ്യത്തെ പ്രധാനമന്ത്രി തന്നെ തന്റെ മതവികാരം നിർലജ്ജം പുറത്തേക്ക് ഒഴുക്കുമ്പോൾ രാജ്യം കോരിത്തരിക്കുന്നു. ആൾദൈവങ്ങൾക്ക് മുന്നിൽ സാഷ്ടാംഗം വീണ് ശീലിച്ചാൽ പിന്നെ വെറും മണ്ണിൽ വീഴുന്നതിന് പ്രയാസമില്ല.

ഇന്ത്യ അർഹിക്കാത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്രു എന്നു പറയുന്നതിന്റെ സാംഗത്യം ഇന്നലെ അയോദ്ധ്യയിൽ മോദി നടത്തിയ കാട്ടിക്കൂട്ടലുകൾ കാണുന്ന ആർക്കും പെട്ടെന്ന് ബോധ്യപെടും. ഗംഗയിൽ കുളിക്കുന്നതിനും മണ്ണിൽ വീണുരുളുന്നതിനും വ്രതമനുഷ്ഠിക്കുന്നതിനും മതദൈവങ്ങളെയും പുക്‌ഴത്തുന്നതിനും ഗ്രേസ് മാർക്കുള്ള ഒരു സമൂഹത്തിൽ രാഷ്ട്രീയക്കാർ പിന്നെന്തുവേണം എന്നു ചോദിക്കുന്നവരുണ്ടാകാം. നിലവിലുള്ള സാമൂഹിക മാലിന്യങ്ങളെ സ്ഥിരീകരിക്കാനും സ്ഥാപനവൽക്കരിക്കാനുമാണെങ്കിൽപ്പിന്നെ
എന്തിന് രാഷ്ട്രീയവും ജനാധിപത്യവും? പഴയകാലത്തെപ്പോലെ രാജാവും പ്രജകളുമായി ജീവിച്ചാൽ പോരേ? പുരോഹിതൻ ധർമ്മം കൽപ്പിക്കില്ലേ? രാജാവ് ധർമ്മം സംരക്ഷിക്കില്ലേ

(3) കട്ട പുരോഗമനം പറഞ്ഞു വരുന്നവരും കുറെക്കഴിയുമ്പോൽ മതരാഗം ആലപിക്കുന്നത് പതിവു കാഴ്ചയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതും വലതും മധ്യവുമൊക്കെ കണ്ടുപിടിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ടാകാം. വസ്തുതയെന്തെന്നാൽ ഇന്ത്യൻ രാഷ്ട്രീയം അടിമുടി മതാധിഷ്ഠിതമാണ്. ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ, മതങ്ങളോടുള്ള സമീപനമാണ് നിങ്ങളുടെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. പ്രത്യയശാസ്ത്രം എന്തുമായികൊള്ളട്ടെ, അത് മതപ്രകാരം പരുവപെടുത്താൻ നിങ്ങൾ നിർബന്ധിതരാകുന്നു. എഴുത്തുംവായനയും തൊട്ട് ദിനകൃതങ്ങൾ വരെ മതാനുസാരിയായി ക്രമപ്പെടുത്താൻ സമ്മർദ്ദമുണ്ട്. ഏതെങ്കിലും മതങ്ങൾക്ക് വേണ്ടി ബാറ്റ് ചെയ്യലാണ് രാഷ്ട്രീയ ധർമ്മം;മതേതരത്വം അടക്കംപറഞ്ഞു ചിരിക്കാനുള്ള തമാശയും.

(4) ഏത് വിഷയത്തിലും ഏതെങ്കിലും ഒരു മതവിഭാഗത്തിന് പിന്നിൽ രാഷ്ട്രീയകക്ഷികളും ബുദ്ധിജീവികളും അണിനിരക്കുന്നു. വർഗ്ഗീയതയും എതിർവർഗ്ഗീയതയുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതു സിലബസ്സ്. രാമക്ഷേത്ര നിർമ്മാണത്തെ പ്രതിരോധിക്കുന്നത് മതേരത രാഷ്ട്രീയമോ സാമാന്യയുക്തിയോ പറഞ്ഞല്ല, പകരം ഹാഗിയ സോഫിയ ഉദ്ധരിച്ചാണ്. അവിടെ അങ്ങനെ-ഇവിടെ ഇങ്ങനെ എന്ന ലൈൻ! അത് ശരിയെങ്കിൽ ഇത് തെറ്റാണോ എന്ന ചോദ്യം!

(5) മതത്തോട് അടുക്കുമ്പോൾ പുളിയറിയാം എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച് കോൺഗ്രസ്സും ആപും അടക്കമുള്ള സോ കോൾഡ് ഇടതു-സെൻട്രിസ്റ്റ് പാർട്ടികളുടെ എണ്ണതേക്കൽ അഭ്യാസങ്ങൾ. എന്ത് ഇടത്-എന്തു സെൻട്രിസ്റ്റ്? കമ്മ്യൂണൽ ബാറ്റിങ്! അതുമതിയാകും.

കൂടുതൽ ഡെക്കറേഷൻ ആവശ്യമില്ല. പ്രീണിപ്പിക്കുക എന്ന ഒരൊറ്റ മാർഗ്ഗം മാത്രമേ മതവുമായി സാധ്യമാകൂ എന്നിവർ പറയാതെ പറയുന്നു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഏതെങ്കിലും മതത്തിന്റെ കടാക്ഷം കാമിക്കുന്നു. കാണികളും നിരൂപകരും ചാനലുകളും യു-ട്യൂബ് ബ്ലോഗർമാരും സിനിമയെ ആശ്രയിച്ച് ജീവിക്കുന്നു എന്നു പറയുന്നതുപോലെ മതമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബ്രഡ് ആൻഡ് ബട്ടർ. സിനിമയുടെപോലും!

(6) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇന്ത്യയും മുന്നോട്ടുപോകുന്നതെന്ന് അംഗീകരിക്കാൻ മിക്കവർക്കും താല്പര്യമില്ല. സാമ്പത്തികമായും വിദ്യഭ്യാസപരമായും സാധ്യതകളുള്ള ഒരു സമൂഹം. അവിടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഒരു പുരാണ കഥാപാത്രത്തിന്റെ പേരിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ പേരിൽ അഭിമാനിക്കുന്നു എന്നൊക്കെ പറയുന്നത് ജനതയെ അമേദ്യത്തിൽ മുക്കിയ ചൂല് കെട്ടി അടിക്കുന്നതിന് തുല്യമാണ്. സ്വയം അധ:പതിക്കുന്ന മനുഷ്യർക്ക് മറ്റുള്ളവരെകൂടി ആ നിലയിലേക്ക് വലിച്ചിടാനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളയണം.

(7) കോവിഡ് സൗഖ്യപെടാൻ രാമക്ഷേത്രം സിദ്ധൗഷധമെന്ന് ചിലരുടെയെങ്കിലും കണ്ടുപിടുത്തം. കാര്യം ശരിയാണ്, കോവിഡ് വാക്‌സിൻ വരുന്നതോടെ രോഗശമനം സാധ്യമാകും. അതിനിടെ ലോകത്ത് അരങ്ങേറുന്ന ഏതൊരു സംഭവവും കോവിഡ് ശമനവുമായി ബന്ധപെടുത്താം. അന്ധവിശ്വാസികളും ക്ഷിപ്രവിശ്വാസികളും വെട്ടിവിഴുങ്ങികൊള്ളും.

കേരളത്തിൽ സ്വർണ്ണകള്ളക്കടത്ത് പിടിച്ചതുകൊണ്ടാണെന്നോ അയോദ്ധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിട്ടതുകൊണ്ടാണോ ജനം വീട്ടിലിരുന്നു ടെലിവിഷനിൽ രാമായണവും മഹാഭാരതവും കണ്ടതുകൊണ്ടാണെന്നോ തട്ടിവിടാം. എല്ലാത്തിനും തെളിവ് തുല്യമായിരിക്കും. കോവിഡ് സംബന്ധിച്ച് ഞാൻ ഇട്ട പതിനഞ്ചോളം ഫേസ്‌ബുക്ക് പോസ്റ്റുകളാണ് രോഗശമനംകൊണ്ടുവന്നതെന്ന് എനിക്കും വാദിക്കാം. അതെ, വാദിക്കാം.... വാദിച്ചു അങ്ങനെ ജീവിക്കാം.... അതങ്ങനെയല്ലെന്ന് നിങ്ങൾക്കും വാദിക്കാം...

(8) മെച്ചപെട്ട ഭക്തൻ ആരാണ്, മികച്ച മതസഹായി ആരാണ് എന്ന് തെളിയിക്കാൻ മത്സരിച്ച് കൂട്ടിയിടിച്ചു വീഴുന്ന രാഷ്ട്രീയക്കാർ നമുക്ക് പരിചിതകാഴ്ചയായി മാറിക്കഴിഞ്ഞു. എം.കെ ഗാന്ധിയായിരുന്നു ഈ ബ്രാൻഡിന്റെ ആചാര്യനെങ്കിലും അദ്ദേഹത്തിന് മുമ്പും അവസ്ഥ മറ്റൊന്നായിരുന്നില്ല. മുള്ളമാരും മുക്രിമാരും നിയന്ത്രിക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥകളുടെ ഇന്ത്യൻ പതിപ്പ് കൂടുതൽ വികസിതമാകുകയാണ്. പഴയ രാജാവ്-പുരോഹിതൻ അച്ചുതണ്ടിന്റെ തിരിച്ചുവരവ് അകലെയല്ല. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഭരണാധികാരിയായി തിരഞ്ഞെടുത്തത് ഒരു പഴയ പുരോഹിതനെയാണ്. ചിന്തിച്ചാൽ അങ്ങേയറ്റം ദയനീയം.

മതത്തെ പൊതുജീവിതത്തിലും ആശയതലത്തിലും ദുർബലപ്പെടുത്താതെ ഇന്ത്യയ്ക്ക് ഒരടി മുന്നേറാനാവില്ല. നിർഭാഗ്യവശാൽ, ഇന്നിവിടെ രാഷ്ട്രീയവും മതവും ഒന്നാണ്. പണ്ടും അങ്ങനെയായിരുന്നില്ലേ എന്ന ചോദ്യം തള്ളുന്നില്ല. ശരിയാണ്, 1857 മുതൽ നാം കാണുന്നത് അതാണ്. ഇന്ന് രാഷ്ട്രീയ കക്ഷികൾ അധികാരത്തിലെത്തുന്നതും പുറത്തുപോകുന്നതും മതംപറഞ്ഞാണ്. ഖിലാഫത്തും രഥയാത്രയും അയോദ്ധ്യയും ശബരിമലയുമൊക്കെയാണ് പെട്ടി നിറയാനും മെലിയാനുമുള്ള കാരണം. ആർക്കും മറ്റൊന്നും പറയാനില്ലാത്ത അവസ്ഥ.

(9) രാമനും ക്ഷേത്രവും ജനതയ്ക്ക് എത്രമാത്രം വൈകാരിക ഉദ്ധാരണം ഉണ്ടാക്കുന്നു എന്നു തിരിച്ചറിഞ്ഞാണ് രാഷ്ട്രീയശക്തികൾ അത് ചൂഷണം ചെയ്യുന്നത്. അവർ ചെയ്യുന്നത് ഉള്ള ഒന്നിന്റെ ചൂഷണമാണ്. അതവർ ഉണ്ടാക്കിയെടുത്ത ഒന്നല്ല, പക്ഷെ പോഷിപ്പിച്ച ഒന്നാണ്. അത് ചെയ്യാതിരിക്കാനുള്ള വകതിരിവ് അവർക്കുണ്ടാകേണ്ടതല്ലേ? ആഗ്രഹചിന്തകൾ ഉത്തരമാകില്ല എന്നോർക്കണം. അവസ്ഥ പരിഷ്‌കരിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് അവർ ചിന്തിക്കുന്നു. ഒരു പക്ഷെ മറിച്ച് ചിന്തിച്ചാലും സാധ്യമല്ല.

കാരണം അവർ ജനത്തെ 'പ്രതിനിധീകരിക്കാൻ' ഇഷ്ടപെടുന്നു. ജനം എന്നുപറയുമ്പോൾ അത് വ്യക്തിനിഷ്ഠതയുടെയും വൈകാരികതയുടേയും ലോകമാണ്. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്നതല്ല മറിച്ച് ഹിതമാണോ അല്ലയോ എന്നതാണ് ജനകീയവൈകാരികതയിൽ പ്രധാനം. ലക്ഷക്കണക്കിന് ആരാധനാലയങ്ങളുടെ കൂടെ ഒരെണ്ണംകൂടി. ഇരുട്ടിൽ കൂറെക്കൂടി ഇരുട്ട് കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ പ്രയാസം. ഇരുട്ട് മൂക്കുന്നതനുസരിച്ച് മോഷണവും ചൂഷണവും കനപ്പെടും. ഇരുട്ടു കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ വെളിച്ചംവീഴുമ്പോൾ നമ്മെ തുറിച്ചുനോക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP