Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണ്ണക്കടത്തു കേസിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിൽ ദുരൂഹത; കേരളത്തിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ രാഹുൽ മിണ്ടാത്തത് ഡൽഹിയിൽ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗം; വിമർശനവുമായി പി കെ കൃഷ്ണദാസ്

സ്വർണ്ണക്കടത്തു കേസിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിൽ ദുരൂഹത; കേരളത്തിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ രാഹുൽ മിണ്ടാത്തത് ഡൽഹിയിൽ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗം; വിമർശനവുമായി പി കെ കൃഷ്ണദാസ്

സ്വന്തം ലേഖകൻ

കണ്ണൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ വയനാട് എംപി രാഹുൽ ഗാന്ധി തുടരുന്ന മൗനത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. രാഹുൽ കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവ് മാത്രമല്ല, കേരളത്തിൽനിന്നുള്ള ജനപ്രതിനിധി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു രാഹുലിന്റെ മൗനത്തിൽ ദുരൂഹതയുണ്ട്. ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതിൽ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം. ഡൽഹിയിൽ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് രാഹുലിന്റെ മൗനമെന്നും കൃഷ്ണദാസ് ആരോപിച്ചു.

ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിരവധി തവണ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൗനം പാലിക്കുന്നത് മാർക്‌സിസ്റ്റ്-കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്-സിപിഎം. സഖ്യം ഇപ്പോൾ യാഥാർഥ്യമാണ്. ബംഗാളിൽ മാർക്‌സിസ്റ്റ്-കോൺഗ്രസ് സഖ്യം നിലവിൽ വന്നുവെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒന്നിച്ചുള്ള പ്രചാരണം നടക്കാൻ പോവുകയാണ്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് സിപിഎം. അംഗങ്ങൾ പിൻതുണ നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതേ അവിശുദ്ധ സഖ്യം കേരളത്തിലും അരങ്ങേറുമെന്ന സൂചനയാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ഒരു ഭാഗത്ത് സിപിഎമ്മുമായി കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ധാരണയിലാവുകയും മറുഭാഗത്ത് കേരളത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി. പ്രസിഡന്റും പ്രസ്താവനയും പ്രക്ഷോഭവും നടത്തുകയെന്നതും ഏറ്റവും വലിയ രാഷ്ട്രീയതട്ടിപ്പാണ്. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രധാന ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി കാഷ്വൽ ബന്ധമുണ്ടെന്നും കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലുണ്ട്. ഇനി മുഖ്യമന്ത്രിക്ക് ഒന്നും മറച്ച് വെക്കാനില്ല.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാത്രമല്ല മുഖ്യമന്ത്രിക്ക് തന്നെ സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ എത്രയും വേഗം സ്ഥാനം രാജിവെക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത് മുഖ്യമന്ത്രി തന്നെയാണ്. അന്വേഷണം ഇപ്പോൾ ചില മന്ത്രിമാരിലേക്കും എത്തുകയാണ്. കെ.ടി. ജലീലിന് പുറമേ രണ്ടാമതൊരു മന്ത്രിയെ കുറിച്ചും ആരോപണമുയർന്നിട്ടുണ്ട്. ജലീലിന്റെ പങ്ക് വ്യക്തമായപ്പോൾ മതത്തെയും മതചിഹ്നത്തെയും മറയാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും ഇത് മതമേലധ്യക്ഷന്മാരും വിശ്വാസികളും തിരിച്ചറിയണമെന്നും കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP