Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളായ ആർമി ഡ്രൈവർക്കും ഫ്രീലാൻസ് ഫോട്ടോഗ്രാഫർക്കും ജില്ലാ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്;കൊലനടത്തിയത് ദൃശ്യം സിനിമ മോഡലിൽ; രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച് തെളിവു നശിപ്പിച്ചും ശ്രമം; മൃതദേഹം അഴുകാൻ ഉപ്പ് വിതറിയും ശ്രമം;ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഹൈക്കോടതിയിൽ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട്

പി നാഗരാജ്

തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖിയെ(30) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർമി ഡ്രൈവർക്കും ഫ്രീലാൻസ് ഫോട്ടോഗ്രാഫർക്കും തിരുവനന്തപുരം ജില്ലാ കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. ജയിലിൽ കഴിയുന്ന പ്രതികളെ സെപ്റ്റംബർ 12 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് കോടതി ഉത്തരവിട്ടത്. വിചാരണക്കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. 

കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വെള്ളറട അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ നിന്നും ഡൽഹിയിൽ ആർമി ഡ്രൈവർ കം മെക്കാനിക്കായ അഖിൽ. ആർ. നായർ (25) , അഖിലിന്റെ ജ്യേഷ്ഠൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാഹുൽ. ആർ. നായർ (27) , അയൽവാസിയും സുഹൃത്തുമായ കളിയൽ സ്വദേശി ആദർശ്. എസ്.നായർ (28) എന്നിവർക്കാണ് പ്രൊഡക്ഷൻ വാറണ്ട്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി വാറണ്ടയച്ചത്. വിചാരണക്കു മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിലേക്കായാണ് കോടതി പ്രതികളെ ജയിലിൽ നിന്നും വിളിച്ചു വരുത്തുന്നത്. പൊലീസ് കുറ്റപത്രവും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 (ബി) പ്രകാരമാണ് സെഷൻസ് കേസ് വിചാരണയിൽ പ്രതിക്ക് മേൽ കുറ്റം ചുമത്തുന്നത്. പ്രതികൾക്ക് ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. ഹീനകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പ്രതികൾ കൽതുറുങ്കിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

2019 ജൂലൈ 21നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തന്നെക്കാൾ അഞ്ചു വയസ് കൂടുതലുള്ള യുവതിയുമായുള്ള ആറു വർഷത്തെ പ്രണയത്തിന് ശേഷം ആ യുവതിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് കൊലയിലേക്ക് നയിച്ചത്. സൈനികനായ അഖിലും തിരുപുറം സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇവർ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിന് ശേഷം സിവിൽ എഞ്ചിനീയറിങ് പാസ്സായി. 2018 ലാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.2019 ഫെബ്രുവരി 15 ന് എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയെ അഖിൽ വിവാഹം കഴിച്ചിരുന്നു. എന്നാൽ പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

ഇടക്കിടെ തന്നെ ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ രേഖാമൂലം വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി ഫോൺ ചെയ്യാൻ തുടങ്ങി. കൂടാതെ അഖിലിന്റെ പ്രതിശ്രുത വധുവിനെ അവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചു. അഖിലുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഖിലും ജ്യേഷ്ഠൻ രാഹുലും 2019 മെയ് അവസാനം രാഖി യോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും രാഹുൽ ആവശ്യപ്പെട്ടിട്ടും രാഖി അതിന് തയ്യാറാകാതെ ഭീഷണിപ്പെടുത്തിയതാണ് കൊലക്ക് കാരണമായത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അഖിലിനെ സമൂഹമാധ്യമങ്ങളിലൂടെ നാണം കെടുത്തുമെന്ന് രാഖി ഭീഷണി മുഴക്കി.

മെയ് അവസാനം തന്നെ രാഖിയെ ഒഴിവാക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. സുഹൃത്തായ അയൽവാസി ആദർശിനെയും ഇവർ ഗൂഢാലോചനയിൽ പങ്കാളിയാക്കി. ജൂൺ 18 നാണ് കൊല നടത്താനുള്ള തീരുമാനം മൂവരും ചേർന്നെടുത്തത്. 19 ന് മൂവരും ചേർന്ന് അഖിലും അഖിലിന്റെ പിതാവ് രാജപ്പൻ നായരും ചേർന്ന് പണികഴിപ്പിച്ച പുതിയ വീടിന് പിറകിൽ നാലടി താഴ്ചയിൽ കുഴിയെടുത്തു. വൃക്ഷത്തൈകൾ നടാനാണെന്ന വ്യാജേനയാണ് കുഴിയെടുത്തത്.

ജൂലൈ 21 ന് പുതിയ വീട് കാണിക്കാനെന്ന വ്യാജേന സൗഹൃദം നടിച്ച് രാഖിയെ ആദർശിന്റെ കാറിൽ ആദർശുമൊത്ത് അമ്പൂരിയിലെ പുതിയ വീട്ടിലെത്തിക്കുകയായിരുന്നു. അഖിൽ രാഖിയെ കാറിൽ എത്തിക്കുമ്പോൾ രാഹുൽ കാറിന്റെ പിൻവാതിൽ തുറന്ന് രാഖിയെ കഴുത്തിൽ കുത്തിപ്പിടിച്ച് അലറി. '' എന്റെ അനുജന്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' എന്ന് രാഹുൽ അലറി വിളിച്ച് കഴുത്തു ഞെരിച്ചു. ഈ സമയം ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അഖിൽ കാറിന്റെ ആക്‌സിലേറ്ററിൽ കാലമർത്തി ശബ്ദമുണ്ടാക്കി. തുടർന്ന് അഖിലും കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയതായി കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കുറ്റസമ്മത മൊഴികളിൽ പറയുന്നു.

രാത്രി 8.30 മണിയോടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി പൂർണ്ണ നഗ്‌നയാക്കി നേരത്തെ എടുത്ത കുഴിയിൽ ഉപ്പു വിതറി കുഴിച്ചിട്ടു. മൃതദേഹം വേഗത്തിൽ മണ്ണിലലിയാനാണ് ഇപ്രകാരം ചെയ്തത്. വസ്ത്രങ്ങൾ എവിടേക്കോ മാർവാട് ചെയ്ത് തെളിവു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടും വസ്ത്രങ്ങൾ കണ്ടെത്താനായില്ല. കൃത്യത്തിന് ശേഷം പ്രതികൾ രാഖിയുടെ മൊബൈൽ ഫോണിൽ നിന്ന് താൻ ചെന്നൈക്ക് പോകുകയാണെന്ന് സന്ദേശവുമയച്ചു. കുഴിച്ചിട്ട സ്ഥലത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. ജൂലൈ 21 ന് വൈകിട്ട് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. അത്യന്തം സന്തോഷവതിയായാണ് രാഖി വീട്ടിൽ നിന്നും പോയത്.

മിസ്സിങ് കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് കാട്ടി പൂവ്വാർ പൊലീസ് കേസ് എഴുതിത്ത്ത്ത്തള്ളാൻ ധൃതി പിടിച്ച് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ കൊലപാതകത്തിന്റെയും അതിന് പിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് രാഖിയുടെ പിതാവ് ഹോട്ടലുടമയായ രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയെ തുടർന്നാണ്. 2019 ജൂലൈ 24 , 28 തിയതികളിലായി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 18 നാണ് കേസിൽ ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP