Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ കുണ്ടറയിൽ നിന്നും മത്സരിക്കുമ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളിയായി; ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുകയില്ല; ആലപ്പുഴയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തന്റെ രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ചു; ഭരത് മുരളിയുടെ ഓർമയിൽ എം.എ ബേബി  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഭിനയം കൊണ്ട് മലയാളിയെ എക്കാലത്തും അമ്പരപ്പിച്ച നടനാണ് ഭരത് മുരളി. മലയാള സിനിമയിൽ മുരളിയുടെ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തവയാണ്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച നടൻ ഓർമയായിട്ട് ഇന്ന് 11 വർഷം തികയുകയാണ്. മികച്ച നടനുള്ള നാല് സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ അദ്ദേത്തെ തേടിയെത്തിയ ബഹുമതികൾ.

വിദ്യാർത്ഥി രാരാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗപ്രവേശവനത്തിന് നാഴികകല്ലായതും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ബിരുദകാല വിദ്യാർത്ഥി സംഘടനാ പ്രവർത്തനവും ആയിരുന്നു ഭരത് മുരളിയിലെ കമ്യൂണിസ്റ്റ് കാരന്റെ ഉദയമായി കണക്കാക്കിയത്. ഇപ്പോഴിതാ മുരളിയുടെ ഓർമകുറിപ്പുമായി രംഗത്തെത്തുകയാണ് പ്രിയ സുഹൃത്തും സിപിഎം നേതാവും കൂടിയായ എം.എ ബേബി. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടൻ ആണ് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കുമെന്ന് എംഎ ബേബി കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളി ഓർമ്മയായിട്ട് നാളെ 11 വർഷം. കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെ ആണ് മുരളി വിട വാങ്ങിയത്. വളരെ വർഷങ്ങളായുള്ള അടുപ്പം ഉണ്ടായിരുന്നു സമപ്രായക്കാരായ ഞങൾ തമ്മിൽ. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ് തന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാട് മുരളി പ്രഖ്യാപിച്ചത്. പിന്നീട് പുരോഗമനപ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ യോജിച്ചു നില്ക്കുന്നതിൽ മറ്റുപല കലാകാരന്മാരിൽനിന്നും വ്യത്യസ്ഥമായ ആർജ്ജവം മുരളി പ്രകടിപ്പിച്ചു.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ കുണ്ടറയിൽ നിന്നും മത്സരിക്കുമ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി. ഒരു സാധാരണ പാർട്ടി പ്രവർത്തകൻ ഏറ്റെടുക്കുന്ന മുഴുവൻ ചുമതകളും അദ്ദേഹം തന്റെ താര പരിവേഷം മാറ്റി വച്ച് സ്വയം ഏറ്റെടുത്തു. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടൻ ആണ് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കും.

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം ആയിരുന്നു മുരളി. നാടക പ്രവർത്തകനും നടനും എന്ന നിലയിൽ നിന്നാണ് മുരളി വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 2002 ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അദ്ദേഹത്തെ തേടിയെത്തി.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണയും (1992, 1996, 1998, 2002) മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണയും (1991, 2001, 2008) മുരളിയെ തേടിയെത്തി. എക്കാലവും ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. നടൻ എന്നതിലുപരി മികച്ച ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു മുരളി. അദ്ദേഹം രചിച്ച 'അഭിനയത്തിന്റെ രസതന്ത്രം' എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ്. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ടത്ര നമ്മൾ മനസിലാക്കിയിട്ടില്ല.

കേരളസംഗീതനാടക അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിൽ മുരളിയുടെ സംഭാവനകൾ അവിസ്മരണീയമാണ്. ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവൽ എന്ന മുരളിയുടെ ആശയമാണ് പിന്നീട് തുടർ വർഷങ്ങളിൽ ലോക തിയേറ്റർ ഫെസ്റ്റിവൽ ആയി വികസിപ്പിക്കപ്പെട്ടത്. ലോകപ്രശസ്ത മസ്തിഷ്‌ക്ക ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രനെ ഒരു പ്രഭാഷണത്തിന് കേരളത്തിലേക്കു കൊണ്ടുവരുന്ന ആശയം ഞാനുമായി ചർച്ച ചെയ്തതും മുരളിയായിരുന്നു.

അന്ന് ഏകെജി ഹാളിൽ മുരളി നടത്തിയ സ്വാഗതപ്രസംഗം വിളയന്നൂർ രാമചന്ദ്രന്റെ ശാസ്ത്രസംഭാവനകൾ ആഴത്തിൽ പഠിച്ച ഒരു പ്രതിഭക്കുമാത്രം നടത്താൻ കഴിയുന്നതായിരുന്നു. രാഷ്ട്രീയമായി ഒരേ പാതയിൽ തന്നെ ആണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് എങ്കിലും അതിൽ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേർപാടോടെ എനിക്ക് നഷ്ടമായത്. പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ സമരണാഞ്ജലികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP