Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരൻ; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ; വിവാദ വാർത്തയുമായി ജന്മഭൂമി; വാർത്തയോട് പ്രതികരിക്കാതെ പൃഥ്വിരാജും ഇന്ദ്രജിത്തും; വാരിയൻകുന്നൻ സിനിമ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിവാദമെന്ന് ആരാധകരും; കോടിയേരി ചെന്നിത്തലക്ക് നേരെ തൊടുത്തുവിട്ട ആർഎസ്എസ് ബന്ധത്തിലെ ചർച്ചകൾ സിനിമാ മേഖലയിലേക്കും

ആർഎസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരൻ; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ; വിവാദ വാർത്തയുമായി ജന്മഭൂമി; വാർത്തയോട് പ്രതികരിക്കാതെ പൃഥ്വിരാജും ഇന്ദ്രജിത്തും; വാരിയൻകുന്നൻ സിനിമ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിവാദമെന്ന് ആരാധകരും; കോടിയേരി ചെന്നിത്തലക്ക് നേരെ തൊടുത്തുവിട്ട ആർഎസ്എസ് ബന്ധത്തിലെ ചർച്ചകൾ സിനിമാ മേഖലയിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആർഎസ്എസുകാരനായി ചിത്രീകരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നതോടെ, കേരളത്തിലെ പ്രമുഖരുടെ സംഘപരിവാർ ബന്ധം സജീവ ചർച്ചയായ കാലമാണിത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ എസ് രാമചന്ദ്രപിള്ള തൊട്ട് എം സ്വരാജ് എംഎൽഎവരെയുള്ളവർ ഇങ്ങനെ വിവാദങ്ങളിൽ പെട്ടു.

ഇപ്പോൾ ഈ വിവാദം സിനിമാ മേഖലയിലേക്കും നീളുകയാണ്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുട്ടിക്കാലത്ത് ആർഎസ്എസ് ശാഖയിൽ അച്ഛൻ സുകുമാരൻ നിർബന്ധിച്ച് അയക്കുമായിരുന്നുവെന്ന വാദവുമായി ബിജെപി മുഖപത്രം ജന്മഭൂമിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിപിഐഎമ്മിലെയും കോൺഗ്രസിലെയും ചില നേതാക്കൾ പൂർവകാലത്ത് ആർഎസ്എസുകാരായിരുന്നുവെന്ന് വാദിക്കുന്ന ലേഖന പരമ്പരയിലാണ് നടൻ സുകുമാരനും മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും സംഘപരിവാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ജന്മഭൂമി അവകാശപ്പെടുന്നത്. എന്നാൽ ജന്മഭൂമി വാർത്തയോട് പൃഥ്വിരാജും ഇന്ദ്രജിത്തും പ്രതികരിച്ചിട്ടില്ല.

ജാമിയ മില്ലിയ പൊലീസ് അതിക്രമത്തിലും, പൗരത്വബില്ലിലും സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പൃഥ്വിരാജ് സുകുമാരനെതിരെ ആർഎസ്എസ് അനുകൂല ഗ്രൂപ്പുകൾ പരസ്യമായി രംഗത്ത് വന്നിരുന്നു. മലബാർ കലാപം പശ്ചാത്തലമായ വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ മുതിർന്ന നേതാക്കളും പൃഥ്വിരാജിനെ രൂക്ഷമായി ആക്രമിച്ച് രംഗത്ത് വന്നു. ഇതിന്റെ തുടർച്ചയായാണ് 'ആർഎസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരൻ; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ' എന്ന തലക്കെട്ടിൽ ജന്മഭൂമി വാർത്തയും എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പരാമർശവുമെന്നുമാണ് പൃഥിരാജ് ആരാധകർ ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

കോളേജ് അദ്ധ്യാപകനായിരിക്കെ സിനിമയിൽ വന്ന് നായക പദവിയിലേക്കുയർന്ന സുകുമാരൻ ആർഎസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയിൽ വീടിനടുത്തുള്ള ആർഎസ്എസ് ശാഖയിലേക്ക് സുകുമാരൻ മക്കളെ നിർബന്ധപൂർവം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്. കെ കരുണാകരൻ നൽകിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പദവിയിലിരിക്കുമ്പോഴും ആർഎസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാൻ സുകുമാരൻ തയ്യാറായതും ആ അറിവു വച്ചാണ്.

നടൻ സുകുമാരൻ ആർഎസ്എസ് സംസ്ഥാന തല പരിപാടിയിൽ അതിഥിയായി പങ്കെടുത്ത ചിത്രം ബിജെപി നേതാക്കൾ വാരിയംകുന്നൻ വിവാദത്തിന് പിന്നാലെ പങ്കുവച്ചിരുന്നു. ഈ പരമ്പരയിൽ രമേശ് ചെന്നിത്തലയുടെ അച്ഛന്റെ ആർഎസ്എസ് ബന്ധവും, എസ് രാമചന്ദ്രൻ പിള്ള ശാഖാ നടത്തിപ്പുകാരനായിരുന്നുവെന്ന വാദം പിന്നീട് രാഷ്ട്രീയ വിവാദമായിരുന്നു. 16ാം വയസിന് മുമ്പ് രണ്ട് വർഷം ആർഎസ്എസ് പ്രവർത്തനത്തിൽ ഉണ്ടായിരുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പിന്നീട് വിശദീകരിച്ചു. ജന്മഭൂമി രമേശ് ചെന്നിത്തലയുടെ വക്കാലത്തെടുക്കുന്നത് കോൺഗ്രസിലെ സർസംഘചാലക് ആയതിനാലാണെന്ന് കോടിയേരിയും തിരിച്ചടിച്ചിരുന്നു.

അതേസമയം ഒരാൾ മുമ്പ് എന്ത് നിലപാട് എടുത്തുവെന്നല്ല, ഇപ്പോൾ എന്താണ് എന്നതിന്റെ അടിസ്ഥാനത്തലാണ് നിലപാടുകൾ എടുക്കേണ്ടതെന്നും, തീർത്തും അനാവശ്യമായ വിവാദമാണ് കോടിയേരി കുത്തിപ്പൊക്കിയതെന്നും സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP