Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു

യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി കെ ടി ജലീൽ ഊരാക്കുടുക്കിലേക്ക്. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ ജലീലിന്റെ വാദം തള്ളുകയാണ് കസ്റ്റംസ്. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്. ഇതോടെ ഖൂർആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്.

യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് അയച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ സൂചന നൽകുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. കൂടാതെ, ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമർശമുണ്ട്. ഇതും ജലീലിന് വിനയാണ്. ഒരു രാഷ്ട്രീയ ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. കാര്യങ്ങൾ ജലീലിന്റെ രാജിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഗവർണ്ണറോടും സ്ഥിതി ഗതികളും അന്വേഷണ പുരോഗതിയും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഖൂർ ആൻ വാദവും പൊളിയുകാണ്.

കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ, കസ്റ്റംസ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് ഇത് സാധൂകരിക്കുന്നതല്ല. 'എന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല'- ഇങ്ങനെയാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഖൂർആൻ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത.

തിരൂരങ്ങാടിയിലാണ് ഖൂർആൻ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റിൽ വയ്ക്കാൻ കഴിയുന്നതുൾപ്പെടെയുള്ള ഖൂർആനുകൾ തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തിൽ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇതും ജലീലിന്റെ വാദങ്ങളെ തളർത്തുന്നു. സ്വപ്‌നാ സുരേഷിന്റെ ഫോൺ ലിസ്റ്റ് പുറത്തു വന്നപ്പോൾ തന്നെ ജലീലിലും സംശയ നിഴലിലായി. കോൺസുലേറ്റിൽ നിന്ന് റംസാൻ കിറ്റുകൾ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂർആൻ കഥയും പറഞ്ഞതുമില്ല. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയിൽ ഇക്കാര്യം എത്തിയത്. പരിശോധനയിൽ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂർആൻ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീൽ എത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും ഇട നൽകി.

അതിനിടെ ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയതായാണ് അറിവ്. ഇത് പരിശോധിച്ച് ഉടൻ കേന്ദ്ര സർക്കാർ യുക്തമായ തീരുമാനം എടുക്കും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഖൂർആനെ പിടിച്ച് ജലീൽ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂർആൻ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളിൽ തിരൂരങ്ങാടിയിൽ ഖൂർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.

മലപ്പുറത്തേക്ക് തിരുവനന്തപുരത്ത് നിന്ന് ഖൂർആൻ വാഹനത്തിൽ എത്തിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നതാണ് വസ്തുത. അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളായി. വിവിധ ബാങ്കുകളിൽനിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങൾ ശേഖരിച്ചു. എൻ.ഐ.എ.യുടെ എഫ്.ഐ.ആർ. പ്രകാരംതന്നെ ഈ നടപടികൾ തുടങ്ങാനാവും. പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതികളായ പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടു.

സ്വർണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്. ഹവാലാ പണമോ സ്വർണ്ണമോ ആകാം തിരുവനന്തപുരത്ത് നിന്ന് വാഹനത്തിൽ എത്തിച്ചതെന്ന സംശയവും സജീവമാണ്. മൂന്നാഴ്ച മുൻപ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടാനാണ് ഗവർണറെ എൻഐഎ സംഘം സന്ദർശിച്ചത് എന്ന് ശ്രുതികൾ പരന്നിരുന്നെങ്കിലും ജലീലും സ്വർണ്ണക്കടത്തുമായി വന്ന ബന്ധം ചൂണ്ടിക്കാട്ടാനാണ് ഈ സന്ദർശനം എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതൊക്കെ തന്നെ അറിയുന്നതുകൊണ്ടാണ് രാജി ആസന്നമെങ്കിൽ ജലീലിനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണസിരാകേന്ദ്രത്തിൽ ഉരുത്തിരിയുന്നതും.

സ്വർണ്ണക്കടത്തിൽ എൻഐഎ നടത്തിവരുന്ന അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്നു മന്ത്രിസഭയിൽ ജലീലിന്റെ രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനും ബോധ്യമായിട്ടുണ്ട്. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കെ മന്ത്രി ജലീലിന്റെ രാജി ആസന്നമെന്ന് ഇടതു കേന്ദ്രങ്ങളും വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. രാജി വേണ്ടി വന്നാൽ മന്ത്രി എന്ന നിലയിലുള്ള പരിരക്ഷ ജലീലിനു നഷ്ടമാകും. ഇത് ജലീലിനു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ജലീലിനെ ചോദ്യം ചെയ്യാനോ മറ്റു നടപടികൾക്കോ എൻഐഎയ്ക്ക് മുന്നിൽ തടസവും വരില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ രാജി എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി എന്ന നിലയിൽ ജലീൽ യുഎഇ കോൺസുലെറ്റുമായി ഇടപെട്ട രീതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് വിദേശകാര്യാ മന്ത്രാലയം നടത്തുന്നത്. ഇതിനു ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികൾ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എൻഐയും നടത്തുന്നുണ്ട്. നിലവിൽ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോൺസുലേറ്റിൽ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്സലിൽ ഖുറാൻ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീൽ തന്നെ വ്യക്തമാക്കിയത്. യുഎഇ കോൺസുലെറ്റിൽ നിന്നും റംസാൻ കിറ്റുകൾ വാങ്ങി തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയിൽ മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവിൽ യുഎഇ കോൺസുലേറ്റ്. ഈ കോൺസുലെറ്റുമായാണ് മന്ത്രി ജലീൽ ജലീൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോൺസുലെറ്റിൽ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകൾ ഖുറാൻ ആണെന്ന് മന്ത്രി ജലീൽ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP