Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം അറസ്റ്റിലായത് പീഡനക്കേസിലും സ്പാ സെന്ററിന്റെ മറവിൽ അനാശാസ്യത്തിനും; ചോദ്യം ചെയ്യലിൽ ഡോക്ടർ തടിയൂരിയത് തിരുമ്മുകാരൻ ആണെന്ന് പറഞ്ഞ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയത് കോടികൾ; വ്യാജമായി ചമച്ചത് ഫെഡറൽ ബാങ്കിന്റെ നിയമന ഉത്തരവ് വരെ; കോടികൾ അക്കൗണ്ടിൽ ഉള്ളപ്പോഴും ഫ്രീസ് ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്തതിലും ദുരൂഹത; തട്ടിപ്പുവീരൻ കൃഷ്ണകുമാർ ഇപ്പോഴും കാണാമറയത്ത്

ആദ്യം അറസ്റ്റിലായത് പീഡനക്കേസിലും സ്പാ സെന്ററിന്റെ മറവിൽ അനാശാസ്യത്തിനും; ചോദ്യം ചെയ്യലിൽ ഡോക്ടർ തടിയൂരിയത് തിരുമ്മുകാരൻ ആണെന്ന് പറഞ്ഞ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയത് കോടികൾ; വ്യാജമായി ചമച്ചത് ഫെഡറൽ ബാങ്കിന്റെ നിയമന ഉത്തരവ് വരെ; കോടികൾ അക്കൗണ്ടിൽ ഉള്ളപ്പോഴും ഫ്രീസ് ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്തതിലും ദുരൂഹത; തട്ടിപ്പുവീരൻ കൃഷ്ണകുമാർ ഇപ്പോഴും കാണാമറയത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നടത്തി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികൾ തട്ടിച്ച കൃഷ്ണകുമാർ എന്ന തുളസിദാസ് നായർ ഇപ്പോഴും കാണാമറയത്ത് തന്നെ. വിദേശ ജോലി എന്ന വാഗ്ദാനത്തിൽ കുരുക്കി 50 ലക്ഷം രൂപയോളം നഷ്ടമായതിനെ തുടർന്ന് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ കൃഷ്ണകുമാറിന് എതിരെ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ കൃഷ്ണകുമാറിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. കൃഷ്ണകുമാറിന് എതിരെ ഹരിപ്പാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഒരു നടപടിയും വന്നിട്ടില്ല. പരാതി നൽകി ഇപ്പോൾ ഒരു വർഷം കഴിഞ്ഞെങ്കിലും ഒരു വിവരവും പ്രതിയെക്കുറിച്ച് പൊലീസിനു ലഭിച്ചിട്ടില്ല.

മാവേലിക്കര, എഴുകോൺ, ചേർപ്പ്, കോട്ടയം ഗാന്ധി നഗർ, തൃശൂർ, പത്തനംതിട്ട, കോഴഞ്ചേരി സ്റ്റേഷനുകളിൽ ജോലി തട്ടിപ്പിന്റെ പേരിൽ കൃഷ്ണകുമാറിന് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലും നടപടിയില്ല. പത്ത് വർഷം മുൻപ് നേമത്തെ അറസ്റ്റിൽ ഇയാൾക്ക് ജയിൽവാസം വന്നിരുന്നു. പുറത്തു വന്ന ശേഷവും തട്ടിപ്പുകൾ വിപുലമാക്കുകയാണ് ഇയാൾ ചെയ്തത്. മൊബൈൽ ഫോണുകൾ മാറി മാറി ഉപയോഗിക്കുന്നതിനാൽ ഇയാളെ പിടികൂടാനും പ്രയാസമായിരുന്നു. നേമത്തെ കേസിൽ അറസ്റ്റിലായ ശേഷമാണ് 2017-ൽ ഹരിപ്പാട് ഉള്ളവരെ കൃഷ്ണകുമാർ ചതിച്ചത്. എന്നിട്ടും ഈ പ്രതി സുരക്ഷിതനായി വിഹരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി കോടികൾ തട്ടിയ ശേഷം കൃഷ്ണകുമാർ ഇപ്പോഴും മുങ്ങി നടക്കുകയും പുതിയ തട്ടിപ്പുകൾ ആസൂത്രണം ചെയ്യുകയുമാണ്. ഹരിപ്പാട് നിന്നും ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ തട്ടിപ്പിന്നിരയായതോടെയാണ് കൃഷ്ണകുമാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

കൃഷ്ണകുമാർ എവിടെയുണ്ടേന്നു പൊലീസിനു അറിയുകയോ ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയോ ചെയ്തിട്ടില്ല. പലയിടത്തും നിന്നും കടം വാങ്ങിയും പലിശയ്ക്ക് എടുത്തും ജോലിക്കായി കൃഷ്ണകുമാറിന് പണം നൽകിയ ഉദ്യോഗാർത്ഥികൾ ഇപ്പോൾ കണ്ണീരു കുടിക്കുകയാണ്. കോടികൾ തട്ടിപ്പ് നടത്തിയിട്ട് മുങ്ങി നടക്കുന്ന ഇയാളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിനകത്തും പുറത്തും വേര് പടർത്തി വ്യാപിച്ചു കിടക്കുന്ന വിപുലമായ മാഫിയ ശൃംഖലയാണ് കൃഷ്ണകുമാറിന് പിന്നിലുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് കൃഷണകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ പ്രത്യേക പൊലീസ് സംഘം തന്നെ വേണം എന്ന ആവശ്യം ഇപ്പോൾ ഉയരുന്നത്. തിരുവനന്തപുരത്തുള്ള വീട്ടിൽ കൃഷ്ണകുമാർ വന്നു പോകുന്നതായി സൂചനകൾ ഉണ്ടെങ്കിലും പൊലീസ് കൃഷ്ണകുമാറിനെ വലയിലാക്കാൻ ഒരു ശ്രമവും നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ് കൃഷ്ണകുമാർ എന്നാണു അറിയാൻ സാധിക്കുന്നത്. ഇയാളുടെ അക്കൗണ്ട് എല്ലാം തുളസിദാസ് നായർ എന്ന പേരിലാണ്. ഹരിപ്പാട്ടുകാർ തട്ടിപ്പിന് ഇരയായപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ ഹരിപ്പാട് പൊലീസ് ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. കൃഷണകുമാറിന്റെ ബാങ്ക് അക്കൗണ്ട് തുളസിദാസ് എന്ന പേരിലാണ്. കോടികളാണ് ഇയാളുടെ അക്കൗണ്ടിലുള്ളത്. മരണമടഞ്ഞ ആരുടെയോ പേരിലുള്ള വ്യാജ അക്കൗണ്ട് ആണിത്. എസ്‌ബിഐയെയും ബാങ്ക് ഓഫ് ബറോഡയെയും കബളിപ്പിച്ചു എന്നാണ് പൊലീസ് പറഞ്ഞത്. എന്നിട്ടും പൊലീസ് ഈ അക്കൗണ്ട് മരവിപ്പിക്കാൻ നടപടി സ്വീകരിക്കുകയോ കൃഷ്ണകുമാർ എന്ന വൻ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോവുകയോ ചെയ്തില്ല. ഇത് ഇയാൾക്ക് തട്ടിപ്പ് നടത്താനുള്ള സുഗമമായ മാർഗമായി മാറുകയും ചെയ്തു.

ഗുജറാത്തിലെ കൃഷ്ണകുമാറിന്റെ തട്ടിപ്പിനെക്കുറിച്ച് ഉദ്യോഗാർത്ഥികൾ പറയുന്നത് ഇങ്ങനെ: 2014-ൽ ആയുർവേദ ഡോക്ടർ ചമഞ്ഞു കൃഷ്ണകുമാർ ഗുജറാത്തിൽ മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. എല്ലാം ജോലി തട്ടിപ്പ് തന്നെ.. ഗുജറാത്തിലെ ഒരു റിസോർട്ടിലാണ് തട്ടിപ്പ് നടത്തിയത്. ഗുജറാത്തിലെ ഈ സ്ഥാപനത്തിലേക്ക് ഒരു പാട് ആളുകൾ ഒരു ദിവസം തിക്കിക്കയറി വന്നു. കൃഷ്ണകുമാറിനെ അന്വേഷിച്ചാണ് വന്നത്. ജോലി നൽകാം എന്ന് പറഞ്ഞു കാശ് വാങ്ങിച്ചു എന്നാണു വന്നവർ പറഞ്ഞത്. റിസോർട്ടിലെ ഡോക്ടർ മാത്രമാണ് കൃഷ്ണകുമാർ എന്ന് പറഞ്ഞു റിസോർട്ട് ഉടമ ആളുകളെയും കൂട്ടി കൃഷ്ണകുമാർ താമസിക്കുന്ന റൂമിൽ പോയി. പക്ഷെ കൃഷണകുമാർ ഉണ്ടായിരുന്നില്ല. ഒരു കെട്ട് ബയോഡാറ്റ റൂമിൽ ഉണ്ടായിരുന്നു. ബയോഡാറ്റയിലെ നമ്പറിൽ വിളിച്ചു ചോദിച്ചപ്പോൾ ലക്ഷങ്ങൾ നഷ്ടമായ കഥകൾ ആണ് കേട്ടത്. അപ്പോഴേക്കും ഗുജറാത്തിൽ നിന്നും കൃഷ്ണകുമാർ മുങ്ങിയിരുന്നു. മുംബൈയിൽ നിന്നാണ് ഇയാൾ തട്ടിപ്പുകൾ ഓപ്പറേറ് ചെയ്തത്. പ്രാദേശിക ആളുകൾ തന്നെ ബഹളമുണ്ടാക്കി മുംബൈയിലെ ഈ ഓഫീസ് തട്ടിപ്പിന്റെ പേരിൽ പൂട്ടിക്കുകയായിരുന്നു.

ഇതിനു മുൻപ് നേമം പൊലീസ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അത് 2010 ലായിരുന്നു ഈ അറസ്റ്റ്. അതിനു മുൻപ് ഒരു പീഡനക്കെസിലും സ്പാ സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയതിനും മുൻപ് ഇയാൾ അറസ്റ്റിലായിരുന്നു. നേമം പൊലീസാണ് ഈ കാര്യം അറസ്റ്റിനു ശേഷം വെളിപ്പെടുത്തിയത്. ആയുർവേദ ഡോക്ടർ എന്ന രീതിയിൽ ആളുകളുമായി ബന്ധപ്പെടും. ജോലി തട്ടിപ്പ് നടത്തും. ഒരു തവണ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ ഡോക്ടർ അല്ല വെറും തിരുമ്മുകാരനെന്നു പറഞ്ഞു തടിയൂരി. ജോലി വാഗ്ദാനം നടത്തി പണം പിടുങ്ങാൻ വൻകിട ഹോട്ടലുകളിൽ നിന്നാണ് ഇയാൾ അഭിമുഖം നടത്താറ്. അഭിമുഖം ജോലി ഫെഡറൽ ബാങ്കിന്റെ നിയമന ഉത്തരവ് വരെ വ്യാജമായി തയ്യാറാക്കി എന്നാണ് അന്ന് നേമം പൊലീസ് കണ്ടെത്തിയത്.

കൃഷ്ണകുമാറിന്റെ തട്ടിപ്പിൽ കുരുങ്ങിയ ഒരാൾ കൃഷ്ണകുമാർ പാപ്പനംകോട് ബസ് സ്റ്റാൻഡിൽ നിൽക്കുന്നത് കണ്ടു. ഇയാൾ ഓടിപ്പോയി പിടികൂടി. നടുറോഡിൽ നിന്ന് പിടിവലിയായപ്പോൾ പൊലീസ് സ്ഥലത്ത് എത്തി. കൃഷ്ണകുമാറിനെ പൊക്കി. നേമം പൊലീസ് ചാർജ് ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കിടന്നിരുന്നു. ഈ കഥകൾ അറിഞ്ഞപ്പോഴാണ് ഹരിപ്പാട് ഉദ്യോഗാർത്ഥികൾ ആലപ്പുഴ എസ്‌പി ഓഫീസിൽ പരാതി നൽകുന്നത്. ഹരിപ്പാട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹരിപ്പാട് സ്റ്റേഷനിൽ എഫ്‌ഐആർ ഇട്ട ആ പൊലീസുകാരൻ പറഞ്ഞത് ഇയാൾ തട്ടിപ്പ് വീരനാണെന്നും മാവേലിക്കര സ്റ്റേഷനിൽ ഇയാൾക്കെതിരെ തട്ടിപ്പിന് കേസ് എടുത്തിട്ടുണ്ട് എന്നുമാണ്. ജോലി തട്ടിപ്പുകളെക്കുറിച്ച് അറിയാമായിരുന്നിട്ടും തങ്ങൾ തട്ടിപ്പിന് ഞങ്ങൾ ഇരയായി എന്നാണ് പണം നഷ്ടമായ ജിതിൻ ജോയ് മറുനാടനോട് പറഞ്ഞത്.

കയ്യിലെ കാശും പോയി; തട്ടിപ്പിന് ഇരയാവുകയും ചെയ്തു: ജിതിൻ ജോയ്

കൃഷ്ണകുമാറിന് എനിക്ക് നഷ്ടമായത് രണ്ടു ലക്ഷത്തോളം രൂപയാണ്. പക്ഷെ വലിയ പോസ്റ്റുകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ മറ്റുള്ളവരിൽ നിന്നും ഇയാൾ തട്ടിയിട്ടുണ്ട്. ഞങ്ങൾ അറിയുന്നവർക്ക് മാത്രമായി അരക്കോടി രൂപയോളം ജോലി തട്ടിപ്പിന്റെ പേരിൽ നഷ്ടമായിട്ടുണ്ട്. 2017 ലാണ് തട്ടിപ്പ് നടത്തുന്നത്. ഖത്തറിൽ ജോലി തരാമെന്നാണ് പറഞ്ഞിരുന്നത്. കൃഷ്ണകുമാറിന്റെ മരുമകനു സൗദിയിൽ ഒരു ഷിപ്പ് യാർഡിലാണ് ജോലി. അതിന്റെ പേരിലാണ് ജോലി വാഗ്ദാനം നടത്തിയത്. ഷിപ്പ് യാർഡിൽ സ്റ്റോർ കീപ്പർ ജോലി നൽകാം എന്നാണു പറഞ്ഞത്. ജോലി തരാമെന്നു പറഞ്ഞാണ് ബന്ധപ്പെടുന്നത്. ഇയാളുടെ അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായി പണം നൽകി.

ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയാണ് ഞാൻ നൽകിയത്. എനിക്കറിയാവുന്നവർ തന്നെ പതിമൂന്നു പേരുണ്ട്. പണം കിട്ടിയപ്പോൾ പിന്നെ ഒരു പ്രതികരണവുമില്ല. ആയുർവേദ ഡോക്ടർ എന്നാണ് പറഞ്ഞിരുന്നത്. എന്റെ ഒരു സുഹൃത്ത് ആയുർവേദ ഡോക്ടർ ആണ്. ഞാൻ അവനോടു ഈ രീതിയിൽ ഡോക്ടർ ജോലിക്ക് പണം വാങ്ങിയിട്ടുണ്ടെന്നും തട്ടിപ്പ് ആണോ എന്ന് സംശയിക്കുന്നുണ്ട് എന്നും പറഞ്ഞു. സുഹൃത്തിന് ഒരു വാട്‌സ് അപ്പ് ഗ്രൂപ്പുണ്ട്. ഡോക്ടർമാരാണ് ഈ ഗ്രൂപ്പിലുള്ളത്. ആ ഗ്രൂപ്പിൽ ഈ കൃഷ്ണകുമാറിനെ ഫോട്ടോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് കൃഷ്ണകുമാറിന്റെ തട്ടിപ്പിന്റെ മുഖം മറ്റുള്ളവർ പറഞ്ഞു അറിയുന്നത്. കൃഷ്ണകുമാർ തട്ടിപ്പുകാരൻ ആണെന്ന് ഗ്രൂപ്പിലുള്ളവർ പറഞ്ഞു. ഒട്ടനവധി വിവരങ്ങൾ ഗ്രൂപ്പിലുള്ളവർ നൽകി. ഇതോടെയാണ് പരാതിയുമായി മുന്നോട്ടു പോകുന്നത്.

എന്റെ ബന്ധു വഴിയാണ് കൃഷ്ണകുമാറിനെ അറിയുന്നത്. ബന്ധുവുമായി ഡോക്ടർ എന്ന രീതിയിൽ ബന്ധം പുലർത്തി ഈ പരിചയം മുതലെടുത്താണ് ഞാൻ അടക്കമുള്ളവർ ഈ കെണിയിലായത്. ബന്ധു പറഞ്ഞതിനാൽ ഞാനും ഇയാളെ വിശ്വസിച്ചു. എനിക്ക് അറിയാവുന്നവർ പലരും ഇയാളുടെ കെണിയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് മാത്രം 45 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. പല ജില്ലകൾ കണക്കാക്കുമ്പോൾ കോടികൾ തന്നെ ഇയാൾ പലരിൽ നിന്നും കവർന്നിട്ടുണ്ട്. വിശ്വാസ്യതയുള്ള രീതിയിലുള്ള സംസാരമാണ് ഇയാൾ നടത്തുന്നത്. ഫോണിൽ സംഭാഷണം തുടങ്ങുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി ഞങ്ങളുടെ വീടിന്റെ സ്ഥലം മനസിലാക്കി അടുത്തുള്ള സ്ഥലത്ത് ബന്ധുവീട് ഉണ്ടെന്നു പറയും. ഇത് ഇയാളുടെ സ്ഥിരം രീതിയായിരുന്നു. അടുത്ത് ഇയാളുടെ ബന്ധുക്കൾ ഉണ്ടെന്നു തോന്നുമ്പോൾ പലർക്കും ഇയാളെ വിശ്വസിക്കാം എന്നൊക്കെ തോന്നും. അടുത്ത് ബന്ധുവീട് ആരും അന്വേഷിച്ച് പോകാത്തത് തട്ടിപ്പ് നടത്താൻ ഇയാൾക്ക് തുണയായി. ഇപ്പോൾ കൃഷ്ണകുമാർ എവിടെയുണ്ടെന്നു ആർക്കും അറിയില്ല-ജിതിൻ പറയുന്നു.

ഈ കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഹരിപ്പാട് എസ്‌ഐ ജിജിൻ ജോസഫ് മറുനാടനോട് പറഞ്ഞത്. നിലവിൽ അന്വേഷിക്കുന്ന കേസുകളിൽ ഈ കേസില്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തെക്കുറിച്ച് അറിയില്ല. സ്റ്റേഷനിൽ വിളിച്ച് ചോദിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു വർഷം മുൻപുള്ള കേസ് ആയതിനാൽ ഞങ്ങൾക്ക് ഇതിനെക്കുറിച്ച് തിരക്കണം എന്നാണ് ഹരിപ്പാട് സ്റ്റേഷനിൽ നിന്നും പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP