Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര പാഴ്‌സലിൽനിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയത് തിരുവനന്തപുരം കാർഗോ കോംപ്ലക്‌സ് അസിസ്റ്റന്റ് കമ്മിഷണറായ രാമമൂർത്തിയാണ്. എല്ലാ പിന്തുണയും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും നൽകി. വിവരം നൽകിയ ഇൻഫോർമറോടുള്ള വിശ്വാസമായിരുന്നു ഇതിന് കാരണം. അങ്ങനെയാണ് സ്വർണ്ണ കടത്തിലെ ദേശവിരുദ്ധത അന്വേഷിക്കാൻ എൻഐഎ എത്തിയത്. തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിൽ കസ്റ്റംസ് കുരതലോടെ തന്നെ അന്വേഷണം തുടരുന്നു. മുഖ്യ ആസൂത്രക സ്വപ്‌നാ സുരേഷിന്റെ മൊഴി കോടതിക്ക് സീൽ വച്ച് നൽകുകയും ചെയ്തു. ഇതിൽ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുമുണ്ട്. രാഷ്ട്രീയ ഉന്നതന് പുറമേ കസ്റ്റംസിലെ പ്രമുഖനും മൊഴിക്കുരുക്കിൽ പെട്ട് വലയുകയാണ്.

കള്ളക്കടത്തു സംഘത്തിനനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥൻ ഇടപെട്ടതായി മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയ മൊഴിയിലുണ്ടെന്നാണ് സൂചന. നയതന്ത്ര പാഴ്‌സൽ തടഞ്ഞുവച്ച കാർഗോ കോംപ്ലക്‌സ് അസിസ്റ്റന്റ് കമ്മിഷണറായ ഉദ്യോഗസ്ഥനെതിരെ പരാതി നൽകാൻ കസ്റ്റംസ് ആൻഡ് ജിഎസ്ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ നിർദ്ദേശിച്ചതായാണു കസ്റ്റംസിനു നൽകിയ മൊഴിയിലുള്ളത്. ആരോപണവിധേയനായ അസി. കമ്മിഷണറെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നേരത്തെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളെ കുടുക്കിയ സ്വർണ്ണ കടത്തിൽ കസ്റ്റംസിലെ ഉന്നതൻ തന്നെ അറസ്റ്റിലായിരുന്നു. ഇപ്പോൾ സ്വപ്‌നയും സമാന വെളിപ്പെടുത്തൽ നടത്തുന്നു. സ്വപ്‌നയ്ക്ക് കസ്റ്റംസിനുള്ളിലുള്ള ബന്ധത്തിന് തെളിവാണ് ഇത്.

ജൂലൈ രണ്ടിന്, തന്റെ വീട്ടിലുള്ളപ്പോഴാണു സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ വിളിച്ചതെന്നു സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ജൂൺ 30ന് കാർഗോ കോംപ്ലക്‌സിലെത്തിയ ബാഗേജ്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം ജൂലൈ അഞ്ചിനാണു കസ്റ്റംസ് തുറന്നു നോക്കുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും. 'അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്നാണു ജൂലൈ 2 ന് സരിത്തിനെ വിളിച്ച ഉദ്യോഗസ്ഥൻ പറഞ്ഞത്. അദ്ദേഹം വീണ്ടും സരിത്തിനെ വിളിച്ചാണു വകുപ്പിലെ മേലധികാരിക്കു പരാതി നൽകണമെന്നു പറഞ്ഞതും അതിനായി ഫോൺ നമ്പറും ഇ മെയിൽ ഐഡിയും നൽകിയതും. സരിത്താണ് ഇക്കാര്യങ്ങൾ എന്നോടു പറഞ്ഞത്.' സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച സ്വപ്നയുടെ മൊഴിയിലും ഇക്കാര്യമുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനെ പറ്റി സരിത്തിന്റെ മൊഴിയിൽ പരാമർശങ്ങളില്ലെന്നാണു വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അവസരം ലഭിച്ചിട്ടുമില്ല. സരിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഇക്കാര്യം കസ്റ്റംസ് ആരായും. വെളിപ്പെടുത്തൽ ശരിയെങ്കിൽ ഈ ഉദ്യോഗസ്ഥന് ജോലി നഷ്ടവും ഉണ്ടാകും. നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തെന്ന ആശയത്തിനു പിറകിൽ ആരാണെന്ന സംശയത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം പ്രതികൾക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിച്ചത്. സരിത്തും കസ്റ്റംസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധമുണ്ടായതെങ്ങയെന്നും പരിശോധിക്കും. പാഴ്‌സൽ തടഞ്ഞുവച്ച കാര്യം, ആരോപണവിധേയനായ അസി. കമ്മിഷണർ അറിഞ്ഞതെങ്ങനെയെന്നും വ്യക്തമല്ല. ഇതെല്ലാം സുമിത് കുമാറും സംഘവും പരിശോധിക്കുന്നുണ്ട്. തെളിവുകൾ എൻഐഎയ്ക്കും കൈമാറും.

അതിനിടെ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ സാമ്പത്തിക വിചാരണക്കോടതി തള്ളി. 14 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്‌ട്രേഷൻ വകുപ്പിനു കത്തുനൽകി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്.സരിത്തിനെയും ഏഴ് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എൻഐഎ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്.

സ്വർണക്കടത്തിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനു കഴിഞ്ഞ ഒരു വർഷത്തിനിടെ 100 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കും. കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കും. ഇതിന് യുഎഇയുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന.

സ്വപ്നയുടെതായി കണ്ടെടുത്ത സ്വർണവും പണവും നിക്ഷേപങ്ങളും സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് അവർ സമ്മതിച്ചതായി എൻഐഎ പറയുന്നു. അമേരിക്കൻ ഡോളറും ഒമാൻ റിയാലും ഉൾപ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യമാണ് പിടിച്ചെടുത്തത്. കേസിൽ തന്നെ രാഷ്ട്രീയപ്രേരിതമായി പ്രതിയാക്കിയതാണെന്നും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് തന്റെ അറിവേടെയല്ലെന്നുമുള്ള വാദത്തിന് മറുപടിയായാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിവിധഘട്ടങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനിടെ സ്വപ്ന സ്വയം കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കി. പിടിയിലായ പ്രതികളുമായി ബന്ധമില്ലെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായെന്നുമായിരുന്നു സ്വപ്നയുടെ വാദം. എന്നാൽ നാലാംപ്രതിയും സ്വപ്നയും അടുത്തബന്ധം പുലർത്തിയിരുന്നെന്നും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നെന്നും മറ്റു പ്രതികളുമായി വിവിധയിടങ്ങളിൽ കൂടിക്കാഴ്ച നടത്തിയെന്നും എൻഐഎ രേഖാമൂലം കോടതിയെ ബോധിപ്പിച്ചു.

സ്വർണക്കടത്ത് കേസിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്ചവരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയാണ് മുഹമ്മദ് അലിയെന്ന് എൻഐഎ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വർണം വാങ്ങാൻ എ എം ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലാേചന നടത്തുകയും ചെയ്തത് ഇവരാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP