Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് മാല കളഞ്ഞ് കിട്ടിയത് 2012ൽ; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകർ; ടീച്ചർമാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനൊടുവിൽ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്‌റ്റേഷനിലേക്കും: ഒടുവിൽ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വർഷമായി വട്ടംചുറ്റിച്ച സ്വർണം സർക്കാർ ഖജനാവിലേക്ക്

ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് മാല കളഞ്ഞ് കിട്ടിയത് 2012ൽ; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകർ; ടീച്ചർമാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനൊടുവിൽ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്‌റ്റേഷനിലേക്കും: ഒടുവിൽ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വർഷമായി വട്ടംചുറ്റിച്ച സ്വർണം സർക്കാർ ഖജനാവിലേക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: എട്ട് വർഷമായി പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ വട്ടംചുറ്റിച്ച സ്വർണമാല അവകാശികളില്ലാത്തതിനാൽ സർക്കാർ ഖജനാവിലേക്കു കണ്ടുകെട്ടാൻ തീരുമാനിച്ചു. എട്ട് വർഡഷങ്ങൾക്ക് മുമ്പ് സ്‌കൂളിലെ കുട്ടികൾക്ക് കളഞ്ഞ് കിട്ടിയ മാലയാണ് സർക്കാർ ഖജനാവിലേക്ക് പോകുന്നത്. ഈ മാല മൂലം ചില്ലറ പുലിവാലൊന്നുമല്ല ഈ സ്‌കൂളിന് പിടിക്കേണ്ടി വന്നത്. ഊട്ടിയിലേക്കു 2012ൽ വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് നിലമ്പൂർ വഴിക്കടവിൽ നിന്നു കിട്ടിയ രണ്ട് പവൻ സ്വർണമാലയാണ് അദ്ധ്യാപകർക്ക് തലവേദനയായി മാറിയത്.

വഴിയിൽ കിടന്ന് കിട്ടിയ മാല വിദ്യാർത്ഥികൾ അദ്ധ്യാപകരെ ഏൽപ്പിച്ചു. അദ്ധ്യാപകർ ആ മാല വിറ്റ് പണം എടുത്തു. എന്നാൽ, സ്‌കൂളിൽ അദ്ധ്യാപകർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ മാലയെ കുറിച്ച് ഒരു വിഭാഗം അന്നത്തെ കലക്ടർക്ക് രഹസ്യമായി കത്ത് എഴുതിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. സംഭവം അന്വേഷിക്കാൻ കലക്ടർ താമരശ്ശേരി പൊലീസിനു നിർദ്ദേശം നൽകി.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പുലിവാല് പിടിക്കുമെന്ന് മനസ്സിലാക്കിയ അദ്ധ്യാപികമാർ വിറ്റ കടയിൽ നിന്നു സ്വർണാഭരണം തിരിച്ചെടുത്ത് സ്‌കൂളിലെത്തിച്ചു. അന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും മാല തൽക്കാലം കൈവശം വയ്ക്കാനും ഉടൻ അന്വേഷിക്കാൻ വരുമെന്നും പൊലീസ് മറുപടി നൽകി. പ്രധാനാധ്യാപകന്റെ മേശപ്പുറത്ത് എത്തിച്ച മാല കൈപ്പറ്റാൻ ആരും തയാറാകാതിരുന്നതോടെ അന്നത്തെ പിടിഎ പ്രസിഡന്റ് അദ്ദേഹം ഭരണസമിതി അംഗമായ സഹകരണ ബാങ്കിലെ ലോക്കറിൽ മാല സൂക്ഷിച്ചു.

ഏഴ് വർഷത്തെ ലോക്കർ വാസത്തിനിടെ പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനുമെല്ലാം പല വട്ടം മാറി. ഇതിനിടെ പലരും സ്വർണം പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമം കണ്ടതോടെ പിന്മാറി. ഒടുവിൽ ലോക്കർ സേവനം അവസാനിപ്പിക്കണമെന്നു ബാങ്ക് അറിയിച്ചതോടെ കഴിഞ്ഞ വർഷം ചുമതലയുണ്ടായിരുന്ന പ്രധാനാധ്യാപകൻ വീണ്ടും സ്വർണമെടുത്ത് പൊലീസിൽ എത്തി. തുടർന്നാണ് ദിവസങ്ങൾക്കു മുൻപ് നടപടിക്രമങ്ങളുടെ ഭാഗമായി സ്വർണത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ കോഴിക്കോട് സബ് കലക്ടർ ഓഫിസിൽ എത്തണമെന്ന് പത്രങ്ങളിൽ പരസ്യം നൽകിയത്. ഇതുവരെ ആരും അവകാശം ഉന്നയിച്ചു വരാത്തതിനാൽ സർക്കാർ ഖജനാവിലേക്ക് കണ്ടുകെട്ടാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP