Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള സർക്കാർ ആവർത്തിച്ചു പറയുന്നു; ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യുജിസി അംഗീകാരമില്ല; ജെയിൻ ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വെക്കാനും നിർദ്ദേശം; ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യുജിസി അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിപ്പ്; വിദ്യാർത്ഥികളെ കബളിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും ലക്ഷങ്ങൾ വാങ്ങി പരസ്യങ്ങൾ നൽകുന്നത് തുടർന്ന് മലയാളം ചാനലുകളും പത്രങ്ങളും

കേരള സർക്കാർ ആവർത്തിച്ചു പറയുന്നു; ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യുജിസി അംഗീകാരമില്ല; ജെയിൻ ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വെക്കാനും നിർദ്ദേശം; ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യുജിസി അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിപ്പ്; വിദ്യാർത്ഥികളെ കബളിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും ലക്ഷങ്ങൾ വാങ്ങി പരസ്യങ്ങൾ നൽകുന്നത് തുടർന്ന് മലയാളം ചാനലുകളും പത്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി മാധ്യമങ്ങളിൽ പരസ്യം നൽകികൊണ്ട് വിദ്യാർത്ഥികളെ പിടിക്കാൻ ഇറങ്ങിയ ജെയിൻ യൂണിവേഴ്‌സിറ്റിക്കെതിരെ സംസ്ഥാന സർക്കാർ. ജെയിൻ യൂണിവേഴ്‌സിറ്റി കാമ്പസിന് യുജിസിയുടെ അംഗീകാരം ഇല്ലെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യുജിസി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് അറിയിച്ചത്.

കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യുജിസി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യുജിസി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്‌സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യുജിസിയോട് ആവശ്യപ്പെട്ടതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം പത്രങ്ങളിൽ ഒന്നാം പേജിൽ പരസ്യം നൽകിയ ജെയിൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമാക്കി അടുത്തകാലത്ത് വീണ്ടും രംഗത്തെത്തിയിരുന്നു. ചാനലുകളിൽ ഇപ്പോഴും ഈ പരസ്യം പോകുന്നുണ്ട് താനും. അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കലാണ് ഇതെന്ന് അറിഞ്ഞിട്ടും മലയാളത്തിലെ ചാനലുകളും പത്രങ്ങളും പണത്തിന് വേണ്ടി ഈ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നല്കുന്നുണ്ട്. ഈ കോവിഡ് കാലത്തും രണ്ട് തവണയാണ് ജെയിൻ യൂണിവേഴ്‌സിറ്റി മാധ്യമങ്ങളിൽ വലിയ പരസ്യങ്ങൾ നൽകിയത്. ജില്ലാ സെന്ററുകളിൽ അടക്കം ഡിപ്ലോമ കോഴ്സുകൾ അടക്കം തുടങ്ങാൻ വേണ്ടിയാണ് ജെയിൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ദിനപത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകിയിരുന്നു.

ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസ് തുടങ്ങാൻ അനുമതി ഇതുവരെ യുജിസിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേയാണ് ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് മലയാളം പത്രങ്ങൾ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നൽകിയിരിക്കുന്നത്. യുജിസി അധികൃതർ ഒരു തവണ വിസിറ്റ് ചെയ്തു മടങ്ങിയത് അല്ലാതെ യൂണിവേഴ്സിറ്റിക്ക് കൊച്ചിയിലെ കാമ്പസിന് യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് താനും. അതുകൊണ്ട് തന്നെയാണ് പരാതികൾ ഉയർന്ന ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തന്നെ യുജിസിയിൽ നിന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി കത്തയച്ചത്. ഈ കത്തിനാണ് ഇപ്പോൾ യുജിസിയിൽ നിന്നും വിശദീകരണം ലഭിച്ചിരിക്കുന്നത്.

യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സർക്കാർ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നൽകിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്‌സിറ്റികൾക്ക് ഓഫ് ക്യാമ്പസ് അനുമതി നൽകുക യുജിസിയുടെ പതിവല്ല. അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നൽകി പരസ്യം പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.

കൊച്ചിയിലെ ജെയിൻ ഓഫ് ക്യാമ്പസാണ് അനധികൃതമെന്ന് യുജിസി തന്നെ ഔദ്യോഗികമായി വിശദീകരിച്ചിടുണ്ട്. ജെയിനിന്റെ കൊച്ചിയിലെ ഈ ക്യാമ്പസ് അനധികൃതമെന്ന് പരസ്യം നൽകിയ മലയാളത്തിലെ മുഴുവൻ വർത്തമാന പത്രങ്ങൾക്കും അറിയാം. എന്നിട്ടും പരസ്യത്തിന്റെ പേരിൽ ഈ വസ്തുത പത്രങ്ങൾ മറച്ചുവെയ്ക്കുകയാണ് ഉണ്ടാത്. കൊച്ചിയിലെ ഓഫ് ക്യാമ്പസ് നമ്പർ തന്നെയാണ് പത്രത്തിൽ നൽകിയിരിക്കുന്നത്. കൊച്ചിയിലെ ക്യാമ്പസിൽ ബിഎസ് സി, ബികോം, ബിബിഎ, ബിഎ കോഴ്‌സുകൾ നടത്തുന്നുണ്ട്. ജെയിൻ ഓഫ് ക്യാമ്പസ് എന്ന് പറഞ്ഞാണ് ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസ് വാങ്ങി (ബികോമിന് വരെ മൂന്നു ലക്ഷത്തിലധികമാണ് ഇവരുടെ ഫീസ്) ഇവർ അഡ്‌മിഷൻ നടത്തുന്നത്. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസ് അനധികൃത്രമാണ്. അഥോറിറ്റിയുടെ അതായത് യുജിസിയുടെ അനുമതി ലഭിക്കാതെയാണ് ഇവർ കൊച്ചിയിൽ റെഗുലർ ക്ലാസുകൾ നടത്തുന്നത്.

പരസ്യത്തിൽ പറഞ്ഞിരിക്കുന്ന പ്രാധാന കോഴ്‌സുകൾ ഒന്നും കേരളത്തിലില്ല. എല്ലാം ബംഗളൂരുവിലാണ്. ബംഗളൂരുവിൽ പഠനത്തിനില്ല എന്ന് പറഞ്ഞാൽ കൊച്ചിയിലെ കോഴ്‌സുകളുടെ കാര്യം പറയും. മൂന്നു വർഷ സ്ഥിരം ക്ലാസുകൾ ഉള്ള കോഴ്‌സുകൾ. രണ്ടു ലക്ഷം മുതൽ മുകളിലോട്ടാണ് ഡിഗ്രി കോഴ്‌സുകൾക്ക് ഇവർ ഫീസ് ഈടാക്കുന്നത്. അനുമതിയില്ലാത്ത ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിൽ ആടാൻ സാധ്യതയുണ്ട് എന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ മറുനാടനോട് പ്രതികരിച്ചത്. ക്യാമ്പസിന് അനുമതിയില്ല എന്ന് അവർ തന്നെ പറയുന്നു. എന്നിട്ട് അവിടെ റെഗുലർ ക്ലാസും. പ്രശ്‌നം വിവാദമായാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ വെള്ളത്തിലാകും. സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ യുജിസി അനുമതി നൽകിയില്ലെങ്കിൽ ഇവരുടെ ഭാവി ചോദ്യചിഹ്നമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ പ്രതികരിക്കുന്നത്.

ഡീംഡ് യൂണിവേഴ്‌സിറ്റി ആണെങ്കിലും യുജിസി സിസ്റ്റം അനുസരിച്ച് ഏതു സ്റ്റേറ്റിൽ ആണെങ്കിലും ഓഫ് ക്യാമ്പസ് തുടങ്ങാം. ഈ ജനുവരിയിൽ യുജിസി ടീം വന്നു ഇൻസ്‌പെക്ഷൻ നടത്തി പോയിട്ടുണ്ട്. ഞങ്ങൾ ഓഫ് ക്യാമ്പസ് തുടങ്ങിയത് യുജിസി നിയമം അനുസരിച്ച് തന്നെയാണ്-ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞു. ജനുവരിയിൽ ഇൻസ്‌പെക്ഷൻ കഴിഞ്ഞെങ്കിലും റിപ്പോർട്ട് വന്നിട്ടില്ല. ജെയിൻ യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് യുജിസിയുടെ അംഗീകാരമനുസരിച്ചല്ല അനധികൃതമായാണ് എന്ന് യുജിസി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് അറിയില്ലെന്നാണ് ജെയിൻ ഓഫ് ക്യാമ്പസ് അധികൃതർ പ്രതികരിച്ചത്.

ജെയിൻ മുൻപ് തന്നെ വിവാദ വിഷയം

ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് മുൻപ് തന്നെ വ്യക്തമായതാണ്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നുമാണ് ചട്ടം. കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യുജിസി മുൻപ് തന്നെ അറിയിച്ചത്. ഇത് സർക്കാരിനു നൽകിയ കത്തിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യുജിസിക്ക് പോലും വിദൂരപഠന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. ഈ അവസ്ഥയിലാണ് ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ പ്രവർത്തിക്കുന്നത്. കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ജെയിൻ സർവ്വകലാശാലയുമായി ബന്ധപ്പെട്ടു വിവാദത്തിൽ ചാടിയിരുന്നു. എറണാകുളത്ത് പ്ലസ്ടുവിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികൾക്ക് കൊച്ചിയിലെ ഈ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നൽകുമെന്നും ഇത് സംബന്ധിച്ച് ആ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുമെന്നുമാണ് മുൻപ് മന്ത്രി പറഞ്ഞത്. എന്നാൽ വാർത്ത ശ്രദ്ധയിൽ പെട്ട മാധ്യമപ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചതിനെ തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ആകെ മൂന്ന് കൽപിത സർവ്വകലാശാലകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എന്നിട്ടും ഇതു പോലൊരു തട്ടിപ്പ് മനസിലാക്കാൻ സാധിക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ചോദ്യം ഉയർന്നത്.

ഇതു കൂടാതെ ജെയ്ൻ യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തെപ്പറ്റിയും വിവാദ ആരോപണങ്ങൾ ഉയർന്നിരുന്നു. 2012 ൽ ഷെയ്‌ഡ്വെൽ എന്ന പേരിൽ കാക്കനാട് നിർമൽ ഇൻഫോപാർക്കിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം യു എസിലേക്ക് 34 പേരെ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അതിന്റെ സി ഇ ഒ ആയിരുന്ന ടോം ബേബി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ സ്ഥാപനം പൂട്ടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതേ കെട്ടിടത്തിൽ തന്നെയാണ് ജെയ്ൻ കൽപിത സർവകലാശാല പ്രവർത്തിക്കുന്നത്. കൂടാതെ ഇതിന് പരസ്യം നൽകുന്ന ഐഎസ്ഡിസി എന്ന സ്ഥാപനം ടോം ബേബിയുടേത് തന്നെയാണ് എന്നും വ്യക്തമായിരുന്നു. ഇതിന് പുറമേ ജെയിന്റെ കേരളത്തിലെ മേധാവി കുസാറ്റിന്റെ മുൻ വൈസ് ചാൻസലർ ലതയാണ്. നേരത്തേ മറ്റൊരു വിവാദത്തിൽ ജെയ്ൻ കൽപിത സർവകലാശാല പെട്ടിരുന്നു. സർവകലാശാല എന്ന പദവി ലഭിക്കുന്നതിന് മുൻപ് തന്നെ ജെയ്ൻ സർവകലാശാല എന്ന് സ്വയം പ്രഖ്യാപിച്ചതിനായിരുന്നു അത്. തുടർന്ന് യുജിസി യുടെ നിർദ്ദേശ പ്രകാരം ജെയ്ൻ എന്ന പേരിലേക്ക് അത് മാറ്റി. വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ 2018ലാണ് യുജിസി കൽപിത സർവ്വകലാശാലയായി അംഗീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP