Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും

'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും

ആർ പീയൂഷ്

കൊല്ലം: ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പെൺകുട്ടിക്ക് എതിരെ കേസെടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെ അഭിനന്ദിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. മാതൃകാ പരമായ നടപടി സ്വീകരിച്ചതിനാണ് അഭിനന്ദനം. എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി... എന്ന പാട്ടിന്റെ അകമ്പടിയോടെയായിരുന്നു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ പെൺകുട്ടിക്ക് അങ്ങനെ മാപ്പു കൊടുക്കാൻ തയ്യാറല്ലായിരുന്നു മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന് ലഭിച്ച പരാതി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ഡി.മഹേഷിന് കൈമാറുകയായിരുന്നു. അന്വേഷണത്തിനായി വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.

സംഭവത്തെപ്പറ്റി സുമോദ് പറയുന്നതിങ്ങനെ; കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സുമോദിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ വളരെ വേഗം തന്നെ ഉടമയെ കണ്ടെത്തി. ഉടമയുടെ പക്കൽ നിന്നുമാണ് പെൺകുട്ടിയുടെ നമ്പർ വാങ്ങി ബന്ധപ്പെട്ടത്. വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് പെൺകുട്ടി സമ്മതിച്ചു. ഇതോടെ നാളെ നേരിൽ കാണ ാമെന്ന് പറഞ്ഞു. പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി വാഹന ഉടമയായ സുഹൃത്തിന്റെ വീട്ടിലേക്ക് വരാൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെ പെൺകുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കേസെടുത്തത്.

അറിവില്ലായ്മ കൊണ്ടാണ് ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് കൊണ്ട് ഗിയർ ഓടിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. പിന്നീട് വാഹനം രൂപ മാറ്റം നടത്തിയതിനെ പറ്റിയുമെല്ലാം പറഞ്ഞു. അതിന് ശേഷമാണ് പിഴ ചുമത്തിയതെന്ന് സുമോദ് കുമാർ പറഞ്ഞു. ഇത്തരം ബൈക്ക് യാത്രകൾ പെൺകുട്ടിയുടെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്. കൊല്ലം ആർ.ടി.ഒയുടെ മുന്നിലാണ് ലൈസൻസ് റദ്ധു ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കാരണം കാണിക്കാൻ പെൺകുട്ടിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഇന്ന് രാവിലെയാണ് രൂപമാറ്റം നടത്തി ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കൊല്ലം പുന്തലത്താഴം സ്വദേശി അഞ്ജുവിനെതിരെയും ബൈക്കിന്റെ ഉടമയായ പുന്തലത്താഴം സ്വദേശി ഭഗത്തിനെതിരെയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗം നിയമ നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

പെൺകുട്ടി ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലേക്ക് നിരവധിപേർ പരാതിയുമായെത്തി. തുടർന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടിഒ ഡി.മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബൈക്ക് ഓടിക്കുന്നു എന്നായിരുന്നു പരാതി. ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് സഹദേവൻ നടത്തിയ അന്വേഷണത്തിൽ വാഹനം ഭഗത്തിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഭഗത്തിനെ ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടിയോട് ഭഗത്തിന്റെ വീട്ടിലെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യമഹ ബൈക്കിൽ രൂപ മാറ്റം നടത്തിയത് കണ്ടെത്തി. ഗിയർ ഇല്ലാത്ത സ്‌കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ബിരുദ വിദ്യാർത്ഥിയായ അഞ്ജുവും ഭഗത്തും സുഹൃത്തുക്കളാണ്. ഇരുവരും ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ലോക്ക് ഡൗൺ സമയത്താണ് ഭഗത്തും അഞ്ജുവും കൊല്ലം ഫാത്തിമ കോളേജിന് മുന്നിലെ റോഡിൽ ബൈക്കോടിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യം സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയത്. അഞ്ജു തന്റെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തതോടെ വലിയ രീതിയിൽ വൈറലായി. പെൺകുട്ടി ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന് വ്യാപക പ്രതിഷേധമുയർന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായമെന്നും ആരോപണമുയർന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന് പരാതി എത്തുന്നത്. പരിശോധനയിൽ പെൺകുട്ടിക്ക് 21 വയസ്സുള്ളതായി കണ്ടെത്തി.

അതേ സമയം വീഡിയോ ചിത്രീകരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പെൺകുട്ടി ബൈക്ക് ഓടിച്ചതെന്നും പിന്നീട് ഹെൽമെറ്റ് വച്ചാണ് യാത്ര ചെയ്തിരുന്നതെന്നും അഞ്ജുവിന്റെ സുഹൃത്തും ബൈക്ക് ഉടമയുമായ ഭഗത് മറുനാടനോട് പ്രതികരിച്ചു. കേരളത്തിൽ ഒരുപാട് പേർ ഇത്തരത്തിൽ ബൈക്ക് രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ എന്നു ഭഗത് ചോദിക്കുന്നു. യാതൊരു സുരക്ഷയുമില്ലാതെ വാഹനം ഓടിച്ച് അത് ചിത്രികരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറും. അതിനാലാണ് ഉടൻ ഇക്കാര്യത്തിൽ നടപടി എടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വ്യക്തമാക്കി.

കോവിഡ് കാലത്ത് പൊലീസിനൊപ്പം തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൃത്യനിർവ്വഹണം നടത്തുന്നത്. വാഹന ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും വേണ്ട സുരക്ഷാ മുൻകരുതലുകളെ പറ്റി ബോധവാന്മാരാക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരം കേസുകൾ കൂടി വരുന്നത്. യുവ തലമുറ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ പലപ്പോഴും മോട്ടോർ വാഹന വകുപ്പിനും തലവേദയുണ്ടാകാറുണ്ട്. പിടിച്ചു കഴിഞ്ഞാൽ വീട്ടിലെ ഇല്ലായ്മകളും മറ്റും പറഞ്ഞ് കരയും. അതോടെ എന്തെങ്കിലുമൊക്കെ ഇളവു നൽകും. എന്നാൽ ഇനി അത്തരത്തിലുള്ള യാതൊരു വിട്ടു വീഴ്ചകളും ചെയ്യില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP