Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ കോവിഡ് കണക്കിൽ ഇന്നും കുറവില്ല; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1195 പേർക്ക്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 79 പേരുടെ ഉറവിടം അറിയില്ല; 1234 പേർ രോഗമുക്തി നേടി; ഇന്ന് മാത്രം ഏഴ് കോവിഡ് മരണങ്ങൾ; രോഗം സ്ഥിരീകരിച്ചവരിൽ 13 ആരോഗ്യപ്രവർത്തകരും; പൊലീസിന് പ്രതിരോധ ചുമതല നൽകിയത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി; പൊലീസുകാർ ആരോഗ്യപ്രവർത്തകരുടെ ജോലിയല്ല ചെയ്യുക, സമ്പർക്കപ്പട്ടിക കണ്ടെത്താനാണെന്നും പിണറായി

കേരളത്തിലെ കോവിഡ് കണക്കിൽ ഇന്നും കുറവില്ല; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1195 പേർക്ക്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 79 പേരുടെ ഉറവിടം അറിയില്ല; 1234 പേർ രോഗമുക്തി നേടി; ഇന്ന് മാത്രം ഏഴ് കോവിഡ് മരണങ്ങൾ; രോഗം സ്ഥിരീകരിച്ചവരിൽ 13 ആരോഗ്യപ്രവർത്തകരും; പൊലീസിന് പ്രതിരോധ ചുമതല നൽകിയത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി; പൊലീസുകാർ ആരോഗ്യപ്രവർത്തകരുടെ ജോലിയല്ല ചെയ്യുക, സമ്പർക്കപ്പട്ടിക കണ്ടെത്താനാണെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തോ കോവിഡ് കണക്കുകൾ ഇന്നും ആശങ്കയായി തുടരുന്നു. ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക് ആയിരം കടന്നു. സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ഏഴ് മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 94 ആയി.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-274, മലപ്പുറം-167, കാസർകോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂർ-86, കണ്ണൂർ-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46, ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂർ-53, കാസർകോട്-105 എന്നിങ്ങനെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 1,30,614 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം അപകടാവസ്ഥയിൽ കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 കോവിഡ് പരിശോധന നടന്നു. ഇതിൽ 203 പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നിവിടങ്ങൾ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളായേക്കാം. ഓഗസ്റ്റ് 5,6 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുത്. അതിന്റെ അടിസ്ഥാനത്തിൽ അനുമതി റദ്ദാക്കി. ഇത് ഏഴാംതീയതിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ തെരുവിൽ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്കിലെ സ്ത്രീക്കും ഉറവിടം വ്യക്തമായിട്ടില്ല. അതിനാൽ ഉറുമുറ്റത്ത് ലിമിറ്റഡ് ക്ലസ്റ്ററുണ്ടായി. ആലപ്പുഴയിലെ ക്ലോസ്ഡ് ക്ലസ്റ്ററായ ഐടിബിപി മേഖല നിയന്ത്രണത്തിലായി വരവെ ഇന്നലെ പുതുതായി 35 കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടു. എറണാകുളത്തെ ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുന്നു. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് രോഗം കണ്ടെത്തി. ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ആണ്. ജില്ലയിൽ 82 സ്വകാര്യ ആശുപത്രികളാണ് കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളത്. മെഡിക്കൽ കോളേജിൽ ഉള്ള 9 പേരുടെ നില ഗുരുതരമാണ്.

തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള പട്ടാമ്പിയിൽ നിന്ന് സമ്പർക്കരോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. പാലക്കാട്ടെ ആദിവാസികോളനികളിൽ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നു. പുറത്തുനിന്ന് ആളുകൾ വരുന്നത് തടയും. പറമ്പിക്കുളം ഉൾപ്പടെയുള്ള മേഖലകളിൽ പരിശോധന നടക്കുന്നു. അട്ടപ്പാടിയിലെ കോവിഡ് ബാധിതർക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ പൊലീസിന് പിടിപ്പത് പണി എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. അതേ സ്ഥാപനം തന്നെ അധികച്ചുമതല ഏൽപിച്ചതിൽ പൊലീസിൽ പ്രതിഷേധം എന്നും റിപ്പോർട്ട് ചെയ്തു. ഇതിൽ കാര്യങ്ങൾ വ്യക്തമാണ്. കോവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാൽ തുടർച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ ആരിലും ക്ഷീണമുണ്ടാക്കും. ആരോഗ്യപ്രവർത്തകരിലുമുണ്ട് ഇത്. ഇപ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോൾ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിങ് കൂടുതൽ വിപുലമായി. നമ്മുടെ നാട്ടിൽ ഇഎഘഠഇകൾ സ്ഥാപിച്ചതോടെ ആ രംഗത്തും ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈൽ യൂണിറ്റുകൾ, ടെസ്റ്റിങ് എല്ലാം കൂട്ടി.- മുഖ്യമന്ത്രി അറിയിച്ചു.

വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോൾ വീണ്ടും ജോലി ഭാരം കൂടും. ആ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കണം. സമ്പർക്കം കണ്ടെത്താൻ സാങ്കേതിക സംവിധാനങ്ങൾ കൂടി ഉപയോഗിക്കുന്നു. ആരോഗ്യപ്രവർത്തകർ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോൾ, പൊലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു. ഇവരുടെ ജോലിയല്ല പൊലീസ് ചെയ്യുക. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമുണ്ട്. പൊലീസിന് അധികജോലിയുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കുക എന്നതാണത്. ആ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? അപൂർവം ചിലർക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവർക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂ.

ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ, ത്യാഗപൂർവമായ സേവനം, എന്നിവയെക്കുറിച്ചറിയാത്ത ആരുമില്ല. എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും സഹായം നൽകണമെന്ന നിലപാട് സ്വീകരിക്കുകയുമല്ലേ സർക്കാർ ചെയ്തത്? ഈ വാർത്താസമ്മേളനത്തിൽ പോലും പലപ്പോഴും ഇത് പറഞ്ഞു. റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ട നിരവധിപ്പേരുണ്ട്. അവരുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ വേണം. ഒപ്പം, കോണ്ടാക്ട് ട്രേസിംഗും വേണം. ഇതൊക്കെ ഒരു കൂട്ടർക്ക് മാത്രമായി പറ്റില്ല. മനുഷ്യരല്ലേ? അവരും തളരില്ലേ? അതിനാലാണ് മറ്റ് രീതിയിലുള്ള സഹായം പൊലീസ് വഴി എത്തിക്കുന്നത്. ഒരുപാട് യാത്ര ചെയ്തവരുണ്ടാകാം. അവരുടെ സമ്പർക്കപ്പട്ടിക വിപുലമാകും. സൈബർ സഹായം ഉൾപ്പടെ വേണ്ടി വരാം. മൊബൈൽ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതിൽ പൊലീസിന് കൂടുതൽ ഇടപെടാനാകും. ഇപ്പോൾ നമുക്ക് മുന്നിലുള്ളത് ഗൗരവമേറിയ ദൗത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP