Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലും സുരക്ഷയും നഷ്ടമായ ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിത ശക്തിയായി മാറ്റാനാണ് പ്രിയങ്കയും കോൺഗ്രസും ശ്രമിക്കേണ്ടത്; തിരികെ വരാനുള്ള കോൺഗ്രസിന്റെ വിദൂര സാധ്യതയ്ക്ക് ഈ വഴിയാണ് അഭികാമ്യം; അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല; ഗാന്ധിയുടെ രാമൻ അവരുടെ കൂടെയാണ്; നമ്മൾ ഓർമ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാർമ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി: സുധാ മേനോൻ എഴുതുന്നു

തൊഴിലും സുരക്ഷയും നഷ്ടമായ ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിത ശക്തിയായി മാറ്റാനാണ് പ്രിയങ്കയും കോൺഗ്രസും ശ്രമിക്കേണ്ടത്; തിരികെ വരാനുള്ള കോൺഗ്രസിന്റെ വിദൂര സാധ്യതയ്ക്ക് ഈ വഴിയാണ് അഭികാമ്യം; അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല; ഗാന്ധിയുടെ രാമൻ അവരുടെ കൂടെയാണ്; നമ്മൾ ഓർമ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാർമ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി: സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

'നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപെട്ടാൽ പിന്നീട് ഒരിക്കലും അത് തിരിച്ചുകിട്ടില്ല. പുറത്തേക്കുഎറിഞ്ഞുകളഞ്ഞിട്ട്,മനുഷ്യരുടെ കാലടികൾക്ക് ചവിട്ടിമെതിക്കാൻ അല്ലാതെ മറ്റൊന്നിനും അതുകൊള്ളില്ല''. വിശുദ്ധബൈബിളിലെ, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഈ വരികൾ അങ്ങേയറ്റം ഹൃദയവേദനയോടെ കുറിച്ച്‌കൊണ്ടാണ്, 1950 ഏപ്രിൽ 17ന്,പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയ ഗോവിന്ദവല്ലഭ പന്തിനു നീണ്ട കത്തെഴുതിയത്. അന്ന്, ഇന്ത്യ ഒരു പരമാധികാര ജനായത്ത റിപബ്ലിക് ആയിട്ടു മൂന്നു മാസം കഴിഞ്ഞിരുന്നില്ല. കത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ ആയിരുന്നു, ''എന്നിൽ നിന്നും അന്യവൽക്കരിക്കപ്പെട്ട നാടായി ഉത്തർപ്രദേശ് മാറിയിരിക്കുന്നു.കഴിഞ്ഞ 35 വർഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന യുപിയിലെ കോൺഗ്രസ്സ് എന്നെ അന്ധാളിപ്പിക്കുന്നു''.

1949 ഡിസംബർ 22 നു അർദ്ധരാത്രി അയോധ്യയിലെ ബാബറി മസ്ജിദിനു ഉള്ളിൽ രാമവിഗ്രഹങ്ങൾ 'പ്രത്യക്ഷപ്പെട്ട' സംഭവത്തിൽ മുഖ്യമന്ത്രി ആയ പന്ത് ഒരു നടപടിയും എടുക്കാത്തതിൽ വേദനിച്ചുകൊണ്ടായിരുന്നു നെഹ്റു ഈ കത്ത് എഴുതിയത്. അതിന് തൊട്ടുമുൻപാണ് അഖിലഭാരതീയ രാമായണസഭ, ആ പള്ളിക്ക് മുന്നിൽ 9 ദിവസം തുടർച്ചായി രാമചരിതമാനസം ചൊല്ലിയത്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന മഹന്ത് ദിഗ്‌വിജയനാഥ് ആയിരുന്നു മുഖ്യസംഘാടകൻ. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ടു പ്രകോപനമായ പ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റിൽ ആയിരുന്ന മഹന്ത് പുറത്തിറങ്ങിയ ഉടൻ ആണ് അയോധ്യാ വിഷയത്തിലേക്ക് ഇറങ്ങിച്ചെന്നത്.

അതിശക്തമായ നടപടികൾ എടുക്കാൻ ആവശ്യപ്പെട്ട നെഹ്രുവിനെ ഉത്തർപ്രദേശ് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അധികാരസ്വരൂപമായിരുന്ന ഗോവിന്ദവല്ലഭ പന്ത് പൂർണ്ണമായും അവഗണിച്ചു. ആയുധം നഷ്ടപ്പെട്ട നിസ്സഹായനായ അവസ്ഥയിലാണ് അദ്ദേഹം വികാരനിർഭരമായ ആ കത്ത് പന്തിനു എഴുതിയത്. പക്ഷെ, ഒന്നും സംഭവിച്ചില്ല. യുപികോൺഗ്രസിന്റെ മൂല്യബോധം ഒരുകാലത്തും ഗാന്ധിജിയുടെയും, നെഹ്രുവിന്റെതും ആയിരുന്നില്ല. മറിച്ച്, മദൻ മോഹൻ മാളവിയയും, പുരുഷോത്തം ദാസ് ഠണ്ടനും, സമ്പൂർണ്ണാനന്ദും, ബാബാ രാഘവദാസും ഒക്കെചേർന്ന് നയിച്ച മൃദുഹിന്ദു വഴിത്താരകൾ ആയിരുന്നു അവർക്ക് നെഹ്രുവിയൻ ആധുനികമതേതര ലോകബോധത്തെക്കാൾ ഏറെ പ്രിയതരം.

മതനിരപേക്ഷത എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്തസത്തയായിരിക്കണം എന്നും, അത് സമുദ്രജലത്തിലെ ഉപ്പു പോലെ ഓരോ കോൺഗ്രസ്സ് പ്രവർത്തകനിലും അന്തർലീനമായിരിക്കണം എന്നുമുള്ള നിർബന്ധമായിരുന്നു നെഹ്രുവിനെക്കൊണ്ട് ആ കത്ത് എഴുതിപ്പിച്ചത്. മതനിരപേക്ഷതയുടെ, ബഹുസ്വരതയുടെ, ഉദാത്തമായ ജനാധിപത്യമൂല്യങ്ങളുടെ, ഉപ്പ് രസം നഷ്ടപ്പെട്ടാൽ കോൺഗ്രസ്സ്, അതിന്റെ അസ്ഥിത്വം നഷ്ടപ്പെട്ടു പതുക്കെ ജനമനസ്സിൽ നിന്നും വലിച്ചെറിയപ്പെടും എന്ന് തന്നെയാണ് മത്തായിയുടെ സുവിശേഷത്തിലൂടെ ദീർഘദര്ശിയായ പണ്ഡിറ്റ് ജി അന്നത്തെ മുതിർന്ന നേതാക്കളോട് പറയാൻ ശ്രമിച്ചത്.

ആ കത്തെഴുതി എഴുപതു കൊല്ലം കഴിഞ്ഞു. ഒടുവിൽ, ഇന്ന്, അതേ ഗോരഖ്‌നാഥ് മഠത്തിലെ മഹന്ത് ആയിരുന്ന ആദിത്യനാഥ്, യുപി മുഖ്യമന്ത്രി ആയി.തന്റെ പൂർവികൻ കൊളുത്തിവച്ച തീപ്പൊരി, ഇന്ത്യ ഒട്ടാകെ അലയടിച്ച തീനാളമായി മാറി, ഒടുവിൽ തങ്ങളുടെ ആഗ്രഹം പോലെ ആ ഭൂമിയിൽ തന്നെ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം ചെയ്യുമ്പോൾ, രാമന്റെ പേരിൽ നടന്ന ഭഗൽപൂർ അടക്കമുള്ള നിരവധി കലാപങ്ങളുടെയും, ജീവൻ നഷ്ടപ്പെട്ട നിരവധി സാധുക്കളായ ഹിന്ദുക്കളുടെയും, മുസ്ലിങ്ങളുടെയും ചരിത്രം കൂടി പറഞ്ഞു കൊണ്ട് അല്ലാതെ കോൺഗ്രസ്സ് ആശംസകളും, പരിഭവങ്ങളും നിരത്തി അതിനോട് ചേർന്ന് നിൽക്കുന്നത് രാഷ്ട്രീയമായി എത്രമാത്രം നീതിയുക്തമാണ്? രാമൻ എല്ലാവരുടെതുമാണ് എന്ന് പറയുമ്പോഴും, ആരാണ് മഹാത്മാ ഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂർത്തിയാക്കി മാറ്റി ഇന്ത്യയെ വൈകാരികമായി വിഭജിച്ചത് എന്ന് പറയേണ്ട ചരിത്രബാധ്യത കൂടി പ്രിയങ്കാ ഗാന്ധി മുതൽ കമൽനാഥ് വരെയുള്ള നേതാക്കന്മാർക്ക് ഉണ്ട്. ഇനി, സംഘപരിവാർ രാമനെ വൈകാരികമായി ഉപയോഗിക്കും എന്ന ന്യായം ആണെങ്കിൽ, അത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? വൈകാരികമായി ധ്രുവീകരിക്കപ്പെട്ട ഹിന്ദുക്കൾ അവരുടെ 'ഹൃദയസമ്രാട്ടിനെ' എപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു. ഒരിക്കലും ആ ഇടം കോൺഗ്രസ്സിനു കിട്ടില്ല..

എന്നാൽ കോൺഗ്രസ്സിന് എല്ലാകാലത്തും സ്വന്തമാക്കാൻ കഴിയുന്ന ഒരിടം ഇപ്പോഴും ഗോരഖ്പുരിലും, ഫൈസാബാദിലും, സുൽത്താൻപൂരിലും, മിര്‌സാപൂരിലും, സീതാപൂരിലും, വാരാണസിയിലും മാത്രമല്ല, ഇങ്ങു ദൂരെ, ചമ്പാരനിലും,മധുബനിയിലും, ഭഗല്പൂരിലും ഒക്കെയുണ്ട്.അത്, ഇന്ത്യയിലെ വൻകിടനഗരങ്ങളിലും നിന്നും കാൽനടയായി പലായനം ചെയ്തതിന്റെ ഓർമകൾ വേദനയോടെ നെഞ്ഞിലേറ്റുന്ന കുടിയേറ്റ തൊഴിലാളികളുടെ മനസ്സാണ്. ഒരിക്കൽ കോൺഗ്രസ്സ് സർക്കാർ തന്നെ നടപ്പിലാക്കിയ NREGA മാത്രമാണ് ഇന്ന് അവരുടെ ആശ്വാസം.

അവർ ഇന്ന് പഴയ രാഷ്ട്രീയബോധമില്ലാത്ത തൊഴിലാളികൾ അല്ല, മറിച്ച്, മുറിവേൽക്കപ്പെട്ട സംഘടിതമനസ്സാണ്.അവർക്കറിയാം, തൊഴിലും, ജീവനും, സുരക്ഷയും ആണ് മറ്റെല്ലാറ്റിനെക്കാളും ആവശ്യം എന്ന്. ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളുടെ ആ തിരിച്ചറിവിനെ എത്രയും പെട്ടെന്ന് സംഘടിതരാഷ്ട്രീയശക്തിയാക്കി മാറ്റാൻ ആണ് പ്രിയങ്കാഗാന്ധിയും കൊണ്ഗ്രസ്സും ശ്രമിക്കേണ്ടത്. തിരികെ വരാൻ എന്തെങ്കിലും വിദൂര സാധ്യത കോൺഗ്രസ്സിനു ഇന്നുണ്ടെങ്കിൽ അതിനു ഈ ഒരു വഴിയാണ് അഭികാമ്യം.

അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല. ഗാന്ധിയുടെ രാമൻ അവരുടെ കൂടെയാണ്. നമ്മൾ ഓർമ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാർമ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കിയവർ ആണ് രാമനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്! അതുകൊണ്ട്, നെഹ്രുവിനെ ഓർമിച്ചുകൊണ്ട് വേദനയോടെ കോൺഗ്രസ്സിനോട് പറയട്ടെ, മതനിരപേക്ഷതയുടെ ഇത്തിരി ഉപ്പ് രസമെങ്കിലും നിലനിർത്തൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP