Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തിൽ; പ്രിയങ്കക്കെതിരെ പ്രമേയം പാസാക്കി മുസ്ലിംലീഗ്; പ്രസ്താവനയോട് ശക്തമായി എതിർക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് നിലപാട് മതസ്പർധ വളർത്തുമെന്ന് തുറന്നടിച്ചു ഇ ടി മുഹമ്മദ് ബഷീറും; പ്രമേയത്തിൽ വിവാദം ഒതുക്കുന്നത് യുഡിഎഫിന് ക്ഷീണമുണ്ടാകാതിരിക്കാൻ; നെഹ്രു കുടുംബത്തിലെ പ്രമുഖ നേതാവിനെതിരെ പ്രമേയം പാസാക്കിയിട്ടും ഒന്നും മിണ്ടാതെ കോൺഗ്രസ് നേതൃത്വം

രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തിൽ; പ്രിയങ്കക്കെതിരെ പ്രമേയം പാസാക്കി മുസ്ലിംലീഗ്; പ്രസ്താവനയോട് ശക്തമായി എതിർക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് നിലപാട് മതസ്പർധ വളർത്തുമെന്ന് തുറന്നടിച്ചു ഇ ടി മുഹമ്മദ് ബഷീറും; പ്രമേയത്തിൽ വിവാദം ഒതുക്കുന്നത് യുഡിഎഫിന് ക്ഷീണമുണ്ടാകാതിരിക്കാൻ; നെഹ്രു കുടുംബത്തിലെ പ്രമുഖ നേതാവിനെതിരെ പ്രമേയം പാസാക്കിയിട്ടും ഒന്നും മിണ്ടാതെ കോൺഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ തള്ളി മുസ്ലിംലീഗ്. കോഴിക്കോട് ചേർന്ന മുസ്ലിംലീഗിന്റെ അടിയന്തര നേതൃയോഗമാണ് പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസാക്കിയത്. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നതാണ് ഉയർന്ന പ്രധാന വിമർശനം. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിർക്കുന്നുവെന്നും പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നിലപാട് മതസ്പർധ വളർത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ബാബറി വിഷയത്തിൽ മുസ്ലിം ലീഗ് എടുത്ത മതേതര നിലപാട് ചരിത്രത്തിൽ ഇടംനേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തുന്നു. പ്രസ്താവന തീർത്തും അസ്ഥാനത്താണ്. ഇത്രമാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പ്രിയങ്കയുടെ പ്രസ്താവന എന്തുകാരണത്താലാണ് അസ്ഥാനത്തെന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അക്കാര്യങ്ങളൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ല. ബാബറി കേസ് വിഷയത്തിൽ നേരത്തേ ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. നേരത്തേതിൽ നിന്ന് വ്യത്യസ്ഥമായി വന്നത് പ്രിയങ്കയുടെ പ്രസ്താവന മാത്രമാണ്. അതിൽ മാത്രമേ ഇപ്പോൾ അഭിപ്രായം പറയേണ്ടതുള്ളൂവെന്നാണ് തീരുമാനം. ഈ ഘട്ടത്തിൽ വേറെന്തെങ്കിലും പരാമർശം നടത്തി കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. പുതിയ ചർച്ചകൾക്ക് തുടക്കമിടാനുമില്ല.

അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. അതായത് വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടല്ല. എന്നാൽ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് വിവാദമാക്കുന്നതിനോട് യോജിപ്പില്ല. കോടതി വിധിയോടെ അയോധ്യ അദ്ധ്യായം അടഞ്ഞു. ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കാനാഗ്രഹിക്കുന്നില്ല. അത് നാടിന് നല്ലതല്ല. സമുദായ അനൈക്യത്തിനാണ് അത് വഴിവെയ്ക്കുക. മതേതര പാതയിലുള്ള മതസാമുദായിക സംഘടനകളുമായി ഇതിനകം വിഷയത്തിൽ ലീഗ് ആശയവിനിമയം നടത്തിയിട്ടുണ്ട്. സമുദായങ്ങളുടെ താൽപ്പര്യത്തിനും ന്യൂനപക്ഷ താൽപ്പര്യത്തിനും ഈ സമീപനമാണ് നല്ലതെന്നാണ് എല്ലാവരും വ്യക്തമാക്കിയത്. അല്ലാതെ സാഹചര്യം മുതലാക്കി വിഭജനത്തിന് കാരണമാകുന്ന ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാഗാന്ധി ട്വിറ്ററിൽ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവർ കുറിച്ചു.

രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കേണ്ടത് കോൺഗ്രസിന്റെ സ്വാഭാവിക ചുമതലയെന്ന് ലീഗ് മുഖപത്രം ചന്ദ്രിക മുഖപ്രസംഗത്തിൽ വിമർശിച്ചിരുന്നു. മതേതരത്വത്തെ വെല്ലുവിളിച്ചും അധികാരവും സംഘടന ശക്തിയുമുപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം നടക്കുന്നതെന്ന് മുഖപത്രത്തിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിർക്കേണ്ടത് കോൺഗ്രസിനെ പോലെയുള്ള പാർട്ടിയുടെ സ്വാഭാവിക ചുമതലയാണ്. അയോധ്യ വിധി വന്നപ്പോഴും ക്ഷേത്ര നിർമ്മാണ സമയത്തും കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നാണ് വ്യക്തമാവുന്നത്. വിഷയത്തിൽ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും ചന്ദ്രിക മുഖപ്രസംഗം കുറ്റപ്പെടുത്തി.

അതേസമയം നെഹ്രു കുടുംബത്തിലെ പ്രമുഖ നേതാവിനെതിരെ മുസ്ലിംലീഗ് പ്രമേയം പാസാക്കിയിട്ടും ഇക്കാര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുകയാണ്. യുഡിഎഫിന്റെ കെട്ടുറപ്പിന് ഇതാണ് നല്ലതെന്നാണ് നേതാക്കളുടെ നിഗമനം. അതേസമയം മുസ്ലിംലീഗും ഈ വിഷയം പ്രമേയത്തിൽ ഒതുക്കിയേക്കും. കാരണം, മുന്നണിക്ക് ക്ഷീണം ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് ലീഗിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കൂടുതൽ പ്രസ്താവനകളിലേക്കും വിവാദങ്ങളിലേക്കും ലീഗ് കടക്കാൻ ഇടയില്ല. ഈ അവസരം ഇടതു മുന്നണി മുതലെടുത്താൽ അത് നേരിട്ടു ബാധിക്കുക യുഡിഎഫിനെയാണെന്ന ബോധ്യം നേതാക്കൾക്കിടയിലുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ചേർന്നാണ് നിലപാട് സ്വീകരിച്ചത്. രാവിലെ അയോധ്യയിൽ പൂജ നടക്കുന്ന വേളയിൽ തന്നെയാണ് ഇക്കാര്യത്തിൽ ലീഗ പ്രതിഷേധ യോഗം ചേർന്നത്. ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങൾ രാമന്റെ പ്രതീകങ്ങളാണെന്നും ട്വിറ്ററിൽ പ്രിയങ്ക കുറിച്ചിരുന്നു. എന്നാൽ, ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. ദിഗ്‌വിജയ് സിങ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ നേരത്തെ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു. ''ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർത്ഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്'' എന്നായിരുന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്. ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രിയങ്ക തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്. ഈ ട്വീറ്റാണ് വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP