Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയതന്ത്ര കടത്തിനിടെ കണ്ടെത്തിയത് ഗുരുതര പ്രോട്ടോകോൾ വീഴ്ച; കോൺസുലേറ്റ് വാഹനത്തിൽ എത്തിയത് ഖുറാൻ എന്ന് പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള നീക്കവും വില പോവില്ല; ഗവർണ്ണറെ കണ്ട് അന്വേഷണ പുരോഗതി അറിയിച്ച എൻഐഎ സംഘം സൂചന നൽകിയത് മന്ത്രിയുടെ ചോദ്യം ചെയ്യലിനുള്ള സാധ്യതകൾ; പ്രോട്ടോകോൾ ലംഘനത്തിന്റെ നിയമ വശം പരിശോധിച്ച് വിദേശകാര്യ വകുപ്പും; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പിണറായിക്ക് കൈവിടേണ്ടി വന്നേക്കും; ജലീലിന്റെ രാജി സാധ്യത ചർച്ചയാകുമ്പോൾ

നയതന്ത്ര കടത്തിനിടെ കണ്ടെത്തിയത് ഗുരുതര പ്രോട്ടോകോൾ വീഴ്ച; കോൺസുലേറ്റ് വാഹനത്തിൽ എത്തിയത് ഖുറാൻ എന്ന് പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള നീക്കവും വില പോവില്ല; ഗവർണ്ണറെ കണ്ട് അന്വേഷണ പുരോഗതി അറിയിച്ച എൻഐഎ സംഘം സൂചന നൽകിയത് മന്ത്രിയുടെ ചോദ്യം ചെയ്യലിനുള്ള സാധ്യതകൾ; പ്രോട്ടോകോൾ ലംഘനത്തിന്റെ നിയമ വശം പരിശോധിച്ച് വിദേശകാര്യ വകുപ്പും; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പിണറായിക്ക് കൈവിടേണ്ടി വന്നേക്കും; ജലീലിന്റെ രാജി സാധ്യത ചർച്ചയാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആസന്നമെന്ന സൂചനകൾ ശക്തമാകുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ഇടപാട് നടത്തിയതിന്റെ പേരിൽ മന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചന സംസ്ഥാന സർക്കാരിനു കേന്ദ്രത്തിൽ നിന്നും ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. യുഎഇ കോൺസുലെറ്റുമായി നടത്തിയ ഇടപടലിനു പുറമേ സ്വർണ്ണക്കടത്തുമായുള്ള ബന്ധം ജലീലിൽ ആരോപിക്കപ്പെടുന്ന പശ്ചാത്തലം കൂടി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള എൻഐഎ അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്ന കാര്യം കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഒരു മാസത്തിനുള്ളിൽ മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ടി വരുന്ന സൂചനകളാണ് ശക്തമാകുന്നത്. വിവാദവുമായി മുറിച്ചുമാറ്റാകാത്ത ബന്ധം ജലീലിനു ഉണ്ടെന്നാണ് എൻഐഎയ്ക്ക് ലഭിച്ച വിവരം എന്ന് സൂചനയുണ്ട്. അന്വേഷണം മുന്നോട്ടു പോകുമ്പോൾ ജലീലിനെ ചോദ്യം ചെയ്യേണ്ടി വരും. മന്ത്രി എന്ന നിലയിൽ ഇതിനു തടസങ്ങളുണ്ട്. അതിനാലാണ് മന്ത്രി ജലീലിന്റെ രാജി വേണ്ടി വരുമെന്ന കാര്യം കേരളത്തിന്റെ ശ്രദ്ധയിലേക്ക് കേന്ദ്രം കൊണ്ടുവരുന്നത്.

മൂന്നാഴ്ച മുൻപ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടാനാണ് ഗവർണറെ എൻഐഎ സംഘം സന്ദർശിച്ചത് എന്ന് ശ്രുതികൾ പരന്നിരുന്നെങ്കിലും ജലീലും സ്വർണ്ണക്കടത്തുമായി വന്ന ബന്ധം ചൂണ്ടിക്കാട്ടാനാണ് ഈ സന്ദർശനം എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതൊക്കെ തന്നെ അറിയുന്നതുകൊണ്ടാണ് രാജി ആസന്നമെങ്കിൽ ജലീലിനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണസിരാകേന്ദ്രത്തിൽ ഉരുത്തിരിയുന്നതും.

സ്വർണ്ണക്കടത്തിൽ എൻഐഎ നടത്തിവരുന്ന അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്നു മന്ത്രിസഭയിൽ ജലീലിന്റെ രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനും ബോധ്യമായിട്ടുണ്ട്. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കെ മന്ത്രി ജലീലിന്റെ രാജി ആസന്നമെന്ന് ഇടതു കേന്ദ്രങ്ങളും വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. രാജി വേണ്ടി വന്നാൽ മന്ത്രി എന്ന നിലയിലുള്ള പരിരക്ഷ ജലീലിനു നഷ്ടമാകും. ഇത് ജലീലിനു പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ജലീലിനെ ചോദ്യം ചെയ്യാനോ മറ്റു നടപടികൾക്കോ എൻഐഎയ്ക്ക് മുന്നിൽ തടസവും വരില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ രാജി എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി എന്ന നിലയിൽ ജലീൽ യുഎഇ കോൺസുലെറ്റുമായി ഇടപെട്ട രീതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് വിദേശകാര്യാ മന്ത്രാലയം നടത്തുന്നത്. ഇതിനു ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയും നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികൾ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എൻഐയും നടത്തുന്നുണ്ട്. നിലവിൽ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോൺസുലേറ്റിൽ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്‌സലിൽ ഖുറാൻ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീൽ തന്നെ വ്യക്തമാക്കിയത്. യുഎഇ കോൺസുലെറ്റിൽ നിന്നും റംസാൻ കിറ്റുകൾ വാങ്ങി തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയിൽ മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവിൽ യുഎഇ കോൺസുലേറ്റ്. ഈ കോൺസുലെറ്റുമായാണ് മന്ത്രി ജലീൽ ജലീൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോൺസുലെറ്റിൽ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകൾ ഖുറാൻ ആണെന്ന് മന്ത്രി ജലീൽ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം എന്നാണ് ഇതുമായി ബന്ധപ്പെട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മന്ത്രി ജലീൽ പറഞ്ഞത്. രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. വിശുദ്ധ ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുർആൻ കോപ്പികൾ മസ്ജിദുകളിൽ ആര് നൽകിയാലും അതെങ്ങനെയാണ് തെറ്റാവുക? സർക്കാർ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാൻ പറ്റാത്ത ഗ്രന്ഥമാണ് ഖുർആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കിൽ, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണം-ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മന്ത്രി പറയുന്നു. പക്ഷെ വിതരണം ചെയ്തത് ഖുറാൻ തന്നെ ആയിരുന്നോ എന്ന ചോദ്യം ഇവിടെ ബാക്കിയാവുകയാണ്. ഇതെല്ലാം മന്ത്രി നേരിട്ട് അറിഞ്ഞു നടത്തിയതാണ്. സംസ്ഥാന മന്ത്രിസഭയ്‌ക്കോ മറ്റു മന്ത്രിമാർക്കോ ഒരു ഉത്തരവാദിത്തവുമില്ല. മന്ത്രിസഭ അറിഞ്ഞു നടത്തിയ ഒരു കാര്യത്തിന് നൽകുന്ന മറുപടിയാണ് വ്യക്തിപരമായി നടത്തിയ ഒരു കാര്യത്തിന്, അതും ഒരു വിദേശരാജ്യവുമായി നടത്തിയ ഇടപാടിന്റെ പേരിൽ മന്ത്രി നൽകിയിരിക്കുന്നത്. ഇതൊക്കെ തന്നെ മന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പര്യാപ്തവുമാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ജലീലിനു എതിരെ ആഞ്ഞടിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലീൽ രാജി വയ്‌ക്കേണ്ടി വരും എന്ന സൂചനകൾ സുരേന്ദ്രന് ലഭിച്ചതിനാലാണ് ജലീലിനെതിരെ ആരോപണം സുരേന്ദ്രനും ശക്തിപ്പെടുത്തുന്നത്. ജലീലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുൻപ് തന്നെ തങ്ങൾ കേരളത്തിന്റെ ശ്രദ്ധയിൽകൊണ്ട് വന്നു പറയാൻ വേണ്ടിയാണ് സുരേന്ദ്രൻ ആരോപണങ്ങൾ കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന വാർത്താസമ്മേളനത്തിലും ജലീലിനെതിരെ സുരേന്ദ്രൻ ആഞ്ഞടിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്ന ആരോപണം നേരത്തെ ഉയർന്നുവന്നതാണ്. മുൻപ് താൻ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി കെ.ടി ജലീലിൽ റംസാൻ കിറ്റാണോ സ്വർണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. എന്നാൽ അന്ന് പല മാധ്യമപ്രവർത്തകരും അതിശയോക്തിയോടെയാണ് ഈ ചോദ്യത്തെ കണ്ടത്. എന്നാൽ ഇന്ന് അന്വേഷണം ഈ ദിശയിലേക്കാണ് പോകുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാറ്റിൽ നിന്ന് 28 ബഗേജുകൾ മലപ്പുറം ജില്ലയിലേക്ക് പോയി എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിൽ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്. ഇവിടേക്ക് യുഎഇ കോൺസുലേറ്റിൽ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകൾ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസികൾ നടപടികളാരംഭിച്ചു. എന്നാൽ വിശുദ്ധ ഖുറാൻ ആണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീൽ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാൻ യുഎഇയിൽ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരുകാര്യവും ഇല്ല.

കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാൻ. 28 പായ്ക്കറ്റുകളിൽ ചിലത് പൊട്ടിക്കാൻ പാടില്ലെന്ന നിർദ്ദേശം സിയാറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സിയാറ്റിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ് നടത്തിയിട്ടുള്ളത്. സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP