Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാലിനെ പൊലീസ് പിടികൂടി; സബ് ട്രഷറിയിൽനിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായത് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ; താൻ നിരപരാധിയെന്നും അക്കൗണ്ടിലുള്ളത് റമ്മി കളിച്ച് നേടിയ പണമെന്നും ബിജുലാൽ; തട്ടിപ്പ് നടത്തിയത് മറ്റാരോ എന്നും ആരോപണം; ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണവുമായി മുന്നോട്ട്

വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാലിനെ പൊലീസ് പിടികൂടി; സബ് ട്രഷറിയിൽനിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിലായത് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ; താൻ നിരപരാധിയെന്നും അക്കൗണ്ടിലുള്ളത് റമ്മി കളിച്ച് നേടിയ പണമെന്നും ബിജുലാൽ; തട്ടിപ്പ് നടത്തിയത് മറ്റാരോ എന്നും ആരോപണം; ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണവുമായി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ പിടിയിലായി. വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു രണ്ട് കോടി രൂപ തട്ടിയ കേസിലാണ് സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസിൽ വച്ചാണ് പിടികൂടിയത്.  പൊലീസിൽ കീഴടങ്ങാനായാണ് രാവിലെ ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്.

മാധ്യമങ്ങളുമായി സംസാരിക്കവെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും താൻ ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും  ഇക്കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി.  മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാനെത്തിയത്. 

മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‍വേഡ് ഉപയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകൾ ഉദ്യോഗസ്ഥൻ ഡിലീറ്റാക്കി. എന്നാൽ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കിൽ രണ്ട് കോടിയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭാര്യ സിമിക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് രണ്ടാം പ്രതിയാക്കിയതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. അതേസമയം ധനവകുപ്പ് നിയോഗിച്ച പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

ഓഫീസിലെ സാങ്കേതിക പിഴവുകൾ യഥാസമയം കണ്ടെത്തി പരിഹരിക്കാത്തതാണ് ബിജുലാലിനെ തുകമാറ്റാൻ സഹായിച്ചത്. രണ്ട് കോടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബിജുലാലിനെ കുരുക്കിയതും ഈ പിഴവുകൾ തിരിച്ചറിഞ്ഞതോടെയാണ്. തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞതോടെ സമാനരീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ധനവകുപ്പ് അന്വേഷിക്കുകയാണ്.

സംഭവം ഗുരുതരമായി എടുക്കുകയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിക്കുന്നത്.അതുകൊണ്ടാണ് ധനവകുപ്പ് മേധാവിയെത്തന്നെ അന്വേഷണത്തിനു നിയോഗിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങൾ തീരുമാനിക്കും. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ നപടിയെടുക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്‌ത്താൻ ആരെയും അനുവദിക്കില്ല -മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ട് പാസ്വേഡ് റദ്ദാക്കിയില്ല: ട്രഷറിയിൽനിന്ന് ഓൺലൈനായി പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ടന്റു മാത്രം കണ്ടാൽ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മെയ്‌ 31-നു വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്വേഡ് ഉപയോഗപ്പെടുത്തിയാണ് ബിജുലാൽ അനധികൃത ഇടപാടിന് അംഗീകാരം നൽകിയത്. ട്രഷറിജീവനക്കാർ വിരമിക്കുമ്പോൾ അവരുടെ യൂസർ ഐ.ഡി.യും പാസ്വേഡും ഒഴിവാക്കണമെന്നാണു ചട്ടം. വിരമിച്ചവരുടെ യൂസർ നെയിമും പാസ്വേഡും യഥാസമയം റദ്ദാക്കാത്തതിന് ഉത്തരവാദികളാര്? സമാന സംഭവങ്ങൾ വേറെയുണ്ടോ? എന്നിവയാക്കെ സാങ്കേതികമായി വന്ന പാളിച്ചകളാണ്.

തട്ടിപ്പ് നടന്നത് 27-നാണ്. ഇതോടെ, കണക്ക് പൊരുത്തപ്പെടാതെ വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാൽ, ജില്ലാ ട്രഷറി ഓഫീസർ റിപ്പോർട്ട് നൽകിയത് 30-നാണ്. എന്തുകൊണ്ട് പണം പോയെന്നു കണ്ടെത്താൻ രണ്ടുദിവസം വേണ്ടിവന്നു? 27-ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്? അതോ അറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതോ? ആരാണ് ഇതിനുത്തരവാദി? ട്രഷറി സോഫ്റ്റ്‌വേറിൽ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ? കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനമായ സ്റ്റാൻഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി എന്ന സ്ഥാപനമാണ് ട്രഷറി സോഫ്റ്റ്‌വേറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. എൻ.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവുമാണ് ഇതിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് മന്ത്രി പ്രതികരിച്ചത്.

തട്ടിപ്പുകേസ് പ്രതി എം.ആർ. ബിജുലാൽ മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് കാൻസൽചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെൻഷൻ ഒഴികെയുള്ള ബില്ലുകൾ മാറുംമുമ്പ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.തട്ടിപ്പ് കണ്ടെത്തിയതോടെ ട്രഷറിയിലെ സോഫ്റ്റ്‌വേറിൽ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപാടിന്റെ വിവരങ്ങൾ സോഫ്റ്റ്‌വേറിൽ നീക്കംചെയ്യാം. തെറ്റിപ്പോയ ഇടപാടുകൾ റദ്ദാക്കാനാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ആ പണം മറ്റ് അക്കൗണ്ടിലേക്കു മാറ്റുന്നത് ഇതോടൊപ്പം സ്വയം റദ്ദാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP