Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്തായിയുടെ മരണത്തിൽ തെളിവു നശിപ്പിക്കാൻ വനപാലകർ പോയ വഴിയേ കാടു കയറി പൊലീസ്; ജനറൽ ഡയറി ഓഫീസിൽ നിന്ന് കൊണ്ടുപോയോ എന്ന് പരിശോധിക്കാൻ വനപാതയിലൂടെ അന്വേഷണ സംഘത്തിന്റെ യാത്ര; കൊലക്കുറ്റം ചുമത്താനുള്ള പഴുതു തേടി സി ബ്രാഞ്ച്; മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കും; ഏഴു വനപാലകർ സംശയ നിഴലിൽ തന്നെ

മത്തായിയുടെ മരണത്തിൽ തെളിവു നശിപ്പിക്കാൻ വനപാലകർ പോയ വഴിയേ കാടു കയറി പൊലീസ്; ജനറൽ ഡയറി ഓഫീസിൽ നിന്ന് കൊണ്ടുപോയോ എന്ന് പരിശോധിക്കാൻ വനപാതയിലൂടെ അന്വേഷണ സംഘത്തിന്റെ യാത്ര; കൊലക്കുറ്റം ചുമത്താനുള്ള പഴുതു തേടി സി ബ്രാഞ്ച്; മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കും; ഏഴു വനപാലകർ സംശയ നിഴലിൽ തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുടപ്പനക്കുളത്തെ യുവകർഷകൻ പി.പി. മത്തായിയുടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഏഴു വനപാലകരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന മുറവിളി ഉയരുന്നതിനിടെ ഇതിന് വേണ്ട തെളിവു ശേഖരിക്കുന്നതിനായി അന്വേഷണ സംഘം വനത്തിൽ പരിശോധന നടത്തി.

മത്തായി മൃഗവേട്ടയ്ക്ക് പോയെന്ന വനപാലക സംഘത്തിന്റെ വിശദീകരണത്തിന്റെ നിജസ്ഥിതി തേടുകയും ജനറൽ ഡയറയിൽ വനപാലകർ കൃത്രിമം കാണിച്ചോ എന്ന് അറിയുകയുമായിരുന്നു കാടുകയറിയുള്ള പരിശോധനയുടെ ലക്ഷ്യം. ഇന്നലെ രാവിലെ വനപാലക സംഘത്തെ ചോദ്യം ചെയ്ത സി ബ്രാഞ്ചിന്റെ ചുമതല കൂടി വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ടാണ് കാട്ടിലേക്ക് കടന്നത്.

ചിറ്റാറിൽ നിന്ന് കാട്ടിൽ കയറിയ അന്വേഷകർ ഗുരുനാഥൻ മണ്ണ്, കരികുളം വനമേഖലകളിൽ പരിശോധന നടത്തി. രാത്രി ഏറെ വൈകിയാണ് അന്വേഷണം അവസാനിപ്പിച്ചത്. മൂന്നു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വനപാലകരെ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകളാണ് അന്വേഷണ സംഘം തേടുന്നത്. മൃഗവേട്ടയ്ക്ക് പോയ മത്തായിയും മറ്റു രണ്ടു പേരും മടങ്ങി വരുന്ന വഴി ഒളികല്ല് വനമേഖലയിൽ സ്ഥാപിച്ചിരുന്ന ടൈഗർ ട്രാപ്പ് ക്യാമറ തകർത്തുവെന്നാണ് വനംവകുപ്പിന്റെ വാദം.

ഇതു ശരിയാണോ എന്ന് അറിയാനുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തുന്നത്. മത്തായി കൊല്ലപ്പെട്ട ദിവസം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി എടുത്തുകൊണ്ട് വടശേരിക്കര ഫോറസ്റ്റ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടു പോയി എന്നൊരു പരാതിയും ഉയർന്നിരുന്നു. ഇത് അന്വേഷിക്കുന്നതിന് കൂടി വേണ്ടിയിട്ടാണ് ഗുരുനാഥൻ മണ്ണ്, കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ പരിശോധന നടത്തിയത്. മത്തായിയുടെയും സംഘത്തിലുണ്ടായിരുന്നവരുടെയും മൊബൈൽ ടവർ ലൊക്കേഷനും കാൾ ലിസ്റ്റും പരിശോധിക്കുന്നുണ്ട്. ചിറ്റാർ കാടുകളിൽ നിന്ന് ഗുരുനാഥൻ മണ്ണിലും അവിടെ നിന്ന് കരികുളത്തുമാണ് സംഘം എത്തിയത്.

അന്വേഷണം വേഗത്തിലാണ് നടക്കുന്നത് എന്ന് ഡിവൈഎസ്‌പി പറഞ്ഞു. ചില സാങ്കേതിക തടസങ്ങൾ മാത്രമാണുള്ളത്. വനപാലകരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ ഡിജിപിയോട് അനുമതി തേടിയിട്ടുണ്ട്. അത് വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്‌പിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വനപാലകരുടെ അവകാശവാദം സംബന്ധിച്ച് അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷമാകും 28 ന് വൈകിട്ട് നാലിനും രാത്രി ഏഴിനുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുക. മത്തായി സ്വയം കിണറ്റിൽ ചാടിയതാണോ അതോ വനപാലകരുടെ അടിയേറ്റ് വീണതാണോ എന്നാണ് കണ്ടെത്തേണ്ടത്.

സ്വയം ചാടിയാലും ആരെങ്കിലും തള്ളിയിട്ടതാണെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്താണ് അവിടെ സംഭവിച്ചത് എന്നുള്ളത് അറിയാവുന്നത് മത്തായിക്കും ഏഴു വനപാലകർക്കുമാണ്. അതിൽ മത്തായി മരിച്ചു. ഇനി വനപാലകരാണ് സത്യം പറയേണ്ടത്. വനംവകുപ്പ് റാന്നി കോടതിയിൽ നൽകിയ മഹസറിൽ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇതിൽ കൂടുതൽ വനപാലക സംഘത്തിൽ നിന്ന് കിട്ടാൻ സാധ്യത കുറവാണ്.

പ്രാഥമിക അന്വേഷണം കഴിഞ്ഞ് വനപാലകരെ പ്രതി ചേർക്കുന്നതോടെ പന്ത് പൊലീസിന്റെ കോർട്ടിലാകും. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് പിന്നിലെ ചുരുൾ അഴിയുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP