Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറമറ്റത്ത് യാചകന് കോവിഡ്; ഉറവിടം അറിയാതെ പഞ്ചായത്ത് വട്ടം ചുറ്റുന്നു; കേരളാ ബാങ്ക് ജില്ലാ ഓഫീസ് രോഗത്തിന്റെ പ്രഭവ കേന്ദ്രമാകുന്നു; മുത്തൂറ്റ് ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ: പത്തനംതിട്ടയിൽ കോവിഡിന്റെ സമ്പർക്കം നിസാരമല്ല

പുറമറ്റത്ത് യാചകന് കോവിഡ്; ഉറവിടം അറിയാതെ പഞ്ചായത്ത് വട്ടം ചുറ്റുന്നു; കേരളാ ബാങ്ക് ജില്ലാ ഓഫീസ് രോഗത്തിന്റെ പ്രഭവ കേന്ദ്രമാകുന്നു; മുത്തൂറ്റ് ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ: പത്തനംതിട്ടയിൽ കോവിഡിന്റെ സമ്പർക്കം നിസാരമല്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ കോവിഡിന്റെ സമ്പർക്കം ഗുരുതര നിലയിലേക്ക്. പുറമറ്റം പഞ്ചായത്തിൽ യാചകന് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ പുറത്തു വന്നിരിക്കുന്നത്. ഇയാൾക്ക് എവിടെ നിന്ന് രോഗം വന്നുവെന്നോ, എവിടെയൊക്കെ പോയെന്നോ, ആരുമായൊക്കെ സമ്പർക്കം വന്നുവെന്നോ വ്യക്തമല്ല.

തെരുവിൽ അലയുന്ന യാചകന് രോഗം വന്നതാണിപ്പോൾ ആശങ്കയ്ക്ക് കാരണമാകുന്നത്. പത്തനംതിട്ട നഗരത്തിലെ മുത്തൂറ്റ് മെഡിക്കൽ സെന്റർ പുതിയ കോവിഡ് ക്ലസ്റ്റർ ആയി മാറിയിട്ടുണ്ട്. ഒമ്പതു പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സമ്പർക്കത്തിൽ നിന്നാണ് ആശുപത്രിയിൽ രോഗബാധയുടെ തുടക്കം. ഇവിടെ ചികിൽസ തേടി എത്തിയവർക്കാണ് ആദ്യം രോഗം വന്നത്. പിന്നാലെ ഗൈനക്കോളജിസ്റ്റിനും സ്റ്റാഫ് നഴ്സുമാർക്കും അടക്കം രോഗം സ്ഥിരീകരിച്ചു.

കേരളാ ബാങ്ക് ജില്ലാ ഓഫീസാണ് കോവിഡ് അതിവേഗം പടർന്നു പിടിക്കുന്ന മറ്റൊരു സ്ഥലം. ആറു പേർക്കാണ് ഇവിടെ രോഗം വന്നിരിക്കുന്നത്. കേരളാ ബാങ്കിന്റെ ജില്ലാ ഓഫീസ് അടച്ചു. മുഴുവൻ ജീവനക്കാരോടും കോവിഡ് പരിശോധന നടത്താൻ നിർദേശവും നൽകി. എന്നിട്ടും നാലു പേരോളം പരിശോധനയ്ക്ക് തയാറായില്ലെന്ന് വിവരം. തിങ്കളാഴ്ച മുതലാണ് ബാങ്ക് അടച്ചത്. ജീവനക്കാരോട് ക്വാറന്റൈനിൽ പോകാനും ആവശ്യപ്പെട്ടു. ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം ആറായി.

ബാങ്ക് അടച്ചതിനാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററാക്കിയിട്ടില്ല. ഡേറ്റാ എൻട്രി സെക്ഷനിലെ ജീവനക്കാരിൽ ചിലർ മാത്രമാണ് ഇപ്പോൾ ജോലിക്ക് എത്തുന്നത്. കുമ്പഴ ക്ലസ്റ്ററിൽ നിന്ന് ആദ്യം രോഗം സ്ഥിരീകരിച്ച സിപിഎം നേതാവ് ബാങ്കിലെത്തിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരു ജീവനക്കാരി മാത്രമാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. അതിന് ശേഷം ക്ലാർക്കിനാണ് ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകയായ ഭാര്യയിൽ നിന്നായിരുന്നു ഇദ്ദേഹത്തിന് രോഗമുണ്ടായത്. എന്നിട്ടും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ അധികൃതർ തയാറായിരുന്നില്ല.

രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ശനിയാഴ്ച ജീവനക്കാരെ പരിശോധനയ്ക്ക് വിട്ടത്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിച്ചവരോട് ജോലിക്കെത്താൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാൽ, ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് ഇവരോട് നിർദേശിച്ചിരിക്കുന്നത്. ബാങ്ക് കുറേ ദിവസം കൂടി അടച്ചിടേണ്ടി വരുമെന്നാണ് അറിയുന്നത്.

ഇന്നലെ 32 പേർക്കാണ് ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചു. 17 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. എട്ടു പേർ വിദേശത്തും ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നവരാണ്. ആറു പേർ കുമ്പഴ ക്ലസ്റ്ററിലുള്ളവരും മൂന്നു പേർ അടൂർ ക്ലസ്റ്ററിലുള്ളവരും ഒരാൾ കോട്ടാങ്ങൽ ക്ലസ്റ്ററിലുള്ള ആളുമാണ്. മൂന്നു പേരുടെ സമ്പർക്ക പഞ്ചാത്തലം വ്യക്തമല്ല. സമ്പർക്കപഞ്ചാത്തലം വ്യക്തമല്ലാത്ത രണ്ട് രോഗബാധ റിപ്പോർട്ട് ചെയ്തതിനാൽ പുറമറ്റം വാർഡ് നമ്പർ 12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്.

പ്രമാടം പഞ്ചായത്ത് നാലാം വാർഡിൽ ഒന്ന്, മൈലപ്ര മൂന്നാം വാർഡിൽ മൂന്ന്, നാരങ്ങാനം എട്ടാം വാർഡിൽ രണ്ട് എന്നിങ്ങനെയാണ് കുമ്പഴ ക്ലസ്റ്ററിൽ നിന്നുള്ള രോഗബാധിതർ. പള്ളിക്കൽ വാർഡ് 15 ൽ രണ്ട്, വള്ളിക്കോട് 10-ാം വാർഡിൽ ഒന്ന് എന്നിങ്ങനെയാണ് അടൂർ ക്ലസ്റ്ററിലെ രോഗബാധ. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ജീവനക്കാരിക്കും മൈക്രോലാബിൽ എക്സ്റേ ടെക്നിഷ്യനും ഐ.സിഐ.സിഐ ബാങ്കിൽ സുരക്ഷാ ജീവനക്കാരനും രോഗമുണ്ട്. കുമ്പഴ എസ്റ്റേറ്റിലെ ഡ്രൈവർക്കും കുമ്പനാട് കക്കുടിയിൽ ദന്തൽ ആശുപത്രിയിലെ ജീവനക്കാരിക്കും പുറമറ്റത്തെ യാചകനും ഉറവിടം അറിയാത്ത രോഗം സ്ഥിരീകരിച്ചു.

കുമ്പഴ-320, അടൂർ-100, കുറ്റപ്പുഴ-30, കോട്ടാങ്ങൽ-31, പത്തനംതിട്ട സ്വകാര്യ ആശുപത്രി-ഒമ്പത് എന്നിങ്ങനെയാണ് വിവിധ ക്ലസ്റ്ററുകളിലെ രോഗബാധിതരുടെ എണ്ണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP