Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യയിൽ നാളെ നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പൂജാരിക്ക് കൂടി കോവിഡ്; തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി; കോവിഡ് വ്യാപന ഭീതിയിലും മഹാക്ഷേത്ര ന​ഗരി ഉത്സവലഹരിയിൽ

അയോധ്യയിൽ നാളെ നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പൂജാരിക്ക് കൂടി കോവിഡ്; തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി; കോവിഡ് വ്യാപന ഭീതിയിലും മഹാക്ഷേത്ര ന​ഗരി ഉത്സവലഹരിയിൽ

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നാളെ അയോധ്യയിൽ നടക്കുന്ന ഭൂമിപൂജയിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു പൂജാരിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രേംകുമാർ തിവാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മുഖ്യ പൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കും കോവിഡ് ബാധിച്ചിരുന്നു. വീണ്ടും മറ്റൊരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.'അയോധ്യയിൽ എന്നും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന പൂജാരിയാണ് പ്രേംകുമാർ. ഒരേ സ്ഥലത്താണ് ഞങ്ങളെല്ലാം താമസിക്കുന്നത്. ഞാൻ ചെറുപ്പമല്ലാത്തിനാൽ എനിക്കും നിയന്ത്രണങ്ങളുണ്ട്'- സത്യേന്ദ്ര ദാസ് പറഞ്ഞു. 82കാരനായ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്.

സ്ഥലത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും മുൻ നിശ്ചയിച്ച പ്രകാരം ഭൂമി പൂജ നടക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ നാളെ അയോധ്യയിൽ നടക്കുന്ന ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കുന്നുണ്ട്. താൻ അയോധ്യയിൽ എത്തുമെങ്കിലും മോദിയുടെയും മറ്റുള്ളവരുടെയും സുരക്ഷ പരി​ഗണിച്ച് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കി. താൻ ട്രെയിനിലാണ് ഭോപ്പാലിൽ നിന്ന് അയോധ്യയിലെത്തുക. യാത്രയിൽ കോവിഡ് ബാധിച്ചവരുമായി സമ്പർക്കമുണ്ടായേക്കാം. അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നതെന്നാണ് ഉമ ഭാരതി പറഞ്ഞത്.

രാമക്ഷേത്ര ഭൂമിപൂജയ്ക്കായി അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നാളത്തെ ചടങ്ങിനായി ക്ഷേത്രനഗരി അലങ്കരിച്ചു. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞനിറമാണിപ്പോൾ. പ്രധാനമന്ത്രി ആദ്യം തൊഴാൻ എത്തുമെന്നു കരുതുന്ന ഹനുമാൻ ക്ഷേത്രം അണുവിമുക്തമാക്കി. നഗരത്തിലെങ്ങും സ്ഥാപിച്ച മൂവായിരത്തോളം ശബ്ദസംവിധാനങ്ങളിലൂടെ രാമമന്ത്രങ്ങൾ രാപകലുയരുന്നു.

പുണ്യഭൂമിയിലെ ഇരുപതിനായിരത്തോളം വരുന്ന ക്ഷേത്രങ്ങളും മോടിപിടിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അയോധ്യയിൽ മൂന്നു വലിയ കെടാവിളക്കുകൾ തെളിയിക്കും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള കർമങ്ങൾ ഇന്നലെ ആരംഭിച്ചു. ഗൗരി ഗണേശ പൂജ നടന്നു. ഇന്നു രാമപൂജ നടക്കും. വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 21 പൂജാരിമാരാണ്   കാർമികത്വം വഹിക്കുന്നത്.

വി.എച്ച്.പി. പ്രവർത്തകർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പുണ്യനദികളിൽനിന്ന് ജലം, ചരിത്രപരമായി പ്രാധാന്യവും പവിത്രവുമായ സ്ഥലങ്ങളിൽനിന്നും മതസ്ഥാപനങ്ങളിൽനിന്നും മണ്ണ്, കല്ലുകൾ എന്നിവ എത്തിച്ചു. നഗരത്തിലെങ്ങും സുരക്ഷാ ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതു നിരീക്ഷിക്കാൻ സർക്കാർജീവനക്കാരും മുഴുവൻ സമയവുമുണ്ട്. അഞ്ഞൂറോളം ശുചീകരണത്തൊഴിലാളികളെയും വിന്യസിച്ചിട്ടുണ്ട്. ഭൂമിപൂജാവേളയിൽ ഭഗവാന് നിവേദിക്കാനുള്ള 1,11,000 ലഡുവിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ഇവ നിവേദിച്ചശേഷം സ്റ്റീൽ പാത്രങ്ങളിലാക്കി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കും അയോധ്യയിലെങ്ങുമുള്ള ഭക്തർക്കും നൽകും.

അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ഹനുമാൻ ഗഡി മുതൽ രാമക്ഷേത്രം വരെയുള്ള വഴിയിൽ താമസിക്കുന്നവർക്കെല്ലാം പ്രത്യേക പാസ് നൽകിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ.

135 സന്യാസിമാര‍ടക്കം 250 പേർ ചടങ്ങി‍ൽ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ് അറിയിച്ചു. 11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാൻഗഡി ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകൾ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP