Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ

കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വിരമിച്ച പ്രമുഖ ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷത്തിലായതോടെ ഹൈക്കോടതിയിലും ഇതിന്റെ തിരയിളക്കങ്ങൾ ശക്തമാകുന്നു. വിരമിച്ച ജഡ്ജി എൻഐഎയുടെ നോട്ടപ്പുള്ളിയായതോടെയാണ് ഹൈക്കോടതിയിലും സ്വർണ്ണക്കടത്ത് ചർച്ചയാകുന്നത്. ഈ ചർച്ച ഒന്നുകൂടി ശക്തമാക്കുകയാണ് ഇതുമായി ബന്ധപ്പെട്ടു വന്ന ഹൈക്കോടതി അഭിഭാഷകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടാണ് പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ അജിത്ത് കുമാർ ജെ.എസ്. ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഹൈക്കോടതിയിലെ ചർച്ചാവിഷയം. ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷണത്തിലാവുകയും ബന്ധു കസ്റ്റഡിയിൽ ആവുകയും ചെയ്തതോടെയാണ് തുറന്ന ചർച്ചയ്ക്ക് തുടക്കമിട്ട് അഭിഭാഷകൻ ഫെയ്‌സ് ബുക്ക് പോസ്റ്റിങ് നടത്തിയത്. അഭിഭാഷകന്റെ ഉദ്ദേശ്യം പോലെ തന്നെ ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള കടുത്ത നിരീക്ഷണങ്ങളുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇപ്പോൾ ഹൈക്കോടതിയിൽ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കപ്പെടുകയാണ്.

ഹൈക്കോടതി മുൻ ജഡ്ജി നിരീക്ഷണത്തിൽ, ബന്ധു എൻഐഎ കസ്റ്റഡിയിൽ എന്ന ജന്മഭൂമി വാർത്തകൂടി ഒപ്പം ചേർത്താണ് ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുക്കൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു അജിത്ത് കുമാർ ഫെയ്‌സ് ബുക്ക് പോസ്റ്റിങ് നടത്തിയിരിക്കുന്നത്. എൻഐഎ നിരീക്ഷണത്തിലുള്ള ഹൈക്കോടതി ജഡ്ജിയുടെ വിധികളൊക്കെയും പുനഃപരിശോധിക്കേണ്ടതുണ്ട് എന്നാണ് അജിത്ത് കുമാർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. കേരളാഹൈക്കോടതി മുൻജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദപ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞുവീഴില്ല. എന്നാൽ നിയമവ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ.

ഇയാളൊക്കെ എന്തിനിതുചെയ്തുവെന്നത് ചിന്തിക്കേണ്ടവസ്തുതയാണ്. പണസമ്പാദനത്തേക്കാൾ മതം തലക്കുപിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല. വസ്തുതകൾ ശരിയാണെങ്കിൽ ഇയാളുടെ വിധികളൊക്കെയും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ജുഡീഷ്യറിയിൽ പുഴുക്കുത്തുകളുണ്ടാകാൻ പാടില്ല. ഇയാൾ സഹായിച്ചവരിലേക്കും ഇയാളോടൊട്ടി സഹായങ്ങൾ സ്വീകരിച്ചവരിലേക്കും സമഗ്രമായ അന്വേഷണം നീളേണ്ടതായുണ്ട്. ജുഡീഷ്യറിയെ സംശുദ്ധമാക്കിയില്ലെങ്കിൽ പുഴുക്കുത്തുകൾ തക്ഷകന്മാരായി വളർന്നുപന്തലിക്കുന്നത് കാണേണ്ടിവരും. ജുഡീഷ്യറിയെ സംശുദ്ധമാക്കിയില്ലെങ്കിൽ ഇല്ലാതാകുന്നത് ഭരണഘടനയോടുള്ള വിശ്വാസ്യതയാണ്. തീർത്തും അപമാനകരം. നൂറു ശതമാനവും ഇത്തരം ആരോപണങ്ങളിൽ ഭാഗഭാക്കുകളും ഉപയോക്താക്കളുമായി വക്കീൽ കോടാലികളിലേക്കും അന്വേഷണം നീളേണ്ടതായിട്ടുണ്ട്-അജിത്ത്കുമാർ ആവശ്യപ്പെടുന്നു.

അജിത്ത്കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ജുഡീഷ്യറിയിൽ പുഴുക്കുത്തുകളുണ്ടാകാൻ പാടില്ലെന്നും ഈ ജഡ്ജി സഹായിച്ചവരിലേക്കും ഇയാളോടൊട്ടി സഹായങ്ങൾ സ്വീകരിച്ചവരിലേക്കും സമഗ്രമായ അന്വേഷണം നീളേണ്ടതായുണ്ട് എന്ന അഭിഭാഷകന്റെ അവശ്യത്തെക്കുറിച്ച് പലരും പൊതുവേ നിശബ്ദത പാലിക്കുകയാണ്. പക്ഷെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയും ഗൗരവവും അർഹിക്കുന്നതാണ് എന്നതാണ് പൊതുവേയുള്ള പ്രതികരണം. 2013 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിധികളും വസ്തുതകളും മനസിലിട്ടാണ് അഭിഭാഷകൻ കുറിപ്പ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതും പിടിച്ചെടുത്ത 2000 കോടിയോളം രൂപയുടെ സ്വർണം നൂറു കോടി രൂപയോളം പിഴ ഈടാക്കി ഹൈക്കോടതി ജഡ്ജി മുൻപ് വിട്ടയച്ചതും ഒക്കെ ഉദ്ദേശിച്ചാണ് അഭിഭാഷകൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്.

ഹൈക്കോടതിയിലെ മുതിർന്ന ഒരു മുൻ ജഡ്ജിയുടെ അടുത്ത ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഈ ജഡ്ജികൂടി സംശയത്തിന്റെ നിഴലിൽ അകപ്പെടുന്നത്. ഈ ജഡ്ജിയോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദ്ദേശിച്ചതായാണ് ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുവായ അഭിഭാഷകനിൽ നിന്ന് പല വിവരങ്ങളും ചോർന്നതോടെയാണ് ജഡ്ജികൂടി സംശയ നിഴലിലാകുന്നത്. ഈ ജഡ്ജിയെയാണ് കേരളാ അഡ്‌മിനിസ്ട്രെറ്റീവ് ട്രിബ്യുണൽ(കാറ്റ്) ചെയർമാൻ ആയി പിണറായി സർക്കാർ പരിഗണിച്ചത് എന്നതാണ് റിപ്പോർട്ട്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഈ ജഡ്ജിക്ക് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് എൻഐഎ ഇപ്പോഴും കരുതുന്നില്ല. എന്നാൽ എല്ലാം പരിശോധിക്കാനാണ് തീരുമാനം.

കാറ്റിലേക്കുള്ള ഈ ജഡ്ജിയുടെ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൂടി താത്പര്യമുണ്ടായിരുന്നു. പ്രമുഖ വ്യവസായിയാണ് കാറ്റിന്റെ തലപ്പത്തേക്ക് ഈ ജഡ്ജിയുടെ പേര് നിർദ്ദേശിച്ചത്. ഇതുകൊണ്ട് തന്നെയാണ് ഈ ജഡ്ജിയെ കാറ്റിന്റെ തലപ്പത്തേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കൂടി താത്പര്യം കാട്ടിയത്. കോവിഡ് പിടിമുറുക്കിയത് കാരണമാണ് തലപ്പത്തേക്ക് ഈ ജഡ്ജിയുടെ നിയമനം നീണ്ടു പോയത്. അല്ലെങ്കിൽ മുൻപ് തന്നെ കെഎടിയുടെ ചെയർമാനായി ഈ ജഡ്ജി വന്നേനെ. ഇപ്പോഴും കെഎടി ചെയർമാൻ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

വ്യവസായ പ്രമുഖനും ഈ ജഡ്ജിയും തമ്മിൽ ഉറ്റബന്ധമാണ്. ജഡ്ജിയുടെ കുടുംബം വകയുള്ള പ്രമുഖ സ്‌കൂളിന്റെ മെൻസ് ഹോസ്റ്റൽ പണികഴിപ്പിച്ച് നൽകിയത് ഈ വ്യവസായിയാണ് എന്നും സൂചനയുണ്ട്. യൂണിവേഴ്സിറ്റി പോലുള്ള വൻ കെട്ടിട സമുച്ചയമാണ് കൊച്ചിയിലെ ഈ സ്‌കൂളിനു സ്വന്തമായുള്ളത്. എൻഐഎയുടെ നിരീക്ഷണം കൂടി വന്നതോടെ ജഡ്ജിയുടെ കെഎടി നിയമനം റദ്ദാകുന്ന അവസ്ഥയാണ്. ഇതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി വേണ്ടപ്പെട്ടവർക്ക് നൽകി കഴിഞ്ഞു. ഇനി തൽകാലം ഈ ജഡ്ജിയെ നിയമിക്കില്ലെന്നാണ് സൂചന.

നെടുമ്പാശേരി സ്വർണ്ണ കടത്തിലെ പഴയ സംഭവങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണം കടത്ത് കേസ് മറ്റൊരു പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് ഹൈക്കോടതിയിൽ വന്നത്. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളം 2000 കിലോയുടെ സ്വർണം കടത്തി എന്നായിരുന്നു കസ്റ്റംസ് കേസ്. ഗൾഫിൽ നിന്നും സ്വർണം കടത്തിയത് മൂവാറ്റുപുഴ റാക്കറ്റ് ആയിരുന്നു. ഈ കേസ് ഹൈക്കോടതിയിലെ പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് വന്നത്.

ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിലകൊണ്ടവരൊക്കെ കോടികളാണ് ഇടപാടിൽ സമ്പാദിച്ചത്. കേരളത്തിലെ പല പ്രമുഖ ജൂവലറികളിലേക്കുമാണ് സ്വർണം പോയതെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുറിയിൽ നാടകീയമായ സംഭവവികാസങ്ങൾ വന്നത്. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ഹൈക്കോടതി ജഡ്ജി കോടതി മുറിയിൽ തുറന്നു പറഞ്ഞത്. തുറന്നു പറച്ചിൽ നടത്തിയ ശേഷം വാദം നടക്കവേ അപ്രതീക്ഷിതമായി ജഡ്ജി ഈ കേസിൽ നിന്നും പിന്മാറി.

നാടകീയമായ ഈ പിന്മാറ്റം അന്ന് വാർത്തയായിരുന്നു. നടക്കില്ലെന്നു തീർത്തും പറഞ്ഞിട്ടും വീണ്ടും ശ്രമങ്ങൾ തനിക്ക് പിന്നാലെ വന്നു. ഈ കേസ് ഇനി താൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ ഒഴിഞ്ഞു എന്നാണ് അന്ന് ജഡ്ജി പറഞ്ഞത്. കോഴ പ്രശ്നം വരുമ്പോഴും കേസിന്റെ നടത്തിപ്പിനിടെ പ്രതികൾ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നു വരുമ്പോഴും ജഡ്ജിമാർ സ്വമേധയാ കേസുകൾ ഒഴിയാറുണ്ട്. ഇത്തരമൊരു നിലപാട് ജഡ്ജിയെക്കൊണ്ട് എടുപ്പിക്കാനാണോ കോഴ വാഗ്ദാനമെന്ന് സംശയിക്കണം എന്നും അന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ കേസ് നൂറു കോടിയോളം രൂപ പിഴയടപ്പിച്ച് സ്വർണം വിട്ടുകൊടുത്തത് വിവാദമായിരുന്നു.

ഹൈക്കോടതി അഭിഭാഷകർ വരെ സ്വർണ്ണക്കടത്ത് കേസ് പിഴയടപ്പിച്ച് ഒത്തുതീർത്തത് സ്വന്തം ഫെയ്സ് ബുക്ക് പേജുകളിൽ വിവാദമാക്കി നിലനിർത്തിയിരുന്നു. വ്യക്തിപരമായ സംശയമുനകൾ ജഡ്ജി എന്ന പേരിൽ താൻ പരിഗണിച്ച കേസിന്റെ പേരിൽ വന്നിട്ടും ആ അഭിഭാഷകർക്കെതിരെ കോടതിയെ സമീപിക്കാനോ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാനോ ജഡ്ജി തയ്യാറായില്ല. തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യം വന്നിട്ടും ജഡ്ജി അനങ്ങിയില്ല. ഈ ജഡ്ജിയുടെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെയാണ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്ത് എൻഐഎ ഡിഐജി കെബി വന്ദന ചോദ്യം ചെയ്തത്.

കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങളുമായി അറിഞ്ഞോ അറിയാതെയോ വക്കീലിന് ബന്ധമുണ്ടെന്ന സൂചനയാണ് എൻഐഎ നൽകിയിരിക്കുന്നത്. കൂടാതെ ജഡ്ജി അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുൻ ജഡ്ജിക്കെതിരെ സംശയം വർധിപ്പിച്ചതെന്നും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തിൽ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വർണക്കടത്ത് കേസിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊൽക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നതെന്നായിരുന്നു ജന്മഭൂമി വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP