Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണക്കടത്തു കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് കോടതി; എൻഐഎയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ; കേസ് അന്വേഷണ വിവരങ്ങൾ അടങ്ങിയ ഡയറി കോടതിയിൽ ഹാജരാക്കി എൻഐഎ സംഘം; സ്വർണ്ണക്കടത്തിന് അപ്പുറം തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ; എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ; ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമെന്നും പ്രതിഭാഗം അഭിഭാഷകന്റെ വാദം

സ്വർണ്ണക്കടത്തു കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് കോടതി; എൻഐഎയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ; കേസ് അന്വേഷണ വിവരങ്ങൾ അടങ്ങിയ ഡയറി കോടതിയിൽ ഹാജരാക്കി എൻഐഎ സംഘം; സ്വർണ്ണക്കടത്തിന് അപ്പുറം തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ; എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ; ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമെന്നും പ്രതിഭാഗം അഭിഭാഷകന്റെ വാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ചു എൻഐഎ കോടതി. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഇതേതുടർന്ന് അന്വേഷണ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി എൻഐഎ സംഘം കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്.

കേസിൽ എൻഐഎയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാറാണ് കോടതിയിൽ ഹാജരായത്. ഇദ്ദേഹം കേരള ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകനാണ്. കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാനാണ് എൻഐഎ കോടതിയിൽ ശ്രമിക്കുക. കേസിന്റെ തീവ്രവാദ ബന്ധങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ കേസ് ഡയറിയിൽ ഉണ്ടെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

അതേസമയം കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിക്കുന്നത്. ഇതിലെ തീവ്രവാദ ബന്ധം ഇതുവരെ വെളിച്ചത്തുവന്നിട്ടില്ല. ജൂലൈ അഞ്ചിനാണ് സ്വർണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എൻഐഎക്ക് കൈമാറി. ഈ സമയത്തിനിടയിൽ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നും സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ വാദിച്ചു.

സ്വപ്നയുടെ ജാമ്യഹർജിയിൽ വിശദമായ വാദം നടക്കുകയാണ്. കേസ് ഡയറിയടക്കം പരിശോധിച്ചതിന് ശേഷമാകും ജാമ്യഹർജിയിൽ കോടതി തീരുമാനമെടുക്കുക. ഒരുപ്രതിയുടെ റിമാൻഡ് കാലാവധി നീട്ടുമ്പോഴും കസ്റ്റഡി നീട്ടുമ്പോഴും കേസ് ഡയറി പരിശോധിച്ചിരിക്കണം എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മുൻ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു കാരണത്താലാണ് കോടതി കേസ് ഡയറി പരിശോധിക്കുന്നത്.

എൻഐഎ അന്വേഷണം യുഎഇയിലേക്ക്

അതിനിടെ സ്വർണക്കടത്തുകേസിൽ എൻഐഎ അന്വേഷണം യു.എ.ഇയിലേക്ക് നീങ്ങുകയാണ്. കേസിലെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെ എൻഐഎ പരിശോധിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. യുഎഇയിലേക്ക് വിമാനസർവീസ് പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്. യുഎഇ അറ്റാഷെയുമായും കോൺസൽ ജനറലുമായും ബന്ധപ്പെട്ട് കേസിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഏത് തരത്തിലാണ് കേസിൽ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണത്തിനായാണ് എൻഐഎ യുഎഇയിലേക്ക് പുറപ്പെടുന്നത്.

ഒപ്പം ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ മടക്കി ക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും. യുഎഇയിൽ നയതന്ത്ര ബാഗേജുകൾ കൈകാര്യം ചെയ്യുന്നത് ആരെല്ലാം, ഹവാല പണത്തിന്റെ വിതരണ ശൃംഖലയും ഇടപാടുകളും സംബന്ധിച്ച് എൻഐഎ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ തന്നെ അവരെ ചോദ്യം ചെയ്യാൻ സാധിക്കില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് എൻഐഎ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുഎഇ സർക്കാരിന്റെ അനുമതി തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP