Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ട്രഷറികളിലായി നടന്നത് നിരവധി തട്ടിപ്പുകൾ; സത്‌പേര് കളയാതിരിക്കാൻ പ്രശ്‌നം ഒതുക്കി തീർത്തത് പലപ്പോഴും ഇടത് സംഘടനകൾ; കാട്ടാക്കട ജില്ലാ ട്രഷറിയിൽ തട്ടിപ്പു നടത്തിയ ഉദ്യോസ്ഥന് നൽകിയ ശിക്ഷ വീട്ടിലേക്ക് സ്ഥലം മാറ്റം; കണ്ണൂരിൽ കരാറുകാരന് 2 ലക്ഷത്തിന് പകരം 20 ലക്ഷം നൽകിയ ജീവനക്കാരന് സ്ഥാനക്കയറ്റവും; ചങ്ങരം കുളത്ത് സ്ഥിരനിക്ഷേപം വകമാറ്റിയ ജീവനക്കാരനും; സംസ്ഥാനത്തെ ട്രഷറികളിലെ കൊള്ളകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ നിന്നും മുൻപും പണം തട്ടിയിട്ടുള്ളതായും സത്‌പേര് കളയാതാരിക്കാനായി ഇടത് സംഘടനകൾ ഒതുക്കി തീർത്തതാണെന്നും ആരോപണം. മൂന്ന് വർഷത്തിനിടയിൽ ജില്ലാ ട്രഷറിയിലടക്കം 15 ലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.

എല്ലാ കേസിലും തട്ടിപ്പ് നടത്തിയവർക്ക് പണം തിരിച്ചടയ്ക്കാനുള്ള അവസരമുണ്ടാക്കി മേലുദ്യോഗസ്ഥർ തട്ടിപ്പ് മറച്ചുവെച്ചെന്ന് സിപിഐ.യുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ആരോപിക്കുന്നത്.

ഉയർന്ന ഉദ്യോഗസ്ഥർ എല്ലാദിവസവും ട്രഷറിയിലെ ഇടപാടുകൾ പരിശോധിക്കണമെന്നാണു നിർദ്ദേശം. എന്നാൽ, പലയിടത്തും ഇതുണ്ടാവാറില്ല. ട്രഷറിയിൽ ഉപയോഗിക്കുന്ന കോർ ടിസ്, കോർ ടി.എസ്.ബി. സോഫ്റ്റ്‌വേറുകളിൽ പാണ്ഡിത്യമുള്ള ജീവനക്കാർക്ക് തട്ടിപ്പുനടത്താൻ എളുപ്പമാണെന്നും പറയുന്നു. വഞ്ചിയൂർ ട്രഷറിയിലും ഇതുപോലെയാണ് ക്രമക്കേട് നടന്നത്. സീനിയർ അസിസ്റ്റന്റിനുമാത്രം ഇത്തരം വലിയ തട്ടിപ്പുകൾ ഒറ്റയ്ക്ക് നടത്താൻ സാധിക്കില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് നടത്താൻ ബിജുലാലിന് സാങ്കേതികസഹായം ചെയ്തത് മുൻ തട്ടിപ്പുകേസുകളിലെ പ്രതികളാണെന്നും പറയുന്നു.

മൂന്നുവർഷത്തിനിടെ കാട്ടാക്കട, ചങ്ങരംകുളം, തൃശ്ശൂർ ചേലക്കര, കണ്ണൂർ എന്നിവിടങ്ങളിലുൾപ്പെടെ പണംതട്ടിപ്പ് നടന്നിരുന്നു. കാട്ടാക്കട ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയയാളെ സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റി. കണ്ണൂരിൽ കരാറുകാരന് രണ്ടുലക്ഷത്തിനുപകരം 20 ലക്ഷം നൽകിയ സംഭവത്തിൽ തെറ്റുചെയ്തവർക്ക് സ്ഥാനക്കയറ്റം നൽകുകയാണു ചെയ്തത്. ചങ്ങരംകുളത്ത് മറ്റൊരാളുടെ സ്ഥിരനിക്ഷേപം ട്രഷറിജീവനക്കാരൻ സ്വന്തം പേരിലാക്കിയായിരുന്നു തട്ടിപ്പ്.

ട്രഷറിയിൽ തട്ടിപ്പ് നടക്കുന്നതായി വാർത്തകൾ വന്നാൽ സ്ഥിരനിക്ഷേപം നടത്താൻ ആളുകൾ വരില്ല. അതിനാൽ അതതിടങ്ങളിൽത്തന്നെ ഒതുക്കിത്തീർക്കാനാണ് അധികാരികൾ നിർദേശിക്കുക. ട്രഷറി ഡയറക്ടർ എ.എം. ജാഫറിനെയും വിജിലൻസ് ചുമതലയുള്ള ജോയന്റ് ഡയറക്ടർ വി. സാജനെയും മാറ്റിനിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

ഇന്നലെയാണ് തിരുവവന്തപുരത്ത് ട്രഷറി ജീവനക്കാരൻ അക്കൗണ്ടിൽ നിന്ന് തുക വകമാറ്റിയ സംഭവം പുറം ലോകം അറിഞ്ഞത്.
വഞ്ചിയൂർ സബ് ട്രഷറിയിലെ നിലനിന്ന ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടിയിലേറെ തട്ടിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടത് സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ ആയിരുന്നു. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ ഓഫീസിൽ ബിജുലാലിനു ഉണ്ടായിരുന്ന സ്വാതന്ത്ര്യം മുഴുവൻ ഉപയോഗിച്ച് നടത്തിയ ഓൺലൈൻ റമ്മി കളിയാണ് ബിജുലാലിനെ ചതിച്ചത്. വൻബാധ്യത ഓൺലൈൻ റമ്മി കളി വഴി ബിജുലാലിന് വന്നതായാണ് സൂചന.

ഓഫീസ് സമയം കഴിഞ്ഞും മണിക്കൂറുകൾ തന്നെ ബിജുലാൽ വഞ്ചിയൂരെ ഓഫീസിൽ ഇരുന്നു റമ്മി കളിക്കുമായിരുന്നു. ഓഫീസിൽ അധികം സമയം ഇരുന്നു ജോലി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാൾ റമ്മി കളിയിൽ ഏർപ്പെട്ടത്. തനിച്ചിരുന്നുള്ള ഈ ഓൺലൈൻ റമ്മി കളി വൻ സാമ്പത്തിക ബാധ്യത ബിജുലാലിന് വരുത്തിവെച്ചതായാണ് സൂചന. ലക്ഷങ്ങൾ ഇതുവഴിയേ ഒഴുകിപ്പോയി എന്ന് സൂചനയുണ്ട്. പക്ഷെ ഭാര്യയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ഇയാൾ എല്ലാം മറച്ചുവെച്ചിരുന്നു. ഓൺലൈൻ റമ്മി കളിയിൽ എത്ര ലക്ഷം നഷ്ടം വന്നുവെന്ന് ബിജുലാലിന് മാത്രമേ അറിയൂ.

മുക്കാൽ ലക്ഷത്തോളം ശമ്പളമുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ബിജുലാൽ. സർക്കാർ സ്‌കൂളിൽ ടീച്ചറായ ഭാര്യയ്ക്കും ഇതിനു അനുബന്ധമായി ശമ്പളമുണ്ട്. റമ്മി കളിയിൽ എത്ര സാമ്പത്തിക ബാധ്യത വന്നും എന്തുകൊണ്ട് രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന കാര്യം അറസ്റ്റിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ബാലരാമപുരം ഉച്ചക്കടയിലെ ബിജുലാലിന്റെ വീട്ടിനോട് ചേർന്ന് സഹോദരിക്ക് നാല് സെന്റ് സ്ഥലമുണ്ട്. സ്വന്തം വീടിനോടു ചേർന്നുള്ള സ്ഥലം ആയതിനാൽ ഈ നാല് സെന്റ് തനിക്ക് നൽകണം എന്ന് ബിജുലാൽ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുമായി നല്ല ബന്ധം നിലനിൽക്കുന്നതിനാൽ ഈ സ്ഥലം ബിജുലാൽ പറയുന്ന പണത്തിനു നൽകാൻ സഹോദരി തയ്യാറുമായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ബിജുലാൽ പറഞ്ഞപ്പോൾ ഒരു വില പറഞ്ഞു സ്ഥലം എടുത്തുകൊള്ളാൻ ആണ് സഹോദരി പറഞ്ഞത്. ഒരു തുക ഞാൻ അഡ്വാൻസ് നൽകും. അതിനു ശേഷം പിന്നീട് മുഴുവൻ പണവും നൽകാം എന്നാണ് പറഞ്ഞത്.

ഓണത്തിനു മുഴുവൻ പണവും കൈമാറാം എന്നാണ് പറഞ്ഞത്. പക്ഷെ എന്ത് വിലയാണ് സ്ഥലത്തിനു നൽകുന്നതെന്നു സഹോദരിയോട് വ്യക്തമാക്കിയിരുന്നില്ല. ട്രഷറി തട്ടിപ്പ് വഴി ലഭിച്ച വൻ തുക എന്ത് ചെയ്യണം എന്ന് പോലും ബിജുലാലിന് ധാരണയില്ലായിരുന്നു എന്ന സൂചനകൾ പ്രബലമാണ്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ട്കളിലേക്ക് തുകകൾ ബിജുലാൽ മാറ്റിക്കൊണ്ടിരുന്നു. ഒന്നര കോടിയോളം രൂപ സ്വന്തം അക്കൗണ്ടിൽ നിലനിർത്തിയപ്പോൾ കുറച്ച് ലക്ഷങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിനു ശേഷം ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ഈ തുക വേറെ ഒരു അക്കൗണ്ടിലേക്ക് മാറ്റി. ഈ തുകയിൽ നിന്നാണ് അഞ്ച് ലക്ഷമോ മറ്റോ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്ഥലത്തിനുള്ള അഡ്വാൻസ് എന്ന നിലയിലാണ് ഈ തുക മാറ്റിയത്. അക്കൗണ്ടിലേക്ക് തുകകൾ വന്നത് ഭാര്യയോ സഹോദരിയോ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

അദ്ധ്യാപികയാണ് ബിജു ലാലിന്റെ സഹോദരി. കുറച്ചു മുൻപ് അവരുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിനും സർക്കാർ സർവീസിൽ തന്നെയായിരുന്നു ജോലി എന്നാണ് അറിയാൻ കഴിഞ്ഞത്. ബിജുലാലിനെ പോലെ സാമ്പത്തിക കുഴപ്പങ്ങൾ ഇല്ലാത്ത കുടുംബമാണ് സഹോദരിയുടേതും. അതുകൊണ്ട് തന്നെ സ്ഥലത്തിന്റെ കാര്യത്തിൽ സഹോദരി ബിജുലാലിനോട് കടുംപിടുത്തം പിടിച്ചിരുന്നില്ല. പക്ഷെ ഈ സ്ഥലം വാങ്ങാൻ വേണ്ടി തട്ടിപ്പ് നടത്തേണ്ട അവസ്ഥ ഇയാൾക്ക് വന്നിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത അവസ്ഥയിൽ എന്തുകൊണ്ട് സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ബിജുലാൽ തയ്യാറായി എന്നതാണ് കുടുംബാംഗങ്ങളിൽ നിന്നും ഉയർന്ന ചോദ്യം. ഇതിനു റമ്മി കളിയും അതുമായി വന്ന ബാധ്യതയും മാത്രമാണ് എന്നതാണ് കുടുംബവുമായി ബന്ധപ്പെട്ടവരുടെ ഉത്തരം.

റമ്മി കളിയിൽ എത്രമാത്രം സാമ്പത്തിക ബാധ്യത വന്നും എന്നും ബിജുലാലിനു മാത്രമറിയാവുന്ന രഹസ്യമാണ്. ഓൺലൈൻ റമ്മി കളിപോലെ ടിക് ടോക് താരവുമായിരുന്നു ബിജുലാൽ. ഭാര്യയും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും ബിജുലാൽ പാട്ടുകൾ പാടുന്ന വീഡിയോയുമെല്ലാം പ്രചാരത്തിലുണ്ട്. ഈ വീഡിയോകൾ വഴിയാണ് ഈ ദമ്പതികളെ പലരും തിരിച്ചറിഞ്ഞത്. സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പുകാരൻ എന്ന നിലയിലേക്ക് ബിജുലാൽ മാറിയത് ഇവരെ അറിയുന്ന പലരെയും നടുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP