Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നര മാസം നീണ്ട സമ്പൂർണ്ണ അടച്ചിടലിന്റെ ക്ഷീണം തീർക്കാൻ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് വിനയായി; ഭരണക്കാരായ രാഷ്ട്രീയക്കാർക്ക് നൽകിയ ഇളവുകളും കൂടി ആയപ്പോൾ ഉന്നതങ്ങളിലും കോവിഡ് പിടികൂടി; സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ ക്വാറന്റീൻ ഒഴിവാക്കിയതും സജ്ജീകരങ്ങൾ പരിശോധിക്കാൻ നേരിട്ടിറങ്ങിയതും കോവിഡ് ബാധിക്കാൻ കാരണമായി; അമിത്ഷായും യെഡിയൂരപ്പയും അടക്കമുള്ളവർക്ക് കോവിഡ് പിടിക്കുമ്പോൾ വിനയായത് കേന്ദ്ര ഇളവുകൾ തന്നെ

ഒന്നര മാസം നീണ്ട സമ്പൂർണ്ണ അടച്ചിടലിന്റെ ക്ഷീണം തീർക്കാൻ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് വിനയായി; ഭരണക്കാരായ രാഷ്ട്രീയക്കാർക്ക് നൽകിയ ഇളവുകളും കൂടി ആയപ്പോൾ ഉന്നതങ്ങളിലും കോവിഡ് പിടികൂടി; സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ ക്വാറന്റീൻ ഒഴിവാക്കിയതും സജ്ജീകരങ്ങൾ പരിശോധിക്കാൻ നേരിട്ടിറങ്ങിയതും കോവിഡ് ബാധിക്കാൻ കാരണമായി; അമിത്ഷായും യെഡിയൂരപ്പയും അടക്കമുള്ളവർക്ക് കോവിഡ് പിടിക്കുമ്പോൾ വിനയായത് കേന്ദ്ര ഇളവുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒന്നര മാസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം രാജ്യം തുറന്നതോടെയാണ് കോവിഡ് രോഗം അതിവേഗം ഇന്ത്യയിൽ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായത്. ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്ന രോഗം മറ്റു സംസ്ഥാനങ്ങളിലേക്കും ഇതോടെ അതിവേഗം പടർന്നു പിടിക്കാൻ ഇടയായി. ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതും രോഗവ്യാപനത്തിന്റെ തോതു കൂട്ടി. എന്നാൽ, ഇപ്പോൾ ആശങ്കപ്പെടുത്തുന്ന കാര്യം രോഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കേണ്ട അധികാര കേന്ദ്രങ്ങളെയും കോവിഡ് പിടികൂടുന്നു എന്നതാണ്. ഡൽഹിയിൽ കാര്യങ്ങളെല്ലാം നിയന്ത്രണം വിട്ടതോടെ രോഗം നിയന്ത്രിക്കാൻ ഇറങ്ങിയ കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷായ്ക്കും കോവിഡ് പിടിപെടുന്ന സാഹചര്യം ഉണ്ടായി.

സാധാരണക്കാർക്കില്ലാത്ത ചില ഇളവുകൾ ഇക്കാര്യത്തിൽ ഉന്നതർക്ക് നല്കിയതാണ് രോഗവ്യാപനത്തിന ഇടയാക്കിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്ന ഭരണഘടനാ പദവിയിലുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള ജീവനക്കാർക്കും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു നൽകിയിരുന്നു. ഇതാണ് രോഗം പ്രമുഖരെയും പിടികൂടാൻ ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ സാധാരണക്കാർക്കുള്ളതു പോലെ ക്വാറന്റീനോ മറ്റോ ഇവർക്കില്ല. വൈറസ് ബാധ രൂക്ഷമായ സംസ്ഥാനങ്ങൾ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥ സംഘങ്ങൾ പോലും ക്വാറന്റീനിൽ കഴിഞ്ഞില്ലെന്നിരിക്കെ, മന്ത്രിമാർക്കടക്കം കോവിഡ് പിടിപെട്ടതാണ് അധികൃതരെ വലയ്ക്കുന്നത്. പലരും വൈറസ് വാഹകരാകാമെന്ന സന്ദേഹവും ബലപ്പെട്ടു.

ലോക്ഡൗൺ കഴിഞ്ഞു രാജ്യത്തു ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ കർശന നിബന്ധനകളാണു നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സർവീസ് പുനരാരംഭിച്ച മെയ്‌ 25നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പരിശോധനയും ക്വാറന്റീനും അടക്കം മാനദണ്ഡങ്ങൾ ലംഘിച്ചതു വിവാദമായപ്പോൾ അദ്ദേഹം പ്രതികരിച്ചു: മന്ത്രിയെന്ന നിലയിൽ എനിക്കിതൊന്നും ബാധകമല്ല. പിന്നാലെ കർണാടക സർക്കാരും പിന്നീടു കേന്ദ്ര സർക്കാരും ഭരണഘടനാ ചുമതലയുള്ളവരുടെ കാര്യത്തിൽ നിബന്ധനകളിൽ ഇളവു കൊണ്ടുവന്നു.

കേന്ദ്ര ഉദ്യോഗസ്ഥസംഘം കൂടുതലായി എത്തിയതു കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലായിരുന്നു. ഇവർക്കു തുടർച്ചയായ യോഗങ്ങളും യാത്രകളും വേണ്ടിവന്നു. ആഭ്യന്തരമന്ത്രി അമിത് ഷായാകട്ടെ ഡൽഹിയിലെ പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ് ആശുപത്രി അടക്കം സന്ദർശിച്ചു.

ഉന്നതർക്കുള്ള ഇളവുകൾ ഇങ്ങനെയാണ്:

ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ലോക്‌സഭാ സ്പീക്കർ, സുപ്രീം കോടതി ജഡ്ജിമാർ, അറ്റോർണി ജനറൽ, സിഎജി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർമാർ, ധനകമ്മിഷൻ അധ്യക്ഷൻ, യുപിഎസ്ഇ അംഗങ്ങൾ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ, ലഫ്. ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, പിഎസ്‌സി അംഗങ്ങൾ, അഡ്വക്കറ്റ് ജനറൽമാർ തുടങ്ങിയവർക്കും ഇവർക്കൊപ്പം യാത്ര ചെയ്യുന്നവർക്കുമാണു ക്വാറന്റൈൻ ഇളവ്. കോവിഡ് കാര്യങ്ങളിൽ നിർണായക ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകൾക്കും മാനദണ്ഡങ്ങൾ പ്രശ്‌നമാകില്ല.

കോവിഡ് പോസിറ്റീവായ പ്രമുഖർ

ഇതിനോടകം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. അമിത്ഷായാണ് ഇതിൽ പ്രധാനി. അദ്ദേഹത്തെ കൂടാതെ രണ്ട് മുഖ്യമന്ത്രിമാരും രോഗത്തിന്റെ പിടിയിലാണ്. ബി എസ് യെദ്യൂരപ്പ, ശിവരാജ് ചൗഹാൻ എന്നിവരാണ് കോവിഡ് രോഗം ബാധിച്ച മുഖ്യമന്ത്രിമാർ.

അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

ബൻവാരിലാൽ പുരോഹിത് (തമിഴ്‌നാട് ഗവർണർ), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, രാജ്ഭവനിൽ നിരീക്ഷണത്തിൽ.

ബി.എസ്. യെഡിയൂരപ്പ (കർണാടക മുഖ്യമന്ത്രി) സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ. മന്ത്രിമാരായ ബി.സി. പട്ടേൽ, സി.ടി. രവി, ആനന്ദ് സിങ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശിവരാജ് ചൗഹാൻ (മധ്യപ്രദേശ് മുഖ്യമന്ത്രി), ജൂലൈ 29നു പോസിറ്റീവായി, ഭോപാലിലെ സ്വകാര്യ ആശുപത്രിയിൽ.

കമൽ റാണി വരുൺ (യുപി മന്ത്രി), ജൂലൈ 18ന് കോവിഡ് സ്ഥിരീകരിച്ചു, ഓഗസ്റ്റ് 2നു മരിച്ചു. ജലശക്തി മന്ത്രി മഹേന്ദ്ര സിങ്, യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരും കോവിഡ് പോസിറ്റീവായി.

എംപിമാരായ ജ്യോതിരാദിത്യ സിന്ധ്യ, അഭിഷേക് സിങ്വി, കാർത്തി ചിദംബരം.

സത്യേന്ദ്ര ജെയിൻ (ഡൽഹി ആരോഗ്യമന്ത്രി), ജൂൺ 17നു സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാൻ, ധനഞ്ജയ് മുണ്ടെ, അസ്‌ലം ഷെയ്ഖ്, ജിതേന്ദ്ര അവാദ്, അബ്ദുൽ സത്താർ എന്നിങ്ങനെ 5 മന്ത്രിമാർ.

തമിഴ്‌നാട്ടിൽ മന്ത്രിമാരായ പി. തങ്കമണി, കെ. അംബാലകൻ, സെല്ലൂർ കെ.രാജു, ഡോ. നിലോഫെർ കഫീൽ.

പഞ്ചാബ് മന്ത്രി തൃപ്തി ബജ്വ, ബിഹാർ മന്ത്രി ശൈലേഷ് കുമാർ, ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ്, ഡൽഹിയിലെ ആംആദ്മി എംഎൽഎ അതിഷി മർലേന, തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ വി. ഹനുമന്ത റാവു എന്നിവർക്കും വൈറസ് സ്ഥിരീകരിച്ചു.

അതിനിടെ കോവിഡ് സ്ഥിരീകരിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സ തേടിയതു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. അതും ഹരിയാനയുടെ ഭാഗമായ ഗുരുഗ്രാമിലെ മെദാന്ത മെഡ്‌സിറ്റിയിൽ. കോവിഡ് ആശുപത്രികളുടെ സജ്ജീകരണം അടക്കം ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ഇടപെടൽ നടത്തിയ അമിത് ഷാ, സ്വന്തം കാര്യം വന്നപ്പോൾ അയൽ സംസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിൽ ആശ്ചര്യം അറിയിച്ചു ശശി തരൂർ എംപിയടക്കം ട്വീറ്റ് ചെയ്തു. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സാധാരണഗതിയിൽ ഡൽഹിയിൽ എയിംസിലാണ് ചികിത്സ തേടാറുള്ളത്.

അമിത് ഷാ കോവിഡ് പോസിറ്റീവായതോടെ, മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. അമിത്ഷായുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം ഐസൊലേഷനിൽ പോകണം. കേന്ദ്ര ആഭ്യന്തര മന്ത്രി ഏറ്റവും ഒടുവിൽ പങ്കെടുത്ത പ്രധാന ചടങ്ങ് ബുധനാഴ്ചത്തെ (ജൂലൈ 29) കേന്ദ്ര മന്ത്രിസഭായോഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടക്കം പ്രമുഖ മന്ത്രിമാരെല്ലാം പങ്കെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചത് ഈ മന്ത്രിസഭായോഗത്തിലാണ്. മന്ത്രിസഭായോഗം നടക്കാറുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ കർശനമായ കോവിഡ് പ്രോട്ടോക്കോളാണ് നിലവിലുള്ളത്.

സാമൂഹിക അകലം ക്യത്യമായി പാലിച്ചാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ആളുകളുടെ ശരീരതാപതില പരിശോധിക്കുന്നതിന് പുറമേ, ആരോഗ്യസേതു ആപ്പ് അടക്കം മറ്റ് അധിക നടപടികളും സ്വീകരിച്ചിട്ടുണ്ട്. വസതിയുടെ സമുച്ചയത്തിനുള്ളിൽ കാറുകൾ അനുവദിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. ക്യാബിനറ്റ് ഒഴിച്ചുള്ള പ്രധാനമന്ത്രിയുടെ മറ്റ് യോഗങ്ങളെല്ലാം ഓൺലൈനിലാണ് നടക്കാറുള്ളത്. അമിത്ഷായെ കഴിഞ്ഞ ദിവസം നേരിൽ കണ്ട കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സെൽഫ് ഐസൊലേഷനെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേതാക്കൾ സാന്ത്വന സന്ദേശങ്ങൾ അയച്ചു. വേഗത്തിൽ രോഗം ഭേദമാവട്ടെ എന്ന് കോൺഗ്രസ് നേതാവും രാഷ്ട്രീയ എതിരാളിയുമായ രാഹുൽ ഗാന്ധി ആശംസിച്ചു. അസുഖം മാറാൻ പ്രാർത്ഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തു. വേഗം സുഖപ്പെടട്ടെയെന്നും അമിത് ഷായ്ക്കും കുടുംബത്തിനും തന്റെ പ്രാർത്ഥനയുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി, അസം മന്ത്രി ഹിമാന്ത വിശ്വ ശർമ തുടങ്ങിയവരും ഷായ്ക്ക് ആശംസ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP