Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടീച്ചറായ ഭാര്യയുമൊത്ത് ടിക് ടോക്കെടുക്കുമ്പോഴും കണ്ണുവെച്ചത് ഓൺലൈൻ റമ്മി കളിയിൽ; ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിൽ പോകാതെ മണിക്കൂറുകൾ ചിലവഴിച്ചത് ഓൺലൈൻ റമ്മി കളിച്ചു; ലക്ഷങ്ങൾ ഒഴുകിപ്പോയപ്പോൾ കൈവെച്ചത് സർക്കാർ അക്കൗണ്ടിൽ; രണ്ടു കോടി കവർന്നു മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയ വാർത്ത കണ്ടു ഭാര്യ ചോദ്യം ചെയ്തപ്പോൾ ഫോൺ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു വീടുവിട്ടു; ഇപ്പോൾ ശ്രമം കീഴടങ്ങാൻ; പിരിച്ചുവിടാൻ തീരുമാനിച്ച സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ചതിച്ചത് റമ്മി പ്രേമം

ടീച്ചറായ ഭാര്യയുമൊത്ത് ടിക് ടോക്കെടുക്കുമ്പോഴും കണ്ണുവെച്ചത് ഓൺലൈൻ റമ്മി കളിയിൽ; ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിൽ പോകാതെ മണിക്കൂറുകൾ ചിലവഴിച്ചത് ഓൺലൈൻ റമ്മി കളിച്ചു; ലക്ഷങ്ങൾ ഒഴുകിപ്പോയപ്പോൾ കൈവെച്ചത് സർക്കാർ അക്കൗണ്ടിൽ; രണ്ടു കോടി കവർന്നു മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയ വാർത്ത കണ്ടു ഭാര്യ ചോദ്യം ചെയ്തപ്പോൾ ഫോൺ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു വീടുവിട്ടു; ഇപ്പോൾ ശ്രമം കീഴടങ്ങാൻ; പിരിച്ചുവിടാൻ തീരുമാനിച്ച സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ചതിച്ചത് റമ്മി പ്രേമം

എം മനോജ് കുമാർ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ നിലനിന്ന ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടിയിലേറെ തട്ടിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ ചതിച്ചത് റമ്മി പ്രേമം. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ ഓഫീസിൽ ബിജുലാലിനു ഉണ്ടായിരുന്ന സ്വാതന്ത്ര്യം മുഴുവൻ ഉപയോഗിച്ച് നടത്തിയ ഓൺലൈൻ റമ്മി കളിയാണ് ബിജുലാലിനെ ചതിച്ചത്. വൻബാധ്യത ഓൺലൈൻ റമ്മി കളി വഴി ബിജുലാലിന് വന്നതായാണ് സൂചന.

 

ഓഫീസ് സമയം കഴിഞ്ഞും മണിക്കൂറുകൾ തന്നെ ബിജുലാൽ വഞ്ചിയൂരെ ഓഫീസിൽ ഇരുന്നു റമ്മി കളിക്കുമായിരുന്നു. ഓഫീസിൽ അധികം സമയം ഇരുന്നു ജോലി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാൾ റമ്മി കളിയിൽ ഏർപ്പെട്ടത്. തനിച്ചിരുന്നുള്ള ഈ ഓൺലൈൻ റമ്മി കളി വൻ സാമ്പത്തിക ബാധ്യത ബിജുലാലിന് വരുത്തിവെച്ചതായാണ് സൂചന. ലക്ഷങ്ങൾ ഇതുവഴിയേ ഒഴുകിപ്പോയി എന്ന് സൂചനയുണ്ട്. പക്ഷെ ഭാര്യയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ഇയാൾ എല്ലാം മറച്ചുവെച്ചിരുന്നു. ഓൺലൈൻ റമ്മി കളിയിൽ എത്ര ലക്ഷം നഷ്ടം വന്നുവെന്ന് ബിജുലാലിന് മാത്രമേ അറിയൂ.

മുക്കാൽ ലക്ഷത്തോളം ശമ്പളമുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ബിജുലാൽ. സർക്കാർ സ്‌കൂളിൽ ടീച്ചറായ ഭാര്യയ്ക്കും ഇതിനു അനുബന്ധമായി ശമ്പളമുണ്ട്. റമ്മി കളിയിൽ എത്ര സാമ്പത്തിക ബാധ്യത വന്നും എന്തുകൊണ്ട് രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന കാര്യം അറസ്റ്റിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ബാലരാമപുരം ഉച്ചക്കടയിലെ ബിജുലാലിന്റെ വീട്ടിനോട് ചേർന്ന് സഹോദരിക്ക് നാല് സെന്റ് സ്ഥലമുണ്ട്. സ്വന്തം വീടിനോടു ചേർന്നുള്ള സ്ഥലം ആയതിനാൽ ഈ നാല് സെന്റ് തനിക്ക് നൽകണം എന്ന് ബിജുലാൽ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുമായി നല്ല ബന്ധം നിലനിൽക്കുന്നതിനാൽ ഈ സ്ഥലം ബിജുലാൽ പറയുന്ന പണത്തിനു നൽകാൻ സഹോദരി തയ്യാറുമായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ബിജുലാൽ പറഞ്ഞപ്പോൾ ഒരു വില പറഞ്ഞു സ്ഥലം എടുത്തുകൊള്ളാൻ ആണ് സഹോദരി പറഞ്ഞത്. ഒരു തുക ഞാൻ അഡ്വാൻസ് നൽകും. അതിനു ശേഷം പിന്നീട് മുഴുവൻ പണവും നൽകാം എന്നാണ് പറഞ്ഞത്.

ഓണത്തിനു മുഴുവൻ പണവും കൈമാറാം എന്നാണ് പറഞ്ഞത്. പക്ഷെ എന്ത് വിലയാണ് സ്ഥലത്തിനു നൽകുന്നതെന്നു സഹോദരിയോട് വ്യക്തമാക്കിയിരുന്നില്ല. ട്രഷറി തട്ടിപ്പ് വഴി ലഭിച്ച വൻ തുക എന്ത് ചെയ്യണം എന്ന് പോലും ബിജുലാലിന് ധാരണയില്ലായിരുന്നു എന്ന സൂചനകൾ പ്രബലമാണ്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ട്കളിലേക്ക് തുകകൾ ബിജുലാൽ മാറ്റിക്കൊണ്ടിരുന്നു. ഒന്നര കോടിയോളം രൂപ സ്വന്തം അക്കൗണ്ടിൽ നിലനിർത്തിയപ്പോൾ കുറച്ച് ലക്ഷങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിനു ശേഷം ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ഈ തുക വേറെ ഒരു അക്കൗണ്ടിലേക്ക് മാറ്റി. ഈ തുകയിൽ നിന്നാണ് അഞ്ച് ലക്ഷമോ മറ്റോ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്ഥലത്തിനുള്ള അഡ്വാൻസ് എന്ന നിലയിലാണ് ഈ തുക മാറ്റിയത്. അക്കൗണ്ടിലേക്ക് തുകകൾ വന്നത് ഭാര്യയോ സഹോദരിയോ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

അദ്ധ്യാപികയാണ് ബിജു ലാലിന്റെ സഹോദരി. കുറച്ചു മുൻപ് അവരുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിനും സർക്കാർ സർവീസിൽ തന്നെയായിരുന്നു ജോലി എന്നാണ് അറിയാൻ കഴിഞ്ഞത്. ബിജുലാലിനെ പോലെ സാമ്പത്തിക കുഴപ്പങ്ങൾ ഇല്ലാത്ത കുടുംബമാണ് സഹോദരിയുടേതും. അതുകൊണ്ട് തന്നെ സ്ഥലത്തിന്റെ കാര്യത്തിൽ സഹോദരി ബിജുലാലിനോട് കടുംപിടുത്തം പിടിച്ചിരുന്നില്ല. പക്ഷെ ഈ സ്ഥലം വാങ്ങാൻ വേണ്ടി തട്ടിപ്പ് നടത്തേണ്ട അവസ്ഥ ഇയാൾക്ക് വന്നിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത അവസ്ഥയിൽ എന്തുകൊണ്ട് സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ബിജുലാൽ തയ്യാറായി എന്നതാണ് കുടുംബാംഗങ്ങളിൽ നിന്നും ഉയർന്ന ചോദ്യം. ഇതിനു റമ്മി കളിയും അതുമായി വന്ന ബാധ്യതയും മാത്രമാണ് എന്നതാണ് കുടുംബവുമായി ബന്ധപ്പെട്ടവരുടെ ഉത്തരം. റമ്മി കളിയിൽ എത്രമാത്രം സാമ്പത്തിക ബാധ്യത വന്നും എന്നും ബിജുലാലിനു മാത്രമറിയാവുന്ന രഹസ്യമാണ്. ഓൺലൈൻ റമ്മി കളിപോലെ ടിക് ടോക് താരവുമായിരുന്നു ബിജുലാൽ. ഭാര്യയും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും ബിജുലാൽ പാട്ടുകൾ പാടുന്ന വീഡിയോയുമെല്ലാം പ്രചാരത്തിലുണ്ട്. ഈ വീഡിയോകൾ വഴിയാണ് ഈ ദമ്പതികളെ പലരും തിരിച്ചറിഞ്ഞത്. സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പുകാരൻ എന്ന നിലയിലേക്ക് ബിജുലാൽ മാറിയത് ഇവരെ അറിയുന്ന പലരെയും നടുക്കിയിട്ടുണ്ട്.

ബാലരാമപുരം ഉച്ചക്കടയിലാണ് ബിജുലാലിന്റെ കുടുംബവീട് എങ്കിലും കരമനയിലാണ് ബിജുലാലും ഭാര്യയും വാടകവീട് എടുത്ത് താമസിക്കുന്നത്. ഓഫീസിൽ പോയി വരേണ്ട സൗകര്യം നോക്കിയാണ് ഇവർ ഇരുവരും കൂടി കരമനയിൽ വാടകവീട് എടുത്ത് താമസം തുടങ്ങിയത്. ബിജുലാൽ രണ്ടു കോടിയിലേറെ തട്ടിപ്പ് നടത്തിയെന്ന കാര്യം വാർത്ത വരുന്നത് വരെ ബിജുലാലിന്റെ ഭാര്യ അറിഞ്ഞിരുന്നില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. വാർത്ത വന്നപ്പോഴാണ് തട്ടിപ്പിന്റെ കഥ ഭാര്യ അറിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വിശദീകരണം ചോദിച്ച ഭാര്യയ്ക്ക് മുൻപിൽ ഫോൺ വലിച്ചെറിഞ്ഞാണ് ബിജുലാൽ പോയത്. അതിനു ശേഷം അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. വഞ്ചിയൂർ കോടതിയിൽ മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ജാമ്യം ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെ നടുക്കിയ കേസ് ആയതിനാൽ കീഴടങ്ങാൻ ബിജുലാലിന് മുന്നിൽ സമ്മർദ്ദമുണ്ടായിരുന്നു. പക്ഷെ പൊലീസിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പൊലീസ് സമയം എടുക്കുകയാണ് എന്നാണ് സൂചന. തെളിവുകൾ മുഴുവൻ സ്വരൂപിച്ച ശേഷം തട്ടിപ്പിനെക്കുറിച്ച് ശരിക്ക് പഠിച്ച ശേഷം മാത്രം അറസ്റ്റ് മതി എന്നാണ് പൊലീസിൽ ഉരുത്തിരിയുന്ന ധാരണ.

ബിജുലാലിനെ കണ്ടുകിട്ടിയില്ലാ എന്നും അന്വേഷിക്കുകയാണ് എന്നുമാണ് പേട്ട സിഐ മറുനാടനോട് പ്രതികരിച്ചത്. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും സിഐ പറയുന്നു. അതേസമയം വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുന്നോട്ടു പോവുകയാണ് സർക്കാർ. വിജിലൻസിന്റെ ചുമതലയുള്ള ട്രഷറി ജോയിന്റ് ഡയറക്റ്ററുടെയും പൊലീസിന്റെയും അന്വേഷണത്തിനുപുറമേ ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ട്രഷറി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിലുള്ള ട്രഷറി ഡയറക്റ്ററേയും വിജിലൻസ് ചുമതലയുള്ള ജോയിന്റ് ഡയറക്റ്ററേയും സർവീസിൽ നിന്ന് മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.

വിരമിച്ച ഓഫീസറുടെ പാസ് വേഡും യൂസർ നെയിമും റദ്ദാക്കാതിരുന്നതിന്റെ ഉത്തരവാദിത്തം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് തടിതപ്പാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ജില്ലാ ട്രഷറി ഓഫീസറാണ് (ഡിടിഒ) ഇത് റദ്ദാക്കേണ്ടതെന്ന് ട്രഷറി ഡയറക്റ്റർ പരസ്യമായി വ്യക്തമാക്കിയതോടെയാണിത്. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന ഓഫീസർക്ക് വഞ്ചിയൂർ തട്ടിപ്പ് കേസിൽ വീഴ്ച വന്നതായി തെളിഞ്ഞിട്ടുണ്ട്. ഒരേ സമയം ഒരു ട്രഷറിയിലെ രണ്ടു ട്രഷറി ഓഫീസർമാരുടെ അക്കൗണ്ട് സജീവമായത് എന്തുകൊണ്ട് കണ്ടുപിടിക്കപ്പെട്ടില്ല എന്ന ചോദ്യം ട്രഷറി ഡയറക്ടറെറ്റിനു മുന്നിലും ധനവകുപ്പിന് മുന്നിലും സജീവമായിട്ടുണ്ട്. ട്രഷറി ഓഫീസറാണ് ഇടപാടുകൾ അംഗീകരിച്ചു നൽകുന്നത്. ഒരേ സമയം എങ്ങനെ രണ്ടു ഓഫീസർമാർ ലൈവായി മാറിയത് എന്ന് ഐടി ചുമതലയുള്ള ഉദ്യോഗസ്ഥൻ കണ്ടുപിടിക്കേണ്ടിയിരുന്നു. ഇതിൽ വകുപ്പിലെ ഐടി സെക്ഷന് വീഴ്ച വന്നിട്ടുണ്ട്. വിരമിക്കുന്ന തീയതിയും നിയമിതനായ തീയതിയും ഉൾപ്പെടെയുള്ള ഫോറം രേഖപ്പെടുത്തി ഡയറക്റ്ററേറ്റിൽ നൽകുമ്പോഴാണ് യൂസർ നെയിമും പാസ് വേഡും അനുവദിക്കുന്നത്. അത് വിരമിക്കുമ്പോൾ അറിയേണ്ടതും ഡയറക്റ്ററേറ്റിലാണ്. വിരമിക്കലിന് മുമ്പ് അവധി എടുത്തപ്പോൾ അതിന്റെ ഉത്തരവിറക്കിയത് ഡയറക്റ്ററാണ്. അപ്പോൾ സ്വാഭാവികമായും അക്കൗണ്ട് റദ്ദ് ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷെ അക്കൗണ്ട് ലൈവ് ആയി തന്നെ തുടരുകയും ചെയ്തു. ഇതാണ് സംസ്ഥാനത്തെ ഞെട്ടിച്ച ട്രഷറി തട്ടിപ്പിന് ബിജുലാലിന് അവസരം ഒരുക്കി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP