Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാലിനെ പിരിച്ചുവിട്ടു; നോട്ടീസ് പോലും നൽകേണ്ടെന്ന് ധനവകുപ്പ് തീരുമാനം; ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിന്റെ സഹായം തേടാനും തീരുമാനം; തട്ടിപ്പു കണ്ടെത്തിയ ഉദ്യോഗസ്ഥൻ ഒഴികെ മറ്റെല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലംമാറ്റി; ബിജുലാൽ ചെയ്തത് ഗുരുതരമായ സൈബർ കുറ്റകൃത്യമാണ് ധനമന്ത്രി

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാലിനെ പിരിച്ചുവിട്ടു; നോട്ടീസ് പോലും നൽകേണ്ടെന്ന് ധനവകുപ്പ് തീരുമാനം; ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിന്റെ സഹായം തേടാനും തീരുമാനം; തട്ടിപ്പു കണ്ടെത്തിയ ഉദ്യോഗസ്ഥൻ ഒഴികെ മറ്റെല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലംമാറ്റി; ബിജുലാൽ ചെയ്തത് ഗുരുതരമായ സൈബർ കുറ്റകൃത്യമാണ് ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു. സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെയാണ് ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങൾ അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും.

വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ഫിനാൻസ് സെക്രട്ടറി ആർ.കെ. സിങ്, എൻ.ഐ.സി ട്രഷറിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനുശേഷമാണ് ബിജുലാലിനെ പിരിച്ചു വിടാൻ തീരുമാനിച്ചത്. ബിജുലാൽ നടത്തിയത് വെറുമൊരു ക്രമക്കേടല്ല, ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

ധനവകുപ്പിന്റെ മൂന്നു പേരും എൻ.ഐ.സിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തട്ടിപ്പു കണ്ടുപിടിച്ച എസ്.ടി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ ട്രഷറിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സ്ഥലം മാറ്റും. അതേസമയം വീണ്ടും ട്രഷറി സോഫ്റ്റ് വെയർ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കും. ഇതിനു പുറമേ ഫങ്ഷൻ ഓഡിറ്റ് നടത്തുന്നതിന് എൻ.ഐ.സിയുടെയും ട്രഷറി ഐ.ടി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നൽകും. സമാന സംഭവങ്ങൾ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ട്രഷറി ഓഫീസർ, ടെക്നിക്കൽ കോഡിനേറ്റർ എന്നിവർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബിജുലാൽ പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പത് ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ നിന്നു തന്നെ കണ്ടെത്തി. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. അതേസമയം താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ബിജുലാലിന്റെ ഭാര്യ സിമിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു.

ബിജുലാലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ബിജുലാൽ കീഴടങ്ങാൻ ശ്രമം തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാൽ പണം തട്ടിയത് ഓൺലൈൻ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാൽ ഓൺലൈൻ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. രണ്ടു മാസം മുമ്പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മെയ് 31 നാണ് സബ്ട്രഷറി ഓഫീസർ വിരമിച്ചത്. ഇദ്ദേഹത്തിന്റെ യൂസർനെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു.

ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഐഎസ്എംസി പാസ്വേഡ് ലോക്ക് ചെയ്തിരുന്നെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ പേരിൽ തട്ടിപ്പു നടത്താൻ കഴിയുമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭരണകക്ഷിയിൽപ്പെട്ട ഐഎസ്എംസി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ സാധാരണക്കാരായ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും റിപ്പോർട്ട് തേടിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലെയും സോഫ്റ്റ്‌വയറിലെയും വീഴ്ചകൾ അന്വേഷിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകി. ഐഎസ്ഒ സർട്ടിഫിക്കറ്റു ലഭിക്കാനായി കോടികൾ ചെലവഴിച്ചു ട്രഷറിയിൽ പരിഷ്‌കരണ നടപടികൾ നടക്കുമ്പോഴാണ് തട്ടിപ്പു നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP