Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം; വലിയത്ത് ആശുപത്രിക്കെതിരായ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തിൽ കണ്ണൂ മൂടിക്കെട്ടിക്കൊണ്ട് അണിനിരന്നത് നിരവധി പേർ; മാനേജ്മെന്റിന്റെ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് പ്ലക്കാർഡ്; രോഗികളെ പിഴിഞ്ഞ് പണം കൊള്ളയടിക്കുന്ന മാനേജ്മെന്റ് നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യം

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം; വലിയത്ത് ആശുപത്രിക്കെതിരായ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തിൽ കണ്ണൂ മൂടിക്കെട്ടിക്കൊണ്ട് അണിനിരന്നത് നിരവധി പേർ; മാനേജ്മെന്റിന്റെ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് പ്ലക്കാർഡ്; രോഗികളെ പിഴിഞ്ഞ് പണം കൊള്ളയടിക്കുന്ന മാനേജ്മെന്റ് നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യം

ആർ പീയൂഷ്

കരുനാഗപ്പള്ളി: പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്കെതിരെയാണ് നൂറോളം പേർ പ്രതിഷേധവുമായെത്തിയത്. കണ്ണൂ മൂടിക്കെട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട പിഞ്ചു കുഞ്ഞിന് നീതി ലഭിക്കുക, മാനേജ്മെന്റിന്റെ പകൽക്കൊള്ള അവസാനിപ്പിക്കുക എന്നീ പ്ലക്കാർഡുകളേന്തിയായിരുന്നു പ്രതിഷേധം.

രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുന്നിൽ നിന്നുമാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ആശുപത്രിയുടെ മുന്നിലെത്തിയ ശേഷം ഒരു മണിക്കൂറോളം പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങൾ വിളിച്ചു. പിഞ്ചു കുഞ്ഞിന്റെ മരണത്തിനുത്തരവാദികളായ ആശുപത്രിയിലെ ജീവനക്കാരെ എത്രയും വേഗം പൊലീസ് അറസ്റ്റ് ചെയ്യണമെന്ന ആവിശ്യമാണ് പ്രതിഷേധവുമായെത്തിയവർ ഉന്നയിച്ചത്. കൂടാതെ രോഗികളെ പിഴിഞ്ഞ് പണം കൊള്ളയടിക്കുന്ന മാനേജ്മെന്റ് നിലപാട് അവസാനിപ്പിക്കണമെന്നും ആവിശ്യപ്പെട്ടു.

സോഷ്യൽ മീഡിയ വഴിയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് എല്ലാവരും പ്രതിഷേധത്തിൽ അണി നിരന്നത്. ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ വച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

കഴിഞ്ഞ 30 നാണ് വലിയത്ത് ആശുപത്രിയുടെ അനാസ്ഥമൂലം പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെ പ്രസവത്തിനിടെയാണ് സംഭവം. കുഞ്ഞ് മരിച്ചതിന് പിന്നാലെ യുവതിയും ഗുരുതരാവസ്ഥയിലേക്ക് പോയി. യുവതിക്ക് കടുത്ത പ്രസവ വേദനയുണ്ടായിട്ടും ആരും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 29 ന് വൈകിട്ട് നാലുമണിയോട് പ്രവേശിപ്പിച്ച യുവതിക്ക് വേദന സഹിക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ബന്ധുക്കൾ ആവിശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർ നിങ്ങളുടെ മകളെ മാത്രമല്ല ഇവിടെ വേറെയും പ്രസവത്തിനായി എത്തിയവരും ഉണ്ട്, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് പറഞ്ഞ് ശാസിച്ചതായും പറയുന്നു. പിന്നീട് 30 ന് വെളുപ്പിന് പ്രസവത്തിനായി കയറ്റുകയും കുട്ടി മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.

പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നതായിട്ടാണ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് അടക്കം പുറത്ത് സജ്ജീകരിച്ച് നിർത്തിയെങ്കിലും ബിൽ അടക്കാതെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ എടുത്തത്. കോവിഡ് ആയതിനാൽ ബന്ധുക്കളാരും ആശുപത്രിയിൽ നിൽക്കരുത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാതാന് നൂർജഹാൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ അപ്പോൾ പണമില്ലാതിരുന്നു. വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞ് പണവുമായി എത്താൻ അരമണിക്കൂറിലേറെ സമയം എടുത്തു. ആശുപത്രിയിലെ മുഴുവൻ തുകയായ 14,840 രൂപയും അടച്ചതിന് ശേഷമാണ് യുവതിയെ കൊണ്ടു പോകാൻ അനുവദിച്ചത്.

എസ്.എ.ടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടി മരിച്ചു എന്നറിയുന്നത്. പുറത്തേക്ക് വരുന്നതിനിടയിൽ വലിയത്ത് ആശുപത്രിയിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു എന്നും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. അഭോധാവസ്ഥയിലായ യുവതിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നില നിർത്തുന്നത്. വെന്റിലേറ്റർ മാറ്റുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളോട് ചർച്ച നടത്തി. വലിയത്ത് ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതാണ് ഈ അവസ്ഥയിലേക്കെത്താനെന്നാണ് ബന്ധുക്കളുടെ ആരോപണം. പിതാവിന്റെ പരാതിയിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP