Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതര സുവർണമുദ്ര മായ്ച്ച് കളയുന്നത് അധികാരത്തിന്റെ മാധുര്യം നുണഞ്ഞവർ; മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ല; തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിർത്താനാവാതെ പോയ നേതാവണ് കമൽനാഥ്; രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെതിരേ ആരോപണം കടുപ്പിച്ചു സമസ്ത; പ്രാദേശിക നേതാക്കളുടെ നിലപാട് മുഖവിലക്കെടുക്കേണ്ടെന്ന നിലപാടിൽ മുസ്ലിംലീഗ്

മതേതര സുവർണമുദ്ര മായ്ച്ച് കളയുന്നത് അധികാരത്തിന്റെ മാധുര്യം നുണഞ്ഞവർ; മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ല; തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിർത്താനാവാതെ പോയ നേതാവണ് കമൽനാഥ്; രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെതിരേ ആരോപണം കടുപ്പിച്ചു സമസ്ത; പ്രാദേശിക നേതാക്കളുടെ നിലപാട് മുഖവിലക്കെടുക്കേണ്ടെന്ന നിലപാടിൽ മുസ്ലിംലീഗ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചു കൊണ്ടു രംഗത്തെത്തിയ മധ്യപ്രദേശിലെ നേതാക്കളായ കമൽനാഥിനെയും ദിഗ്‌വിജയ് സിംഗിനെയും വിമർശിച്ചു സമസ്ത രംഗത്തെത്തി. ഇതോടെ രാമക്ഷേത്ര വിഷയം കേരളത്തിൽ ചർച്ചാ വിഷയമായി മാറി. കമൽനാഥിന്റെ പ്രസ്താവന മറ്റു നേതാക്കളെക്കാൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം മുഴുവൻ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണെന്ന കമൽനാഥിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സമസ്ത ആവശ്യപ്പെട്ടു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം പ്രതികരിക്കുമെന്ന് മുസ്്‌ലിം ലീഗും വ്യക്തമാക്കി.

കോൺഗ്രസിന്റെ നെറ്റിത്തടത്തിലെ മതേതര സുവർണമുദ്ര അധികാരത്തിന്റെ മാധുര്യം നുണഞ്ഞ ചില നേതാക്കൾ മായ്ച്ച് കളയുന്നുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾക്കെതിരേ സമസ്ത രംഗത്തെത്തിയത്. തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് രാമക്ഷേത്ര നിർമ്മാണത്തെ പ്രശംസിച്ചെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവുമായ കമൽനാഥ്, കോൺഗ്രസിന്റെ മറ്റൊരു മുതർന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്വിജയ് സിങ് എന്നിവർക്കെതിരേ എഡിറ്റോറിയലുമായി സമസ്ത രംഗത്തെത്തിയത്.

ഇന്ത്യയിലെ എല്ലാവരുടേയും സമ്മതത്തോടെയാണ് ബാബ്റി മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുന്നതെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉയരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് ദ്വിഗ്വിജയ് സിംഗും പറയുന്നു. ഇങ്ങനെയുള്ള ആഗ്രഹം രാജീവ് ഗാന്ധി ദ്വിഗ്വിജയ് സിംഗിനോട് പറഞ്ഞിരുന്നോയെന്നും എഡിറ്റോറിയൽ ചോദിക്കുന്നുണ്ട്.

എതാനും സീറ്റുകൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്ന് കൊടുത്തതാണ് മസ്ജിദിന്റെ തകർച്ചയ്ക്കും സംഘപരിവാർ രാഷ്ട്രീയത്തിന് ഇന്ത്യൻ ഭൂമികയിൽ വേരുറപ്പിക്കാനും അവസരമൊരുക്കിയത്. ഈ ചരിത്രപാഠം കോൺഗ്രസ് മനസ്സിലാക്കണം. ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കോൺഗ്രസിന്റെ അടിസ്ഥാന തത്വം മുറുകെ പിടിച്ച് ഇന്ത്യൻ ജനതയ്ക്ക് പുതിയ ദിശാബോധം നൽകണം. പകരം മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ലെന്നും സമസ്ത ഓർമിപ്പിക്കുന്നു.

ഏതാനും സീറ്റുകൾക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമൽനാഥിനെ പോലെയുള്ളവരെ പിഴുതെറിയണം. തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിർത്താനാവാതെ പോയ നേതാവണ് കമൽനാഥ്. ബിജെപിയുടെ രാഷ്ട്രീയ അജൻഡ തുറന്ന് കാട്ടുന്നതിന് പകരം അവരോടൊപ്പം ചേർന്ന്പോകുന്ന രാഷ്ട്രീയ നയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോൺഗ്രസ് ചിന്തിക്കുന്നില്ലെന്നും എഡിറ്റോറിയിൽ ചോദിക്കുന്നു.

ചെന്നിത്തലയ്ക്കെതിരേ സംഘ്പരിവാർ പ്രതിച്ഛായ ആരോപിക്കപ്പെട്ടിട്ടും അത് മുഖവിലയ്ക്കെടുക്കാത്തത് അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജീവിതം പൊതു സമൂഹത്തിന് മുന്നിൽ തുറന്ന പുസ്തകമായി നിലനിൽക്കുന്നതുകൊണ്ടാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ മതനിരപേക്ഷതായെന്ന് പറഞ്ഞ ജവഹർലാൽ നെഹ്റുവിനെ പോലും കോൺഗ്രസ് ദേശീയ നേതൃത്വം വിസ്മരിക്കുന്നുവെന്നും എഡിറ്റോറിയിൽ കുറ്റപ്പെടുത്തി.

അതേസമയം തൊട്ടുപിന്നാലെയാണ് വിഷയത്തിൽ അഭിപ്രായപ്രകടനവുമായി കെ. മുരളീധരൻ എംപി. എത്തിയത്. പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് എന്നും കോൺഗ്രസിന് എതിർപ്പാണ്. ഒരു മതവിഭാഗത്തെ മുറിപ്പെടുത്തിയുള്ള ഒരു നീക്കവും യോജിക്കാനാകില്ലെന്നും മുരളി പറഞ്ഞു. എന്നാൽ പ്രാദേശിക നേതാക്കളുടെ നിലപാട് മുഖവിലയക്കെടുക്കുന്നില്ലെന്ന് മുസ്്‌ലീം ലീഗ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ അഭിപ്രായം അറിയിച്ച ശേഷം നിലപാട് കൈക്കൊള്ളും. പ്രകോപനം ഒഴിവാക്കി മുന്നോട്ട് പോകാൻ സമസ്തയുമായി അനൗപചാരിക ചർച്ചകളും ലീഗ് നേതാക്കൾ നടത്തും.

നേരത്തെ അയോധ്യയിലെ രാമക്ഷേത്രം നിർമ്മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെ ആണെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നത്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ'' -കമൽനാഥ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇതിന് പിന്നാലെ രാമക്ഷേത്രം നിർമ്മിക്കണമെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമൻ ജനിച്ച അയോധ്യയിൽ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നു' -സിങ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഭൂമിപൂജാ ചടങ്ങ് ഓഗസ്റ്റ് അഞ്ചിൽ നടത്തുന്നതിനെ സിങ് വിമർശിച്ചു. ഹിന്ദു വിശ്വാസപ്രകാരം മുഹൂർത്തമില്ലാത്ത ദിവസം ചടങ്ങ് നടത്തുന്നതിലൂടെ വിശ്വാസങ്ങളും മതപരമായ വികാരങ്ങളും സർക്കാർ അവഗണിക്കുകയാണെന്ന് സിങ് ആരോപിച്ചു. എന്നാൽ, ക്ഷേത്രനിർമ്മാണം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സിങ്ങിന് മറുപടിയായി മുതിർന്ന ബിജെപി. നേതാവ് നരോത്തം മിശ്ര പറഞ്ഞു. രാമൻ സാങ്കല്പിക കഥാപാത്രമാണെന്നു പറഞ്ഞ് കോടതിയെ സമീപിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാമനുവേണ്ടി സംസാരിക്കുന്നതായും മിശ്ര പരിഹസിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP