Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ

എം എസ് ശംഭു

തിരുവനന്തപുരം: കോൺഗ്രസ് ബാലസംഘടനയായ ജവഹർ ബാലഭവന്റെ ബാല മഞ്ച് വെബിനാറിൽ രാഷ്ട്രീയ നിരീക്ഷകനും ഡിബേറ്ററുമായ ശ്രീജിത്ത് പണിക്കരെ ഒഴിവാക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയെ കോൺഗ്രസിലെ കുട്ടികളുടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി എന്ന തരത്തിലായിരുന്നു പ്രചാരണം എത്തിയത്. എന്നാൽ ഇത് ഒരു നേതാവിന്റെ മാത്രം പ്രശ്നം ആയിരുന്നെന്നാണ്ശ്രീജിത്ത് പണിക്കർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

'എന്നെ ഒഴിവാക്കിയതിന് പിന്നിൽ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിന്റെ നിർബന്ധ ബുദ്ധിയാണ്. ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും സംഘിയാക്കിയ നാട്ടിൽ സിപിഎം പ്രചരണം ഏറ്റുപിടിച്ച് എന്നെ സംഘിയാക്കുന്നത് ശരിയായ നിലാപാടാണോ. രാഷ്ട്രീയേതര പരിപാടി എന്ന് അറിയിച്ച്, ജവഹർ ബാലഭവന്റെ പരിപാടിയിൽ കുട്ടികളോട് സംസാരിക്കാനാണ് തന്നെ ക്ഷണിച്ചത്. ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ അവർ എതിർപ്പ് രേഖപ്പെടുത്താപ്പോൾ പോലും കോൺഗ്രസിലെ ഒരു നേതാവിന്റെ എതിർപ്പ് മൂലമാണ് ഒഴിവാക്കലുണ്ടായത്'- ശ്രീജിത്ത് പണിക്കർ പറയുന്നു.

'ജവഹർ ബാലഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാലമഞ്ചിന്റെ പരിപാടിയിലേക്ക് പ്രോജക്ട് ഡയറക്ടർ ഡോ ജി.വി ഹരിയാണ് എന്നെ ക്ഷണിച്ചത്. പൂർണമായും ഇതൊരു രാഷ്ട്രീയേതര പരിപാടിയാണ്. ഡിബേറ്റ് വിത്ത് ഡിബേറ്റർ എന്ന് പേരിട്ട് സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രീയമില്ല എന്ന് പറഞ്ഞു തന്നെയാണ് ഹരി തന്നെ സമീപിച്ചത്. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും, എം.എം ഹസനും അടക്കം നീളുന്ന വെബിനാറിൽ എന്റെ ചിത്രം സഹിതം പോസ്റ്ററും സംഘാടകർ നൽകി. കുട്ടികളെ എങ്ങനെ ഒരു ഡിബേറ്റിൽ അഭിമുഖീകരിക്കാം അക്കാഡമിക്ക് രീതിയിൽ അവരിൽ ഗുണം ചെയ്യുന്ന ഡിബേറ്റ് സാധ്യതകൾ വസ്തുനിഷ്ടമായി പ്രകടമാക്കാം എന്ന് മാത്രമേ ഈ ക്ഷണം വന്നപ്പോൾ ഉദ്ദേശിച്ചിരുന്നുള്ളു. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വളരെ അടുത്ത് സൗഹൃദം പുലർത്തുന്നുണ്ട്. - ശ്രീജിത്ത് പണിക്കർ പറയുന്നത്.

കുട്ടികളിൽ രാഷ്ട്രീയമില്ല, കുട്ടികൾക്കായി നടത്തിയ പരിപാടിക്ക് എങ്ങനെയാണ് രാഷ്ട്രീയ സ്വഭാവം കൈവരുന്നത്.17 വയസിന് താഴെയുള്ള കുട്ടികൾ എന്നെ എതിർക്കേണ്ട കാര്യമെന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ചാനൽ ചർച്ചകളിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ഒരാൾ കോൺഗ്രസ് നേതൃത്വം നൽകുന്ന പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ ഞാൻ ഈ പരിപാടിയിൽ അതിഥിയായി ഉണ്ടാകില്ല എന്നാണ് കോൺഗ്രസ് നേതാവ് സംഘാടകനായ ഹരിയെ അറിയിച്ചത്. സംഘടനയ്ക്ക് അകത്ത് ഒരു പ്രോഗ്രാം കോ-ഓർഡിനേറ്റർ പോലും എതിർപ്പ് പ്രകടിപ്പിക്കാത്ത ഘട്ടത്തിലാണ് എന്നോടൊപ്പം ഡിബേറ്റുകളിൽ പോലും പങ്കെടുത്തിട്ടുള്ള ആ നേതാവ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളുമായി ഞാൻ വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. എന്നെ ഒഴിവാക്കിയത് എന്ത് കാരണത്തിലാണെന്ന് മനസിലായപ്പോൾ തന്നെ പ്രതിപക്ഷ നേതാവിന് ഞാൻ സന്ദേശമയച്ചു. രാഷ്ട്രീയേതര പരിപാടിയാണ് എന്ന് പറഞ്ഞ് ക്ഷണിച്ചിട്ട് ഒഴിവാക്കിയ നിലപാട് ശരിയായില്ല എന്നാണ് ഞാൻ പ്രതികരിച്ചത്. എന്നാൽ സംഘടനാ നിലപാടിൽ  ഖേദം പ്രകടിപ്പിക്കുകയുംഎന്നെ നേരിട്ട് കാണാം എന്ന് അറിയിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

സൈബർ സാഖാക്കൾ ഉൾപ്പടെയുള്ള സിപിഎം ഗ്രൂപ്പുകളിൽ രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും സംഘി എന്ന് മുദ്രകുത്തിയതിനെ പ്രതിരോധിച്ച കോൺഗ്രസ് സംവിധാനങ്ങളാണ് നിരന്തരം സംഘപരിവാർ അനുകൂലിയെന്നും സംഘിയെന്നും ആരോപിക്കുന്ന എന്ന സംഘിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഞാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും പരിപാടികളിൽ അതിഥിയായി പോയിട്ടുള്ള ആളല്ല. ആ ശൈലിയും എനിക്കില്ല. ഹരിയെ ചാനൽ ചർച്ചകളിൽ വാക്കുകൾ കൊണ്ട് നേരിട്ടിട്ടടുണ്ട്. പക്ഷേ ദൃഡമായ വ്യക്തി ബന്ധത്തിന്റെ പേരിലാണ് അദ്ദേഹം എന്നെ പരിപാടിയിൽ ക്ഷണിച്ചത്. ഒരു വ്യക്തിതിയുടെ താൽപര്യത്തിന് അനുസരിച്ച് കോൺഗ്രസ് സംവിധാനങ്ങൾ പ്രവർത്തിച്ച് ഒഴിവാക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവരെ പരിപാടിയിൽ പങ്കെടുപ്പിക്കില്ല എന്നുണ്ടോ. രാഹുൽ ഗാന്ധി വിമർശനത്തിന് അതീതനല്ലേ. എന്നെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ മാധ്യമപ്രവർത്തർ ഉൾപ്പെടുള്ളവർ രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസ് ശ്രീജിത്തിന്റെ കാര്യത്തിൽ ന്യൂട്രൽ നിലപാട് സ്വീകരിച്ചു എന്നാണ് മാധ്യമപ്രവർത്തകർ തന്നെ പറഞ്ഞത്.- ശ്രീജിത്ത് പണിക്കർ പറയുന്നു.

എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ചത് ചെന്നിത്തല ഉൾപ്പെടെയു നേതാക്കൾ അറിഞ്ഞിട്ടുണ്ട്. ക്ഷണിച്ചപ്പോഴും, പോസ്റ്റർ അടിച്ചപ്പോഴും ഞാൻ സംഘിയല്ലായിരുന്നു. ഒരു വ്യക്തിയുടെ താത്പര്യം മുൻനിർത്തി സംഘിപ്പട്ടം നൽകുന്നത് എന്ത് നിലപാടാണ്. ഞാൻ ഇന്നുവരെ ഒരു രാഷ്ട്രീയത്തിനോടും ചായ്വ് പകടിപ്പിച്ചിട്ടില്ല. അഞ്ച് വർഷമായി ഞാൻ ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ശബരിമല, പൗരത്വ ഭേദഗതി ബിൽ, തുടങ്ങിയ ചർച്ചകളിലൂടെ ഞാൻ ഭരണഘടാനപരമായ രീതിയിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ള ആളാണ്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും അനുകൂലിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കേരള സർക്കാർ നയത്തിനൊപ്പമാണ് നിന്നത്.

ഭരണഘടനാവിരുദ്ധമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നവരെ ആയുധം കൈയിലെടുക്കുന്നവരേയും അതേ നാണയത്തിൽ തന്നെ നേരിടണം എന്നതാണ് എന്റെ നിലപാട്. രാജ്യത്ത് സ്വതന്ത്രപരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരും സിപിഎമ്മിനെ വിമർശിക്കുന്നവരും സംഘിയാക്കുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. കോൺഗ്രസ് എന്നെ ഒഴിവാക്കിയത് ഇതേ സിപിഎം പ്രചരണം ഏറ്റുപിടിച്ചാണ്. യോഗത്തിൽ നിന്ന് എന്നെ ആ യുവനേതാവിന്റെ താത്പര്യത്തിന് അനുസരിച്ച് ഒഴിവാക്കിയ സംഭവത്തിൽ കോ-ഓർഡിനേറ്റർ ഹരിയോടും ചെന്നിത്തല അടക്കമുള്ളവരോടും ഞാൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്- ശ്രീജിത്ത് പണിക്കർ പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP