Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും

സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും

എം മനോജ് കുമാർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം മുറുകവേ ഇടത് സർക്കാരിനു മുകളിലുള്ള പ്രതിസന്ധിയും മുറുകുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻഐഎയുടെ നോട്ടപ്പുള്ളിയായപ്പോൾ ഒന്നുമറിഞ്ഞില്ല എന്ന് പറഞ്ഞു ഉരുണ്ടുമാറിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നോട്ടുള്ള പോക്ക് സുഖകരമാകില്ല എന്ന് തന്നെയാണ് എൻഐഎ അന്വേഷണം മുറുകുമ്പോൾ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് പിറകെ ഒരു മുൻ ഹൈക്കോടതി ജഡ്ജി കൂടി എൻഐഎ നിരീക്ഷണത്തിലായതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ കുഴപ്പിക്കുന്നത്.

ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയുടെ അടുത്ത ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഈ ജഡ്ജികൂടി സംശയത്തിന്റെ നിഴലിൽ അകപ്പെടുന്നത്. ഈ ജഡ്ജിയോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദ്ദേശിച്ചതായാണ് ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുവായ അഭിഭാഷകനിൽ നിന്ന് പല വിവരങ്ങളും ചോർന്നതോടെയാണ് ജഡ്ജികൂടി സംശയ നിഴലിലാകുന്നത്. ഈ ജഡ്ജിയെയാണ് കേരളാ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യുണൽ(കാറ്റ്) ചെയർമാൻ ആയി പിണറായി സർക്കാർ പരിഗണിച്ചത് എന്നതാണ് റിപ്പോർട്ട്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഈ ജഡ്ജിക്ക് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് എൻഐഎ ഇപ്പോഴും കരുതുന്നില്ല. എന്നാൽ എല്ലാം പരിശോധിക്കാനാണഅ തീരുമാനം.

കാറ്റിലേക്കുള്ള ഈ ജഡ്ജിയുടെ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൂടി താത്പര്യമുണ്ടായിരുന്നു. പ്രമുഖ വ്യവസായിയാണ് കാറ്റിന്റെ തലപ്പത്തേക്ക് ഈ ജഡ്ജിയുടെ പേര് നിർദ്ദേശിച്ചത്. ഇതുകൊണ്ട് തന്നെയാണ് ഈ ജഡ്ജിയെ കാറ്റിന്റെ തലപ്പത്തേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കൂടി താത്പര്യം കാട്ടിയത്. കോവിഡ് പിടിമുറുക്കിയത് കാരണമാണ് തലപ്പത്തേക്ക് ഈ ജഡ്ജിയുടെ നിയമനം നീണ്ടു പോയത്. അല്ലെങ്കിൽ മുൻപ് തന്നെ കെഎടിയുടെ ചെയർമാനായി ഈ ജഡ്ജി വന്നേനെ. ഇപ്പോഴും കെഎടി ചെയർമാൻ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

വ്യവസായ പ്രമുഖനും ഈ ജഡ്ജിയും തമ്മിൽ ഉറ്റബന്ധമാണ്. ജഡ്ജിയുടെ കുടുംബം വകയുള്ള പ്രമുഖ സ്‌കൂളിന്റെ മെൻസ് ഹോസ്റ്റൽ പണികഴിപ്പിച്ച് നൽകിയത് ഈ വ്യവസായിയാണ് എന്നും സൂചനയുണ്ട്. യൂണിവേഴ്‌സിറ്റി പോലുള്ള വൻ കെട്ടിട സമുച്ചയമാണ് കൊച്ചിയിലെ ഈ സ്‌കൂളിനു സ്വന്തമായുള്ളത്. എൻഐഎയുടെ നിരീക്ഷണം കൂടി വന്നതോടെ ജഡ്ജിയുടെ കെഎടി നിയമനം റദ്ദാകുന്ന അവസ്ഥയാണ്. ഇതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി വേണ്ടപ്പെട്ടവർക്ക് നൽകി കഴിഞ്ഞു. ഇനി തൽകാലം ഈ ജഡ്ജിയെ നിയമിക്കില്ലെന്നാണ് സൂചന.

നെടുമ്പാശേരി സ്വർണ്ണ കടത്തിലെ പഴയ സംഭവങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണം കടത്ത് കേസ് മറ്റൊരു പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് ഹൈക്കോടതിയിൽ വന്നത്. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളം 2000 കിലോയുടെ സ്വർണം കടത്തി എന്നായിരുന്നു കസ്റ്റംസ് കേസ്. ഗൾഫിൽ നിന്നും സ്വർണം കടത്തിയത് മൂവാറ്റുപുഴ റാക്കറ്റ് ആയിരുന്നു. ഈ കേസ് ഹൈക്കോടതിയിലെ പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് വന്നത്.

ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിലകൊണ്ടവരൊക്കെ കോടികളാണ് ഇടപാടിൽ സമ്പാദിച്ചത്. കേരളത്തിലെ പല പ്രമുഖ ജൂവലറികളിലേക്കുമാണ് സ്വർണം പോയതെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുറിയിൽ നാടകീയമായ സംഭവവികാസങ്ങൾ വന്നത്. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ഹൈക്കോടതി ജഡ്ജി കോടതി മുറിയിൽ തുറന്നു പറഞ്ഞത്. തുറന്നു പറച്ചിൽ നടത്തിയ ശേഷം വാദം നടക്കവേ അപ്രതീക്ഷിതമായി ജഡ്ജി ഈ കേസിൽ നിന്നും പിന്മാറി.

നാടകീയമായ ഈ പിന്മാറ്റം അന്ന് വാർത്തയായിരുന്നു. നടക്കില്ലെന്നു തീർത്തും പറഞ്ഞിട്ടും വീണ്ടും ശ്രമങ്ങൾ തനിക്ക് പിന്നാലെ വന്നു. ഈ കേസ് ഇനി താൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ ഒഴിഞ്ഞു എന്നാണ് അന്ന് ജഡ്ജി പറഞ്ഞത്. കോഴ പ്രശ്‌നം വരുമ്പോഴും കേസിന്റെ നടത്തിപ്പിനിടെ പ്രതികൾ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നു വരുമ്പോഴും ജഡ്ജിമാർ സ്വമേധയാ കേസുകൾ ഒഴിയാറുണ്ട്. ഇത്തരമൊരു നിലപാട് ജഡ്ജിയെക്കൊണ്ട് എടുപ്പിക്കാനാണോ കോഴ വാഗ്ദാനമെന്ന് സംശയിക്കണം എന്നും അന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ കേസ് നൂറു കോടിയോളം രൂപ പിഴയടപ്പിച്ച് സ്വർണം വിട്ടുകൊടുത്തത് വിവാദമായിരുന്നു.

ഹൈക്കോടതി അഭിഭാഷകർ വരെ സ്വർണ്ണക്കടത്ത് കേസ് പിഴയടപ്പിച്ച് ഒത്തുതീർത്തത് സ്വന്തം ഫെയ്‌സ് ബുക്ക് പേജുകളിൽ വിവാദമാക്കി നിലനിർത്തിയിരുന്നു. വ്യക്തിപരമായ സംശയമുനകൾ ജഡ്ജി എന്ന പേരിൽ താൻ പരിഗണിച്ച കേസിന്റെ പേരിൽ വന്നിട്ടും ആ അഭിഭാഷകർക്കെതിരെ കോടതിയെ സമീപിക്കാനോ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാനോ ജഡ്ജി തയ്യാറായില്ല. തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യം വന്നിട്ടും ജഡ്ജി അനങ്ങിയില്ല. ഈ ജഡ്ജിയുടെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെയാണ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്ത് എൻഐഎ ഡിഐജി കെബി വന്ദന ചോദ്യം ചെയ്തത്.

കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങളുമായി അറിഞ്ഞോ അറിയാതെയോ വക്കീലിന് ബന്ധമുണ്ടെന്ന സൂചനയാണ് എൻഐഎ നൽകിയിരിക്കുന്നത്. കൂടാതെ ജഡ്ജി അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ഒരു സ്‌കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുൻ ജഡ്ജിക്കെതിരെ സംശയം വർധിപ്പിച്ചതെന്നും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തിൽ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വർണക്കടത്ത് കേസിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊൽക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നതെന്നായിരുന്നു ജന്മഭൂമി വാർത്ത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP