Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ ശേഷം കുഞ്ഞു പിറക്കാൻ പ്രാർത്ഥനയുമായി കഴിഞ്ഞത് ആറു വർഷം; ഗർഭിണിയായപ്പോൾ എടുത്തത് കരുതലുകൾ; വേദനയിൽ പുളഞ്ഞിട്ടും സിസേറിയൻ നടത്താതെ നിങ്ങളുടെ മകൾ മാത്രമല്ല വേറെയും ഒരുപാട് പേർ ഇവിടെ പ്രസവത്തിനെത്തിയിട്ടുണ്ട്.. ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് എന്നു പറഞ്ഞ് നേഴ്‌സിന്റെ ക്രൂരത; ബിൽ അടച്ചിട്ട് പോയാൽ മതി എന്ന ആശുപത്രിയുടെ പിടിവാശിയും സമയ നഷ്ടത്തിന് കാരണവും; നജുമ ഇപ്പോഴും ഗുരതരാവസ്ഥയിൽ; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം

വിവാഹ ശേഷം കുഞ്ഞു പിറക്കാൻ പ്രാർത്ഥനയുമായി കഴിഞ്ഞത് ആറു വർഷം; ഗർഭിണിയായപ്പോൾ എടുത്തത് കരുതലുകൾ; വേദനയിൽ പുളഞ്ഞിട്ടും സിസേറിയൻ നടത്താതെ നിങ്ങളുടെ മകൾ മാത്രമല്ല വേറെയും ഒരുപാട് പേർ ഇവിടെ പ്രസവത്തിനെത്തിയിട്ടുണ്ട്.. ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് എന്നു പറഞ്ഞ് നേഴ്‌സിന്റെ ക്രൂരത; ബിൽ അടച്ചിട്ട് പോയാൽ മതി എന്ന ആശുപത്രിയുടെ പിടിവാശിയും സമയ നഷ്ടത്തിന് കാരണവും; നജുമ ഇപ്പോഴും ഗുരതരാവസ്ഥയിൽ; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം

ആർ പീയൂഷ്

കൊല്ലം: ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നജുമയ്ക്കും സുധീറിനും ലഭിച്ച കുഞ്ഞാണ് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെയും സുധീറിന്റെയും വിവാഹം 2013ലായിരുന്നു.

വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാതിരുന്നതോടെ പല ആശുപത്രികളിലും ചികിത്സയ്ക്കായി കയറി ഇറങ്ങി. എങ്ങും ഫലം കാണാതായതോടെ ഏറെ നിരാശയിലായിരുന്നു ഇരുവരും. അങ്ങനെ ഒരു ബന്ധുവിന്റെ നിർദ്ദേശ പ്രകാരം അവസാന ശ്രമം എന്ന നിലയിൽ പത്തനംതിട്ടയിലെ ഒരു ആയൂർവ്വേദാശുപത്രിയിൽ ചികിത്സയ്ക്കായി പോയി. 9 മാസം തുടർച്ചയായി ഇവിടെ ചികിത്സയിൽ തുടർന്നു. ചികിത്സ പൂർത്തിയായിട്ടും ഫലം കാണാതിരുന്നതോടെ സുധീർ ദമാമിലേക്ക് ജോലിക്കായി പോകുകയും ചെയ്തു. ദമാമിലെത്തി കഴിഞ്ഞപ്പോഴാണ് നജുമ ഗർഭിണിയായി എന്ന് അറിയുന്നത്. ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു. അതിലേറെ സന്തോഷം ഇരുവരുടെയും വീട്ടുകാർക്കുമായിരുന്നു.

അന്ന് മുതൽ നജുമ വലിയത്ത് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഭവ്യയുടെ ചികിത്സയിലായിരുന്നു. കുട്ടികൾ ഉണ്ടാകാതിരുന്ന് കിട്ടിയതായതിനാൽ ഏറെ ശ്രദ്ധയോടെയാണ് വീട്ടുകാർ പരിചരിച്ചിരുന്നത്. അങ്ങനെയാണ് 29 ന് പ്രസവ വേദന തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ വേഗം തന്നെ അഡ്‌മിറ്റ് ചെയ്തെങ്കിലും ആവിശ്യമായ പരിചരണങ്ങൾ ഒന്നും ലഭിച്ചില്ല. വേദന അസഹ്യമായപ്പോൾ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ സിസേറിയൻ നടത്താൻ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. നോർമൽ ഡെലിവറി മതി എന്ന നിലപാടിലായിരുന്നു അവർ. നജുമയുടെ മാതാവ് ബഹളം വച്ചപ്പോൾ നിങ്ങളുടെ മകൾ മാത്രമല്ല വേറെയും ഒരുപാട് പേർ ഇവിടെ പ്രസവത്തിനെത്തിയിട്ടുണ്ട്, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

ഒരു രാത്രി മുഴുവൻ വേദന കൊണ്ട് പുളഞ്ഞ നജുമയെ പുലർച്ചയോടെയാണ് ലേബർ റൂമിൽ കയറ്റിയത്. മരുന്ന് വാങ്ങാൻ ഫാർമസിയിൽ പോയി തിരികെ വന്നപ്പോൾ മാതാവ് കണ്ടത് ലേബർ റൂമിലേക്ക് സ്റ്റാഫുകളും ഡോക്ടർമാരും ഓടിക്കയറുന്നു. പേടിച്ചു പോയ മാതാവ് നൂർജഹാൻ വാതിൽ തള്ളിതുറന്ന് അകത്ത് കയറിപ്പോൾ കണ്ടത് നജുമ നാക്ക് കടിച്ചു പിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു. ലേബർ റൂമിലുണ്ടായിരുന്ന ഡോ.ഭവ്യ മാതാവിനോട് നജുമയെ വിളിച്ചുണർത്താൻ ആവിശ്യപ്പെട്ടു. എന്നാൽ യാതൊരു പ്രതികരണവുമില്ലായിരുന്നു. ഈ സമയമാണ് നജുമയ്ക്ക് പ്രസവ സമയം അപസ്മാരം വന്നു എന്നും കുഞ്ഞിനെ പുറത്തേക്കെടുക്കാനായില്ല എന്നും പറയുന്നത്. ഉടൻ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണം എന്നും ഡോക്ടർ ആവിശ്യപ്പെട്ടു. തുടർന്നാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്.

വലിയത്ത് ആശുപത്രിയിൽ നിന്നും നജുമയെ കൊണ്ടു പോകുന്നതിന് മുൻപ് തന്നെ മാനേജ്മെന്റ് മുഴുവൻ തുകയും അടക്കാൻ ആവിശ്യപ്പെട്ടു. തുക അടച്ചതിന് ശേഷം മാത്രമേ കൊണ്ടു പോകാൻ പറ്റൂ എന്ന നിലപാടിലായിരുന്നു അവർ. ഒടുവിൽ പണവുമായി ബന്ധു എത്തി ബിൽ അടച്ചതിന് ശേഷമാണ് നജുമയെ ആശുപത്രി അധികൃതർ കൊണ്ടു പോകാൻ സമ്മതിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് ഗർഭ പാത്രത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ നജുമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹാത്തോടെയാണ് ഇപ്പോൾ ജീവൻ നില നിർത്തുന്നത്. കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു. നജുമയുടെ ജീവൻ നില നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് എസ്.എ.ടിയിലെ ഡോക്ടർമാർ.

അതേ സമയം ദമാമിലുള്ള ഭർത്താവ് സുധീർ സംഭവം അറിഞ്ഞ് കുഴഞ്ഞു വീണു. നാട്ടിലേക്ക് വരാൻ കഴിയാതെ വിഷമിക്കുകയാണ് സുധീർ. നജുമയുടെ പിതാവ് നിസാർ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കരുനാഗപ്പള്ളിയിൽ വലിയ പ്രതിഷേധമാണുയരുന്നത്. തുടർച്ചയായി ഇവിടെ ചികിത്സാ പിഴവ് സംഭവിച്ച് രോഗികൾ മരണപ്പെടുന്നു എന്നും ആക്ഷേപമുണ്ട. ആശുപത്രിക്ക് മുന്നിൽ ഇന്ന് നാട്ടുകാരുടെ പ്രതിഷേധം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP