Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈദരാബാദിലെ കോൺസുലേറ്റിൽ ഫർണ്ണിച്ചർ വാങ്ങാൻ അടങ്കൽ നൽകിയത് 40 കോടി! സ്വപ്‌നയ്ക്കും സന്ദീപിനും പണമുണ്ടാക്കാൻ കോൺസുലേറ്റിൽ സഹായം നൽകിയവരുണ്ടെന്നതിന് തെളിവായി ഈ കച്ചവടവും; ജലാലിന്റെ കീഴടങ്ങലിന് പിന്നിൽ മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയും പിടിയിലാകാതിരിക്കാനുള്ള തന്ത്രം; ഒരു കിലോ സ്വർണം കടത്തുമ്പോൾ സന്ദീപ് ചോദിച്ച് വാങ്ങിയത് 75,000 രൂപയും; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദത്തിന്റെ അദൃശ്യ കരങ്ങൾ തന്നെ

ഹൈദരാബാദിലെ കോൺസുലേറ്റിൽ ഫർണ്ണിച്ചർ വാങ്ങാൻ അടങ്കൽ നൽകിയത് 40 കോടി! സ്വപ്‌നയ്ക്കും സന്ദീപിനും പണമുണ്ടാക്കാൻ കോൺസുലേറ്റിൽ സഹായം നൽകിയവരുണ്ടെന്നതിന് തെളിവായി ഈ കച്ചവടവും; ജലാലിന്റെ കീഴടങ്ങലിന് പിന്നിൽ മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയും പിടിയിലാകാതിരിക്കാനുള്ള തന്ത്രം; ഒരു കിലോ സ്വർണം കടത്തുമ്പോൾ സന്ദീപ് ചോദിച്ച് വാങ്ങിയത് 75,000 രൂപയും; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദത്തിന്റെ അദൃശ്യ കരങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺസുലേറ്റിൽ സ്വപ്‌നയ്ക്കും സരിത്തിനും ഉണ്ടായിരുന്നത് അത്യുഗ്രൻ സൗഹൃദങ്ങൾ. കോൺസുലേറ്റിലെ ജോലി പോയെങ്കിലും ഇവിടെ എല്ല കരാറും കിട്ടിയത് ഇവർക്കായിരുന്നു. സ്വർണക്കടത്ത് കേസിലുൾപ്പെട്ട സംഘത്തിനു വേണ്ടി വഴിവിട്ട പലതും അവിടെ നടന്നു. ഈ സാഹചര്യത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ എൻഐഎയും ചോദ്യം ചെയ്യും. കോൺസുലേറ്റിലെ മറ്റ് പലർക്കും കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. ഹൈദരാബാദിൽ നിർദേശിക്കപ്പെട്ട പുതിയ യുഎഇ കോൺസുലേറ്റിലേക്കു ഫർണിച്ചർ നൽകാനുള്ള കരാർ ലഭിക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളായ സന്ദീപും സ്വപ്നയുമാണ് ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതിനെ എൻഐഎയും ഗൗരവത്തോടെ കാണും.

40 കോടി രൂപയ്ക്കുള്ള കരാർ സംഘത്തിനു നൽകാൻ ഏകദേശ ധാരണയിലെത്തി നിൽക്കുമ്പോഴാണു കള്ളക്കടത്തു പിടികൂടിയതെന്നും പ്രതികൾ പറഞ്ഞു. ഇതടക്കം തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചില കരാർ പ്രവൃത്തികളുടെയും അതിൽ കമ്മിഷൻ ലഭിച്ചതിന്റെയും വിശദാംശങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ടി.എം. അൻവർ വഴി ഫർണിച്ചർ നൽകാമെന്നായിരുന്നു ധാരണ. അൻവറിനു നേരത്തേ ഫർണിച്ചർ ബിസിനസുണ്ടായിരുന്നു. യുഎഇ സർക്കാരിൽനിന്നു പണം ലഭിക്കുമെന്നുറപ്പുള്ളതിനാലാണു 40 കോടി രൂപയുടെ അടങ്കൽ നൽകിയതെന്നും ഇത് അമിത നിരക്കാണെന്നുറപ്പുണ്ടായിരുന്നതായും സ്വപ്നയും സന്ദീപും പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിന് ഫർണ്ണിച്ചർ വാങ്ങാൻ 40 കോടി എന്നത് അതിഭീമമായ തുകയാണ്.

ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് 75,000 രൂപയാണു സന്ദീപ് ആവശ്യപ്പെട്ടിരുന്നത്. ഇതു കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു വേണ്ടിയാണെന്നാണു പറഞ്ഞിരുന്നത്. ഇതിൽനിന്നു സ്വന്തം പങ്ക് എടുത്ത ശേഷം റമീസ് ബാക്കി സന്ദീപിനു നൽകും. സന്ദീപാകട്ടെ, തന്റെ പങ്ക് നീക്കിവച്ച ശേഷം സ്വപ്ന, സരിത് എന്നിവർക്കുമുള്ള കമ്മിഷൻ കൈമാറുകയായിരുന്നു. റമീസും സന്ദീപുമായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. അതിനിടെ കേസിൽ കൂടുതൽ അറസ്റ്റുകൾ സംഭവിച്ചു. റമീസ്, കൂട്ടാളി എ.എം.ജലാൽ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം വിൽപന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു.

നയതന്ത്ര പാഴ്‌സലിലെ സ്വർണം കസ്റ്റംസ് പിടികൂടിയതിനു തൊട്ടുമുൻപുള്ള ദിവസവും കേസിലെ പ്രതികൾ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം പുറത്തു കടത്തി. റമീസാണു സ്വർണം കൈമാറിയത്. ജലാൽ, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ തമ്പാനൂരിലെ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തു വച്ചാണ് ഈ സ്വർണം ഏറ്റുവാങ്ങിയത്. കടത്തിയ സ്വർണത്തിന്റെ അളവും ആർക്കാണു കൈമാറിയെന്ന വിവരവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 28 നാണു ഈ കടത്ത് നടന്നത്. ജൂൺ 30നാണ് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിൽ 30 കിലോഗ്രാം സ്വർണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.

മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ കേസിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാൽ കസ്റ്റംസിൽ കീഴടങ്ങി. അതിനിടയിൽ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി. സ്വർണ വിൽപനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവർ എന്നാണു വിവരം. മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവർ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവർ എറണാകുളത്തുള്ള അഭിഭാഷകനെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. റമീസിനെ വീണ്ടും വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാൻ കേസ് ഡയറി കോടതി പരിശോധിക്കും.

മലപ്പുറം, മൂവാറ്റുപുഴ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 2 കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ, ഒരു ടാബ്, 8 മൊബൈൽ ഫോണുകൾ, 6 സിംകാർഡുകൾ, ഒരു ഡിജിറ്റൽ വിഡിയോ റിക്കോർഡർ, 5 ഡിവിഡികൾ, ബാങ്ക് നിക്ഷേപരേഖകൾ, ക്രെഡിറ്റ് കാർഡുകൾ, യാത്രാരേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചു. ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ചും സ്വർണം കടത്തിയെന്ന നിഗമനത്തിൽ എൻഐഎ എത്തിയിട്ടുണ്ട്. ചെന്നൈയിൽ ഇന്നലെയും എൻഐഎ സംഘം പരിശോധന തുടർന്നു. സ്വർണ വിൽപനയ്ക്കു വഴിയൊരുക്കിയ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ചെന്നൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചെന്നാണു നിഗമനം. കഴിഞ്ഞ വർഷമാദ്യം 20.6 കിലോ സ്വർണവും മാസങ്ങൾക്കു മുൻപ് 20 കിലോ സ്വർണവും ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP