Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ വസതിയിൽ നിലനിൽക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോക്കോൾ; നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്നത് മന്ത്രിസഭായോഗത്തിൽ മാത്രം; മറ്റുയോഗങ്ങളെല്ലാം ഓൺലൈനിൽ; മന്ത്രിസഭായോഗം നടക്കാറുള്ളത് കൃത്യമായ സാമൂഹിക അകലം പാലിച്ച്; അമിത്ഷാ ഏറ്റവും ഒടുവിൽ പങ്കെടുത്തത് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ച ബുധനാഴ്ചത്തെ യോഗത്തിൽ; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യമന്ത്രാലയം; രോഗം വേഗം ഭേദമാകാൻ സാന്ത്വന സന്ദേശങ്ങൾ അയച്ചും പോസ്റ്റുകൾ ഇട്ടും നേതാക്കൾ

പ്രധാനമന്ത്രിയുടെ വസതിയിൽ നിലനിൽക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോക്കോൾ; നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്നത് മന്ത്രിസഭായോഗത്തിൽ മാത്രം; മറ്റുയോഗങ്ങളെല്ലാം ഓൺലൈനിൽ; മന്ത്രിസഭായോഗം നടക്കാറുള്ളത് കൃത്യമായ സാമൂഹിക അകലം പാലിച്ച്; അമിത്ഷാ ഏറ്റവും ഒടുവിൽ പങ്കെടുത്തത് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ച ബുധനാഴ്ചത്തെ യോഗത്തിൽ; വിപുലമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യമന്ത്രാലയം; രോഗം വേഗം ഭേദമാകാൻ സാന്ത്വന സന്ദേശങ്ങൾ അയച്ചും പോസ്റ്റുകൾ ഇട്ടും നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് പോസിറ്റീവായതോടെ, മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിശദമായ പട്ടിക തയ്യാറാക്കാൻ തുടങ്ങി. അമിത്ഷായുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം ഐസൊലേഷനിൽ പോകണം. കേന്ദ്ര ആഭ്യന്തര മന്ത്രി ഏറ്റവും ഒടുവിൽ പങ്കെടുത്ത പ്രധാന ചടങ്ങ് ബുധനാഴ്ചത്തെ (ജൂലൈ 29) കേന്ദ്ര മന്ത്രിസഭായോഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടക്കം പ്രമുഖ മന്ത്രിമാരെല്ലാം പങ്കെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചത് ഈ മന്ത്രിസഭായോഗത്തിലാണ്. മന്ത്രിസഭായോഗം നടക്കാറുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ കർശനമായ കോവിഡ് പ്രോട്ടോക്കോളാണ് നിലവിലുള്ളത്.

സാമൂഹിക അകലം ക്യത്യമായി പാലിച്ചാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ആളുകളുടെ ശരീരതാപതില പരിശോധിക്കുന്നതിന് പുറമേ, ആരോഗ്യസേതു ആപ്പ് അടക്കം മറ്റ് അധിക നടപടികളും സ്വീകരിച്ചിട്ടുണ്ട്. വസതിയുടെ സമുച്ചയത്തിനുള്ളിൽ കാറുകൾ അനുവദിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. ക്യാബിനറ്റ് ഒഴിച്ചുള്ള പ്രധാനമന്ത്രിയുടെ മറ്റ് യോഗങ്ങളെല്ലാം ഓൺലൈനിലാണ് നടക്കാറുള്ളത്.

അമിത്ഷായെ കഴിഞ്ഞ ദിവസം നേരിൽ കണ്ട കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സെൽഫ് ഐസൊലേഷനെന്ന് അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതും കോവിഡ് പോസിറ്റീവായി. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രോഗ ലക്ഷണങ്ങളില്ല. ആരോഗ്യനിലയും ഭേദപ്പെട്ടതാണ്. മധ്യപ്രദേശ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് 9 ദിവസമായി ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും തൃപ്തികരമാണ്. ആശുപത്രി കിടക്കയിൽ നിന്ന് ചൗഹാൻ ഷായ്ക്ക് വേഗം സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നു.

ആശംസകളുമായി നേതാക്കൾ

കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേതാക്കൾ സാന്ത്വന സന്ദേശങ്ങൾ അയച്ചു. വേഗത്തിൽ രോഗം ഭേദമാവട്ടെ എന്ന് കോൺഗ്രസ് നേതാവും രാഷ്ട്രീയ എതിരാളിയുമായ രാഹുൽ ഗാന്ധി ആശംസിച്ചു. അസുഖം മാറാൻ പ്രാർത്ഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. വേഗം സുഖപ്പെടട്ടെയെന്നും അമിത് ഷായ്ക്കും കുടുംബത്തിനും തന്റെ പ്രാർത്ഥനയുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി, അസം മന്ത്രി ഹിമാന്ത വിശ്വ ശർമ തുടങ്ങിയവരും ഷായ്ക്ക് ആശംസ നേർന്നു.

രാജ്യസഭാ എംപിയായ സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞതിൽ വിഷമമുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്നും, വേഗം ആശുപത്രി വിടട്ടെയെന്നും ആശംസിക്കുന്നു.നേതാക്കൾ മാത്രമല്ല അണികളും സമൂഹമാധ്യമങ്ങളിൽ ഷായ്ക്ക് സാന്ത്വന സന്ദേശങ്ങളും പോസ്റ്റുകളും ഇടുന്നുണ്ട്.

രോഗവിവരം അറിയിച്ചത് അമിത് ഷാ തന്നെ

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പോകാനും പരിശോധന നടത്താനും അദ്ദേഹം ട്വീററിലൂടെ അഭ്യർത്ഥിച്ചു.

നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ അറിയിച്ചു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് ഷായെ പ്രവശിപ്പിച്ചത്. മറ്റ് രോഗങ്ങൾ കൂടി ഉള്ള വ്യക്തിയായതുകൊണ്ട് അമിത് ഷായ്ക്ക് വളരെ കരുതലോടെയുള്ള ചികിത്സ ആവശ്യമാണ്. ഓക്‌സിജൻ നില നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻപന്തിയിലുള്ള നേതാവാണ് അമിത് ഷാ. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ നേരിട്ടെത്തി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.ഡൽഹിയിൽ രോഗ വ്യാപനം വല്ലാതെ അധികരിച്ചപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ചേർന്ന് രാജ്യതലസ്ഥാനത്തെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഷാ മുന്നിട്ടിറങ്ങിയിരുന്നു. രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ച് നിരന്തര യോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും രോഗ പ്രതിരോധ പരിപാടികൾക്ക് ഊർജ്ജം നൽകി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടത്തുന്ന രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ അമിത്ഷായും ഉണ്ടായിരുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18.4ലക്ഷം കടന്നു. രോഗികളുടെ വ്യാപനം അനുദിനം വർധിക്കുന്നത് അതീവ ആശങ്കയോടെയാണ് ആരോഗ്യപ്രവർത്തകർ നോക്കി കാണുന്നത്. ഇന്ന് മാത്രം രാജ്യത്ത് 52,339 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായി 755 പേർ മരിച്ചതോടെ കോവിഡ് മരണങ്ങളിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 38,158 പേരാണ് രാജ്യത്ത് രോഗബാധിതരായി ഇതുവരെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP