Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതി അന്വേഷിക്കാൻ സിബിഐ എത്തിയാൽ സംസ്ഥാന സർക്കാരും വെട്ടിലാകും; ശിവശങ്കറിനെതിരെ എൻഐഎയും കസ്റ്റംസും നിലപാട് കടുപ്പിക്കുമെന്ന് ഉറപ്പിച്ച് കൂടുതൽ നടപടികൾക്ക് ഇടതു സർക്കാരും; മുൻ ഐടി സെക്രട്ടറിയ്‌ക്കെതിരായ പരാതികൾ വിജിലൻസ് അന്വേഷിക്കും; സർക്കാർ അനുമതി തേടി വിജിലൻസ് കത്തെഴുതിയത് നടപടിക്രമങ്ങളുടെ തുടക്കം; ശിവശങ്കറിനെ പിണറായിയും കൈവിടുന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്വത്തിലേക്കും അന്വേഷണം നീളും

അഴിമതി അന്വേഷിക്കാൻ സിബിഐ എത്തിയാൽ സംസ്ഥാന സർക്കാരും വെട്ടിലാകും; ശിവശങ്കറിനെതിരെ എൻഐഎയും കസ്റ്റംസും നിലപാട് കടുപ്പിക്കുമെന്ന് ഉറപ്പിച്ച് കൂടുതൽ നടപടികൾക്ക് ഇടതു സർക്കാരും; മുൻ ഐടി സെക്രട്ടറിയ്‌ക്കെതിരായ പരാതികൾ വിജിലൻസ് അന്വേഷിക്കും; സർക്കാർ അനുമതി തേടി വിജിലൻസ് കത്തെഴുതിയത് നടപടിക്രമങ്ങളുടെ തുടക്കം; ശിവശങ്കറിനെ പിണറായിയും കൈവിടുന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്വത്തിലേക്കും അന്വേഷണം നീളും

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: എം. ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കം. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നൽകിയ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയത്. എറണാകുളം സ്വദേശി ചെഷൈർ ടാർസൻ ആണ് പരാതി നൽകിയത്. ശിവശങ്കറിനെതിരെ സിബിഐ അന്വേഷണത്തിനും നീക്കമുണ്ട്. എൻഐഎയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. എൻഐഎയുമായുള്ള മൊഴിയെടുക്കലിൽ ശിവശങ്കർ പലതും സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ച ചട്ടലംഘനത്തിന് തെളിവാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായത്.

ഇത് മനസ്സിലാക്കിയാണ് വിജിലൻസിന്റെ നീക്കമെന്നും സൂചനയുണ്ട്. വിജിലൻസ് അന്വേഷണം വന്നാൽ അത് നിരീക്ഷിക്കാൻ സംസ്ഥാന സർക്കാരിനാകും. എന്നാൽ സിബിഐ എത്തിയാൽ കളികൾ കൈവിട്ടു പോകും. അതുകൊണ്ട് തന്നെ ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കിൽ പോലും സർക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതുകൊണ്ടാണ് പരാതി സർക്കാരിന് കൈമാറിയിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ നിയമനവും ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈർ ടാർസൻ പരാതി നൽകിയിരുന്നു. ഈ പരാതിയിലെ ആവശ്യം സിബിഐ അന്വേഷണമാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം തേടും. ഈ ഘട്ടത്തിൽ വിജിലൻസ് അന്വേഷണമുണ്ടെന്ന് പറയുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് വിജിലൻസ് ആസ്ഥാനത്തു നിന്നുള്ള ഫയൽ നീക്കം. പരിശോധനയ്ക്ക് സർക്കാർ അനുമതിയും നൽകിയേക്കും.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിരുന്നു. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിജിലൻസ് കേസെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയുള്ളു. അതേസമയം, നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് എൻഐഎ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ഈ മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. ഇതെല്ലാം മനസ്സിലാക്കിയാണ് സംസ്ഥാനത്തെ നീക്കങ്ങളും. കേസിൽ ശിവശങ്കർ പ്രതിയായാൽ അതിശക്തമായ നീക്കങ്ങൾ സംസ്ഥാന സർക്കാരും എടുത്തുവെന്ന് വരുത്താനാണ് നീക്കം.

സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിനായുള്ള പ്രത്യേക മൊബൈൽ ആപ്പിന്റെ രൂപീകരണത്തിനായി ക്രമവിരുദ്ധമാർഗ്ഗത്തിലൂടെ ഫെയർ കോഡ് എന്ന സ്വകാര്യ സ്ഥാപനത്തെ തെരഞ്ഞെടുത്തതിലെ ക്രമക്കേടും, അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു. കൂടാതെ പമ്പാ- ത്രിവേണിയിൽ പ്രളയാനന്തരം അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപ മൂല്യമുള്ള രണ്ടു ലക്ഷം ഘനമീറ്ററിലധികം വരുന്ന മണൽ സംസ്ഥാനത്തെ പ്രവർത്തനക്ഷമമല്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ ചില സ്വകാര്യകമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തെ സംബന്ധിച്ചും, നൂറുകണക്കിന് ലോഡ് മണൽ അനധികൃതമായി കടത്തിക്കൊണ്ടുപോയതിനെ തുടർന്ന് സംസ്ഥാന ഖജനാവിനുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉൾപ്പെടെ ഇക്കാര്യത്തിൽ നടന്നിട്ടുള്ള അഴിമതിയെ സംബന്ധിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകിയിരുന്നു. ഇതെല്ലാം സിബിഐ പരിശോധിച്ചാൽ സംസ്ഥാന സർക്കാരിന് കുരുക്ക് മുറുകും.

സ്വർണ്ണ കടത്ത് കേസിൽ ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി ഇത്തരത്തിൽ ചോദ്യം ചെയ്യുന്നത്. ഒടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തൽക്കാലത്തേക്ക് വിട്ടയച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഇപ്പോൾ എൻ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎൻഐ വിശദമാക്കുന്നത്.

വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. റമീസിന്റെ മൊഴി ശിവശങ്കറിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതിൽ നിർണായകമാകും. ഇതിനിടെയാണ് സ്വപ്‌നാ സുരേഷുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഇതും അന്വേഷണം ശിവശങ്കറിൽ എത്തുന്നതിന്റെ സൂചനയാണ്. സ്വപ്നാ സുരേഷിന്റെ സമ്പാദ്യത്തിലും മറ്റ് സാമ്പത്തിക ഇടപാടിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. സ്വപ്നാ സുരേഷിന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള അന്വേഷണ വഴിയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

സ്വപ്നയ്ക്കും ശിവശങ്കറിനും തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനും കൂടി ഒറ്റ ബാങ്ക് ലോക്കർ ഉള്ളതായി കണ്ടെത്തിയതിന് പിന്നാലെ ശിവശങ്കറിന്റെ മറ്റ് സമ്പാദ്യങ്ങൾ കൂടി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്വപ്നയ്ക്കൊപ്പം ബാങ്കിൽ ലോക്കർ അക്കൗണ്ട് തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് പരിശോധന. സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വർണവും എൻഐഎ കണ്ടെടുത്തിരുന്നു. ഇതിൽ ഒരു ലോക്കർ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണ്. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ജോയിന്റ് അക്കൗണ്ട് എടുത്തതെന്നാണ് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതിയാണ് കസ്റ്റംസ് ആദ്യമായി പരിശോധിച്ചുവരുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസിലെ തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകൾ ദേശീയ അന്വേഷണ ഏജൻസിക്കും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ശിവശങ്കറിന് അപ്പാർട്ട്മെന്റുള്ള ഫൽറ്റിൽ റമീസിനെ എത്തിച്ച് തെളിവെടുത്തത്. ശിവശങ്കറിന്റെ അപ്പാർട്ട്മെന്റിലാണോ സ്വപ്നയുടെ ഭർത്താവിന്റെ അപ്പാർട്ട്മെന്റിലാണോ റമീസിനെ എത്തിച്ചതെന്ന് എൻഐഎ വ്യക്തമാക്കിയിട്ടില്ല. റമീസുമായി അടുപ്പമെന്ന് തെളിഞ്ഞാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP