Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാൻ ആദ്യ തീരുമാനം; രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് പിന്നീട് മാറ്റം; കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിട്ടത് ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്; ചന്ദ്രഗിരി പുഴയ്ക്ക് കുറെയും പൈപ്പിടൽ പൂർത്തീകരണത്തിലേക്ക്; കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ യാഥാർത്ഥ്യത്തിലേക്ക്; ആശങ്ക ഒഴിയാതെ നാട്ടുകാരും

പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാൻ ആദ്യ തീരുമാനം; രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് പിന്നീട് മാറ്റം; കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിട്ടത് ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്; ചന്ദ്രഗിരി പുഴയ്ക്ക് കുറെയും പൈപ്പിടൽ പൂർത്തീകരണത്തിലേക്ക്; കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ യാഥാർത്ഥ്യത്തിലേക്ക്; ആശങ്ക ഒഴിയാതെ നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൈപ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ നിർമ്മാണം പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ആശങ്കയും. 380 കിലോമീറ്റർ ലൈനിൽ അവശേഷിക്കുന്ന ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടൽ ജോലി അന്തിമ ഘട്ടത്തിലാണ്. ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകും. ചന്ദ്രഗിരിപ്പുഴ ഒഴിച്ചുള്ള ഭാഗത്തെ പൈപ്പിടൽ 6 മാസം മുൻപേ പൂർത്തിയായിരുന്നു. പുഴയുടെ രണ്ടു ഭാഗത്തും വലിയ കുന്നുകളായതിനാൽ പുഴയുടെ അടിത്തട്ട് തുരന്ന് പൈപ്പിടുക വെല്ലുവിളിയായിരുന്നു. രാജ്യത്ത് തന്നെ ഇങ്ങനെയൊരു പൈപ്പിടൽ ആദ്യമെന്നാണു ഗെയ്ൽ അധികൃതർ പറഞ്ഞത്. ഇത് ആശങ്കകളും നൽകുന്നുണ്ട്. ഭാവിയിൽ അപകടങ്ങൾ ഉണ്ടാകുമോ എന്നതാണ് ആശങ്ക. എന്നാൽ എല്ലാ സുരക്ഷാ ക്രമീകരണവും ഉണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതരും പറയുന്നു.

പൈപ്ലൈൻ കമ്മിഷൻ ചെയ്താലും സിറ്റി ഗ്യാസ് പദ്ധതി പൂർത്തിയാകാത്തതിനാൽ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം വൈകുമെന്നാണ് സൂചന. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടായ പ്രതിഷേധങ്ങളും അതിജീവിച്ചാണു പദ്ധതി യാഥാർഥ്യമാകുന്നത്. 3226 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കൊച്ചി-കൂറ്റനാട്-ബെംഗളൂരു-മംഗളൂരു പൈപ്ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയുടെ ഭാഗമാണ് കൊച്ചി മുതൽ മംഗളൂരു വരെ പൈപ്ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയുള്ള ഭാഗം നേരത്തെ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് മുതൽ മംഗളൂരു വരെ ബാക്കിയുള്ള ഭാഗം ഈ മാസം പകുതിയോടെ കമ്മിഷൻ ചെയ്യും. കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കായി 4915 കോടി രൂപയുടെ പൈപ് ലൈൻ പദ്ധതിയാണു ഗെയ്ൽ ഈ ഘട്ടത്തിൽ നടപ്പാക്കുന്നത്. കേരളം 3620 കോടി, കർണാടക 402 കോടി, തമിഴ്‌നാട് 893 കോടി എന്നിങ്ങനെയാണു പദ്ധതിത്തുക.

ഒന്നര വർഷം മുൻപാണ് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പൈപ്പിടൽ പണി തുടങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ സമയം എടുത്തെങ്കിലും ഏറ്റവും ദുഷ്‌കരവും ശ്രമകരവുമായ ജോലി വിജയകരമായി പൂർത്തിയാക്കി. എച്ച്ഡിഡി (ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്ലൈൻ പുഴ കടത്തിയത് ഭൂമി തുരക്കൽ പൂർത്തിയാക്കി ഇപ്പോൾ പൈപ് ലൈൻ വലിക്കുന്ന പണിയാണ് നടക്കുന്നത്. 200 മീറ്റർ പൈപ്ലൈൻ വലിച്ചു കഴിഞ്ഞു. രണ്ടു ദിവസം എല്ലാം പൂർത്തിയാകും.

ചെന്നൈ ആസ്ഥാനമായ എൻ.ആർ. പട്ടേൽ ആൻഡ് കമ്പനിയാണ് പണി കരാറെടുത്തത്. പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാനാണ് ആദ്യം തീരുമാനിച്ചത്. ഇതു 150 മീറ്ററേയുള്ളൂ. ബാക്കി ഭാഗത്ത് നിരപ്പിൽ നിന്നു ഒന്നര മീറ്റർ ആഴത്തിൽ കുഴിച്ചിടാനും. എന്നാൽ രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. ഇതോടെയാണ് കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിടാൻ തീരുമാനിച്ചത്.

ബേവിഞ്ചയിൽ നിന്ന് ചട്ടഞ്ചാൽ മഹിനാബാദിലേക്കാണ് തുരന്നത്. പുഴയുടെ അടിത്തട്ടിൽ നിന്നു 20 മീറ്റർ ആഴത്തിലാണ് പൈപ്ലൈൻ കടന്നുപോകുന്നത്. പുഴയുടെ അടിത്തട്ട് തുരക്കേണ്ട കുന്നിൽ മുകളിൽ നിന്ന് ഇവിടേക്ക് 150 മീറ്റർ ആഴമുണ്ട്. സമതലമാണെങ്കിൽ ഇത്രയും ദൂരം പണി പൂർത്തിയാക്കാൻ വെറും ഒരാഴ്ച മതി. പാറ തുരക്കുമ്പോഴുള്ള പ്രകമ്പനം കാരണം ചില വീടുകൾക്ക് കേടുപാടുണ്ടായി. നഷ്ടപരിഹാരം നൽകാമെന്ന് കരാറുണ്ടാക്കി പണി തുടർന്നു. പുഴയുടെ അടിത്തട്ടിൽ പൈപ്പിന് ഭാവിയിൽ എന്തെങ്കിലും സംഭവിക്കുമോ എന്നതാണ് ആശങ്ക. ഇതിന് അടിസ്ഥാനമില്ലെന്ന ഔദ്യോഗിക വിശദീകരണത്തിൽ പ്രതീക്ഷ വയ്ക്കുകയാണ് നാട്ടുകാർ.

പൈപ് ലൈൻ സ്ഥാപിക്കുന്നതിനു സ്ഥലത്തിന്റെ ഉപയോഗ അവകാശം വിട്ടുനൽകാൻ വടക്കൻ ജില്ലകളിലെ സ്ഥല ഉടമകൾ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് 2013 മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതി വൈകിയത്. എന്നാൽ, സംസ്ഥാന സർക്കാർ ശക്തമായ പിന്തുണയുമായി രംഗത്തിറങ്ങുകയും എതിർപിനു ശക്തി കുറയുകയും ചെയ്തതോടെ പദ്ധതി 2018 അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഗെയ്ൽ. എന്നാൽ പണി പൂർത്തിയാകാൻ രണ്ട് കൊല്ലം വീണ്ടും വേണ്ടി വന്നു. പൊലീസ് സംരക്ഷയിലായിരുന്നു മിക്കയിടത്തും പണി. നാട്ടുകാർ സുരക്ഷാ ആശങ്ക ഉന്നയിച്ചതായിരുന്നു ഇതിന് കാരണം.

2012ലാണു കണ്ണൂരിൽ ഗെയ്ൽ ഔദ്യോഗിക സർവേ തുടങ്ങിയത്. എന്നാൽ 2013ൽ ഇതു നിലച്ചു. 2015ൽ പുനരാരംഭിച്ചു. 2017ൽ ജോലികൾ കരാർ നൽകി. പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങിയതു 2017 ജൂണിലാണ്. മാഹി, എരഞ്ഞോളി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ അഞ്ചു പുഴകൾക്കു കുറുകേയാണു പൈപ്പ് സ്ഥാപിക്കേണ്ടി വന്നത്. കൂറ്റനാട് മുതൽ കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ, കുറുമാത്തൂർ മുതൽ നീലേശ്വരം പേരോൽ വരെയുള്ള ഭാഗത്തെ പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 112 കിലോമീറ്ററും കാസർകോട് 80 കിലോമീറ്ററുമാണു പദ്ധതിയിലുള്ളത്. 100 കിലോമീറ്ററിൽ ഒരു ഐപി സ്റ്റേഷൻ(ഇന്റർമീഡിയറ്റ് പിഗ്ഗബിൾ) സ്റ്റേഷനുണ്ട്. കണ്ണൂർ ജില്ലയിലേതു കുറുമാത്തൂരിലെ ബാവുപ്പറമ്പിലാണ്. ഇവ അൺമാൻഡ് (ആളില്ലാത്ത) സ്റ്റേഷനുകളാണ്.

ന്മ കണ്ണൂരിൽ ആറും കാസർകോട്ട് നാലും വാൽവ് സ്റ്റേഷൻ ഓരോ 16 കിലോമീറ്ററിലുമാണു വാൽവ് സ്റ്റേഷനുകൾ. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എൽഎൻജി എത്തിക്കുക ഈ സ്റ്റേഷൻ വഴിയാണ്. ഐപി സ്റ്റേഷനായ കുറുമാത്തൂർ ഉൾപ്പെടെ കണ്ണൂർ ജില്ലയിൽ 6 വാൽവ് സ്റ്റേഷനുകളാണുള്ളത്. ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP