Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങി; വീട്ടിലും ചിക്കൻ സ്റ്റോളിലും പോയ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് ഉച്ചയോടെ; സമൂഹ വ്യാപനത്തിന് കാരണം സ്രവ പരിശോധനാ റിസൾട്ട് വൈകുന്നത് എന്നതിന് തെളിവായി പാലായിലെ ആശങ്ക; ഇന്നലെ സ്ഥിരീകരിച്ചത് എട്ട് മരണങ്ങൾ; പട്ടികയിൽ ഉൾപ്പെടാത്ത ആറു മരണങ്ങളും; കോവിഡിൽ വേണ്ടത് കർശന ജാഗ്രത

നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങി; വീട്ടിലും ചിക്കൻ സ്റ്റോളിലും പോയ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് ഉച്ചയോടെ; സമൂഹ വ്യാപനത്തിന് കാരണം സ്രവ പരിശോധനാ റിസൾട്ട് വൈകുന്നത് എന്നതിന് തെളിവായി പാലായിലെ ആശങ്ക; ഇന്നലെ സ്ഥിരീകരിച്ചത് എട്ട് മരണങ്ങൾ; പട്ടികയിൽ ഉൾപ്പെടാത്ത ആറു മരണങ്ങളും; കോവിഡിൽ വേണ്ടത് കർശന ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോവിഡിൽ കേരളം നേരിടുന്നത് വമ്പൻ ഭീഷണി. രോഗ വ്യാപനത്തിനൊപ്പം മരണങ്ങളും കൂടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. എട്ട് പേരാണ് മരിച്ചത് എന്നാണ് കണക്കുകൾ. മരണമടഞ്ഞ മറ്റ് 6 പേർക്കു കൂടി കോവിഡ് കണ്ടെത്തിയിട്ടുമുണ്ട്. കോവിഡിൽ പ്രോട്ടോകോൾ അനുസരിച്ചാണ് മരണം രേഖപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗം ബാധയുണ്ടെങ്കിലും മറ്റ് രോഗങ്ങൾ കാരണമാണ് മരണമെങ്കിൽ അതിനെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇതാണ് ആറു മരണങ്ങളെ കോവിഡ് പട്ടികയിൽ നിന്ന് മാറ്റി നിർത്തുന്നത്.

നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ യുവാവ് ഉച്ചയോടെ കോവിഡ് പോസിറ്റീവായി. ഇത് വലിയ ആശങ്കയായി മാറുന്നുണ്ട്. കോവിഡ് നിരീക്ഷണം കഴിഞ്ഞാലും സ്രവ പരിശോധനാ ഫലം വരുന്നതു വരെ ക്വാറന്റീനിൽ കഴിയാത്തതാണ് ഇതിന് കാരണം. ഉച്ചയ്ക്കാണ് യുവാവിന്റെ പരിശോധനാ ഫലം വന്നത്. നിരീക്ഷണം അവസാനിച്ച യുവാവ് ഇതിനിടെ വീട്ടിലും ചിക്കൻ സ്റ്റാളിലും പോയി. യുവാവിനെ പരിചരണ കേന്ദ്രത്തിലാക്കി. സമ്പർക്കത്തിൽ വന്നവരോടു ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു. കോവിഡ് ഫലം വരാൻ വൈകുന്നതും ഇത്തരം പ്രതിസന്ധിക്ക് കാരണമാണ്. രോഗികൾ മിക്കവർക്കും രോഗ ലക്ഷണമില്ലാത്തതാണ് കേരളത്തിൽ കോവിഡിന്റെ സമൂഹ വ്യാപനത്തിനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ കരുതലുകൾ അനിവാര്യതയും.

മലപ്പുറം തേഞ്ഞിപ്പലം പെരുവള്ളൂർ കരുവാങ്കല്ല് കമ്പക്കോടൻ വടക്കംപറമ്പിൽ കോയാമു (82), എറണാകുളം കീഴ്മാട് എടയപ്പുറം മല്ലിശേരി എംപി. അഷ്‌റഫ് (52), കൂനമ്മാവ് സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ എയ്ഞ്ചൽ (81), തൃശൂർ ഇരിങ്ങാലക്കുട ചേലൂർ തറയിൽ ചന്ദ്രൻ (56), കാസർകോട് സൗത്ത് തൃക്കരിപ്പൂർ കൈക്കോട്ടു കടവ് കെ.പി. അബ്ദുൽ റഹ്മാൻ (72), കൊല്ലം വെട്ടിക്കവല തലച്ചിറ ആദിൽ മൻസിലിൽ അസുമാ ബീവി (73), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) എന്നിവരാണ് കോവിഡ് പട്ടികയിൽ ഉള്ള ഇന്നലെ മരണമടങ്ങവർ.

ഇടുക്കിയിലെ സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ പി.വി. അജിതൻ ഉൾപ്പെടെ 6 പേർ കോവിഡ് ചികിത്സയിലിരിക്കെയാണു മരിച്ചതെങ്കിലും സർക്കാർ സ്ഥിരീകരണമായിട്ടില്ല. ഇവരിൽ, വെള്ളിയാഴ്ച കൊച്ചിയിൽ മരിച്ച മുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ ആലുങ്കൽ ദേവസിയും (82) കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് കണ്ടെത്തി. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.

മലപ്പുറം താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന ആണു മരിച്ചത്. എറണാകുളം ഫോർട്ട്‌കൊച്ചിയിൽ വീട്ടിൽ തളർന്നുവീണു മരിച്ച തുരുത്തി കെ.എ. ബഷീറിനു (62) കോവിഡ് കണ്ടെത്തി. പക്ഷാഘാതത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച പെരുവയൽ പുവാട്ടുപറമ്പ് കളത്തിൽ രാജേഷ് (45) മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച വാണിയംകുളം സ്വദേശിനി അങ്ങാടിയിൽ സിന്ധുവിനും (34) കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ഇരിങ്ങാലക്കുടയിൽ മരിച്ച ചുമട്ടുതൊഴിലാളി ചന്ദ്രൻ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറത്തു മരിച്ച കോയാമുവിന്റെ കുടുംബത്തിലെ 9 പേരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. കേരളത്തിൽ ഇന്നലെ 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 259 പേർക്കും, കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതിൽ ഉൾപെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേർക്കും, കാസർഗോഡ് ജില്ലയിലെ 151 പേർക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 80 പേർക്കും, പത്തനംതിട്ട ജില്ലയിലെ 61 പേർക്കും, ആലപ്പുഴ ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, തൃശൂർ ജില്ലയിലെ 35 പേർക്കും, എറണാകുളം ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 26 പേർക്കും, കൊല്ലം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,616 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP