Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്തെ ഞെട്ടിച്ച വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ രണ്ടുകോടിയുടെ തിരിമറിയിൽ പുതിയ വെളിപ്പെടുത്തൽ; സർക്കാർ അക്കൗണ്ടിൽ നിന്ന് വെട്ടിച്ചത് 62 ലക്ഷം രൂപ; ബാക്കി തുക വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ; സബ് ട്രഷറി സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിന് സസ്പെൻഷൻ; കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്നും കണ്ടെത്തൽ; ബിജു ലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതായി ധനവകുപ്പ്‌

തലസ്ഥാനത്തെ ഞെട്ടിച്ച വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ രണ്ടുകോടിയുടെ തിരിമറിയിൽ പുതിയ വെളിപ്പെടുത്തൽ; സർക്കാർ അക്കൗണ്ടിൽ നിന്ന് വെട്ടിച്ചത് 62 ലക്ഷം രൂപ; ബാക്കി തുക വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ; സബ് ട്രഷറി സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിന് സസ്പെൻഷൻ; കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്നും കണ്ടെത്തൽ; ബിജു ലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതായി ധനവകുപ്പ്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ അഡീഷണൽ ട്രഷറിയിലെ തിരിമറിയുമായി ബന്ധപ്പെട്ട് കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. അതേസമയം, സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായി കണ്ടെത്തി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കളക്ടർ നവ്ജ്യോത് ഘോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടർ ട്രഷറി ഡയറക്ടറിൽ നിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടർ കണ്ടെത്തിയത്. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസിനെ ചുമതലപ്പെടുത്തി.

ട്രഷറിയിലൂടെ ഉദ്യോഗസ്ഥർക്കു തിരിമറി നടത്തുന്നതനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി

ധനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടിൽ നിന്നും നിന്നും രണ്ട് കോടി രൂപ അനധികൃതമായി പിൻവലിച്ച് തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയ വഞ്ചിയൂർ സബ് ട്രഷറി യിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്‌സ് ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23 ലക്ഷം രൂപയാണ്. ബാക്കി തുക പ്രസ്തുത ജീവനക്കാരന്റെ ട്രഷറി അക്കൗണ്ടിൽ ശേഷിക്കുന്നുണ്ട് വിശദമായ അന്വേഷണത്തിന് വകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ ശ്രീ. സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരുന്നു. അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു സർക്കാരിനുണ്ടായ നഷ്ട്ടം ഇവരിൽ നിന്നും ഈടാക്കുന്നതുമാണ്.

ജില്ലാ കളക്ടറുടെ പേരിലുള്ള STSB അകൗണ്ട് നമ്പർ 7010314000000005 ൽ നിന്നും അനധികൃത ഇടപാടുകൾ നടന്നതായി വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽപ്പെടുകയും അത് ജില്ലാ ട്രഷറി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ട്രഷറി ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലും ബാങ്കുകളുമായി ബന്ധപെട്ടു നടത്തിയ വിശകലനത്തിലും ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതിനെത്തുടർന്നാണ് ട്രഷറി ഡയറക്ടർക്ക് വിവരം റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് മാസം ഈ ഓഫീസിൽ നിന്ന് വിരമിച്ച വി ഭാസ്‌കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടത്തിയത്. മെയ് മാസത്തിൽ സർവീസിൽ നിന്ന് പിരിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യാത്തതിന്റെ കാരണവും പരിശോധിക്കും. വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ ഉണ്ടോ എന്നും പരിശോധിക്കും.

വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാലാണ് രണ്ടു കോടിയിലേറെ രൂപ ട്രഷറിയിൽ നിന്നും തട്ടിയെടുത്തത്. കളക്ടറുടെ അക്കൗണ്ടിൽ നിന്നും ഈ തുക ബിജുലാൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ കളക്ടറുടെ ദൈനംദിന ഉപയോഗത്തിന്റേതല്ലാതെയുള്ള ചില അക്കൗണ്ടുകൾ ഇവിടെ വഞ്ചിയൂർ സബ് ട്രഷറിയിലുണ്ട്. അതിലൊന്നിലെ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

വിരമിച്ച വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ആ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറിയാണ് ബിജുരാജ് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. മെയ് 31 നാണ് വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ വിരമിച്ചത്. അദ്ദേഹം രണ്ടു മാസം മുൻപ് തന്നെ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടിയിലേറെ രൂപ സീനിയർ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു കോടിയുടെ പണം തിരിമറി ബോധ്യമാവുന്നത്. ഈ തുക കണ്ടെത്താൻ കഴിയാത്തതോടെ ട്രഷറിയിലെ കണക്കുകൾ സൂക്ഷിക്കുന്ന ഡേ ബുക്ക് ട്രഷറി അധികൃതർക്ക് സമർപ്പിക്കാൻ കഴിയാതെ വന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് രണ്ടു മാസം കഴിഞ്ഞു വൻതുക അടിച്ചു മാറ്റിയ സംഭവം ട്രഷറി ആസ്ഥാനത്തെ നടുക്കിയിട്ടുണ്ട്. ബിജുലാൽ ഒറ്റയ്ക്കാണോ അതോ കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ. വ്യാപക തട്ടിപ്പുകൾ വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നോ എന്നതിനെക്കുറിച്ചുമൊക്കെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

ട്രഷറിയിൽ പണം തിരിമറി നടന്നുവെന്ന് മനസിലാക്കിയതോടെ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നത്. രണ്ടു കോടിയിലേറെ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടതായി മനസിലാക്കിയ ട്രഷറി അധികൃതർ ഇന്നലെ തന്നെ വഞ്ചിയൂർ ട്രഷറി ഓഫീസറെ ട്രഷറി ആസ്ഥാനത്ത് വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുലാലിനെതിരെ ഇന്നു പരാതി നൽകാൻ തീരുമാനമായത്. വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് സീനിയർ അക്കൗണ്ടന്റ് തുക തട്ടിയെടുത്തത്.

ട്രഷറികളിൽ പണം ഇടപാട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ വിരമിക്കുമ്പോഴോ ട്രാൻസ്ഫർ ആകുമ്പോഴോ അവരുടെ യൂസർ നെയിമും പാസ് വേഡും അതാത് ദിവസം ഡിലീറ്റ് ചെയ്യുകയാണ് പതിവ്. വഞ്ചിയൂർ ട്രഷറിയിൽ ഈ പതിവ് തെറ്റിച്ചതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറി ബിജുലാലിന് പണം പിൻവലിക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വഞ്ചിയൂർ ട്രഷറി അധികൃതരുടെ ഭാഗത്ത് നിന്നും വൻ വീഴ്ച നടന്നുവെന്നാണ് ട്രഷറി വകുപ്പ് വൃത്തങ്ങൾ കണക്കാക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് ധൃതഗതിയിലുള്ള അന്വേഷണമാണ് ട്രഷറി വകുപ്പ് നടത്തുന്നത്.

പണം തിരിമറിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചില സംശയങ്ങൾ അധികൃതർക്ക് തോന്നിയിരുന്നു. ഒരു ബിൽ കാൻസൽ ചെയ്തതായി കാണിക്കുകയും പക്ഷെ തുക കാണാതാകുകയും ചെയ്തു. ബിൽ കാൻസൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഈ തുക ഡേ ബുക്കിൽ കാണിക്കണം. പക്ഷെ ഡേ ബുക്കിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല. രണ്ടു കോടി രൂപയുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം നടത്തുകയും ബിജുലാൽ ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടുപിടിക്കുകയും ചെയ്തത്. പണം കൈകാര്യം ചെയ്യുന്ന സീനിയർ അക്കൗണ്ടന്റായ ബിജുലാൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ലീവിലുമാണ്. രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ കമ്പ്യൂട്ടറിൽ നിന്നും വിശദാംശങ്ങൾ ബിജുലാൽ നീക്കം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിസ്റ്റത്തിൽ വിശദാംശങ്ങൾ ലഭ്യമായില്ല.

സിസ്റ്റത്തിൽ വിശദാംശങ്ങൾ കാണാത്തപ്പോഴാണ് ഡേ ബുക്ക് പരിശോധിച്ചത്. അതാത് ദിവസത്തെ ട്രഷറി കണക്കുകൾ രേഖപ്പെടുത്തുന്ന ബുക്ക് ആണ് ഡേ ബുക്ക്. പെയ്മെന്റ്സും, വരുന്ന തുകകളുടെ കണക്കും ഈ ബുക്കിൽ രേഖപ്പെടുത്തണം. വില്ലൻ ബിജുലാൽ ആണെന്ന് മനസിലാക്കിയതോടെ ബിജുലാൽ ഇതുവരെ നടത്തിയ മുഴുവൻ ബാങ്കിടപാടുകളും പരിശോധിക്കാനാണ് ട്രഷറി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ട്രഷറിയിലെ ഇടപാടുകൾ സസൂക്ഷമം പരിശോധിക്കാനും നിലവിലെ തട്ടിപ്പിൽ ബിജുലാലിനു അല്ലാതെ മറ്റ് ആർക്കും ഇതിൽ ബന്ധമുണ്ടോ എന്നുമാണ് ട്രഷറി അധികൃതർ പരിശോധിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP