Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് ഭാഷയോടും മമതയിലാതെ കേന്ദ്ര സർക്കാർ; സെക്കണ്ടറി തലത്തിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള അവസരം ഒഴിവാക്കി പുതിയ വിദ്യാഭ്യാസ നയം; കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടും ചൈനീസിനെ പുറത്ത് നിർത്തിയത് അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

ചൈനീസ് ഭാഷയോടും മമതയിലാതെ കേന്ദ്ര സർക്കാർ; സെക്കണ്ടറി തലത്തിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള അവസരം ഒഴിവാക്കി പുതിയ വിദ്യാഭ്യാസ നയം; കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടും ചൈനീസിനെ പുറത്ത് നിർത്തിയത് അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും ചൈനീസ് മേൽക്കോയ്മയെ അകറ്റി നിർത്താനും ശ്രദ്ധിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ സെക്കണ്ടറി തലത്തിൽ ചൈനീസ് ഭാഷ പഠിക്കാനുള്ള അവസരം ഒഴിവാക്കി. സ്കൂൾ വിദ്യാർത്ഥികൾക്ക് ലോക സംസ്കാരത്തെക്കുറിച്ച് മനസിലാക്കാനും ആഗോള വിജ്ഞാനം സമ്പന്നമാക്കാനും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പഠിക്കാനുമുള്ള വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നാണ് ചൈനീസ് ഭാഷയെ ഒഴിവാക്കിയത്. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, തായ് എന്നീ ഭാഷകളാണ് പട്ടികയിൽ ഉള്ളത്. ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. അതേതുടർന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പട്ടികയിൽ ഇടംപിടിച്ചിരുന്ന ചൈനീസ് ഭാഷയെ ഇപ്പോൾ കേന്ദ്ര സർക്കാർ ഒഴിവാക്കിയത്.

കഴിഞ്ഞ വർഷം കേന്ദ്രം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പട്ടികയിൽ ചൈനീസ് ഭാഷ ഇടംപിടിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രമേഷ് പൊക്രിയാലും ബുധനാഴ്ച പുറത്തിറക്കിയ '2020 വിദ്യാഭ്യാസ നയത്തിൽ' ചൈനീസ് ഭാഷ ഇടംപിടിച്ചില്ല. ചൈനീസിനെ ഒഴിവാക്കി ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, തായ് എന്നീ വിദേശ ഭാഷകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. അതേസമയം, ചൈനീസ് ഭാഷയെ ഒഴിവാക്കാനുള്ള കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ടിക്ടോക്ക്, വിചാറ്റ് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിക്കുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ നയത്തിൽ ചൈനീസ് ഭാഷയെ ഒഴിവാക്കിയുള്ള നടപടി.

എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ഊർജ്ജസ്വലത എന്നിവ ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ടുകൾ) പാലി, പേർഷ്യൻ, പ്രാകൃത് എന്നിവയ്ക്കായും സംസ്‌കൃതം ശാക്തീകരണത്തിനും എച്ച്ഇഐകളിലെ ഭാഷാ വകുപ്പുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായും എൻഇപി ശുപാർശ ചെയ്യുന്നു. കൂടാതെ കൂടുതൽ എച്ച്ഇഐ പ്രോഗ്രാമുകളിൽ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുകയും വേണം. സ്ഥാപന തല സഹകരണത്തിലൂടെയും, വിദ്യാർത്ഥി ഫാക്കൽറ്റി കൈമാറ്റം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം സുഗമമാക്കുകയും ലോക നിലവാരത്തിലുള്ള സർവകലാശാലകളെ നമ്മുടെ രാജ്യത്ത് കാമ്പസുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യും.

അങ്കണവാടിമുതൽ കോളജ്തലംവരെ സമഗ്രമായി ഉടച്ചുവാർക്കുന്ന ദേശീയ വിദ്യാഭ്യാസ നയമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. വിദ്യാഭ്യാസ നയ പ്രകാരം രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടമാണ്. ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററിയും അഞ്ചാം ക്ലാസുവരെ മാതൃഭാഷയിലെ പഠനം നിർബന്ധമാക്കുകയും ചെയ്യുന്നു. ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ നടപ്പാക്കി സ്വാശ്രയത്വത്തിലേക്ക് കുട്ടികളെ കൊണ്ടു പോകും. ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനവും നയത്തിന്റെ പ്രത്യേകതയാണ്. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് 1986-ലെ ദേശീയ വിദ്യാഭ്യാസനയം പൊളിച്ചെഴുതിക്കൊണ്ട് പ്രീ സ്‌കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ്വരെ സാർവത്രികവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയം തയ്യാറാക്കിയത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു.

നിലവിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയം. ഇതോടെ, 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലാകും പാഠ്യപദ്ധതി. അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ അധ്യയനവും ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രത്യേകതയാണ്. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും. പാഠ്യവിഷയം, പാഠ്യേതരവിഷയം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ കർശന വേർതിരിവുണ്ടാവില്ല. കായികം, യോഗ, നൃത്തം, സംഗീതം, ചിത്രകല, പെയിന്റിങ്, ശില്പനിർമ്മിതി, മരപ്പണി, പൂന്തോട്ടനിർമ്മാണം, ഇലക്ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അതത് അഥോറിറ്റികളുടെ പരീക്ഷകൾ ഉണ്ടാകും. ഇതോടെ പഠന മികവ് ഈ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമാക്കും.

സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും വഴിയൊരുക്കുന്നതാണ് ഈ നയം. മുപ്പത്തിനാല് വർഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻപിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാൽ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജൻഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നു

ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽനൽകി, സ്‌കൂൾ പാഠ്യപദ്ധതിയിൽ നിലവിലെ 10, + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 8, 11,14,18 വയസ്സുള്ള കുട്ടികൾക്കായി 5 + 3 + 3 + 4 എന്ന രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കണം. ഇത് ഇതുവരെ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകാത്ത 36 പ്രായപരിധിയിലുള്ള കുട്ടികളെയും ഉൾപ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ഘട്ടമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവർഷത്തെ അങ്കണവാടി/ പ്രീ സ്‌കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP